Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗാംഗുലിക്ക് ഐസിസി ചെയർമാൻ പദവി 'നിഷേധിച്ചു'; പിന്നാലെ ഐസിസി സാമ്പത്തിക-വാണിജ്യകാര്യ സമിതിയുടെ തലവനാകാൻ ജയ് ഷാ; പ്രധാന സാമ്പത്തിക - നയ തീരുമാനങ്ങൾ ഇനി ജയ് ഷായുടെ അറിവോടെ മാത്രം; ഐസിസിയിൽ 'പിടിമുറുക്കി' ബിസിസിഐ; ഗ്രെഗ് ബാർക്ലേ ഐസിസി ചെയർമാകുമ്പോഴും കാര്യങ്ങൾ തീരുമാനിക്കുക അമിത് ഷായുടെ മകൻ

ഗാംഗുലിക്ക് ഐസിസി ചെയർമാൻ പദവി 'നിഷേധിച്ചു'; പിന്നാലെ ഐസിസി സാമ്പത്തിക-വാണിജ്യകാര്യ സമിതിയുടെ തലവനാകാൻ ജയ് ഷാ; പ്രധാന സാമ്പത്തിക - നയ തീരുമാനങ്ങൾ ഇനി ജയ് ഷായുടെ അറിവോടെ മാത്രം; ഐസിസിയിൽ 'പിടിമുറുക്കി' ബിസിസിഐ; ഗ്രെഗ് ബാർക്ലേ ഐസിസി ചെയർമാകുമ്പോഴും കാര്യങ്ങൾ തീരുമാനിക്കുക അമിത് ഷായുടെ മകൻ

സ്പോർട്സ് ഡെസ്ക്

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സാമ്പത്തിക വാണിജ്യ കാര്യ (എഫ് ആൻഡ് സിഎ) സമിതിയുടെയുടെ തലവനായി ബിസിസിഐ സെക്രട്ടറി ജയ് ഷായെ തിരഞ്ഞെടുത്തു. ഐസിസിയുടെ ഏറ്റവും പ്രധാനപ്പെട്ട കമ്മിറ്റിയുടെ ചുമതലയാണ് ജയ് ഷായ്ക്ക് ലഭിക്കുന്നത്. എല്ലാ പ്രധാന സാമ്പത്തിക നയ തീരുമാനങ്ങളും ഐസിസി ബോർഡ് അംഗീകരിക്കുന്നതിന് മുമ്പ് എഫ് ആൻഡ് സിഎ കമ്മിറ്റിയാണ് എടുക്കുന്നത്. 'സമിതിയിലെ എല്ലാ അംഗങ്ങളും ജയ് ഷായെ എഫ് ആൻഡ് സിഎ കമ്മിറ്റിയുടെ തലവനായി അംഗീകരിച്ചു. ഐസിസി ചെയർ (ഗ്രെഗ് ബാർക്ലേ) ഒഴികെയുള്ള ഒരു സബ് കമ്മിറ്റിയാണിതെന്നും ഐസിസി വൃത്തങ്ങൾ പിടിഐയോട് വ്യക്തമാക്കി.

എഫ് ആൻഡ് സിഎ കമ്മിറ്റിയിൽ ബിസിസിഐക്ക് പ്രാതിനിധ്യം പോലുമില്ലാതിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു. എന്നാൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്മേൽ ബിസിസിഐ പിടിമുറുക്കുന്നതിന്റെ സൂചനയായാണ് ജയ് ഷായുടെ നിയമനം വിലയിരുത്തപ്പെടുന്നത്. മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ വർഷം വരെ എഫ് ആൻഡ് സിഎ കമ്മിറ്റിയിൽ അംഗമായിരുന്നു.

എൻ ശ്രീനിവാസന്റെ കാലത്ത് എഫ് ആൻഡ് സിഎ മേധാവിയുടെ സ്ഥാനം ഇന്ത്യയുടേതായിരുന്നു, എന്നാൽ ശശാങ്ക് മനോഹർ ഐസിസി ചെയർമാനായിരുന്ന കാലത്ത് ബിസിസിഐയുടെ അധികാരം ഗണ്യമായി കുറയുകയും ചെയ്തിരുന്നു.

നേരത്തെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്തായ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെ ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ബിസിസിഐ നാമനിർദ്ദേശം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ അടക്കമുള്ളവർ ഗാംഗുലിയെ പിന്തുണക്കാതിരുന്നതോടെ ആ സാധ്യത അടയുകയായിരുന്നു. ഇതോടെയാണ് ന്യൂസിലൻഡിന്റെ ഗ്രെഗ് ബാർക്ലേ ശനിയാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചെയർമാനായി തുടർച്ചയായ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്.


അംഗരാജ്യങ്ങൾക്കിടയിലുള്ള വരുമാനം പങ്കിടലും ഐസിസി വർഷം മുഴുവനും നൽകുന്ന വിവിധ പ്രധാന സ്‌പോൺസർഷിപ്പ് ഇടപാടുകളും ഇനി ജയ് ഷായുടെ അറിവോടെ മാത്രമെ നടക്കു. എഫ് ആൻഡ് സിഎ കമ്മിറ്റിയെ എപ്പോഴും ഐസിസി ബോർഡ് അംഗമാണ് നയിക്കുന്നത്, ഐസിസി ബോർഡിൽ ബിസിസിഐയെ പ്രതിനിധീകരിക്കുന്നത് ജയ് ഷായാണ്.

''ഇന്ത്യ ആഗോള ക്രിക്കറ്റിന്റെ വാണിജ്യ കേന്ദ്രമാണ്, 70 ശതമാനത്തിലധികം സ്‌പോൺസർഷിപ്പ് ഈ മേഖലയിൽ നിന്നാണ് വരുന്നത്. ഒരു ഐസിസി എഫ് ആൻഡ് സിഎ എപ്പോഴും ബിസിസിഐയുടെ നേതൃത്വത്തിലായിരിക്കണം,' ഐസിസി വൃത്തങ്ങൾ പറഞ്ഞു.

അടുത്ത രണ്ട് വർഷം ഐസിസി ചെയർമാനായി ഗ്രെഗ് ബാർക്ലേ തുടരും. സിംബാബ്വെയുടെ തവെംഗ്വാ മുഖുലാനി അവസാന നിമിഷം മത്സരത്തിൽ നിന്ന് പിന്മാറിയതോടെ എതിരില്ലാതെയാണ് ബാർക്ലേ വീണ്ടും ഐസിസി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. തുടർച്ചയായി രണ്ടാം തവണയാണ് ബാർക്ലേ ഐസിസി ചെയർമാനാകുന്നത്. ഐസിസി ചെയർമാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകരാമായി കാണുന്നുവെന്ന് ബാർക്ലേ പറഞ്ഞു.

ഓക്ലൻഡിൽ നിന്നുള്ള അഭിഭാഷകനായ ബാർക്ലേ 2020 നവംബറിലാണ് ആദ്യമായി ഐസിസി ചെയർമാനാകുന്നത്. മുമ്പ് ന്യൂസിലൻ ക്രിക്കറ്റിന്റെ ചെയർമാനായിരുന്ന ബാർക്ലേ 2015ലെ ഏകദിന ലോകകപ്പിന്റെ ഡറക്ടറായിരുന്നു. ജൂലൈയിൽ വീണ്ടും ചെയർമാനാവാനുള്ള ആഗ്രഹം ബാർക്ലേ പരസ്യമാക്കിയിരുന്നു. ഐസിസിയിൽ വലിയ സ്വാധീനമുള്ള ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് ആരും മത്സരിക്കാനില്ലാതിരുന്നതോടെ ബാർക്ലേ തന്നെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരുന്നു.

ബിസിസിഐ പ്രസിസഡന്റ് സ്ഥാനത്തു നിന്ന് പുറത്തായ സൗരവ് ഗാംഗുലിക്ക് ഐപിഎൽ ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിലവിൽ വഹിച്ചിരുന്ന പദവിയിൽ നിന്നുള്ള തരംതാഴ്‌ത്തലാണെന്ന് തിരിച്ചറിഞ്ഞ് ഗാംഗുലി നിരസിക്കുകയായിരുന്നു. ഗാംഗുലിക്ക് പകരം മുൻ ഇന്ത്യൻ താരമായ സ്റ്റുവർട്ട് ബിന്നിയാണ് ബിസിസിഐ പ്രസിഡന്റായത്. ജയ് ഷാ സെക്രട്ടറി സ്ഥാനത്ത് തുടർന്നപ്പോൾ ബിസിസിഐ ട്രഷറായിരുന്ന അരുൺ ധുമാൽ ഐപിഎൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി നേതാവ് ആശിഷ് ഷേലാറാണ് ബിസിസിഐയുടെ പുതിയ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP