Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ് പാർട്ടി ഉപജാപക വൃന്ദത്തിന്റെ പിടിയിൽ; ഏകാധിപതിയെപ്പോലെ ഡിസിസി പ്രസിഡന്റ്; പിജെ കുര്യന് മാത്രം പ്രാധാന്യം; ആന്റോ ആന്റണി പാർട്ടിയെ വളർത്തിയില്ല സ്വയം വളർന്നു; പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനെതിരേ മൂന്നു മുൻ ഡിസിസി പ്രസിഡന്റുമാർ കെപിസിസി പ്രസിഡന്റിനെ കണ്ടു

കോൺഗ്രസ് പാർട്ടി ഉപജാപക വൃന്ദത്തിന്റെ പിടിയിൽ; ഏകാധിപതിയെപ്പോലെ ഡിസിസി പ്രസിഡന്റ്; പിജെ കുര്യന് മാത്രം പ്രാധാന്യം; ആന്റോ ആന്റണി പാർട്ടിയെ വളർത്തിയില്ല സ്വയം വളർന്നു;  പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനെതിരേ മൂന്നു മുൻ ഡിസിസി പ്രസിഡന്റുമാർ കെപിസിസി പ്രസിഡന്റിനെ കണ്ടു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിൽ കോൺഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിക്കുകയാണ് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ എന്ന ആരോപണവുമായി മൂന്ന് മുൻ പ്രസിഡന്റുമാർ കെപിസിസി പ്രസിഡന്റ്കെ. സുധാകരനെ നേരിൽ കണ്ട് പരാതി അറിയിച്ചു. മുതിർന്ന നേതാവ് പിജെ കുര്യൻ, ആന്റോ ആന്റണി എംപി എന്നിവർക്കെതിരേയും മൂവർ സംഘം ആഞ്ഞടിച്ചു. കെപിസിസി ഇടപെട്ട് ഡിസിസി പ്രസിഡന്റിനെ നീക്കിയില്ലെങ്കിൽ വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് അടക്കം നഷ്ടമാകുമെന്ന സൂചനയും ഇവർ നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്ത് കോൺഗ്രസ് മികച്ച നേട്ടം കൊയ്തപ്പോൾ ജില്ലയിൽ അമ്പേ തകർന്നടിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് അഡ്വ. കെ. ശിവദാസൻ നായർ, പി. മോഹൻരാജ്, ബാബു ജോർജ് എന്നീ മുൻ ഡിസിസി പ്രസിഡന്റുമാർ കെ. സുധാകരനെ നേരിൽ കണ്ട് ആശങ്കയും പരാതിയും അറിയിച്ചത്. മുതിർന്ന നേതാവ് പിജെ കുര്യന്റെ വാക്കുകൾ അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഡിസിസി പ്രസിഡന്റ് പാർട്ടിക്ക് തന്നെ ബാധ്യതയാകും. ഏകാധിപത്യമായിട്ടാണ് സതീഷ് കൊച്ചുപറമ്പിൽ പ്രവർത്തിക്കുന്നത്. ഒരു കാര്യത്തിലും ചർച്ചയില്ല. സ്വയം എടുക്കുന്ന തീരുമാനങ്ങൾ പാർട്ടിക്ക് മാനക്കേടുണ്ടാക്കുന്നു. പ്രസിഡന്റ് എന്തു ചെയ്താലും ബലേഭേഷ് പറഞ്ഞ് കൈയടിക്കാൻ ഏതാനും ചിലർ ഡിസിസിയിൽ കുറ്റിയടിച്ചിട്ടുണ്ട്. ഇവർ പാർട്ടിയെ തന്നെ വഴി തെറ്റിക്കുന്നുവെന്ന ആരോപണവും ഇവർ ഉന്നയിച്ചു.

തികഞ്ഞ അസഹിഷ്ണുതാ മനോഭാവമുള്ള സതീഷ് കൊച്ചുപറമ്പിൽ ഏകാധിപതിയായി പെരുമാറുന്നുവെന്നുള്ളതാണ് മൂൻ പ്രസിഡന്റുമാരുടെ പ്രധാന പരാതി. അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള മൂന്നാലും പേരും സ്വന്തം സഹോദരനുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. സുപ്രധാന തീരുമാനങ്ങൾ പത്രങ്ങളിൽ വരുമ്പോഴാണ് മുതിർന്ന നേതാക്കൾ അറിയുന്നത്. തനിക്കെതിരേ വിമർശനം ഉന്നയിക്കുന്നവരെ അപ്പോൾ തന്നെ പുറത്താക്കും. ഇഷ്ടമില്ലാത്തവരെ ഒരു പരിപാടിക്കും അടുപ്പിക്കില്ല. മല്ലപ്പള്ളിയിൽ കാർഷിക വികസന ബാങ്കിന്റെ പ്രസിഡന്റായ ഡോ. സജി ചാക്കോയെ പുറത്താക്കിയത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫുമായി സഖ്യമുണ്ടാക്കിയെന്ന് ആരോപിച്ചാണ്. ആറു വർഷത്തേക്കാണ് അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്. ഇതിന് നടപടിക്രമങ്ങൾ ഒന്നും പാലിച്ചിട്ടില്ല. ഇതേ രീതിയിൽ അടൂരിൽ സഹകരണ അർബൻ ബാങ്ക് ഭരണം പിടിക്കാൻ സിപിഎമ്മുമായി സീറ്റ് ധാരണയുണ്ടാക്കിയ ഡി.സി.സി ജനറൽ സെക്രട്ടറി ഏഴംകുളം അജുവിനെ സസ്പെൻഡ് ചെയ്തെങ്കിലും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അനുയായി എന്ന ലേബലിൽ തിരിച്ചെടുത്തു. ഇത് ഇരട്ട നീതിയാണെന്ന് നേതാക്കൾ കെപിസിസി പ്രസിഡന്റിനെ ധരിപ്പിച്ചിട്ടുണ്ട്.

സജി ചാക്കോ ബാങ്ക് ഭരണ സമിതിയുടെ ഏകകണ്ഠമായ തീരുമാനം പ്രസിഡന്റ് എന്ന നിലയിൽ അംഗീകരിക്കുക മാത്രമാണ് ചെയ്തത്. മാത്രവുമല്ല, സീറ്റ് നൽകാൻ ശ്രമിച്ചത് മുൻ കോൺഗ്രസുകാരനുമാണ്. അടൂരിൽ ഇങ്ങനെ ആയിരുന്നില്ല. ഏഴംകുളം അജു സിപിഎം നേതാക്കളുമായി നേരിട്ട് ചർച്ച നടത്തി സിപിഎമ്മിന്റെ നോമിനികൾക്ക് രണ്ട് ഡയറക്ടർ ബോർഡ് അംഗത്വം നൽകുകയായിരുന്നു. ഒരേ രീതിയിലുള്ള അച്ചടക്ക രാഹിത്യം കാണിച്ചതിൽ ഒരാളെ മാത്രം പുറത്തു നിർത്തുകയും അപരനെ തിരിച്ചെടുക്കുകയും ചെയ്തത് പിജെ കുര്യന്റെ താൽപര്യപ്രകാരമാണെന്നാണ് ആരോപണം. തിരുവല്ല മേഖലയിൽ കുര്യന്റെ കണ്ണിലെ കരടായിരുന്ന കവിയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ടികെ സജീവ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോ എന്നിവരെ മനഃപൂർവം പാർട്ടിയിൽ നിന്നൊഴിവാക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇതേ തുടർന്ന് മല്ലപ്പള്ളി, തിരുവല്ല മേഖലയിൽ വ്യാപകമായ എതിർപ്പാണ് കോൺഗ്രസിനുള്ളിൽ തന്നെയുള്ളത്. സാധാരണ പ്രവർത്തകർ വരെ പിജെ കുര്യനെതിരേ പ്രതികരിച്ച് മുന്നോട്ടു വന്നിരുന്നു.

റാന്നി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനെ അനുകൂലിക്കാൻ വിപ്പ് നൽകുകയും ഒടുവിൽ അദ്ദേഹം വിജയിച്ചപ്പോൾ വിപ്പ് ലംഘിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് പഞ്ചായത്തംഗങ്ങളെ സസ്പെൻഡ് ചെയ്യുകയും ചെയ്ത ഡിസിസി പ്രസിഡന്റിന്റെ നടപടിയും വിവാദമായിരുന്നു. ഇതൊന്നും ഡി.സി.സിയിൽ ആരോടും ആലോചിച്ചിട്ടില്ല. മുതിർന്ന നേതാക്കളിൽ പി.ജെ. കുര്യന്റെ അഭിപ്രായം മാത്രമാണ് ഡി.സി.സി പ്രസിഡന്റ് മാനിക്കുന്നത്. നിരവധി മണ്ഡലം പ്രസിഡന്റുമാരെ മുന്നറിയിപ്പില്ലാതെ മാറ്റുകയുണ്ടായി. കഴിഞ്ഞ ദിവസം പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ, പുളിക്കീഴ് ബ്ലോക്ക് കൊമ്പങ്കേരി ഡിവിഷൻ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എട്ടുനിലയിൽ പൊട്ടി. ഡി.സി.സി പ്രസിഡന്റിന്റെ ഡ്രൈവറെയാണ് ഒരിടത്ത് സ്ഥാനാർത്ഥിയാക്കിയത്. മറ്റൊരിടത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ഭാര്യയെ കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാക്കിയാണ് തെരഞ്ഞെടുപ്പ് നേരിട്ടത്. ഇവിടെ തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനറായി നിയോഗിച്ചത് ഡി.സി.സി പ്രസിഡന്റിന്റെ സഹോദരൻ എൻ. ഷൈലാജിനെയാണ്.ഇത്തരം നിർണായക കാര്യങ്ങളൊന്നും ഡി.സി.സിയിൽ ചർച്ച ചെയ്യാതെ പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനിക്കുകയാണ്.

സമകാലിക വിഷയങ്ങളൊന്നും ഏറ്റെടുക്കാൻ പാർട്ടിക്ക് കഴിയുന്നില്ല. അഥവാ ഏറ്റെടുത്താൽ തന്നെ ഇതൊന്നും മുതിർന്ന നേതാക്കളെ അറിയിക്കില്ല. ഏതു പരിപാടി നടന്നാലും ഉദ്ഘാടകൻ പി.ജെ. കുര്യൻ ആണെന്നതാണ് സ്ഥിതി. കവിയൂർ പഞ്ചായത്തിൽ ഭരണം പിടിക്കാൻ കോൺഗ്രസിന് അനുകൂല സാഹചര്യമാണുള്ളത്. കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റും ഇപ്പോൾ സ്വതന്ത്ര പഞ്ചായത്തംഗവുമായ ടി.കെ. സജീവിനെ ഒപ്പം ചേർത്താൽ ഭരണം ബിജെപിയിൽ നിന്ന് പിടിച്ചെടുക്കാൻ കഴിയും. എന്നാൽ, ബിജെപിക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് കോൺഗ്രസ് ഇവിടെ പിന്തുടരുന്നതെന്നും ആരോപണമുണ്ട്.

15 വർഷം തുടർച്ചയായി ജനപ്രതിനിധിയായിരുന്ന ആന്റോ ആന്റണിക്കെതിരേയും നേതാക്കൾ പരാതി അറിയിച്ചുവെന്നാണ് സൂചന. പാർട്ടി വളർത്താനുള്ള ഒരു പ്രോത്സാഹനവും എംപിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. കോട്ടയം ജില്ലയിൽ നിന്നുള്ളവരെ കെട്ടിയിറക്കാനുള്ള വേദിയാക്കി പത്തനംതിട്ട മാറ്റിയെന്നും ആന്റോയുടെ എംപി സ്ഥാനം കൊണ്ട് മണ്ഡലത്തിനോ കോൺഗ്രസിനോ ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും നേതാക്കൾ തുറന്നടിച്ചുവെന്നാണ് അറിയുന്നത്. ഇനി വരുന്ന തെരഞ്ഞെടുപ്പിൽ ആന്റോയ്ക്ക് വീണ്ടും അവസരം നൽകിയാൽ പ്രത്യാഘാതം വലുതായിരിക്കും. 2019 ലെ തെരഞ്ഞെടുപ്പിൽ തന്റെ മൂന്നാമൂഴത്തിൽ വളരെ കുറഞ്ഞ ഭൂരിപക്ഷം മാത്രമാണ് ആന്റോയ്ക്ക് ലഭിച്ചത്. ഇനിയും ഇദ്ദേഹത്തെ തന്നെ നിർത്താനാണ് നീക്കമെങ്കിൽ പ്രവർത്തനം നിർജീവമാകും. സ്വന്തം വളർച്ചയ്ക്ക് മാത്രമാണ് ആന്റോ എംപി സ്ഥാനം ഉപയോഗിച്ചത് എന്ന അഭിപ്രായവും നേതാക്കൾ പ്രകടിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP