Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നവീകരിച്ച ഇരിട്ടി- മട്ടന്നൂർ റോഡിൽ അപകടം തുടർക്കഥ; റോഡ് നവീകരണത്തിന് ശേഷം അപകടങ്ങളിൽ പൊലിഞ്ഞത് അഞ്ച് ജീവനുകൾ; നടപടിയെടുക്കാതെ അധികൃതർ

നവീകരിച്ച ഇരിട്ടി- മട്ടന്നൂർ റോഡിൽ അപകടം തുടർക്കഥ; റോഡ് നവീകരണത്തിന് ശേഷം അപകടങ്ങളിൽ പൊലിഞ്ഞത് അഞ്ച് ജീവനുകൾ; നടപടിയെടുക്കാതെ അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ:മിക്ക ദിവസങ്ങളിലും അപകടം സംഭവിച്ചുകൊണ്ടിരിക്കുകയാണ് ഇരിട്ടി - മട്ടന്നൂർ റോഡിൽ. ലോകബാങ്ക് സഹായത്തോടെ കെ എസ് ടി പദ്ധതിയിൽ നവീകരിച്ച തലശ്ശേരി വളവുപാറ റോഡിൽ പെട്ട ഇരിട്ടി - മട്ടന്നൂർ റോഡാണ് നിരന്തരം അപകടങ്ങളുടെ ഹബ്ബായി മാറുന്നത്. റോഡ് നവീകരണത്തിന് ശേഷം 12 കിലോമീറ്ററോളം വരുന്ന റോഡിൽ അപകടങ്ങളില്ലാത്ത ദിവസങ്ങൾ വളരെ കുറവാണ്.

ഇതിൽ കീഴൂർ കവല, കൂളിച്ചെമ്പ്ര, കീഴൂർ കുന്ന് ,പുന്നാട് ടൗൺ ഭാഗങ്ങൾ, പുന്നാട് കുന്നിനുകീഴെ, ഉളിയിൽ ടൗൺ ഭാഗങ്ങൾ, നരയമ്പാറ, വളോര , കാശിമുക്ക് തുടങ്ങിയ ഭാഗങ്ങളാണ് ഏറെയും അപകടങ്ങളുണ്ടാകുന്ന പ്രദേശങ്ങൾ. കഴിഞ്ഞ നാലുവർഷത്തിയതിനിടയിൽ ഈ മേഖലയിലുണ്ടായ വാഹനാപകടങ്ങളുടെ കണക്കെടുത്തൽ അത് നൂറിലേറെവരും. പല അപകടങ്ങളിലും വാഹനയാത്രികരും ഡ്രൈവർമാരും രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ടു മാത്രമാണ്.

പുന്നാട് കുന്നിന് കീഴിൽ മുതൽ വളോര വരെയുള്ള മൂന്ന് കിലോമീറ്ററോളം വരുന്ന മേഖലയിൽ മാത്രം റോഡ് നവീകരണത്തിന് ശേഷം ഉണ്ടായ അപകടങ്ങളിൽ അഞ്ച് ജീവനുകളാണ് പൊലിഞ്ഞത് . ഇത്രയേറെ അപകട മേഖലയായിട്ടും സുരക്ഷാ മുൻകരുതലുകൾക്കുള്ള നടപടികൾ ഒന്നും ഉണ്ടാകുന്നില്ല. ഒരു മാസത്തിനിടയിൽ മാത്രം ചെറുതും വലുതുമായി 15-ൽ അധികം അപകടങ്ങളാണ് മേഖലയിൽ ഉണ്ടായത്. പത്ത് ദിവസത്തിനിടയിൽ മൂന്ന് വലിയ അപകടങ്ങളും ഇവിടെ നടന്നു.കഴിഞ്ഞ ബുധാനാഴ്‌ച്ച നിയന്ത്രണം വിട്ട ഇന്നോവ കാർ റോഡരികിലെ അഞ്ചോളം സുരക്ഷ കുറ്റികൾ തകർത്താണ് മറിഞ്ഞത്.

കാറിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ നാലുപേരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇതിന് തലേ ദിവസം ഒരേ ദിശയിൽ വരികയായിരുന്ന രണ്ട് സ്‌കൂട്ടറിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. ഇതിൽ ഒരാൾ കാറിന്റെ ഇടിയുടെ ആഘാതത്തിൽ തെറിച്ച് സമീപത്തെ വീടിന്റെ മതിലിനു മുകളിലൂടെ വീട്ട് മുറ്റത്ത് വീഴുകയായിരുന്നു. വാഹനങ്ങളുടെ അമിത വേഗതയും റോഡിന്റെ ഘടനയും വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയുമെല്ലാമാണ് ഇത്തരം അപകടത്തിന് കാരണമാകുന്നത് .

ഇവിടെ കിലോമീറ്റർ ദൂരത്തിൽ നീണ്ടുകിടക്കുന്ന റോഡിൽ കുന്നിറങ്ങി അമിത വേഗതിയിൽ വരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. വാഹനങ്ങളുടെ വേഗത രേഖപ്പെടുത്തുന്നതിനോ വേഗത നിയന്ത്രണ സംവിധനങ്ങളോ ഒന്നും ഇത്രയും അപകടം നടന്നിട്ടും മേഖലയിൽ ഉണ്ടാകുന്നില്ല. സിഗ്‌നൽ ബോർഡുകൾ ഉണ്ടെങ്കിലും ഇതൊന്നും ആരും ശ്രദ്ധിക്കുന്നുമില്ല. മേഖലയിൽ സ്ഥിരം പരിശോധനാ സംവിധാനം വേണമെന്നാവശ്യവും അധികൃതർ ചെവിക്കൊണ്ടിട്ടില്ല.

അമിത വേഗതിയിൽ നിയന്ത്രണം വിട്ടു വരുന്ന വാഹനങ്ങൾ റോഡരികിലൂടെ പോകുന്ന കാൽ നടയാത്രക്കാരേയും നിർത്തിയിട്ട വാഹനങ്ങളേയും ഇടിച്ചു തെറിപ്പിച്ചാണ് മറിയുന്നത്. രണ്ടു മാസം മുൻപ് കർണ്ണാടകാ കെ എസ് ആർ ടി സി ബസ് റോഡരികിൽ നിർത്തിയിട്ട് മുഖം കഴുകുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചതിനെത്തുടർന്ന് കർണ്ണാടകാ സ്വദേശിയായ കണ്ടക്ടർ മരിച്ച സംഭവവും ഇവിടെ ഉണ്ടായി. കീഴൂർ കുന്നിലും പുന്നാട് ടൗണിലും കാല്‌നടയാത്രികർ അമിതവേഗതയിൽ വന്ന വാഹനങ്ങൾ ഇടിച്ച് മരിച്ച സംഭവങ്ങളും ഉണ്ടായി. ഇത്തരത്തിൽ ആളുകൾ മരിക്കുമ്പോൾ മാത്രമാണ് അത് വലിയ വാർത്തയാകുന്നത്.എന്നാൽ മേഖലകളിൽ നിരന്തരം നടക്കുന്ന അപകടങ്ങൾ പലപ്പോഴും വാർത്തയാകാറില്ല.ഇത്തരം അപകടങ്ങളിൽ നിരവധിപേർക്ക് പേർക്ക് പരിക്കേൽക്കുകയും കുറെ വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്യുന്നു.

നിരന്തരം അപകടം ഉണ്ടാകുന്ന മേഖല എന്ന നിലയിൽ മോട്ടോർ വാഹന വകുപ്പിന്റെയോ പൊലീസിന്റെ പരിശോധന ഈ പ്രദേശങ്ങളിൽ പേരിന് മാത്രമായാണ് നടക്കുന്നത്. അപകടമേഖലകൾ നിരന്തരം നിരീക്ഷിക്കുന്ന സംവിധാനങ്ങൾ ഉണ്ടായില്ലെങ്കിൽ ഇനിയും ഇവിടങ്ങളിൽ അപകടം തുടർക്കഥയാകും. ഇനിയും നിരവധി നിരപരാധികളടക്കം അമിത വേഗക്കാരുടെ ഇരകളാകും. നിരവധിപേർ ജീവച്ഛവങ്ങളാകും. ഇതിന് തടയിടാൻ അധികൃതർ ഉണർന്ന് പ്രവർത്തിച്ചേ മതിയാകൂ എന്നാണ് നാട്ടുകാരുടെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP