Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹക്കീം ഫൈസി ആദൃശേരിയെ സമസ്തയിൽ നിന്ന് പുറത്താക്കി; സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗത്തെ നീക്കിയത് സുന്നി ആശയങ്ങൾക്ക് വിരുദ്ധമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച്; മുസ്ലിംലീഗിലെ ചില നേതാക്കളുടെ പിന്തുണയോടെ സംഘടനയ്ക്കുള്ളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചെന്നും ഫൈസിക്കെതിരായ ആരോപണം

ഹക്കീം ഫൈസി ആദൃശേരിയെ സമസ്തയിൽ നിന്ന് പുറത്താക്കി; സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗത്തെ നീക്കിയത് സുന്നി ആശയങ്ങൾക്ക് വിരുദ്ധമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച്; മുസ്ലിംലീഗിലെ ചില നേതാക്കളുടെ പിന്തുണയോടെ സംഘടനയ്ക്കുള്ളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചെന്നും ഫൈസിക്കെതിരായ ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിയെ സമസ്തയിൽ നിന്ന് പുറത്താക്കി. സമസ്തയുടെ എല്ലാഘടകങ്ങളിൽ നിന്നും പുറത്താക്കിയെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അറിയിച്ചു. സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗമാണ് ഹകീം ഫൈസി. സുന്നി ആശയങ്ങൾക്ക് വിരുദ്ധമായ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.

മുസ്ലിംലീഗിലെ ചില നേതാക്കളുടെ പിന്തുണയോട് കൂടി സംഘടനയ്ക്കുള്ളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് ഹകീം ഫൈസിക്കെതിരെ സമസ്ത നേതാക്കളുടെ പ്രധാന ആരോപണം. സിഐസിയുടെ കീഴിൽ നടക്കുന്ന വഫിയ്യ കോഴ്‌സിൽ ചേരുന്ന പെൺകുട്ടികളുടെ വിവാഹമടക്കം വിവിധ വിഷയങ്ങളിൽ സമസ്ത നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

തുടർന്ന് ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിച്ചിരുന്നെങ്കിലും വാഫി വഫിയ്യ കലോത്സവത്തിൽ നിന്നും സനദ് ദാനത്തിൽ നിന്നും സമസ്ത നേതാക്കളും പോഷകസംഘടനാ നേതാക്കളും വിട്ടുനിന്നു. വിലക്കുകൾ ലംഘിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളടക്കം ചിലർ പങ്കെടുത്തത് ചെയ്തത് വലിയ വിവാദമായിരുന്നു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും വാഫി വഫിയ്യ സമ്മേളത്തിൽ പങ്കെടുത്തിരുന്നു.

'സുന്നി ആശയാദർശങ്ങൾക്കും സമസ്തയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കും വിരുദ്ധമായി പ്രചാരണം നടത്തുകയും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതായി സമസ്ത മുശാവറക്ക് ലഭിച്ച രേഖാമൂലമുള്ള പരാതികളിൽ നിന്നും ഇതുസംബന്ധമായി നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ നിന്നും ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ എല്ലാ ഘടകങ്ങളിൽ നിന്നും നീക്കംചെയ്യാനും മുശാവറ യോഗം തീരുമാനിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ പ്രവർത്തനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും ദേശീയതലത്തിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സമസ്ത ദേശീയ ജംഇയ്യത്തുൽ ഉലമയ്ക്ക് രൂപംനൽകാൻ കോഴിക്കോട് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ തീരുമാനിച്ചു', സമസ്തയുടെ പ്രസ്താവനയിൽ വ്യക്തമാക്കി. ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിലാണ് മുശാവറ ചേർന്നത്.

നേതാക്കളെ അപകീർത്തിപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകളെ സിഐസി പരസ്യമായി തള്ളിപ്പറയുകയും പോസ്റ്റുകളിടുന്നവർക്കെതിരെ നടപടി എടുക്കണമെന്നുമായിരുന്നു സമസ്തയുടെ മറ്റൊരു നിർദ്ദേശം. സിഐസിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യാൻ സമസ്ത വിളിക്കുന്ന യോഗത്തിൽ സംബന്ധിക്കണമെന്നായിരുന്നു മൂന്നാമത്തെ നിർദ്ദേശം. ഈ മൂന്ന് നിർദേശങ്ങളും സിഐസി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമ്മേളനം ബഹിഷ്‌കരിക്കണമെന്ന നിർദ്ദേശം നൽകുന്നത്. സെപ്റ്റംബർ 12ന് നടന്ന മുശാവറയുടെ തീരുമാനമെന്ന നിലയിലാണ് കത്ത് നൽകിയത്.

നിർദേശിച്ച മാറ്റങ്ങളും നടപ്പിലാക്കില്ലെന്നാരോപിച്ച് സമസ്ത സിഐസിയുടെ വാഫി വഫിയ്യ കലോത്സവത്തിൽ പങ്കെടുക്കരുതെന്ന നിർദ്ദേശം പോഷക സംഘടനകൾക്ക് നൽകിയിരുന്നു. സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ ഇത് സംബന്ധിച്ച് സംഘടനകൾക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഈ വിലക്ക് ലംഘിച്ച് പാണക്കാട് കുടുംബത്തിൽ നിന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങളും, സിഐസി അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും, മുസ്ലിം ലീഗ് നേതാക്കളും പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP