Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഞ്ഞപ്പാറ മുതൽ ചിത്രമൂല വരെ നീളുന്ന അട്ടിമറികൾ; 29 സീറ്റിൽ 15ലും ജയം നേടി യുഡിഎഫിന്റെ അതിഗംഭീര തദ്ദേശ പ്രകടനം; സിറ്റിങ് സീറ്റുകളായ കോട്ടകൾ പലതും വീണപ്പോൾ ഇടതു നേട്ടം 12ൽ മാത്രം; രണ്ടു സീറ്റിലേക്ക് ജയമൊതുങ്ങിയ ബിജെപിക്കും പ്രതീക്ഷിച്ചത് കിട്ടിയില്ല; തദ്ദേശത്തിൽ തെളിയുന്നത് കോൺഗ്രസ് മുന്നണിയുടെ കരുത്തുകാട്ടൽ; തദ്ദേശ ഫലം വിശദമായി

മഞ്ഞപ്പാറ മുതൽ ചിത്രമൂല വരെ നീളുന്ന അട്ടിമറികൾ; 29 സീറ്റിൽ 15ലും ജയം നേടി യുഡിഎഫിന്റെ അതിഗംഭീര തദ്ദേശ പ്രകടനം; സിറ്റിങ് സീറ്റുകളായ കോട്ടകൾ പലതും വീണപ്പോൾ ഇടതു നേട്ടം 12ൽ മാത്രം; രണ്ടു സീറ്റിലേക്ക് ജയമൊതുങ്ങിയ ബിജെപിക്കും പ്രതീക്ഷിച്ചത് കിട്ടിയില്ല; തദ്ദേശത്തിൽ തെളിയുന്നത് കോൺഗ്രസ് മുന്നണിയുടെ കരുത്തുകാട്ടൽ; തദ്ദേശ ഫലം വിശദമായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നേട്ടം. ഒടുവിലെ വിവരമനുസരിച്ച് എൽഡിഎഫിന്റെ ആറ് സിറ്റിങ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. കീരപ്പാറ പഞ്ചായത്തിൽ ഇടതിന് ഭരണം നഷ്ടമായി. പറവൂർ നഗരസഭ ബിജെപി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. വമ്പൻ വിജയമാണ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണി നേടുന്നത്. ഒരു യുഡിഎഫ് സ്വതന്ത്രൻ അടക്കം 15 സീറ്റ് കോൺഗ്രസ് മുന്നണി നേടി. രണ്ടു സീറ്റിൽ ബിജെപി വിജയിച്ചു. പക്ഷേ അവർക്കും സിറ്റിങ് സീറ്റുകൾ കൈമോശം വന്നു. 12 സീറ്റാണ് ഇടതുപക്ഷത്തിന് കിട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാത്ത തിരിച്ചടിയാണ് ഇത്.

പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ആദ്യമായാണ് സിപിഎമ്മിന് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുന്നത്. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എന്നും നേരിയ മുൻതൂക്കമെങ്കിലും സിപിഎമ്മിന് കിട്ടുകയാണ് പതിവ്. അതാണ് ഇത്തവണ വഴിമാറുന്നത്. ഫലം കോൺഗ്രസിന് വലിയ ആശ്വാസമാണ്. ജനകീയ അടിത്തറയ്ക്ക് ഉലച്ചിൽ തട്ടുന്നില്ലെന്ന് അവർക്ക് വാദിക്കാം. കൊല്ലത്തും ആലപ്പുഴയിലും ബിജെപിക്ക് കരുത്ത് കൂടുന്നതും ശ്രദ്ധേയമാണ്.

തിരുവനന്തപുരത്ത് രണ്ട് സീറ്റിലും യുഡിഫ്; മഞ്ഞപ്പാറയിൽ അട്ടിമറി

കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡിൽ നിലവിലെ അംഗത്തിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. സിപിഎം പ്രതിനിധിയായിരുന്നു രാജിവച്ചത്. ഈ സീറ്റാണ് കോൺഗ്രസ് പിടിച്ചെടുക്കുന്നത്. കരുംകുളം പഞ്ചായത്തിലെ ചെക്കിട്ടവിളാകം വാർഡിൽ കോൺഗ്രസിലെ തമ്മിലടിയെ തുടർന്ന് നിലവിലെ അംഗം രാജിവയ്ക്കുകയായിരുന്നു. ഈ സീറ്റും കോൺഗ്രസ് നിലനിർത്തി.

മഞ്ഞപ്പാറയിൽ കോൺഗ്രസിലെ എംജെ ഷൈജ ടീച്ചറിന് 449 വോട്ടും സിപിഎം ഷംന ബീഗത്തിന് 404 വോട്ടുമാണ് കിട്ടിയത്. ചെക്കിട്ടവിളാകത്തിൽ കോൺഗ്രസിലെ ഇ എൽബറി 466 വോട്ട് നേടി. സിപിഎമ്മിലെ പി മാർട്ടിന് 363 വോട്ടും. കരുംകുളത്ത് തീരദേശ ജനതയും യുഡിഎഫിനെ തുണച്ചു.

കൊല്ലത്ത് സിറ്റിങ് സീറ്റുകൾ നിലനിർത്തി കോൺഗ്രസും ബിജെപിയും

കൊല്ലം ജില്ലയിൽ രണ്ട് പഞ്ചായത്ത് വാർഡിൽ ഒന്ന് കോൺഗ്രസിനും മറ്റൊന്ന് ബിജെപിക്കുമാണ്. പേരയം പഞ്ചായത്തിലെ പേരയം ബി വാർഡ് കോൺഗ്രസും പൂതക്കുളം പഞ്ചായത്തിലെ കോട്ടുവൻകോണത്ത് ബിജെപിയും ജയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോൺഗ്രസിലെ സോഫിയ ഐസക് രാജിവച്ചതിനെത്തുടർന്നാണ് പേരയം ബി വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റായ കോൺഗ്രസിലെ അനീഷ് പടപ്പക്കരയുമായുള്ള പ്രശ്‌നത്തെ തുടർന്നാണ് സോഫിയ രാജിവച്ചത്. ഈ സീറ്റ് നിലനിർത്താൻ കോൺഗ്രസിനായത് ആശ്വാസമാണ്.

പൂതക്കുളം പഞ്ചായത്തിലെ കോട്ടുവൻകോണത്ത് ബിജെപി അം?ഗമായ രാഖി ധനേഷ് രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കേന്ദ്രസർക്കാരിന്റെ ആധാർ വകുപ്പിൽ താൽക്കാലിക ജോലി ലഭിച്ചതിനെത്തുടർന്നാണ് രാഖി ധനേഷ് രാജിവച്ചത്. ഈ സീറ്റ് ബിജെപി നിലനിർത്തി.

പത്തനംതിട്ടയിൽ രണ്ടും സിപിഎമ്മിന്

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിൽ സിപിഎം മുന്നേറ്റമാണ്. നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര എന്നീ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കുറ്റൂർ പഞ്ചായത്തിലെ 4 വാർഡുകളും ഉൾപ്പെട്ടതാണ് പുളിക്കീഴ് ഡിവിഷൻ. ഇവിടെ രണ്ടില ചിഹ്നത്തിൽ മൽസരിക്കുന്ന കേരളാ കോൺഗ്രസ് എമ്മിലെ മായാ അനിൽകുമാറായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. കേരളാ കോൺഗ്രസ് (എം) കടപ്ര മണ്ഡലം പ്രസിഡന്റ് അനിൽകുമാറിന്റെ ഭാര്യയാണ്. ഇടതിന്റെ സിറ്റിങ് സീറ്റായിരുന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലവും സിപിഎമ്മിന് ആശ്വാസമായി.

ആലപ്പുഴയിൽ കോൺഗ്രസ് മുന്നേറ്റം

ഏഴുപുന്നപഞ്ചായത്തിലെ വാത്തറയിൽ ഇടതുപക്ഷത്തിനാണ് ജയം
പാണ്ടനാട് പഞ്ചായത്തിലെ വന്മഴി വെസ്റ്റ് യുഡിഎഫ് നേടി.
കാർത്തികപ്പള്ളി പഞ്ചായത്തിലെ കാർത്തികപ്പള്ളി ബിജെപി ജയിച്ചു. ഇത് ഇടതു മുന്നണിയുടെ സിറ്റിങ് സീറ്റ്.
മുതുകുളം ഞ്ചായത്തിലെ ഹൈസ്‌ക്കൂൾ : യുഡിഎഫ് സ്വതന്ത്രൻ ജയിച്ചു. സിറ്റിങ് സീറ്റ് ബിജെപിയിൽ നിന്ന് പിടിച്ചെടുത്തു.
പാലമേൽ പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങരയും കോൺഗ്രസ് പിടിച്ചെടുത്തു. സിപിഎമ്മിനെയാണ് തോൽപ്പിച്ചത്. ഇടതു കോട്ടയായായണ് ഇത് അറിയപ്പെടുന്നത്.

ഇടുക്കിയിൽ നാലിൽ മൂന്നിടത്ത് എൽഡിഎഫ്

ഇടുക്കി ജില്ലയിൽ ഉപതെരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് എൽഡിഎഫിന്. കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്നെടുത്താൻ വാർഡിൽ എൽഡിഎഫ് സ്ഥാനാത്ഥി പി ബി ദിനമണി 92 വോട്ടിന് വിജയിച്ചു. ഇത് യുഡിഎഫ് സിറ്റിങ് സീറ്റായിരുന്നു. ശാന്തൻപാറ തൊട്ടിക്കാനം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഇ കെ ഷാബു 253 വോട്ടിന് വിജയിച്ചു. കരുണാപുരം പഞ്ചായത്തിലെ കുഴികണ്ടം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി ഡി പ്രദീപ് കുമാർ 65 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ആൽബർട്ട് ജോസ് 299 വോട്ടിന്റെ ഭൂരിപക്ഷത്തി വിജയിച്ചു. ഇത് എൽഡിഎഫ് സീറ്റായിരുന്നു.

പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ ഇടതുപക്ഷം

തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലത്തിൽ ബിജെപിയുടെ സിറ്റിങ്ങ് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായി. പറവുർ നഗരസഭയിലെ പതിനാലാം വാർഡ് വാണിയക്കാട് വാർഡിലാണ് എൽഡിഎഫിലെ നിമിഷ ജിനേഷ് (നിമ്മി) 160 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. എൽഡിഎഫ് 448 വോട്ടും ബിജെപി 288 വോട്ടും നേടിയ ഇവിടെ കോൺഗ്രസിന് കിട്ടിയത് 207 വോട്ടുമാത്രം. കൗൺസിലറായിരുന്ന ബിജെപിയിലെ കെ എൽ സ്വപ്ന രാജിവച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. വിവാഹത്തെത്തുടർന്ന് മറ്റൊരു ജില്ലയിലേക്ക് താമസം മാറിയതിനെ തുടർന്നാണ് രാജിവച്ചത്. രേഖ ദാസൻ-- യുഡിഎഫ്, രമ്യ രജീവ്-- എൻഡിഎ എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ. വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടിമറ്റത്തും പൂത്തൃക്ക പഞ്ചായത്തിലെ കുറിഞ്ഞിയിലും യുഡിഎഫ് ജയിച്ചു. കീരമ്പാറയിലെ മുട്ടത്തു കണ്ടത്തും യുഡിഎഫ് ജയിച്ചു. കീരമ്പാറ പഞ്ചായത്തിൽ യുഡിഎഫിന് ഭരണവും കിട്ടി.

എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സാന്റി ജോസ് വിജയിച്ചു. എൽ ഡിഎഫിൽ നിന്നും സീറ്റ് പിടിച്ചെടുത്ത യുഡിഎഫ് 41 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം നേടിയത്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ പതിമൂന്നംഗ ഭരണസമിതിയിൽ ആറ് വീതം അംഗങ്ങളാണ് ഇരു മുന്നണികൾക്കും ഉണ്ടായിരുന്നത്. യുഡിഎഫ് വിജയിച്ചതോടെ എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകും. ആറാം വാർഡിൽ നിന്ന് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച അംഗത്തിന്റെ പിന്തുണയോടെ എൽ ഡി എഫ് പഞ്ചായത്ത് ഭരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗത്തെ അയോഗ്യ യാക്കി ഉത്തരവിറക്കിയത്. അതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

എറണാകുളം പറവൂർ നഗരസഭയിൽ വാണിയക്കാട് ഡിവിഷൻ സിപിഎം സ്ഥാനാർത്ഥി നിമിഷ ജിനേഷ് 160 വോട്ടുകൾക്ക് വിജയിച്ചു. ബിജെപിയുടെ സീറ്റ് സിപിഎം പിടിച്ചെടുക്കുകയായിരുന്നു. പൂതൃക്ക പഞ്ചായത്ത് പതിനാലാം വാർഡ് യു.ഡിഎഫ് മോൻസി പോൾ 135 വോട്ടുകൾക്ക് വിജയിച്ചു. സിറ്റിങ് സീറ്റ് യുഡിഎഫ് നിലനിർത്തി.

തൃശൂരിലും കോൺഗ്രസ് അട്ടിമറി

തൃശൂർ വടക്കാഞ്ചേരി നഗരസഭ മിണാലൂർ സെന്റർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. സിപിഎം സിറ്റിങ് സീറ്റായിരുന്ന മിണാലൂർ സെന്റർ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ.എം. ഉദയപാലൻ 110 വോട്ടിന് വിജയിച്ചു. സിപിഎം കൗൺസിലർ മരിച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 41 അംഗ നഗരസഭ കൗൺസിലിൽ എൽഡിഎഫ് 23 , യുഡിഎഫ് 17 , ബിജെപി ഒന്ന് എന്നിങ്ങനെ സീറ്റ് നില.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പൈങ്കുളം ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. ഉപതെരഞ്ഞെടുപിൽ എൽഡിഎഫ് സ്ഥാനാർത്ഥി എഇ ഗോവിന്ദൻ വിജയിച്ചു. 1800 വോട്ടുകൾക്കാണ് വിജയം.

പാലക്കാട്

പുതൂർ പഞ്ചായത്തിലെ കുളപ്പടിക വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി വഞ്ചി കക്കി 32 വോട്ടിന് വിജയിച്ചു. കുത്തന്നൂർ പഞ്ചായത്ത് പാലത്തറ വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർത്ഥി ആർ ശശിധരൻ വിജയിച്ചു.

മലപ്പുറത്തെ കൊനോട് കഷ്ടിച്ച് രക്ഷപ്പെട്ട് സിപിഎം

മലപ്പുറം നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 31ാം വാർഡായ കൈനോട് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ സി.ഷിജു 12 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ 362 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് ഇത്തവണ കുത്തനെ കുറഞ്ഞു. കൗൺസിലർ മരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്

കോഴിക്കോട്

ഉപതിരഞ്ഞെടുപ്പ് നടന്ന കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി ഒന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി റസീന പൂക്കോട് 272 വോട്ടിന് വിജയിച്ചു. 17 വർഷത്തിനുശേഷം ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായ ഒന്നാം വാർഡ് അട്ടിമറി ജയത്തോടെ യുഡിഎഫ് സ്വന്തമാക്കുകയായിരുന്നു.

മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂർ ഡിവിഷനിൽ എൽഡിഎഫിലെ (സിപിഎം) എം.എം.രവീന്ദ്രൻ 158 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി എം.എം.രവിക്ക് 2420 വോട്ടുകൾ ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ശശി പാറോളി (2262), എൻഡിഎ സ്വതന്ത്രൻ കാമരാജ് കോൺഗ്രസിലെ സന്തോഷ് കാളിയത്ത് (164).

മണിയൂർ പഞ്ചായത്തിലെ മണിയൂർ നോർത്ത് വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എ ശശിധരൻ 340 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തെരെഞ്ഞെടുക്കപ്പെട്ടത്. 1408 വോട്ടർമാരാണ് വാർഡിലുള്ളത്. 1163 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായ എ ശശിധരന് 741 വോട്ടും, യുഡിഎഫ് സ്ഥാനാർത്ഥി ഇ എം രാജന് 401 വോട്ടും, ബിജെപി സ്ഥാനാർത്ഥി ഷിബുവിന് 21 വോട്ടും ലഭിച്ചു. എൽഡിഎഫിലെ സിപിഐ എം പഞ്ചായത്തംഗമായിരുന്ന കെ പി ബാലന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരെഞ്ഞെടുപ്പ് നടന്നത്. 107 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ പി ബാലൻ തെരെഞ്ഞെടുക്കപ്പെട്ടിരുന്നത്.

മണിയൂർ യുപി സ്‌കൂൾ റിട്ട. അദ്ധ്യാപകനും ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജില്ലാ സെക്രട്ടറിയുമാണ് നിലവിൽ തെരെഞ്ഞെടുക്കപ്പെട്ട എ ശശിധരൻ. 21 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിനും 14 ഉം യുഡിഎഫിന് 7 ഉം അംഗങ്ങളാണുള്ളത്. കക്ഷിനില സിപിഐ എം 12, സിപിഐ 1, എൽജെഡി 1, കോൺഗ്രസ് 5, ലീഗ് 2. തുറയൂർ പഞ്ചായത്തിലെ പയ്യോളി അങ്ങാടിയിലും കോൺഗ്രസ് ജയിച്ചു.

വയനാട്ടിലെ ഇടതു സിറ്റിങ് സീറ്റ് ലീഗിന്

വയനാട് കണിയാമ്പറ്റ ചിത്രമൂല ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് നേടി.എൽ.ഡി.എഫിലെ പ്രവീൺ കുമാറിനെ 208 വോട്ടിന് പരാജയപ്പെടുത്തി മുസ്ലിംലീഗിലെ റഷീദ് കമ്മിച്ചാൽ വാർഡ് പിടിച്ചെടുത്തു.1258 വോട്ടിൽ 1052 വോട്ടുകൾ പോൾ ചെയ്തു.റഷീദ് കമ്മിച്ചാൽ മുസ്ലിം ലീഗ് (611).പ്രവീൺ കുമാർ സിപിഐ (എം) (403).രമ വിജയൻ ബിജെപി (31).റഷീദ് സ്വതന്ത്രൻ ( 7 )എന്നിങ്ങനെയാണ് വോട്ട്. എൽഡിഎഫിലെ ശശീന്ദ്രന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്

കൽപറ്റ അസംബ്ലി മണ്ഡലത്തിലെ കണിയാമ്പറ്റ നാലാം വാർഡ് ചിത്രമൂലയിൽ യുഡിഎഫിനു മിന്നും ജയം. സിപിഎമ്മിന്റെ കുത്തക സീറ്റാണു യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കമ്മിച്ചൽ റഷീദ് പിടിച്ചെടുത്തത്. ഇത് വയനാട്ടിൽ ജനങ്ങൾ യുഡിഎഫിനു അനുകൂലമായി നിൽക്കുന്നു എന്നതിനു തെളിവാണു. ഭരണത്തിലിരിക്കുന്ന എൽ ഡി എഫിന്റെ നെറികേടുകൾക്കെതിരെ പ്രതികരിക്കാനുള്ള അവസരമായി ജനങ്ങൾ ഈ തിരഞ്ഞെടുപ്പിനെ കണ്ടു. വയനാട്ടിലെ മെഡിക്കൽ കോളേജ് മടക്കി മലയിൽ നിന്ന് കണ്ണൂർ അതിർത്തിയിൽ കൊണ്ട് വച്ച സിപിഎമ്മിനുള്ള താക്കീത് കൂടിയാണു ഈ വിജയം... വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ടും കാർഷിക മേഖലയുമായി ബന്ധപ്പെട്ടും വയനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ സർക്കാർ അവഗണിച്ചതിനെതിരെയുള്ള താക്കീത് കൂടിയാണു ഈ തിരഞ്ഞെടുപ്പ് ഫലം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP