Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഒന്നിച്ചു നിൽക്കാം ലഹരിക്കെതിരെ' ജിദ്ദ എസ് ഐ സി ടേബിൾ ടോക്ക് ശ്രദ്ധേയമായി

'ഒന്നിച്ചു നിൽക്കാം ലഹരിക്കെതിരെ' ജിദ്ദ എസ് ഐ സി ടേബിൾ ടോക്ക് ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

ജിദ്ദ: 'നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി' എന്ന പ്രമേയത്തിൽ സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ ദ്വൈമാസ ക്യാമ്പയിനിന്റെ ഭാഗമായി എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള മീഡിയ വിംഗിന്റെ ആഭിമുഖ്യത്തിൽ 'ഒന്നിച്ചു നിൽക്കാം ലഹരിക്കെതിരെ' എന്ന പ്രമേയത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. എസ് ഐ സി നേതാക്കളും ജിദ്ദയിലെ വിവിധ മത - സാമൂഹ്യ സംഘടന പ്രതിനിധികളേയും മാധ്യമ പ്രവർത്തകരെയും പങ്കെടുപ്പിച്ചു നടത്തിയ പരിപാടി ലഹരി അടക്കമുള്ള സാമൂഹ്യ തിന്മകൾക്കെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ടാണെന്ന് ബോധ്യപ്പെടുത്തി.

ഷറഫിയ്യ സഫയർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ടേബിൾ ടോക്ക് പരിപാടി സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. ലഹരി ഇന്ന് യുവ തലമുറയുടെ മൊത്തം ട്രെൻഡ് ആയി മാറിയിരിക്കുകയാണെന്നും ആയതിനാൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. തിന്മകൾ അധികരിച്ചു വരുന്ന ലോകത്ത് പ്രവാചകധ്യാപനങ്ങളുടെ പ്രസക്തി വർധിച്ചു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രമുഖ വാഗ്മിയും മോട്ടിവേറ്ററുമായ ആസിഫ് ദാരിമി പുളിക്കൽ വിഷയാവതരണം നടത്തി. നാട്ടിൽ പല സ്ഥലങ്ങളിലും സ്‌കൂൾ - കോളേജ് വിദ്യാർത്ഥികളുടെ ടൂർ പാക്കേജുകൾ സ്‌പോൺസർ ചെയ്യുന്നത് ലഹരി മാഫിയ ആണെന്നും ഇത്തരം ടൂർ പരിപാടികൾ നടത്തുക വഴി യുവതലമുറയെ ലഹരിക്ക് അടിമകളാക്കി മാറ്റുകയാണ് ഇത്തരം മാഫിയ സംഘങ്ങളെന്നും അദ്ദേഹം പറഞ്ഞു. ലഹരി ബാധിതരെ ഒറ്റപ്പെടുത്തരുതെന്നും അവരെ സ്വകാര്യമായി കൗൺസിങ് നടത്തി അതിൽ നിന്നും മോചിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. എസ് കെ എസ് എസ് എസ് നടത്തിയ ക്യാമ്പസ് യാത്ര അനുഭവം അദ്ദേഹം പങ്ക് വെച്ചു.എഞ്ചിനീയറിങ്, മെഡിക്കൽ ഉൾപ്പെടെ എല്ലാ തരം വിദ്യാർത്ഥികളിലും ലഹരി ഉപയോഗിക്കുന്നവർ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. മത സംഘടനകൾ അവർക്ക് കീഴിലുള്ള മഹല്ല് സംവിധാനം ഉപയോഗപ്പെടുത്തി ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണം സംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തുടർന്ന് വിവിധ സംഘടന പ്രതിനിധികൾ സംസാരിച്ചു. ലഹരി ഉപയോഗം വർധിക്കാൻ നാട്ടിലെ സാഹചര്യം ഒരു പ്രധാന കാരണമാണെന്നും തലമുറയെ ഒന്നടങ്കം നശിപ്പിക്കുന്ന മദ്യ- ലഹരി മാഫിയക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര പറഞ്ഞു. തലമുറയിൽ വന്ന മാറ്റം ഒരു പ്രധാന ഘടകമാണെന്നും ഇന്ന് മാതാപിതാക്കൾക്ക് മക്കളോടുള്ള അമിത സ്‌നേഹം ഇത്തരം തിന്മകൾ വർധിക്കാൻ ഒരു പ്രധാന കാരണ മാണെന്നും ഒ ഐ സി സി വെസ്റ്റേൺ റീജിയണൽ പ്രസിഡന്റ് കെ. ടി എ മുനീർ പറഞ്ഞു.

വർധിച്ചു വരുന്ന മദ്യ - ലഹരി ഉപയോഗം തടയുന്നതിൽ സർക്കാറിന് വലിയ പങ്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.എല്ലാത്തരം ലഹരിക്കുമെതിരെ കൂട്ടായ പരിശ്രമം വേണമെന്നും മക്കളുടെ കാര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നും ഷറഫിയ്യ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രതിനിധി സമീർ സ്വലാഹി പറഞ്ഞു. മറ്റുള്ളവരുടെ നന്മയെ കാണാനും പ്രോത്സാഹിപ്പിക്കാനും നമുക്ക് കഴിയണം. നമ്മുടെ എതിർപ്പ് തിന്മയോടായിരിക്കണമെന്നും മറിച്ച് തിന്മ ചെയ്യുന്ന വ്യക്തിയോടവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുല്യത വാദം, ജൻഡർ ന്യുട്രാലിറ്റി, സ്വാതന്ത്ര ലൈംഗികത തുടങ്ങിയ പുത്തൻ ആശയങ്ങൾ ലഹരി ഉപയോഗം വർധിക്കാൻ ഒരു പ്രധാന കാരണമായതായി കെ. ഐ. ജി പ്രതിനിധി കെ. എം അനീസ് പറഞ്ഞു.

മഹല്ല് ഭാരവാഹികൾ നാട്ടിലെ എല്ലാ സംഘടനകളെയും ഒന്നിച്ചിരുത്തി പരിഹാരം കാണണമെന്നും ക്ലസ്റ്റർ ഉണ്ടാക്കി തെറ്റായ പ്രവണതകൾക്കെതിരെ പോരാടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരി വ്യാപനം തടയുന്നതിൽ മത സംഘടനകൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് നവോദയ പ്രതിനിധി റഫീഖ് പത്തനാപുരം പറഞ്ഞു. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളെക്കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിക്കണമെന്നും ഇത് ഭാവിയിൽ അവർ ലഹരി ഉപയോഗിക്കുന്നതിൽ നിന്നും അവരെ തടയുമെന്നും മാധ്യമ പ്രവർത്തകനായ സുൽഫിക്കർ ഒതായി പറഞ്ഞു.

ആഡംബര ജീവിതം നയിക്കാൻ ഇന്നത്തെ സമൂഹത്തിൽ ആർത്തി കൂടി എന്നും എളുപ്പത്തിൽ പണക്കാരനാവാനുള്ള കുറുക്കു വഴിയായി ലഹരി വില്പന മാറിയെന്നും ആക്റ്റീവിസ്റ്റ് നാസർ വെളിയംകോട് പറഞ്ഞു. മദ്രസ വിദ്യാഭ്യാസം ധർമ്മിക ബോധം വളർത്തുന്നതിലും ലഹരി ഉൾപ്പെടെയുള്ള തിന്മകളെ തടയുന്നതിലും വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മദ്രസ തലത്തിൽ ലഹരി ഉൾപ്പെടെയുള്ള തിന്മകൾക്കെതിരെ ബോധവൽക്കരണം വേണമെന്നും മദ്രസ സിലബസിൽ കാലോചിതമായ പരി ഷ്‌ക്കാരം ഉണ്ടാവണമെന്നും അദ്ദേഹം നിർദേശിച്ചു.സംഘടന സങ്കുചിതത്വം മാറ്റി വെച്ച് എല്ലാവരും ലഹരിക്കെതിരെ ഒരുമിച്ചു നിന്ന് പ്രവർത്തിക്കണമെന്നും കോവിഡിനെ തോൽപിച്ച പോലെ എല്ലാവരും ഒന്നിച്ചു നിന്ന് ലഹരി മാഫിയക്കെതിരെ പ്രതിരോധം തീർക്കണമെന്നും മുസ്ലിം ജമാഅത് ഫെഡറഷൻ പ്രതിനിധി ശറഫുദ്ധീൻ ബാഖവി ചുങ്കപ്പാറ പറഞ്ഞു.

പ്രഭാഷണങ്ങൾ കൊണ്ട് മാത്രം പ്രയോജനം ഇല്ലെന്നും ലഹരിയുടെ കാര്യത്തിൽ ഓരോരുത്തരും ആത്മ പരിശോധനക്ക് പ്രാധാന്യം കൊടുക്കണമെന്നും ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് പി. എം മായീൻ കുട്ടി പറഞ്ഞു. ഇക്കാര്യത്തിൽ പ്രവാസി സംഘടനകൾക്കിടയിലുള്ള ഐക്യം നാട്ടിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരി തടയുന്നതിൽ സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ് ഐ സി ജിദ്ദ ചെയർമാൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി മോഡറേറ്റർ ആയിരുന്നു. എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി അലമ്പാടി ഖിറാഅത് നടത്തി. പരിപാടിയിൽ വെച്ച് നേതാക്കൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എസ് ഐ സി ജിദ്ദ മീഡിയ വിങ് ചെയർമാൻ മുഹമ്മദ് റഫീഖ് കൂളത്ത് സ്വാഗതവും കൺവീനർ മുഹമ്മദ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.

സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, ഉസ്മാൻ എടത്തിൽ, സൽമാൻ ദാരിമി, മുസ്തഫ ബാഖവി ഊരകം, മുസ്തഫ ഫൈസി ചേറൂർ , മുഹമ്മദലി മുസ്ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ലത്തീഫ് വെന്നിയൂർ, ജാബിർ നാദാപുരം, മജീദ് പുകയൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രവാസി കുടുംബങ്ങളിൽ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുമെന്ന് എസ് ഐ സി ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP