Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പതിനെട്ട് അടവുകൾ പയറ്റിയിട്ടും ഒരു ആരോപണം പോലും തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് വെല്ലുവിളിച്ച മേയർക്ക് കത്ത് വിവാദം ജാള്യതയും നിരാശയും ആയോ? ഭദ്രകാളി ഉപാസകനെ സന്ദർശിച്ച് പാർട്ടിയെ ഞെട്ടിച്ച തുടക്കം; പൊങ്കാലയും പൊറോട്ടയും ചിക്കനും മുതൽ ജോലിയുണ്ട് സഖാവേ, പട്ടിക തരാമോ സഖാവേ വരെ; 'ബേബി' മേയർ ആര്യ രാജേന്ദ്രൻ പിടിച്ച പുലിവാലുകൾ

പതിനെട്ട് അടവുകൾ പയറ്റിയിട്ടും ഒരു ആരോപണം പോലും തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് വെല്ലുവിളിച്ച മേയർക്ക് കത്ത് വിവാദം ജാള്യതയും നിരാശയും ആയോ?  ഭദ്രകാളി ഉപാസകനെ സന്ദർശിച്ച് പാർട്ടിയെ ഞെട്ടിച്ച തുടക്കം; പൊങ്കാലയും പൊറോട്ടയും ചിക്കനും മുതൽ ജോലിയുണ്ട് സഖാവേ, പട്ടിക തരാമോ സഖാവേ വരെ;  'ബേബി' മേയർ ആര്യ രാജേന്ദ്രൻ പിടിച്ച പുലിവാലുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം മേയറാക്കാൻ സിപിഎം തീരുമാനം. 21 വയസാണ്, എസ്എഫ്ഐ നേതാവാണ്, പക്വതയെത്താത്ത കുട്ടിയാണ് എന്നൊക്കെ പറയലാണ് എളുപ്പം. പക്ഷെ എന്തു ചെയ്യാം. ഈ പാർട്ടി ഇപ്പോ ഇങ്ങനെയൊക്കെയാണ്. വിമർശനങ്ങൾ വന്നോട്ടെ, കാര്യങ്ങൾ ഉഷാറായി നടക്കട്ടെ എന്നായിരിക്കുന്നു. സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങൾ.' ചിത്രം പങ്കുവച്ച് ഫേസ്‌ബുക്കിൽ വന്ന അഭിനന്ദന കുറിപ്പുകൾ എത്രയോ. അദാനിയും കമൽഹാസനും അടക്കം സെലിബ്രിറ്റികൾ അഭിനന്ദനം ചൊരിഞ്ഞു.

'അധികാരത്തിന്റെ സ്ഥാനങ്ങളോട്, തെറ്റായ കീഴ്‌വഴക്കങ്ങളോട് കോമ്പ്രോമൈസ് ചെയ്യാൻ സാധ്യത ഏറ്റവും കുറവ് 30 വയസിനു മുൻപാണ്. ശരിയെന്നു തോന്നുന്ന തീരുമാനങ്ങൾ ചടുലമായി നടപ്പാക്കാൻ കഴിയുന്ന പ്രായമാണ് അത്. അഴിമതിയും സ്ഥാനമോഹവും ഒക്കെ മനസിൽ പോലും വളരാത്ത പ്രായമാണ് 21.'-അഡ്വ.ഹരീഷ് വാസുദേവന്റെ ഈ കുറിപ്പിലെ പ്രതീക്ഷ തന്നെയായിരുന്നു മലയാളികൾക്ക്. മഹരാഷ്ട്ര ഉപമുഖ്യമന്ത്രിയും, ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസിന്റെ റെക്കോഡ് തകർത്തുകൊണ്ടാണ് ആര്യ രാജേന്ദ്രൻ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായത്. ഫഡ്നാവിസ് നാഗ്പുർ കോർപ്പറേഷൻ മേയറായി ഇരുപത്തിയേഴാം വയസ്സിലാണ് സ്ഥാനമേറ്റത്.

എന്നാൽ, കൊട്ടിഘോഷിച്ചുള്ള സ്ഥാനാരോഹണത്തിന് ശേഷം രണ്ടുവർഷം തികയും മുമ്പേ തന്നെ സിപിഎമ്മിനെ വരെ മുൾമുനയിൽ നിർത്തുന്ന വിവാദങ്ങൾക്കും ഇടവരുത്തി ആര്യ രാജേന്ദ്രന്റെ ഭരണം. 'കോർപ്പറേഷനിലെ നയപരമായ തീരുമാനങ്ങൾ എല്ലാം എടുക്കുന്നത് LDF ൽ പാർട്ടിയും മുന്നണിയും ആണ്. മേയർക്ക് അത് നടപ്പാക്കേണ്ട ചുമതല മാത്രമേ ഉള്ളൂ. അതിനാൽ ഭരണപരിചയമില്ലായ്മ ഒരു കുഴപ്പമാവില്ല. ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ടിറങ്ങി കണ്ടറിഞ്ഞു തീരുമാനങ്ങൾ എടുക്കാനുള്ള നേതൃപാടവവും തുറന്ന മനസും ധൈര്യവും ഒക്കെയാണ് മേയർക്ക് വേണ്ടത്. ഊർജ്ജസ്വലതയും.'- അഡ്വ ഹരീഷ് വാസുദേവന്റെ പഴയ കുറിപ്പിലെ ചില കാര്യങ്ങൾ അച്ചട്ടായി. നയപരമായ തീരുമാനങ്ങൾ എല്ലാം എടുക്കുന്നത് ഇടതുമുന്നണിയും പാർട്ടിയും ആണ്. മേയർക്ക് അത് നടപ്പാക്കേണ്ട ചുമതല മാത്രമേ ഉള്ളു. കത്ത് വിവാദത്തിന്റെ സത്യാവസ്ഥ എന്തായാലും അത് പാർട്ടി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് ചോർന്നതുകൊണ്ടുതന്നെ അന്വേഷണം വന്നാൽ, പാർട്ടിക്കാർ തന്നെയാവും കുടുങ്ങുക. മേയറെ പാർട്ടി പൂർണമായി പിന്തുണച്ചെങ്കിലും, രണ്ടുവർഷത്തിനിടയുണ്ടായ വിവാദങ്ങൾ ചില്ലറയല്ല.

ആറ്റുകാൽ പൊങ്കാല ശുചീകരണം മുതൽ കത്ത് പ്രശ്‌നം വരെ മേയറുടെ ഉറക്കം കെടുത്തിയ ചില വിവാദങ്ങൾ ഇങ്ങന:

കോവിഡ് കാലത്തെ പൊങ്കാല വെട്ടിപ്പ്

കോവിഡ് കാലത്ത് ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ 21 ടിപ്പർ ലോറികൾ വാടകയ്ക്ക് എടുത്തെന്നായിരുന്നു. ആരോപണം. ലോറികൾക്ക് വാടകയായി 3,57,800 രൂപ ചെലവഴിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതേ ദിവസം ശുചീകരണ തൊഴിലാളികൾക്ക് പൊറോട്ടയും ചിക്കനും വാങ്ങി നൽകിയെന്ന പേരിലും അര ലക്ഷത്തോളം രൂപയുടെ ബില്ലുണ്ടാക്കി. വിവാദമായതോടെ ബില്ലുകൾ പാസാക്കുന്നത് കോർപറേഷൻ തടഞ്ഞു വച്ചു.

പൊങ്കാലക്കുശേഷം 28 ലോഡ് മാലിന്യം കോർപ്പറേഷൻ നീക്കം ചെയ്തുവെന്നും, ഇതിനാണ് 3,57,800 രൂപ ചെലവഴിച്ചതെന്ന് മേയർ ന്യായീകരിച്ചു. ക്ഷേത്രവളപ്പിൽ 5000 പേരെ പങ്കെടുപ്പിച്ച് പൊങ്കാല നടത്താനായിരുന്നു ആദ്യ തീരുമാനം. അതുകൊണ്ടാണ് 21 ലോറികൾക്ക് വാടക മുൻകൂർ അനുവദിച്ചതെന്നും ഏറ്റവും ഒടുവിലാണ് വീടുകളിൽ പൊങ്കാല മതിയെന്ന് തീരുമാനിച്ചതെന്നും മേയർ വിശദീകരിച്ചു. പൊങ്കാല മാലിന്യങ്ങൾക്കൊപ്പം പൊതുമാലിന്യങ്ങളും ഈ ലോറി ഉപയോഗിച്ച് നീക്കാൻ തീരുമാനിച്ചുവെന്നും മേയർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്.നായർ മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല.

പട്ടിക ജാതി ഫണ്ട് വകമാറ്റി അടിച്ചുമാറ്റി

പട്ടികജാതി വിഭാഗക്കാർക്ക് വിവാഹ, വിദ്യാഭ്യാസ പദ്ധതികൾക്കായി അനുവദിച്ച തുക മറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിനൽകി തട്ടിയെടുത്തു എന്നതായിരുന്നു ആരോപണം. ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിന്റെ അന്വേഷണത്തിൽ 1.04 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. എന്നാൽ ഇതിലുമധികം തുകയുടെ തട്ടിപ്പ് നടന്നതായാണ് ഓഡിറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 10 പദ്ധതികൾക്കുള്ള ആനുകൂല്യങ്ങളിൽ നിന്നാണ് തട്ടിപ്പ് നടന്നത്. കൂടുതൽ തട്ടിപ്പ് നടന്നത് പഠനമുറി, ഭൂരഹിത പുനരധിവാസ പദ്ധതികളിലാണ്. അപേക്ഷകളില്ലാതെയും, വ്യാജ അപേക്ഷ വഴിയും, തട്ടിപ്പ് നടത്തുന്നവരുടെ സ്വന്തം അക്കൗണ്ട് നമ്പർ വഴിയുമാണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.

35 പേരുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന് കണ്ടെത്തിയെങ്കിലും അതേപ്പറ്റിയുള്ള അന്വേഷണം നടന്നില്ല. തട്ടിപ്പ് നടത്താൻ പ്രതി ഉപയോഗിച്ച ലാപ്ടോപ്പ് മൊബൈൽ ഫോൺ എന്നിവ കണ്ടെത്താൻ സാധിക്കാത്തതും തിരിച്ചടിയായി. കൂടാതെ ഡിവൈഎഫ്ഐ, സിപിഎം ബന്ധമുള്ളവർ കൂടി പ്രതിപ്പട്ടികയിൽ വരാൻ സാദ്ധ്യതയുള്ളതിനാൽ അന്വേഷണത്തിന് രാഷ്ട്രീയ സമ്മർദ്ദവും ഏറെയായിരുന്നു.11 പേർക്കെതിരേ പൊലീസെടുത്ത കേസിൽ അറസ്റ്റ് കഴിഞ്ഞ് വിജിലൻസിന് കൈമാറിയെങ്കിലും തുടരന്വേഷണം നിലച്ചു. സസ്പെൻഷനിലായവർ തിരികെ സർവീസിൽ കയറി.

ഇഎംഎസ് ഭവന പദ്ധതി തട്ടിപ്പ്

ഇഎംഎസ് ഭവനപദ്ധതിയിൽ വീടുകൾ നിർമ്മിച്ച് നൽകുന്നതിന് 2011 ൽ സംസ്ഥാനസർക്കാർ നൽകിയ എട്ട് കോടി രൂപ കാണാനില്ലെന്ന ആരോപണവും മേയർക്കെതിരെ ഉയർന്നിരുന്നു. ഭവനരഹിതർക്ക് വീടുവച്ചുനൽകുന്നതിനുള്ള ആ പണം പാളയത്തുള്ള ജില്ലാ സഹകരണബാങ്കിൽ നിക്ഷേപിച്ചിരുന്നു. ആ പണം അക്കൗണ്ടിൽ ഇല്ല എന്ന ആരോപണവുമായി നെടുങ്കാട് കൗൺസിലറും ബിജെപി നേതാവുമായ കരമന അജിത്ത് രംഗത്തെത്തിയിരിന്നു. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു കരമന അജിത്തിന്റെ ആരോപണം. ആ തുക ഉപയോഗിച്ച് സ്ഥലം വാങ്ങിയതിന്റെയോ ആർക്കെങ്കിലും വീട് വച്ച് നൽകിയതിന്റെയോ രേഖകളുമില്ല. ആ പണം മുക്കിയത് മുൻ മേയർമാരാണോ ഇപ്പോഴത്തെ മേയർ ആര്യാ രാജേന്ദ്രനാണോ എന്നാണ് കരമന അജിത്ത് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്.

ആര്യാ രാജേന്ദ്രൻ മേയറായി സ്ഥാനമേറ്റ ശേഷം നിരവധി അഴിമതി ആരോപണങ്ങളും വിവാദങ്ങളും ഉയർന്നുവന്നിരുന്നു. ജനങ്ങളിൽ നിന്നും പിരിച്ച നികുതികൾ കോർപ്പറേഷനിൽ അടയ്ക്കാതെ ഉദ്യോഗസ്ഥർ വെട്ടിച്ച അഴിമതി കഥകൾ തെളിവ് സഹിതം പുറത്തായതിനെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ ഇപ്പോഴും പ്രത്യക്ഷസമരത്തിലാണ്. അതിന് പുറമെയാണ് ഇഎംഎസ് ഭവനപദ്ധതിയുടെ ഫണ്ടും വെട്ടിച്ചതിന്റെ തെളിവുകൾ പ്രതിപക്ഷ കൗൺസിലർ പുറത്തുവിട്ടത്.

കെട്ടിട നമ്പർ തട്ടിപ്പിലും ഒന്നും സംഭവിച്ചില്ല

ഉദ്യോഗസ്ഥരുടെ പാസ്വേഡും യൂസർ നെയിമും ഉപയോഗിച്ച് കോർപ്പറേഷനിലെ താൽക്കാലിക ജീവനക്കാരാണ് തട്ടിപ്പ് നടത്തിയത്. സഞ്ചയ സോഫ്റ്റ്‌വെയറിൽ കെട്ടിടത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്താനും പരിശോധിക്കാനും ഏത് കമ്പ്യൂട്ടറിൽ നിന്നും കഴിയും. ഇതിന് ഉദ്യോഗസ്ഥരുടെ യൂസർനെയിമും പാസ്വേഡും മാത്രം മതിയാകും. എന്നാൽ അനുമതി നൽകാനുള്ള ഡിജിറ്റൽ ഒപ്പ് കോർപ്പറേഷനിലെ കമ്പ്യൂട്ടറിൽ നിന്ന് മാത്രമേ നൽകാനാകൂ.

കേശവദാസപുരത്ത് നടന്ന തട്ടിപ്പിൽ പിടിയിലായ വിവരങ്ങൾ രേഖപ്പെടുത്തിയതും പരിശോധിച്ചതും പിടിയിലായ ബീനാകുമാരിയും സന്ധ്യയും ചേർന്നാണ്. ഇവർ സ്വന്തം മൊബൈൽ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. എന്നാൽ ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തി അനുമതി നൽകിയത് റവന്യു ഓഫീസറുടെ യൂസർനെയിമും പാസ്വേഡും അറിയാവുന്ന കോർപ്പറേഷൻ ഓഫീസിലെ ഉദ്യോഗസ്ഥനാണ്. തട്ടിപ്പിന് കോർപ്പറേഷനിലെ കമ്പ്യൂട്ടർ ഉപയോഗിച്ചതിന് ചില താത്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിറുത്തി. പൊലീസിന് അന്വേഷണം കൈമാറിയെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപനമല്ലാതെ കാര്യമൊന്നുമുണ്ടായില്ല.

ഭദ്രകാളി ഉപാസകന്റെ അനുഗ്രഹം തേടിയതും വിവാദമായി

21 വയസുകാരിയായ ആര്യാ രാജേന്ദ്രനെ മേയർ ആക്കിയ സിപിഎം അന്നത് വലിയ നേട്ടമായി ആഘോഷിച്ചിരുന്നെങ്കിലും തുടർച്ചയായി സൃഷ്ടിക്കുന്ന വിവാദങ്ങളിലൂടെ തിരുവനന്തപുരം മേയർ ഇന്ന് സിപിഎമ്മിന് നിരന്തരം തലവേദന സൃഷ്ടിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മേയറായി തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ബിജെപി പ്രതിനിധികൾക്കൊപ്പം എൻഎസ്എസ് സ്വീകരണത്തിൽ പങ്കെടുത്തുകൊണ്ടാണ് വിവാദങ്ങളുടെ ഘോഷയാത്രയ്ക്ക് യുവമേയർ തിരികൊളുത്തിയത്. അതിന് ശേഷം പിതാവിനൊപ്പം ഭദ്രകാളി ഉപാസകനായ മന്ത്രവാദിയുടെ അനുഗ്രഹം തേടി മേയറെത്തിയതും ഏറെ വിവാദമായി. സൂര്യനാരായണൻ ഗുരുജി എന്ന ആ മന്ത്രവാദി തന്നെ മേയർക്കൊപ്പമുള്ള ചിത്രം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് വാർത്ത പുറംലോകമറിഞ്ഞത്.

കോർപ്പറേഷന്റെ വികസന സെമിനാറിൽ പങ്കെടുക്കാതെ മേയർ കണ്ണൂരിലെ പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോയതാണ് അടുത്ത വിവാദത്തിന് കാരണമായത്. എന്നാൽ നടന്നത് വികസന സെമിനാറല്ലെന്നും വർക്കിങ് ഗ്രൂപ്പിന്റെ ജനറൽ ബോഡി യോഗം മാത്രമാണെന്നുമുള്ള വിശദീകരണവുമായി മേയർ രംഗത്തെത്തിയിരുന്നു. മെഡിക്കൽ കൊളേജ് വളപ്പിലുള്ള എസ്എടി ഡ്രഗ് ഹൗസ് മേയർ നേരിട്ടെത്തി പൂട്ടിച്ചതും ഏറ്റവുമൊടുവിൽ നടന്ന മറ്റൊരു വിവാദമായിരുന്നു. ന്യൂ തീയറ്ററിന് മുന്നിലെ വെള്ളക്കെട്ടിനെതിരെ പ്രതിഷേധിച്ചവരെ അവഹേളിച്ചുകൊണ്ട് മേയർ ഫെയ്സ് ബുക്കിലിട്ട പോസ്റ്റും തൈക്കാട് ശ്മശാനം പണി പൂർത്തിയായതിനെ പറ്റി മേയർ ഫെയ്സ് ബുക്കിലിട്ട പോസ്റ്റിന്റെ ഭാഷയും ഏറെ വിമർശിക്കപ്പെട്ടു.

മേയറെ കുഴിയിൽ ചാടിക്കുന്നത് ആര്?

മേയറുടെ പ്രവർത്തനങ്ങളിൽ മുൻപരിചയമില്ലായ്മ പ്രശ്നമാകാതിരിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി ഒരു പിഎയെ നിയമിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ പിഎ തന്നെ പാർട്ടിക്ക് വേണ്ടി മേയറെ കൂടുതൽ കുഴികളിൽ ചാടിക്കുകയാണെന്നാണ് മേയറുമായി ബന്ധപ്പെട്ട വൃത്തങ്ങളം ഉയർത്തുന്നുണ്ട്. ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി തിരുവനന്തപുരം കോർപറേഷൻ പിൻവലിച്ചതും വലിയ ചർച്ചയായിരുന്നു. സ്വന്തം കാശ് കൊടുത്തു വാങ്ങിയ ഓണസദ്യ കഴിക്കാൻ അനുവദിക്കാതെ ജോലി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സദ്യ മാലിന്യകൂമ്പാരത്തിലേക്കു വഴിച്ചെറിഞ്ഞ് പ്രതിഷേധിച്ചത്. ഇതിന്റെ പേരിൽ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട മേയർ ആര്യാ രാജേന്ദ്രന്റെ നടപടിക്കെതിരെ സിപിഎമ്മിനുള്ളിൽത്തന്നെ പ്രതിഷേധം ശക്തമായിരുന്നു.

തിരുവനന്തപുരത്തെ ഗ്രൂപ്പ് സമവാക്യങ്ങളും ഈ ചർച്ചയിൽ നിർണ്ണായകമായി. മേയറെ ആനാവൂർ പിന്തുണച്ചപ്പോൾ മറ്റു നേതാക്കൾ അതിന് തയ്യാറായില്ല. ഓണസദ്യ വാങ്ങിയത് കോർപ്പറേഷന്റെ പണം കൊണ്ടല്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഇടപെടാൻ പോലും കോർപ്പറേഷന് കഴിയില്ല. എന്നിട്ടും ശുചീകരണ തൊഴിലാളികളെ സസ്‌പെന്റ് ചെയതത് മേയറുടെ അറിവില്ലായ്മയാണെന്ന വാദം ശക്തമായിരുന്നു. മന്ത്രി ശിവൻകുട്ടി അടക്കമുള്ളവർ ശുചീകരണ തൊഴിലാളികളെയാണ് പിന്തുണച്ചത്. ഇത് മനസ്സിലാക്കിയാണ് മേയറെ അനാവൂർ പിന്തുണയ്ക്കാനെത്തിയത്.

അതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പ്രതികരണവുമായി എത്തിയത്. ആനാവൂരിന്റെ ബന്ധു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിരുന്നു. ഇയാൾ തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരനുമായിരുന്നു. ഇയാൾക്കെതിരെ എന്തു നടപടി മേയർ എടുത്തുവെന്ന ചോദ്യവും സജീവ ചർച്ചയായി. ഇതോടെയാണ് സിപിഎമ്മിന് കാര്യങ്ങൾ കൈവിട്ടു പോകുമെന്ന വസ്തുത തിരിച്ചറിഞ്ഞത്. സിഐടിയുവിന്റെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും തിരിച്ചറിഞ്ഞു. ഇതോടെ ആനാവൂരിന്റെ പ്രതിരോധം പോലും വെറുതെയായി. മേയർ ആര്യാ രാജേന്ദ്രനെ പാർട്ടി ശാസിച്ചു. നയപരമായ തീരുമാനങ്ങളിൽ പാർട്ടിയുമായി കൂടിയാലോചന വേണമെന്നും ആവശ്യപ്പെട്ടു. തൊഴിലാളികളെ തിരിച്ചെടുത്തു.

ഭക്ഷണം വലിച്ചെറിഞ്ഞതിനെ വിമർശിച്ച് മേയർ ഫേസ് ബുക്ക് പോസ്റ്റിട്ടത് വലിയ വിവാദമായിരുന്നു. പട്ടണി സമരം നടത്താനുള്ള ജീവനക്കാരുടെ അവകാശത്തിനെതിരെയുള്ള കടന്നാക്രമണമായി ഇതിനെ വിലയിരുത്തി. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി ഐ ടി യു മേയർക്ക് കത്ത് നൽകുകയും ചെയ്തു.

സ്വകാര്യ ഹോട്ടലിന് പൊതുമരാമത്ത് റോഡ് തലസ്ഥാന നഗരത്തിലെ ഏറെ തിരക്കേറിയ എം ജി റോഡിൽ സ്വകാര്യ ഹോട്ടലിന് പാർക്കിംഗിനായി സ്ഥലം വാടകയ്ക്ക് നൽകിയ സംഭവമായിരുന്നു മറ്റൊരു വിവാദം. പാർക്കിംഗിന് സ്ഥലം അനുവദിച്ച കോർപറേഷന്റെ നടപടി ഏറെ വിവാദമായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ റോഡാണ് പ്രതിമാസം 5,000 രൂപ വാടക ഈടാക്കി സ്വകാര്യ ഹോട്ടലിന് നൽകിയത്. മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയാണ് എം ജി റോഡിൽ ആയുർവേദ കോളേജിന് എതിർവശത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിന് റോഡ് വാടകയ്ക്കുനൽകാൻ തീരുമാനമെടുത്തത്.

കോർപ്പറേഷൻ സെക്രട്ടറിയും ഹോട്ടലുടമയും ചേർന്ന് ഇതിനായി 100 രൂപയുടെ പത്രത്തിൽ കരാറുണ്ടാക്കി ഒപ്പും വയ്ക്കുകയും ചെയ്തു.റോഡ് സുരക്ഷാ നിയമപ്രകാരം പാർക്കിംഗിന് റോഡ് അനുവദിക്കാൻ സർക്കാരിനുപോലും അനുവാദമില്ലെന്നിരിക്കെയാണ് പൊതുമരാമത്ത് വകുപ്പ് റോഡ് സ്വന്തം ഭൂമിയെന്നപോലെ സ്വകാര്യ ഹോട്ടലിന് പാർക്കിംഗിനായി മേയർ വാടകയ്ക്ക് നൽകിയത്.സംഭവം പതിവുപോലെ വിവാദമായതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടു. റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറോട് ഇത് സംബന്ധിച്ച് റിപ്പോർട്ട് തേടുകയും കോർപ്പറേഷൻ നൽകിയ അനുമതി റദ്ദാക്കുകയുമായിരുന്നു.

ഏതായാലും ആനാവൂർ നാഗപ്പന്, മേയർ ആര്യ രാജേന്ദ്രൻ അയച്ചെന്ന പേരിൽ പ്രചരിക്കുന്ന കത്ത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നാണ് പ്രഖ്യാപനം.
തന്റെ പേരിൽ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മേയർ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്‌പി എസ്.മധുസൂദനന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ ആകും കേസ് അന്വേഷിക്കുക. കത്ത് വിവാദം സിപിഎം ജില്ലാ കമ്മിറ്റിയും അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പാർട്ടി പ്രവർത്തകർക്കു പങ്കുണ്ടോ എന്ന് അന്വേഷിക്കും. കത്തിന്റെ ഉറവിടവും പ്രചാരണവും അടക്കം എല്ലാ കാര്യവും പരിശോധിക്കും. കത്തു പുറത്തു വന്നതിനു പിന്നിൽ പാർട്ടിയിലെ വിഭാഗീയതയുണ്ടോ എന്ന ചോദ്യത്തിന്, വിഭാഗീയത ഉണ്ടെന്നു വരുത്തേണ്ടത് മാധ്യമങ്ങളുടെ ആവശ്യമാണെന്നായിരുന്നു ആനാവൂരിന്റെ മറുപടി. എന്തായാലും കത്ത് പുറത്തുവന്നത് അത്ര നിഷക്കളങ്കമല്ലെന്ന് പാർ്ട്ടിക്കാർക്കും നാട്ടുകാർക്കും അറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP