Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുറ്റിക്കാടിനുള്ളിൽ മൃതദേഹം കണ്ടത് തല വേർപെട്ട നിലയിൽ; ബൈക്ക് അപകടമെന്ന് വിധിയെഴുതി കർണാടക പൊലീസ് കേസ് അവസാനിപ്പിച്ചു; പത്തനംതിട്ട സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി രോഹിത് രാധാകൃഷ്ണന്റെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി; ഉദ്യോഗസ്ഥരെ കോടതിയിൽ നിർത്തിപ്പൊരിച്ചു; ഒരു പിതാവിന്റെ എട്ടു വർഷം നീണ്ട നിയമ പോരാട്ടം ഫലം കാണുമ്പോൾ

കുറ്റിക്കാടിനുള്ളിൽ മൃതദേഹം കണ്ടത് തല വേർപെട്ട നിലയിൽ; ബൈക്ക് അപകടമെന്ന് വിധിയെഴുതി കർണാടക പൊലീസ് കേസ് അവസാനിപ്പിച്ചു; പത്തനംതിട്ട സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി രോഹിത് രാധാകൃഷ്ണന്റെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി; ഉദ്യോഗസ്ഥരെ കോടതിയിൽ നിർത്തിപ്പൊരിച്ചു; ഒരു പിതാവിന്റെ എട്ടു വർഷം നീണ്ട നിയമ പോരാട്ടം ഫലം കാണുമ്പോൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മകന്റെ മരണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി ഒരു പിതാവ് നടത്തുന്ന നിയമ പോരാട്ടത്തിന് എട്ടു വർഷത്തിന് ശേഷം വിജയം. മംഗലാപുരത്ത് മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന പത്തനംതിട്ട ഇലന്തൂർ കുഴിക്കാല മേപ്പുറത്ത് വീട്ടിൽ അഡ്വ. എം.എസ്.രാധാകൃഷ്ണന്റെയും ഡോ. ശ്രീദേവിയുടെയും മകൻ രോഹിത് രാധാകൃഷ്ണന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അന്വേഷണം വച്ചു നീട്ടിയ കർണാടക സിബിസിഐഡി വിഭാഗത്തിന് കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഒരു മാസത്തിനകം രോഹിതിന്റെ പിതാവ് അഡ്വ. എം.എസ്. രാധാകൃഷ്ണന് പിഴത്തുക കൈമാറാനും കോടതി നിർദേശിച്ചു.

മംഗലാപുരം കുന്തിക്കാനയിലെ എ.ജെ. മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായിരുന്ന രോഹിതിന്റെ മൃതദേഹം 2014 മാർച്ച് 23 ന് തണ്ണീർഭാവി ബീച്ചിലേക്കുള്ള റോഡിലെ കുറ്റിക്കാടുകൾക്ക് സമീപം തല വേർപെട്ട നിലയിലാണ് കണ്ടെത്തിയത്. പനമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മൃതദേഹം കിടന്നിരുന്നത്. വിചിത്രമെന്ന് പറയട്ടെ അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചതിനും മരണത്തിനും ഐപിസി 279, 304 (എ) വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. അമിത വേഗതയിൽ ബൈക്ക് ഓടിച്ച രോഹിത് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചുവെന്നായിരുന്നു പൊലീസ് ഭാഷ്യം.

മകന് അപകടമുണ്ടായെന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് പത്തനംതിട്ട ബാറിലെ അഭിഭാഷകനായ രോഹിതിന്റെ പിതാവ് എം.എസ്.രാധാകൃഷ്ണനെ കോളജിൽ നിന്നും അറിയിച്ചത്. ഉടൻ മംഗലാപുരത്ത് ചെന്ന പിതാവിന് മകന്റെ മൃതദേഹമാണ് കാണാൻ കഴിഞ്ഞത്. പോസ്റ്റ്മോർട്ടം നടത്താൻ കോളേജ് അധികൃതർ ധൃതിപിടിക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ രാധാകൃഷ്ണൻ രോഹിതിന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ടു. പൊലീസും കോളേജ് അധികൃതരും ആരോപിക്കുന്നത് പോലെയല്ല മകന്റെ മരണമെന്ന് അദ്ദേഹത്തിന് മനസിലായി.

മൃതദേഹത്തിന്റെ നെഞ്ചിൽ കെട്ടിയിട്ടതിന്റെയും കഴുത്തിന്റെ ഭാഗം കാണാതായതായി സൂചിപ്പിക്കുന്നതിന്റെയും പാടുകളും ഉണ്ടായിരുന്നു. രോഹിതിന്റെ തലയ്ക്കോ മുഖത്തിനോ ഒരു പോറൽ പോലും ഉണ്ടായിരുന്നില്ല. അപകടസ്ഥലം സന്ദർശിച്ചപ്പോൾ റോഡിൽ നിന്ന് വശത്തേക്ക് തെന്നിമാറിയെന്ന് ആരോപിക്കപ്പെടുന്ന ബൈക്കിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. അപകടമാണ് മരണകാരണമെന്ന പൊലീസിന്റെ വാദത്തിന് പിന്നിൽ നിരവധി നിഗൂഢതകൾ ഉണ്ടായിരുന്നു.

തന്റെ മകനെ മറ്റെവിടെയോ വച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്നും പിന്നീട് മൃതദേഹം സംഭവസ്ഥലത്ത് എത്തിച്ചതാണെന്നും പിതാവിന് ഉറപ്പുണ്ടായിരുന്നു. സംഭവ ദിവസം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയും അവിശ്വസനീയവും ദുരൂഹവുമായിരുന്നു.

പോസ്റ്റുമോർട്ടം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ നടത്തി കാമറയിൽ പകർത്തണമെന്ന് രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനുള്ള ഉത്തരവ് ലഭിക്കുന്നതിന് മുമ്പ് പോസ്റ്റ്മോർട്ടം നടത്തുകയും പിതാവിന്റെയോ ബന്ധുക്കളുടെയോ അനുവാദമില്ലാതെ തന്നെ മൃതദേഹം എ.ജെ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം എംബാം ചെയ്യുകയും ചെയ്തു.

പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിന്റെ അന്വേഷണം ബാംഗ്ലൂരിലെ (എച്ച് ആൻഡ് ബി) സിഐ.ഡിക്ക് കൈമാറി. സിഐ.ഡി അന്വേഷണം നടത്തി. എന്നാൽ അന്വേഷണം ഏതു രീതിയിലാണ് നടക്കുന്നതെന്ന് രാധാകൃഷ്ണനെ അറിയിച്ചിരുന്നില്ല. അപകട മരണം എന്ന മുൻവിധിയോടെയായിരുന്നു അന്വേഷണം.
2015 ഫെബ്രുവരിയിൽ, മകന്റെ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ നിഷ്പക്ഷ അന്വേഷണ സംഘം രൂപീകരിക്കുകയോ അന്വേഷണം സിബിഐ പോലുള്ള വിശ്വസനീയമായ ഏജൻസിക്ക് കൈമാറുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു.

2016 ഏപ്രിൽ വരെ ഇതിന്മേൽ യാതൊരു നടപടിയും ഉണ്ടാകാത്തതിനാൽ അന്വേഷണം ബാംഗ്ലൂരിലെ സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണൻ കർണാടക ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്തു. ഈ റിട്ട് പെറ്റീഷൻ കെട്ടിക്കിടക്കുന്ന സമയത്ത് സിഐഡി മജിസ്ട്രേറ്റ് കോടതിയിൽ 'ബി'റിപ്പോർട്ട് സമർപ്പിച്ചു. കേസ് അപകട മരണമായി കാണിച്ച് അന്വേഷണം അവസാനിപ്പിച്ചു. മരണമടഞ്ഞ രോഹിതിന്റെ പേരിൽ 304 എ പ്രകാരം അലക്ഷ്യമായി വാഹനമോടിച്ചതിന് കുറ്റപത്രം സമർപ്പിച്ചാണ് കേസ് അവസാനിപ്പിച്ചത്.

ബി റിപ്പോർട്ട് നിയമപരമായി ചോദ്യം ചെയ്യാൻ ഹർജിക്കാരന് സ്വാതന്ത്ര്യം നൽകിക്കൊണ്ട് ഹൈക്കോടതി രാധാകൃഷ്ണന്റെ ഹർജി തീർപ്പാക്കി. സിംഗിൾ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കാൻ ഹർജിക്കാരൻ സമർപ്പിച്ച റിട്ട് അപ്പീലും തള്ളി. മകന്റെ ദുരൂഹമരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണൻ വീണ്ടും കർണാടക മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മുഖ്യമന്ത്രിയുടെ ഓഫീസ് തുടരന്വേഷണം നടത്താൻ സിഐഡിക്ക് നിർദ്ദേശം നൽകി. സിഐഡിയുടെ അഭ്യർത്ഥന പ്രകാരം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മജിസ്ട്രേറ്റ് കോടതി തുടരന്വേഷണം നടത്താൻ ബെംഗളൂരുവിലെ പൊലീസ് ഇൻസ്പെക്ടർ, (എച്ച്ബി) സിഐ.ഡിക്ക് അനുമതി നൽകി.

ഈ സമയത്താണ് രാധാകൃഷ്ണൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയെ സമീപിച്ചത്. അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ബംഗളൂരുവിലെ എച്ച് ആൻഡ് ബി സിഐഡിക്ക് കോടതി നിർദ്ദേശം നൽകി. കഴിഞ്ഞ മൂന്നിന് കേസ് പരിഗണിച്ച ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് എം.എം.സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് തുടരന്വേഷണം സിബിഐക്ക് വിട്ടത്. അന്വേഷണം നീതിയുക്തവും സുതാര്യവുമായി നടന്നിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് കോടതി ഉത്തരവ്. ഇതനുസരിച്ച് മംഗലാപുരം മജിസ്ട്രേറ്റ് കോടതിയിൽ രോഹിതിനെതിരേ സമർപ്പിച്ച കുറ്റപത്രം പിൻവലിക്കാൻ സിഐ.ഡിക്ക് നിർദ്ദേശം നൽകുകയും തുടരന്വേഷണം ബാംഗ്ലൂർ സിബിഐക്ക് (എച്ച്.ബി) കൈമാറാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു.

കർണാടക പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും ചീഫ് സെക്രട്ടറിയെയും കോടതി ശരിക്കും വെള്ളം കുടിപ്പിച്ചു. ആക്സിഡന്റിൽ മരിച്ചയാളുടെ തല എങ്ങനെ 50 മീറ്ററോളം മാറിക്കിടന്നുവെന്നായിരുന്നു ആദ്യ ചോദ്യം. ഇത്രയും വലിയ അപകടം നടന്നിട്ടും രോഹിത് സഞ്ചരിച്ചിരുന്ന ബൈക്കിന് ഒരു പോറൽ പോലും ഏൽക്കാതെ വന്നതെങ്ങനെ എന്നുള്ള ചോദ്യത്തിനും മറുപടി ഉണ്ടായിരുന്നില്ല. തല മുറിഞ്ഞു പോയെങ്കിൽ ശരീരത്ത് നിന്ന് വാർന്നൊഴുകിയ രക്തം എവിടെ എന്നുള്ളതും കോടതി ചോദിച്ചു. ഇതിനൊന്നും മറുപടി ഇല്ലാതെ വന്നപ്പോഴാണ് അന്വേഷണം സിബിഐക്ക് വിട്ടതും കർണാടക സിബിസിഐഡിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP