Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗവർണർ അടക്കം പ്രമുഖർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വീശി ആളെ ആകർഷിക്കും; ഒരുലക്ഷം നിക്ഷേപിച്ചാൽ, 200 ദിവസത്തിനകം രണ്ടുലക്ഷമായി ഇരട്ടിക്കും; നിധി കമ്പനിയുടെ മറവിൽ മണിചെയിൻ തട്ടിപ്പ്; കാസർകോട്ടെ ബിഗ് പ്ലസ് ഫിൻ ട്രേഡിങ് കമ്പനിയുടെ തട്ടിപ്പിന്റെ സൂത്രധാരൻ വിനോദ് കുമാർ സൂപ്പർ മാർക്കറ്റ് തട്ടിപ്പ് കേസിലെ പ്രതി

ഗവർണർ അടക്കം പ്രമുഖർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വീശി ആളെ ആകർഷിക്കും; ഒരുലക്ഷം നിക്ഷേപിച്ചാൽ, 200 ദിവസത്തിനകം രണ്ടുലക്ഷമായി ഇരട്ടിക്കും; നിധി കമ്പനിയുടെ മറവിൽ മണിചെയിൻ തട്ടിപ്പ്; കാസർകോട്ടെ ബിഗ് പ്ലസ് ഫിൻ ട്രേഡിങ് കമ്പനിയുടെ തട്ടിപ്പിന്റെ സൂത്രധാരൻ വിനോദ് കുമാർ സൂപ്പർ മാർക്കറ്റ് തട്ടിപ്പ് കേസിലെ പ്രതി

മറുനാടൻ മലയാളി ബ്യൂറോ

കാസർകോഡ്: ആട് തേക്ക് മാഞ്ചിയം, ടോട്ടൽ ഫോർ യു, മണി ചെയിൻ, ക്രിപ്‌റ്റോ കറൻസി എന്നു വേണ്ട, കാശ് ഇരട്ടിക്കുന്ന ഏതു ഏടാകൂടത്തിലും പോയി കൈയിട്ട് പണി വാങ്ങിക്കുന്നവരാണ് മലയാളികളെന്ന അപഖ്യാതി പണ്ടേയുണ്ട്. കാസർകോട്ടിലെ ഒരുഉൾനാടൻ ഗ്രാമത്തിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന മണി ചെയിൻ മോഡൽ തട്ടിപ്പാണ് പുതിയ വിശേഷം. ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴി എന്ന ഗ്രാമം ആസ്ഥാനമാക്കിയ ബിഗ്പ്ലസ് ഫിൻ ട്രേഡിങ് കമ്പനിയാണ് ആളുകളെ പറ്റിച്ച് കോടികൾ ഉണ്ടാക്കിയത്. മണി ചെയിൻ മോഡലിൽ പണം ഇരട്ടിപ്പ് തന്നെയാണ് സംഗതി.

ഗ്ലോബൽ ബിസിനസ് ഗ്രൂപ്പിന്റെ ( ജിബിജി) കീഴിലുള്ള ബിഗ് പ്ലസ് ഫിൻ ട്രേഡിങ് കമ്പനിയുടെ എട്ടോളം ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചതാണ് ഒടുവിലത്തെ വാർത്ത. നിക്ഷപത്തിൽ 80 ശതമാനം വാർഷിക വരുമാനമാണ് കമ്പനിയുടെ വാഗ്ദാനം. ഒരു വർഷത്തിൽ ഇരട്ടി പണം എന്ന മോഹന വാഗ്ദാനം കമ്പനി മുന്നോട്ട് വച്ചപ്പോൾ, കോടികൾ ഒഴുകി. അങ്ങനെ 800 കോടിയോളം ഇവർ സമാഹരിച്ചു. പുതിയ നിക്ഷേപകരെ കണ്ടെത്തുക, അവരുടെ നിക്ഷേപം ഉപയോഗിച്ച് മുൻ നിക്ഷേപകർക്ക് വീട്ടുക എന്ന മണി ചെയിൻ മോഡലെന്നാണ് സൂചന. കാസർഗോഡ് ബേഡകം പൊലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പൊലീസിന്റെ മൂക്കിന് താളെ തട്ടിപ്പ്

ബേഡഡുക്ക പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരു അഞ്ചുമിനിറ്റ് യാത്ര ചെയ്താൽ കുണ്ടംകുഴി ജംഗ്ഷനിൽ എത്തും. അവിടെ ഒരു സാധാരണ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വലിയ ആർഭാടമൊന്നുമില്ലാതെ ബിഗ്പ്ലസ് ഫിൻ ട്രേഡിങ് കമ്പനി ഓടിക്കുന്നു. പൊലീസ് കേസായി നാട്ടുകാർ പ്രശ്‌നമുണ്ടാക്കും വരെ ഈ ഓഫീസിൽ കോഴിക്കോട്, കണ്ണൂർ, തുടങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം പണം ഇരട്ടിക്കുമെന്ന ആർത്തിയിൽ കാറുകളിൽ ആളുകളുടെ ഒഴുക്കായിരുന്നു. പണി പാളിയതോടെ ഇപ്പോൾ ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ല. കുറച്ചു ജീവനക്കാർ മാത്രം സൊറ പറഞ്ഞിരിക്കുന്നു.

2000 കോടിയുടെ ആസ്തിയുള്ള വിനോദ് കുമാർ ആരാണ്?

ഗ്ലോബൽ ബിസിനസ് ഗ്രൂപ്പിന്റെ ( ജിബിജി) കീഴിലുള്ള ബിഗ് പ്ലസ് ഫിൻ ട്രേഡിങ് കമ്പനിയുടെ പ്രമോട്ടറാണ് വിനോദ് കുമാർ. തട്ടിപ്പിന്റെ ആശാൻ. drvinodgbg.com എന്ന വിനോദ് കുമാറിന്റെ വെബ്‌സൈറ്റിൽ അവകാശപ്പെടുന്നത് ഇയാൾക്ക് 2000 കോടിയുടെ ആസ്തിയുണ്ടെന്നാണ്. തട്ടിപ്പുകാരുടെ പതിവ് രീതികളെല്ലാം ഇയാളും ക്യത്യമായി പിന്തുടർന്നു. പ്രമുഖർക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ വെബ്‌സൈറ്റിൽ അണിനിരത്തിയാണ് പാവം നിക്ഷേപകരെ ഇയാൾ വഞ്ചിച്ചത്. കേരള ഗവർണർക്കൊപ്പമുള്ള ചിത്രമൊക്കെ ഗമയ്ക്ക് ഇയാൾ പ്രദർശിപ്പിക്കുന്നുണ്ട്.

2015 ൽ തന്നെ ഇയാൾ ഒരു തട്ടിപ്പുകേസിൽ പെട്ടിരുന്നു. കണ്ണൂർ, കാസർകോഡ് ജില്ലകളിലെ ആളുകളെ പറ്റിച്ച് കണ്ണൂർ ഗ്രാമീണ സൂപ്പർ മാർക്കറ്റ് ലിമിറ്റഡ്, ഇയാൾ ഫ്രാഞ്ചൈസി മാതൃകയിൽ കോടികൾ അടിച്ചുമാറ്റി. കാസർകോട്ട് നിന്നുമാത്രം വിനോദ് കുമാർ 31 കോടി ഇങ്ങനെ ഉണ്ടാക്കി. ക്രൈംബ്രാഞ്ച് ഇയാൾക്കും മറ്റ് 21 കൂട്ടുപ്രതികൾക്കും എതിരെ വഞ്ചന, ക്രിമനൽ വിശ്വാസ വഞ്ചന , ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരുന്നു. പ്രതികൾക്കെതിരായ കേസ് തലശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഡിസംബർ 26 നാണ് ഇനി പരിഗണിക്കുന്നത്. തട്ടിപ്പ് കേസിൽ പെട്ടതോടെ, അഞ്ചുവർഷത്തേക്ക് സ്വന്തം പേരിൽ കമ്പനി തുടങ്ങുന്നതിന് കമ്പനി രജിസ്ട്രാർ വിനോദ് കുമാറിനെ വിലക്കിയിരുന്നു. 2020 ഒക്ടോബർ 31 ന് വിലക്ക് അവസാനിക്കേണ്ട താമസം പുതിയ കമ്പനി തുടങ്ങി. 12 ദിവസത്തിന് ശേഷം എറണാകുളത്ത് ജിബിജി നിധി ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തു.

നിയമം ഒരു വശത്ത്, വിനോദ് കുമാർ തോന്നിയ പടിയും

കാശുണ്ടാക്കാനുള്ള വെപ്രാളത്തിൽ ആളുകൾ നിയമവും, ചട്ടവും ഒന്നും നോക്കില്ലെന്ന് തട്ടിപ്പുകാരനായ വിനോദ് കുമാറിന് നന്നായി അറിയാം. ജനങ്ങളുടെ ഇടയിൽ നിക്ഷേപ സ്വഭാവം പ്രോത്സാഹിപ്പിക്കുകയാണ് നിധി കമ്പനികളുടെ ലക്ഷ്യം. ഫിക്‌സഡ്, റെക്കറിങ്, സേവിങ്‌സ് എന്നീ വിഭാഗങ്ങളിലായി നിക്ഷേപത്തിന് മാത്രമേ നിധി കമ്പനി് പണം സ്വീകരിക്കാൻ പാടുള്ളു. ഇങ്ങനെ സമാഹരിക്കുന്ന പണം നിധി അംഗങ്ങൾക്ക് വായ്പ കൊടുക്കാൻ മാത്രമേ ഉപയോഗിക്കാവു എന്നാണ് ചട്ടം.

ഇതൊക്കെ ആരും ശ്രദ്ധിക്കാൻ? വിനോദ് കുമാറിന് ഇതൊക്കെ നന്നായി അറിയാം. കഴിഞ്ഞ ഒരുവർഷമായി ജിബിജി നിധി കമ്പനി ആർക്കും ലോൺ കൊടുത്തിട്ടില്ല. വായ്പ കൊടുക്കാതെ കമ്പനി എങ്ങനെ പിടിച്ചുനിൽക്കുമെന്ന് ചോദിച്ചാൽ, മണിചെയിൻ പദ്ധതിക്കുള്ള ഒരു മറ മാത്രമായിരിക്കും ജിബിജി നിധി എന്നാണ് പൊലീസ് പറയുന്നത്.

ആളെ പിടിക്കാൻ യുടൂബ് ചാനൽ

എല്ലാ തട്ടിപ്പുകാരും പൊതുവെ വാചാലരായിരിക്കും. ബിഗ് പ്ലസ് ഫിൻ ട്രേഡിങ്‌സിന്റെ യൂടൂബ് ചാനലും പിന്നിലല്ല, അക്കാര്യത്തിൽ. അഞ്ചുമിനിറ്റ് വീഡിയോയിൽ പറയുന്നത് ഞങ്ങളുടെ കൂടെ ചേർന്നാൽ ഒരു സാധാരണക്കാരന് സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാമെന്നാണ്. ജിബിജി നിധി ബാങ്കിൽ ഓഹരി ഉടമയായാൽ, ഒരാൾക്ക് ബിഗ് പ്ലസ് ട്രേഡിങ് കമ്പനിയുടെ ഭാഗമാകാം. 10,000 മുതൽ 25 ലക്ഷം വരെ നിക്ഷേപം സ്വീകരിക്കാനുള്ള പാക്കേജുകൾ ഉണ്ട്. നിങ്ങൾ ജിബിജിയിൽ ഒരു ലക്ഷം നിക്ഷേപിച്ചാൽ, പണം ബിഗ്പ്ലസിലേക്ക് കൈമാറ്റം ചെയ്യും. ബിഗ് പ്ലസ് ആ പണം ട്രേഡിങ്ങിന് ഉപയോഗിച്ച് ലാഭം ഉപഭോക്താവിന്റെ അക്കൗണ്ടിൽ ദിവസവും കിട്ടും. 200 പ്രവൃത്തി ദിവസങ്ങൾ, അല്ലെങ്കിൽ 40 ആഴ്ച, ഒരു ലക്ഷം, നികുതി കിഴിച്ച് 1.80 ലക്ഷമായി തിരിച്ചുകിട്ടും. നികുതി കൂട്ടാതെ രണ്ടുലക്ഷം. ഇങ്ങനെയാണ് വീഡിയോയിൽ ആളെ പിടിക്കുന്നത്.

പുതിയ കസ്റ്റമേഴ്‌സിനെ ചേർത്താൽ പഴയ നിക്ഷേപകർക്ക് കൂടുതൽ കാശുണ്ടാക്കാം. പുതിയവരുടെ നിക്ഷേപത്തിന്റെ 10 ശതമാനം ആളെ ചേർക്കുന്നവർക്ക് നൽകുമെന്നാണ് വാഗ്ദാനം. അടുത്ത റൗണ്ട് ഉപഭോക്താക്കൾ വരുമ്പോൾ ആദ്യ നിക്ഷേപകർക്ക് 7 ശതമാനം കമ്മീഷൻ. ഇങ്ങനെ മണി ചെയിന്റെ ഉദാത്ത മാതൃക വഴിയായിരുന്നു തട്ടിപ്പ്.

വിനോദ് കുമാർ നിക്ഷപകർക്ക് പണം കൊടുക്കാതിരുന്നോ?

ജിബിജി നിധി ഇതുവരെ നിക്ഷേപകർക്ക് പണം തിരികെ കൊടുക്കുന്നതിൽ വീഴ്ച വരുത്തിയിട്ടില്ല. എന്നാൽ, നിധി കമ്പനി ചട്ടങ്ങൾ പാടേ ലംഘിച്ചാണ് നിക്ഷേപങ്ങൾ സ്വീകരിച്ചത് എന്നതാണ് മുഖ്യപ്രശ്‌നം. നിധി കമ്പനി വഴി പണം സമാഹരിച്ച ശേഷം പണം മറ്റൊരു കമ്പനിയിലേക്ക് വകമാറ്റുന്നത് ചട്ടലംഘനം തന്നെ. 2019 ലെ അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് വിനോദ് കുമാറിന് എതിരെ ബേഡഡുക്ക പൊലീസ് കേസെടുത്തിരിക്കുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ, പരമാവധി ഏഴുവർഷം തടവും, 30 ലക്ഷം പിഴയും കിട്ടാം.

സൂപ്പർ മാർക്കറ്റ് തട്ടിപ്പ് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നെങ്കിൽ വിനോദ് കുമാറിന് നിധി കമ്പനി തുടങ്ങാൻ കഴിയില്ലായിരുന്നു. എന്നാൽ, ആ കേസ് ഡിസംബറിൽ പരിഗണിക്കുന്നതേയുള്ളു. ഈ കാലതാമസത്തിന്റെ പഴുതിലാണ് ഇയാൾ അടുത്ത തട്ടിപ്പിന് ഇറങ്ങിയത്. ജിബിജി നിധി ലിമിറ്റഡ്, ബിഗ് പ്ലസ് ഫിൻ ട്രേഡിങ് കമ്പനി എന്നിവയുടെ ചെർക്കല സൗത്ത് ഇന്ത്യൻ ബാങ്കിലെ രണ്ട് അക്കൗണ്ടുകളിലായുള്ള 8.87 കോടി ആദ്യം മരവിപ്പിച്ചു. കാഞ്ഞങ്ങാട്ടെ ഐസിഐസിഐ ബാങ്കിലെ ജിബിജി നിധി അക്കൗണ്ടും പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. ഗ്ലോബൽ ബിസിനസ് ഗ്രൂപ്പിന്റെ 50 കോടിയോളം വരുന്ന അക്കൗണ്ടുകളും മരവിപ്പിച്ച കൂട്ടത്തിൽ പെടുന്നു. ആറ് മാസം മുമ്പ് കമ്പനിക്ക് ദിവസവും 30 മുതൽ 35 ലക്ഷം വരെ നിക്ഷേപം കിട്ടുന്നുണ്ടായിരുന്നു. ഈ മാസം ആദ്യം അത് ദിവസം 80 ലക്ഷം മുതൽ 1 കോടി വരെ എത്തിയിരുന്നതായാണ് സൂചന. സംസ്ഥാനത്ത് പരമാവധി 8 ശതമാനം ആണ് നിക്ഷേപ പലിശ ആയി ലഭിക്കുക. ഇയാൾ അതേ സമയം നൽകുന്നത് 80 ശതമാനമാണ്.
രസകരമായ കാര്യം വിനോദ് കുമാറിന്റെ സൂപ്പർ മാർക്കറ്റ് തട്ടിപ്പിൽ കാശ് പോയവർ തന്നെ പണം ഇരട്ടിപ്പിനായി ജിബിജിയിൽ കാശിറക്കി എന്നതാണ്. അതാണ് എളുപ്പത്തിൽ കാശുണ്ടാക്കാനുള്ള ആർത്തിയുടെ പിന്നിലെ വിചിത്രമായ സംഗതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP