Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംടെക് പ്രവേശത്തിനു 1445-ാം റാങ്കുള്ള പട്ടികവിഭാഗം വിദ്യാർത്ഥിനിക്ക് പ്രവേശനം നിഷേധിച്ചെന്നും 2351-ാം റാങ്കുകാരിക്ക് സീറ്റു ലഭിച്ചെന്നും ആരോപണം; ഫീസ് അടയ്ക്കാനുള്ള ഇളവിൽ ഡോ സിസാ തോമസിനെ സസ്‌പെന്റ് ചെയ്യാൻ നീക്കം; ഗവർണ്ണറെ അനുസരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെല്ലാം ഇനി പണി കിട്ടിയേക്കും; രാജ്ഭവനെ പ്രകോപിപ്പിക്കാൻ നടപടി?

എംടെക് പ്രവേശത്തിനു 1445-ാം റാങ്കുള്ള പട്ടികവിഭാഗം വിദ്യാർത്ഥിനിക്ക് പ്രവേശനം നിഷേധിച്ചെന്നും 2351-ാം റാങ്കുകാരിക്ക് സീറ്റു ലഭിച്ചെന്നും ആരോപണം; ഫീസ് അടയ്ക്കാനുള്ള ഇളവിൽ ഡോ സിസാ തോമസിനെ സസ്‌പെന്റ് ചെയ്യാൻ നീക്കം; ഗവർണ്ണറെ അനുസരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെല്ലാം ഇനി പണി കിട്ടിയേക്കും; രാജ്ഭവനെ പ്രകോപിപ്പിക്കാൻ നടപടി?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ തൊടാൻ പിണറായി സർക്കാരിന് കഴിയില്ല. ഭരണഘടനാ സ്ഥാപനമായ രാജ്ഭവനെ പ്രകോപിപ്പിച്ച് പുലിവാല് പിടിക്കുകയാണ് പിണറായി സർക്കാർ. അതുകൊണ്ട് തന്നെ ഗവർണ്ണറെ അനുസരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് പണി കൊടുക്കാനാണ് തീരുമാനം. സാങ്കേതിക സർവകലാശാലാ വി സി.യായി ഗവർണർ നിയമിച്ച ഡോ. സിസാ തോമസിനെതിരേ അച്ചടക്കനടപടിക്കൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോ. ഡയറക്ടറായ സിസാ തോമസ്, 2021-22 വർഷത്തെ എം.ടെക്. പ്രവേശന നടപടികളിൽ വീഴ്ച വരുത്തിയതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിന്റെ പേരിലാണ് നീക്കം.

പരാതി ലഭിച്ചതിനെത്തുടർന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് സർക്കാർ പരിശോധിച്ചുവരികയാണ്. വി സി.യായി ചുമതലയേറ്റതിനു സിസാ സർക്കാരിന്റെ മുൻകൂർ അനുമതി തേടിയിരുന്നില്ല. ചുമതല ഏൽക്കാൻ എത്തിയ സിസായെ ഇടതു സംഘടനകൾ തടഞ്ഞു. ഗവർണ്ണർക്കൊപ്പമാണ് താനെന്ന സന്ദേശമാണ് സിസാ നൽകിയത്. എം.ടെക്. പ്രവേശത്തിനു 1445-ാം റാങ്കുള്ള പട്ടികവിഭാഗം വിദ്യാർത്ഥിനിക്ക് പ്രവേശനം നിഷേധിച്ചെന്നും 2351-ാം റാങ്കുകാരിക്ക് സീറ്റു ലഭിച്ചെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥസംഘടനയായ കെ.ജി.ഒ.എ. മന്ത്രിക്കു പരാതിനൽകിയിരുന്നു. പ്രവേശന നടപടികളിലെ അപാകം ചൂണ്ടിക്കാട്ടി വി. വിപിൻ എന്നൊരാൾ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്കും പരാതി നൽകി.

എം.ടെക്. പ്രവേശനത്തിന്റെ പൂർണചുമതലയുള്ള സീനിയർ ജോ.ഡയറക്ടർ, സിസ്റ്റം അനലിസ്റ്റ് എന്നിവർ വീഴ്ചവരുത്തിയെന്നും ചുമതലകളിൽനിന്നു നീക്കണമെന്നുമാണ് സമിതിയുടെ ശുപാർശ. ഈ ശുപാർശ അംഗീകരിച്ച് സിസായെ സസ്‌പെന്റ് ചെയ്യും. ഫീസടയ്ക്കാൻ ഒക്ടോബർ 21 വരെ സമയം തീരുമാനിച്ചു. പിന്നീട്, 23 വരെ നീട്ടി. എന്നാൽ, നീട്ടിയതിന് വേണ്ടത്ര പ്രചാരംനൽകിയില്ല. കേന്ദ്രീകൃത അലോട്‌മെന്റ് പ്രക്രിയ വെബ്‌പേജിൽ പ്രസിദ്ധീകരിച്ചില്ല. ഒക്ടോബർ 25-നു ഫീസടച്ചവർക്കും പ്രവേശനം നൽകി. 23-ന് അർധരാത്രി ഫീസടയ്ക്കാനുള്ള ലിങ്ക് ഡിസേബിൾ ചെയ്യാൻ ജാഗ്രത കാണിച്ചില്ല. ഒക്ടോബർ 23നു ഫീസടച്ച പലരും ഒഴിവാക്കപ്പെട്ടു.

എം.ടെക്. പ്രവേശന നടപടികൾ സുഗമമായി നടത്തുന്നതിൽ പരാജയപ്പെട്ടു. പ്രവേശന നടപടികളുടെ ചുമതല വരുംവർഷങ്ങളിൽ പ്രവേശനപരീക്ഷാ കമ്മിഷണറെയോ സാങ്കേതിക സർവകലാശാലയെയോ ഏൽപ്പിക്കണമെന്നതാണ് അന്വേഷണ സമിതിയുടെ ശുപാർശ. തീർത്തും സാങ്കേതിക കാരണങ്ങളാലാണ് സിസയെ കുറ്റപ്പെടുത്തുന്നത്. അതിനിടെ എം.ടെക്. പ്രവേശനത്തിൽ ഞാനൊരു തെറ്റുംചെയ്തിട്ടില്ലെന്ന് സിസയും പറയുന്നു.

നിശ്ചിതസമയത്തു ഫീസടയ്ക്കാതിരുന്ന വിദ്യാർത്ഥിക്ക് സ്‌പോട്ട് അഡ്‌മിഷൻ നൽകുന്നതു നോക്കാമെന്നു പറഞ്ഞിരുന്നു. എന്നാൽ, അഡ്‌മിഷനിടെ ഉടനടി പ്രവേശിപ്പിക്കണമെന്നായിരുന്നു ലഭിച്ച നിർദ്ദേശം. അതു സാധ്യമായിരുന്നില്ല. ഇക്കാര്യം ഉത്തരവാദപ്പെട്ടവരെ അറിയിച്ചിരുന്നു. വേണ്ടപ്പെട്ട ആരെയും ഞാൻ തിരുകിക്കയറ്റിയിട്ടില്ല. അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും എനിക്കു നൽകിയില്ല. ഈ വർഷത്തെ പ്രവേശനച്ചുമതല ഏൽപ്പിച്ചതും എന്നെയായിരുന്നുവെന്നും സിസ പറയുന്നു.

സാങ്കേതിക സർവകലാശാല താത്കാലിക വൈസ് ചാൻസലറായി സിസാ തോമസ് ചുമതലയേറ്റത് ചട്ടങ്ങൾ ലംഘിച്ചെന്ന് സർക്കാർ വിലയിരുത്തൽ ഉണ്ട്. ചുമതല ലഭിച്ച വിവരം മാതൃസ്ഥാപനത്തെയോ ഉന്നത വിദ്യാഭ്യാസ വകുപ്പിനെയോ അറിയിച്ചില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ശിപാർശ മറികടന്നാണ് ഗവർണർ സ്വന്തം നിലയ്ക്ക് വൈസ് ചാൻസലർ സ്ഥാനം നൽകിയത്. സർക്കാർ ചട്ടപ്രകാരം ചുമതല ലഭിക്കുന്ന വ്യക്തി അത് ഏറ്റെടുക്കുന്നതിന് മുൻപായി മാതൃസ്ഥാപനത്തെയും വകുപ്പിനെയും വിവരമറിയിക്കണം. എന്നാൽ ചുമതല ലഭിച്ച വിവരം ടെക്‌നിക്കൽ എഡ്യൂക്കേഷൻ ജോയിൻ ഡയറക്ടറായ സിസാ തോമസ് മാതൃസ്ഥാപനത്തെ അറിയിച്ചിട്ടില്ല.

പകരം ഗവർണറുടെ ഉത്തരവിന്റെ മാത്രം പിൻബലത്തിൽ അധികാരമേറ്റു. ഇതിൽ സിസാ തോമസിനോട് വിശദീകരണം തേടാനും സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ ഗവർണറുമായുള്ള പോര് മൂർധന്യത്തിൽ എത്തിയിരിക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ ഉടൻ നടപടിയിലേക്ക് കടക്കില്ല. നിയമോപദേശം തേടി സാവധാനം മുന്നോട്ടുപോകാനാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP