Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എതിർസ്വരമായി മാറാൻ സാധ്യതയുള്ള സുനിൽകുമാറിനേയും ഒതുക്കി; സിപിഐ യിൽ കാനത്തിന്റെ ആധിപത്യം സമ്പൂർണ്ണം; കേന്ദ്രനേതൃത്വത്തിന് പോലും ചോദ്യം ചെയ്യാനാവാത്തത്ര കരുത്തനായി കാനം; സർവ്വാധിപതിയായി കാനം രാജേന്ദ്രൻ സിപിഐ യിലെ പിണറായിയായി മാറുമ്പോൾ

എതിർസ്വരമായി മാറാൻ സാധ്യതയുള്ള സുനിൽകുമാറിനേയും ഒതുക്കി; സിപിഐ യിൽ കാനത്തിന്റെ ആധിപത്യം സമ്പൂർണ്ണം; കേന്ദ്രനേതൃത്വത്തിന് പോലും ചോദ്യം ചെയ്യാനാവാത്തത്ര കരുത്തനായി കാനം; സർവ്വാധിപതിയായി കാനം രാജേന്ദ്രൻ സിപിഐ യിലെ പിണറായിയായി മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:സിപിഐ യുടെ ഇത്തവണത്തെ സംസ്ഥാന സമ്മേളനകാലം വി എസ്-പിണറായി കാലത്തെ സിപിഎം സമ്മേളനങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു.അത്രകണ്ട് മാധ്യമശ്രദ്ധയാണ് സിപിഐ യുടെ സമ്മേളനങ്ങള്ൾക്ക് ഇത്തവണ ലഭിച്ചത്.അതിന് കാരണമായത് ഇസ്മായിൽ പക്ഷത്തിന്റെയും സി ദിവാകരനെന്ന ഒറ്റയാൾ നിലപാടിന്റേയുമൊക്കെ പേരിലാണെന്ന് പറയാമെങ്കിലും അത് സിപിഐ യിലെ പിണറായി വിജയനായി മാറുന്ന കാനം രാജേന്ദ്രന്റെ സർവ്വാധിപത്യത്തിന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി വിധേയമാകുന്നതിലൂടെയായിരുന്നു എന്നതാണ് യാഥാർത്ഥ്യം.

ഇപ്പോഴിതാ അതിന് സമ്പൂർണ്ണത നൽകിക്കൊണ്ട് സംസ്ഥാന നിർവ്വാഹക സമിതിയിലും കാനം പിടിമുറുക്കിയിരിക്കുന്നു.തനിക്കെതിരെ അവസാന എതിർ ശബ്ദമായി ഉയർന്നേക്കാവുന്ന വി എസ് സുനിൽകുമാറിനേയും മൂടോടെ വെട്ടി അരിഞ്ഞുകൊണ്ടായിരുന്നു കാനം തന്റെ ആധിപത്യം പൂർണ്ണമാക്കിയത്.

സംസ്ഥാന സമ്മേളനകാലത്ത് എതിർപക്ഷത്തുള്ളവരെ ഒതുക്കാനായി കാനം ഉപയോഗിച്ചത് 'പ്രായപരിധി' എന്ന ആയുധമായിരുന്നു. ഇത് ഫലവത്തായി പ്രയോഗിച്ചതിലൂടെ ഇസ്മായിലിനേയും സി ദിവാകരനേയുമടക്കം മൂലയ്ക്കിരുത്താൻ കാനത്തിനായി.തുടർന്ന് പ്രകോപിതരായ മുതിർന്ന നേതാക്കൾ കാനത്തിനെതിരെ പ്രകാശ്ബാബുവിനെ മത്സരിപ്പിക്കാൻ ആലോചിച്ചു.പക്ഷേ സമ്മേളനകാലത്തെ വാർത്തയായി മാത്രം മാറാനുള്ള സമയമേ കാനം രാജേന്ദ്രൻ ആ ആലോചനക്ക് സമയം കൊടുത്തുള്ളൂ.എതിർപക്ഷത്തുള്ളവരെ നിർവീര്യമാക്കി പാർട്ടിയിലെ തന്റെ ആധിപത്യം സംശയലേശമെന്യേ ഒരിക്കൽ കൂടി തെളിയിച്ചുകൊണ്ട് മൂന്നാം തവണ കാനം സംസ്ഥാനസെക്രട്ടറിയായി.പുതിയ സംസ്ഥാനകൗൺസിലിലും കാനത്തെ പിന്തുണക്കുന്നവരാണ് മഹാഭൂരിപക്ഷവും.

രണ്ടാം പിണറായി സർക്കാരിൽ സിപിഐയുടേതായി പുതുമന്ത്രിമാരെ നിശ്ചയിച്ചപ്പോഴും സിപിഎമ്മിൽ പിണറായിയുടേത് എന്നപോലെ സിപിഐയിൽ കാനത്തിന്റെ തീരുമാനങ്ങളാണ് നടപ്പായത്.കാനം സംസ്ഥാനനിർവ്വാഹക സമിതിയിൽ അവതരിപ്പിച്ച് അംഗീകാരം നേടിയ മന്ത്രിമാരുടെ പട്ടിക സംസ്ഥാനകൗൺസിലും ഐക്യകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു.

എന്തായാലും സിപിഐയുടെ സംസ്ഥാന അസി.സെക്രട്ടറിമാരായി ഇ.ചന്ദ്രശേഖരൻ എംഎൽഎയെയും പി.പി.സുനീറിനെയുമാണ് പുതിയതായി തിരഞ്ഞെടുത്തിരിക്കുന്നത്.വി എസ്.സുനിൽകുമാറിനെ വീണ്ടും തഴഞ്ഞുകൊണ്ട് സിപിഐ. സംസ്ഥാന എക്‌സിക്യൂട്ടീവിലേക്ക് പരിഗണിച്ചിട്ടില്ല. സംസ്ഥാന നിർവാഹക സമിതിയിൽ 4 മന്ത്രിമാരെയും ഉൾപ്പെടുത്തി.21 അംഗ സമിതിയിൽ 6 പേർ കാനം പക്ഷക്കാരായ പുതുമുഖങ്ങളാണ്.

കാനം രാജേന്ദ്രൻ, ഇ.ചന്ദ്രശേഖരൻ, പി.പി.സുനീർ, സത്യൻ മൊകേരി, പി.വസന്തം, വി.ചാമുണ്ണി, സി.എൻ.ജയദേവൻ, കെ.പി.രാജേന്ദ്രൻ, കെ.രാജൻ, രാജാജി മാത്യു തോമസ്, പി.പ്രസാദ്, ജെ.ചിഞ്ചുറാണി, മുല്ലക്കര രത്നാകരൻ, കെ.ആർ.ചന്ദ്രമോഹനൻ, എൻ.രാജൻ എന്നിവരാണു മറ്റ് അംഗങ്ങൾ.

സി ദിവാകരൻ, എ.കെ.ചന്ദ്രൻ എന്നിവർ 75 വയസ്സ് പിന്നിട്ടതിന്റെ പേരിൽ സംസ്ഥാന കൗൺസിലിൽ നിന്നു തന്നെ ഒഴിവായതിനാൽ നിർവാഹക സമിതിയിൽ നിന്നും പുറത്തായി. അന്തരിച്ച സി.എ.കുര്യൻ, ടി.പുരുഷോത്തമൻ എന്നിവരുടെ ഒഴിവുകളും ഉണ്ടായി. ദേശീയ നിർവാഹക സമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ.പ്രകാശ് ബാബു സംസ്ഥാന നിർവാഹക സമിതിയിൽ നിന്ന് ഒഴിവായി. കെ.ഇ.ഇസ്മായിലിനൊപ്പം ആ വിഭാഗത്തെ പ്രമുഖനായി നിന്ന മുൻ അസി. സെക്രട്ടറി സി.എൻ.ചന്ദ്രനെ പുറത്താക്കി.21 അംഗ നിർവാഹക സമിതിയിൽ ടി.വി.ബാലൻ മാത്രമാണ് ഇസ്മായിൽ വിഭാഗത്തോട് അനുഭാവം പുലർത്തുന്നത്.

പുതിയ സംസ്ഥാന കൺട്രോൾ കമ്മിഷൻ യോഗം ചേർന്നു സി.പി. മുരളിയെ ചെയർമാനായി വീണ്ടും തിരഞ്ഞെടുത്തു. അദ്ദേഹം നിർവാഹക സമിതിയിലെ എക്സ് ഒഫീഷ്യോ അംഗമായിരിക്കും. വി എസ്.പ്രിൻസിനെ സെക്രട്ടറിയായും നിശ്ചയിച്ചു.

സമ്പൂർണ്ണ ആധിപത്യം ഉറപ്പിച്ച കാനത്തിന് മേൽ കടുത്ത സബ്ദമുയർത്താൻ കേന്ദ്രനേതൃത്വത്തിന് പോലും നിലവിൽ ശക്തിയില്ല എന്നതിന്റെ തെളിവുകൾ സമ്മേളനകാലത്ത് എ.രാജയെ ക്ഷണിക്കാതിരുന്ന സംഭവങ്ങളടക്കം വ്യക്തമാക്കുമ്പോൾ കുറേക്കാലത്തേയ്ക്ക് കാനം രാജേന്ദ്രൻ തീരുമാനിക്കുന്നതാവും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ നയമെന്നുറപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP