Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുമ്പ് പറഞ്ഞത് തന്ത്രി ബ്രാഹ്‌മണ രാക്ഷസനെന്നും ജാതി പിശാചിന്റെ പ്രതീകമമെന്നും സ്ത്രീയെ മ്ലേച്ഛയായി കണ്ട് ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യത്വമില്ലാത്തയാളെന്നും; ഇന്ന് ശബരിമലയിൽ നിലപാട് മാറ്റവും; ശബരിമലയിൽ 50 വയസ്സുകഴിഞ്ഞ സ്ത്രീകളേ കയറാവൂവെന്ന വാദം അംഗീകരിക്കണമെന്ന് ജി സുധാകരൻ; മുൻ ദേവസ്വം മന്ത്രിയുടെ നിലപാട് മാറ്റം വിശ്വാസ വഴിയോ?

മുമ്പ് പറഞ്ഞത് തന്ത്രി ബ്രാഹ്‌മണ രാക്ഷസനെന്നും ജാതി പിശാചിന്റെ പ്രതീകമമെന്നും സ്ത്രീയെ മ്ലേച്ഛയായി കണ്ട് ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യത്വമില്ലാത്തയാളെന്നും; ഇന്ന് ശബരിമലയിൽ നിലപാട് മാറ്റവും; ശബരിമലയിൽ 50 വയസ്സുകഴിഞ്ഞ സ്ത്രീകളേ കയറാവൂവെന്ന വാദം അംഗീകരിക്കണമെന്ന് ജി സുധാകരൻ; മുൻ ദേവസ്വം മന്ത്രിയുടെ നിലപാട് മാറ്റം വിശ്വാസ വഴിയോ?

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സിപിഎമ്മിൽ നിന്നും ഒതുക്കപ്പെട്ട നേതാവാണ് ജി സുധാകരൻ. മുമ്പ് യുവതികൾ ദർശനം നടത്തിയതിന് നട അടച്ച ശബരിമല തന്ത്രിയെ രൂക്ഷമായി വിമർശിച്ച മന്ത്രിയായിരുന്നു ജി സുധാകരൻ. ''തന്ത്രി ബ്രാഹ്‌മണ രാക്ഷസനാണ്. ജാതി പിശാചിന്റെ പ്രതീകമാണ്. സ്ത്രീയെ മ്ലേച്ഛയായി കണ്ട് ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യത്വമില്ലാത്തയാളാണ്. സ്ഥാനമൊഴിയുന്നതാണ് ന്യായം.'' -ഇതായിരുന്നു സുധാകരന്റെ വർഷങ്ങൾക്ക് മുമ്പുള്ള അഭിപ്രായം. എന്നാൽ അധികാരം പോയി. വീട്ടിൽ വായനയും കവിത എഴുത്തുമായി ഇരിക്കുകയാണ് ഇന്ന് സുധാകരൻ. ഇപ്പോൾ ശബരിമലയിൽ നിലപാട് മാറ്റുകയാണ് മുൻ ദേവസ്വം മന്ത്രി.

ശബരിമലയിൽ 50 വയസ്സുകഴിഞ്ഞ സ്ത്രീകളേ കയറാവൂവെന്ന വാദം അംഗീകരിക്കണമെന്ന് മുൻ മന്ത്രി ജി. സുധാകരൻ. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനിൽക്കുന്നിടത്തോളംകാലം ജ്യോതിഷത്തിനു പ്രസക്തിയുണ്ട്. ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ചു മുന്നോട്ടുപോകണം. രാഷ്ട്രീയം ഒരു കലയാണ്. അതു മനസ്സിലാക്കാതെ കുറെപ്പേർ രാവിലെ വെള്ളമുണ്ടും ഷർട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങുകയാണ്. ഫോൺവിളിയിലൂടെയാണ് ഇവരുടെ രാഷ്ട്രീയപ്രവർത്തനം. ഇവിടെയിപ്പോൾ കോൺഗ്രസുകാരനെയും കമ്യൂണിസ്റ്റുകളെയും തിരിച്ചറിയാൻ പറ്റാതായി. കമ്യൂണിസ്റ്റുകളിൽനിന്ന് ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ലെന്നതാണ് പ്രശ്‌നം-ഇതാണ് സുധാകരൻ ഇപ്പോൾ പറയുന്നത്. മാതൃഭൂമിയാണ് ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷത്തിലെ സുധാകരന്റെ പ്രസംഗം റിപ്പോർട്ട് ചെയ്യുന്നത്.

ഒരു ജ്യോതിഷിയും നരബലിനടത്തിയിട്ടില്ല. രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നത്. രാഷ്ട്രീയക്കാരുടെ കുപ്പായമിട്ട ഇത്തരക്കാർ കേരളത്തിൽ കൂടിവരുകയാണ്. ഹിന്ദുപുരോഹിതർ കല്യാണത്തിനും മറ്റു പൊതുചടങ്ങുകളിലും അടിവസ്ത്രം ധരിച്ചു പങ്കെടുക്കണമെന്നു പറഞ്ഞത് ഇവിടെ ചിലർ വിവാദമാക്കി. തന്നെ അധിക്ഷേപിച്ചു. ക്രിസ്ത്യൻ, മുസ്ലിം പുരോഹിതർ പാദംപോലും കാണാത്തവിധം വസ്ത്രം ധരിച്ചാണെത്തുന്നത്. നല്ല ലക്ഷ്യത്തോടെ പറഞ്ഞാലും അതിനെ കളിയാക്കാനാണ് ചിലർക്ക് താത്പര്യമെന്നും സുധാകരൻ പറഞ്ഞു. ഏതായാലും വിശ്വാസങ്ങളോട് അടുക്കുകയാണ് താനെന്ന സൂചനയാണ് സുധാകരൻ നൽകുന്നത്. രാമായണം വായിക്കുന്ന ഈ ക്യമൂണിസ്റ്റ് മുമ്പ് പറഞ്ഞത് പലതും മാറ്റി പറയുകയും ചെയ്യുന്നു.

ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ ജി സുധാകരനെ ക്ഷണിച്ചതും മനസ്സ് അറിയാൻ കൂടിയായിരുന്നു. അവിടെ വിശ്വാസികൾക്ക് വേണ്ടി സുധാകരൻ സംസാരിക്കുകയും ചെയ്തു. ഈ ചർച്ച വരും ദിവസങ്ങളിൽ പുതിയ തലത്തിലെത്താൻ സാധ്യതയുണ്ട്. ജ്യോതിഷ താന്ത്രികവേദി ചെയർമാൻ കെ. സാബു വാസുദേവ് അധ്യക്ഷതവഹിച്ചു. ജയൻ ആനന്ദ്, ഇ.എ. സുരേഷ്‌കുമാർ, ആർ. രാമവർമ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പ്രമുഖവ്യക്തികളെ ആദരിച്ചു. ഈ ചടങ്ങിൽ സുധാകരന്റെ പ്രസംഗം വരും ദിവസങ്ങളിൽ വലിയ ചർച്ചയാകും. വിശ്വാസത്തെ മുമ്പും എതിർക്കാതെ പ്രസംഗിച്ച ചരിത്രവും സുധാകരനുണ്ട്. ഇതും ശബരിമല വിവാദത്തിന് ശേഷമായിരുന്നു.

വിശ്വാസം ഒരു ബോധ്യമാണ്. അതിൽ സമ്മർദ്ദം പാടില്ല. അത് മനസാക്ഷിയുടെ സ്വാതന്ത്ര്യത്തിന് എതിരാണ്. വിശ്വാസികളുടെ വിശ്വാസങ്ങളിൽ സമ്മർദ്ദം ചെലുത്തരുതെന്നും നേരത്തെ സുധാകരൻ പറയുകയും ചെയ്തു. മികച്ച മന്ത്രി എന്ന് പേരടുത്ത ആളാണ് ജി സുധാകരൻ. അടിയുറച്ച കമ്യൂണിസ്റ്റുകാരൻ. ആശയങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത ആൾ. കമ്യൂണിസ്റ്റുകാർക്ക് രാമായണത്തിലും രാമായണമാസാരചരണത്തിലും വിശ്വാസമുണ്ടോ എന്നത് വലിയ ചോദ്യമാണ്. പക്ഷേ ജി സുധാകരന് അതു ചെയ്തു.

ടിവി ചാനലുകളിൽ രാമായണം വായിച്ചു. ബാല്യകാലത്തെ രാമായണ മാസാചരണത്തെക്കുറിച്ചുള്ള ഓർമകൾ ജി സുധാകരൻ പങ്കുവച്ചു. തന്റെ പിതാവ് രാമായണം പാരായണം ചെയ്തിരുന്ന കാര്യങ്ങളും സുധാകരൻ ഓർമിച്ചെടുത്തു. അച്ഛനൊപ്പം രാമായണ പാരായണത്തിന് പോയിരുന്ന കാര്യങ്ങളും ജി സുധാകരൻ പങ്കുവച്ചു. എന്നാൽ ഇതെല്ലാം പതിനഞ്ച് വയസ്സിന് മുമ്പുള്ള കാര്യമാണ്. രാഷ്ട്രീയ ബോധ്യം ഉണ്ടായതിന് ശേഷം അത്തരത്തിലുള്ള രാമായണം പാരായണം ഉണ്ടായിട്ടില്ല. പക്ഷേ പൊതുചടങ്ങുകളിൽ പിന്നീടും രാമായണം വായിച്ചിട്ടുണ്ടൈന്നും സുധാകരൻ തന്നെ പറഞ്ഞിരുന്നു.

ദേവസ്വം മന്ത്രി ആയിരിക്കുന്‌പോൾ വകുപ്പിന്റെ പരിപാടിയിൽ രാമായണ പാരായണം നടത്തിയിട്ടുണ്ട്. രാമായണം വായിക്കുന്നത് മതപരമായ ഒരു കാര്യമല്ലെന്നാണ് ജി സുധാകരന്റെ പക്ഷം. അത് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത്തരത്തിലൊരു നേതാവാണ് ഇപ്പോൾ നിലപാട് വിശദീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP