Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അന്ന് മാർട്ടിൻ ക്രോയുടെ ന്യൂസിലൻഡിനെ കീഴടക്കിയത് സെമിയിൽ; ഗ്രഹാം ഗൂച്ചിന്റെ ഇംഗ്ലണ്ടിനെ ഫൈനലിലും; ഓസ്‌ട്രേലിയൻ മണ്ണിൽ ഭാഗ്യത്തിന്റെ കൈപിടിച്ച് ഇമ്രാൻ ഖാന്റെ സംഘം 1992 ലോകകപ്പിൽ മുത്തമിട്ടത് ചരിത്രം; ട്വന്റി 20 ലോകകപ്പ് സെമിയിൽ ബാബർ അസമും സംഘവും നേരിടുന്നതും കിവീസിനെ; ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമോ? 2007 ലോകകപ്പ് ആവർത്തിച്ച് ഇന്ത്യ കപ്പടിക്കുന്നതും കാത്ത് ആരാധകർ

അന്ന് മാർട്ടിൻ ക്രോയുടെ ന്യൂസിലൻഡിനെ കീഴടക്കിയത് സെമിയിൽ; ഗ്രഹാം ഗൂച്ചിന്റെ ഇംഗ്ലണ്ടിനെ ഫൈനലിലും; ഓസ്‌ട്രേലിയൻ മണ്ണിൽ ഭാഗ്യത്തിന്റെ കൈപിടിച്ച് ഇമ്രാൻ ഖാന്റെ സംഘം 1992 ലോകകപ്പിൽ മുത്തമിട്ടത് ചരിത്രം; ട്വന്റി 20 ലോകകപ്പ് സെമിയിൽ ബാബർ അസമും സംഘവും നേരിടുന്നതും കിവീസിനെ; ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമോ? 2007 ലോകകപ്പ് ആവർത്തിച്ച് ഇന്ത്യ കപ്പടിക്കുന്നതും കാത്ത് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

മെൽബൺ: ട്വന്റി 20 ലോകകപ്പിൽ വീണ്ടും ഒരു സ്വപ്ന ഫൈനൽ. ഏറ്റുമുട്ടുന്നത് ചിരവൈരികളായ ഇന്ത്യയും - പാക്കിസ്ഥാനും. 2007ലെ ആദ്യ ലോകകപ്പിന്റെ തനിയാവർത്തനം എന്നപോലെ പാക്കിസ്ഥാനെ കീഴടക്കി ഇത്തവണയും ഇന്ത്യ കിരീടത്തിൽ മുത്തമിടുന്നു. ടീം ഇന്ത്യയുടെ കടുത്ത ആരാധകർ ഒക്കെ ഈ നിമിഷങ്ങൾ ഇതിനകം സ്വപ്നം കണ്ടു തുടങ്ങിക്കഴിഞ്ഞു....

ചില ചരിത്ര നേട്ടങ്ങൾക്ക് ആവർത്തനം ഉണ്ടായേക്കാം. ചില സമാനതകളും. ട്വന്റി 20 എന്ന ക്രിക്കറ്റിന്റെ പുതിയ രൂപത്തെ ആരാധകർ പ്രണയിച്ച് തുടങ്ങിയ ആ നാളുകളിൽ 2007ൽ എം എസ് ധോണിയുടെ യുവനിരയാണ് ആ സ്വപ്നകിരീടം യാഥാർത്ഥ്യമാക്കിയത്. അന്ന് കിരീട നേട്ടത്തിൽ അംഗമായിരുന്ന രോഹിത് ശർമ്മ നയിക്കുന്ന സംഘമാണ് ഇത്തവണ കിരീടത്തിലേക്കുള്ള സ്വപ്നയാത്രയിൽ മുന്നേറുന്നത്. ഇനി രണ്ട് ജയങ്ങളുടെ ദൂരം മാത്രം. സെമിയിൽ കടുപ്പമേറിയ ഇംഗ്ലീഷ് പരീക്ഷ, അത് ജയിച്ചാൽ പിന്നെ എതിരാളി പാക്കിസ്ഥാനാകാം, അല്ലെങ്കിൽ ന്യൂസിലൻഡ്.... എതിരാളി ആരാണെങ്കിലും കടുപ്പമേറിയ പോരാട്ടം പ്രതീക്ഷിക്കാം. ഇന്ത്യ വിജയ ചരിത്രം ആവർത്തിക്കട്ടെ....

പറഞ്ഞുവന്നത് ലോകകപ്പ് നേട്ടത്തിലേക്കുള്ള യാത്രയെക്കുറിച്ചാണല്ലോ. ഇന്ത്യൻ ആരാധകർ സ്വപ്നം കാണുന്നത് 2007 ട്വന്റി 20 ലോകകപ്പിന്റെ തനിയാർത്തനമാണെങ്കിൽ പാക്കിസ്ഥാൻ ആരാധകർ ആഗ്രഹിക്കുക 1992 ലോകകപ്പ് നേട്ടത്തിന് സമാനമായ സ്വപ്നയാത്രയാണ്. അന്ന് (ബെൻസൺ ആൻഡ് ഹെഡ്ജസ് കപ്പ് 1992) ഇമ്രാൻ ഖാന്റെ ടീം ഓസ്‌ട്രേലിയൻ മണ്ണിൽ നടത്തിയ മുന്നേറ്റത്തിന്റെ പെരുമ പറയാൻ അത്രത്തോളമുണ്ട്.

കുത്തഴിഞ്ഞ ടീമുമായാണ് പാക്കിസ്ഥാൻ ലോകകപ്പിന് പുറപ്പെട്ടത്. പരിക്കിന്റെ പിടിയിലുള്ള നായകൻ ഇമ്രാൻ ഖാനും വഖാർയൂനിസും മോശം ഫോമിനെ തുടർന്ന് ആദ്യം പ്രഖ്യാപിച്ച ടീമിൽ ഇടംപിടിക്കാതെ പോയ മിയാൻദാദ് വൈസ് ക്യാപ്റ്റനായി ടീമിലെത്തിയതും ഇമ്രാൻ അറിയാതെയായിരുന്നു.

തോൽവിയോടെയാണ് പാക്കിസ്ഥാൻ തുടങ്ങിയത്. കരുത്തരായ വെസ്റ്റ് ഇൻഡീസിനോട് പത്ത് വിക്കറ്റിന് തോറ്റു. രണ്ടാം മത്സരത്തിൽ സിംബാബ്വെയെ 53 റൺസിന് കീഴടക്കി. ഇംഗ്ലണ്ടിനെതിരെ 74 റൺസിന് പുറത്തായപ്പോൾ രക്ഷകനായി എത്തിയത് മഴ. അടുത്ത മത്സരത്തിൽ ഇന്ത്യയോട് തോറ്റു. പിന്നാലെ ദക്ഷിണാഫ്രിക്കയോടും. ആദ്യ അഞ്ച് മത്സരങ്ങൾ കഴിയുമ്പോൾ സമ്പാദ്യം ഒരു ജയം അടക്കം മൂന്ന് പോയിന്റ് മാത്രം.

ഇമ്രാൻ ഖാൻ ടീം അംഗങ്ങളോട് സാഹചര്യം തുറന്നുപറഞ്ഞു. നമുക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, അങ്ങോട്ട് ചെല്ലണം, വഴി അടഞ്ഞുപോയ നരികളെപ്പോലെ പൊരുതണം. അടുത്ത മത്സരത്തിൽ ഓസ്ട്രേലിയയെ കീഴടക്കി. പിന്നാലെ ശ്രീലങ്ക, ന്യൂസിലൻഡ് എന്നീ ടീമുകളെയും. ഓസ്ട്രേലിയ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിക്കുക കൂടി ചെയ്തതോടെ പാക്കിസ്ഥാൻ സെമി ഉറപ്പിച്ചു. എന്നാൽ ആതിഥേയരായ ഓസ്‌ട്രേലിയ പുറത്താവുകയും ചെയ്തു.

സെമിയിൽ നേരിട്ടത് ഒരു മത്സരത്തിൽ മാത്രം തോൽവി വഴങ്ങിയ മാർട്ടിൻ ക്രോയുടെ സംഘത്തെ. 114 എന്ന മാസ്മരിക ശരാശരിയോടെ മുന്നിൽ നിന്നു നയിച്ച ക്രോ. കപ്പ് ഇത്തവണ കിവികൾക്ക് എന്ന് പറഞ്ഞു തുടങ്ങിയ ആരാധകർ. സ്വന്തം മണ്ണിൽ കിവീസ് ഉയർത്തിയത് 263 റൺസ് വിജയലക്ഷ്യം. സൊഹൈൽ വീണെങ്കിലും റമീസ് രാജയും ഇമ്രാൻ ഖാനും വീറോടെ പൊരുതി. എന്നാൽ തുടരെ വിക്കറ്റ് നഷ്ടമായി തോൽവി മുന്നിൽ കണ്ട പാക്കിസ്ഥാൻ. ജയമുറപ്പിക്കാൻ ജാവേദ് മിയാൻദാദ് ഒരറ്റത്ത് പിടിച്ചുനിന്നു. അവസാന പതിനഞ്ച് ഓവറിൽ പാക്കിസ്ഥാന് ജയിക്കാൻ വേണ്ടത് 123 റൺസ്. ഛർദ്ദിച്ച് അവശനായിക്കിടന്ന ഇൻസമാം ഉൾ ഹഖ് ബാറ്റുമായി ക്രീസിൽ എത്തിയപ്പോൾ ഞെട്ടിയത് മിയാൻദാദ് ആയിരുന്നു. ക്ഷീണം മറന്ന് യുവതാരം ഇൻസമാം തകർത്തടിച്ചു. 37 പന്തിൽ 60 റൺസ്. പാക്കിസ്ഥാൻ ഫൈനലിൽ.

കലാശപ്പോരിൽ എതിരാളി ദക്ഷിണാഫ്രിക്കയെ മഴനിയമത്തിൽ തകർത്ത ഇംഗ്ലണ്ട്. മെൽബണിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്റെ ഓപ്പണർമാർ തുടക്കത്തിൽ വീണെങ്കിലും ഇമ്രാൻ ഖാനും മിയാൻദാദും തട്ടിമുട്ടി മുന്നോട്ട് പോയി. മുപ്പത് ഓവർ പിന്നിടുമ്പോൾ നൂറ് റൺസ് മാത്രം. ഇമ്രാൻ ആക്രമണത്തിലേക്ക് തിരിഞ്ഞതോടെ പാക്കിസ്ഥാൻ കുതിച്ചു. പിന്നാലെ ഇൻസമാം ഉൾ ഹഖും വസിം അക്രമും ഒക്കെ സ്‌കോർബോർഡിൽ റണ്ണെത്തിച്ചു. വിജയലക്ഷ്യം 250 റൺസ്. പേസ് ആക്രമണവുമായി അക്രമിനും അക്വിബ് ജാവേദിനുമൊപ്പം കറക്കി വീഴ്‌ത്താൻ മുഷ്താഖ് അഹമ്മദും തുനിഞ്ഞിറങ്ങിയതോടെ ഇംഗ്ലണ്ടിനെ 227 റൺസുമായി കൂടാരം കയറി. നിൽ ഫെയർബ്രദർ ഒഴിച്ചാൽ ചെറുത്തുനിൽക്കാൻ ആരും ഇല്ലാതെപോയി ഇംഗ്ലണ്ട് നിരയിൽ. 22 റൺസിന് ചരിത്രജയം കുറിച്ച് കപ്പുമായി ഇമ്രാൻ ഖാൻ.

ഇമ്രാൻ ഖാനും സംഘത്തിനും ആദ്യ ലോകകപ്പ്. പുറത്താകലിന്റെ വക്കിൽ നിന്നും വീരോചിതമായി തിരിച്ചുവന്ന് കിരീടധാരണം. അന്ന് കണ്ട സമാനതകളില്ലാത്ത പോരാട്ടവീര്യമാണ് പാക്കിസ്ഥാന്റെ സവിശേഷത. അവരുടെ മുഖമുദ്ര. ചെറിയ ടീമുകൾക്ക് മുന്നിലും തകർന്നടിയുകയും തങ്ങളുടെ ദിവസങ്ങളിൽ ഏത് വമ്പന്മാരെയും വീഴ്‌ത്തുകയും ചെയ്യുന്നവർ. ബാബർ അസമും സംഘവും നടത്തിയ തിരിച്ചുവരവും ഇതിന് സമാനമാണ്. ഇത്തവണ ഇന്ത്യയോടും സിംബാബ്വെയോടും പരാജയപ്പെട്ടതോടെ പുറത്താകുമോ എന്ന ആശങ്ക. അന്ന് ഇമ്രാൻ തന്റെ സഹതാരങ്ങളോട് പറഞ്ഞ വാക്കുകൾ ബാബർ അസമും ആവർത്തിച്ചു. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും വീറോടെ പൊരുതാമെന്നും ഓർമ്മിപ്പിച്ചു. ആ വാക്കുകൾ ഫലം കണ്ടു. അടുത്ത മൂന്ന് മത്സരങ്ങളിലായി നെതർലൻഡ്‌സിനെയും ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയും വീഴ്‌ത്തിയാണ് സെമി ഉറപ്പിച്ചത്. ഒപ്പം കരുത്തരായ ദക്ഷിണാഫ്രിക്കയെ കുഞ്ഞന്മാരായ നെതർലൻഡ്‌സ് വീഴ്‌ത്തിയതിലൂടെ ലഭിച്ച ഭാഗ്യവും. തുലാസിലായിരുന്ന സെമി ബർത്ത് ബംഗ്ലാദേശിനെ തോൽപ്പിച്ച് കൈക്കലാക്കി.

ഇത്തവണയും സെമിയിൽ നേരിടേണ്ടത് ന്യൂസിലൻഡിനെയാണ്. മാർട്ടിൻ ക്രോയുടെ സംഘത്തോളം പ്രബരല്ലെങ്കിലും കെയ്ൻ വില്യംസണും സംഘവും സ്വപ്നതുല്യമായ മുന്നേറ്റമാണ് ഇതുവരെ കാഴ്ചവച്ചത്. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയെ 89 റൺസിന് കീഴടക്കി. അഫ്ഗാനെതിരായ മത്സരം മഴ തുലച്ചു. മൂന്നാം മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ചു. നാലാം മത്സരം ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും അയർലൻഡിനെ തോൽപ്പിച്ച് മികച്ച നെറ്റ് റൺറേറ്റുമായി സെമിയിലേക്ക്. കരുത്തുറ്റ പേസ് പടയും മികച്ച ബാറ്റിങ് നിരയും സ്വന്തം. എന്നാൽ പാക്കിസ്ഥാന്റെ പ്രവചനാതീതമായ സ്വഭാവമാണ് കിവീസ് ഭയക്കേണ്ടത്.

ക്രിക്കറ്റിനെ ഇത്രയധികം നെഞ്ചേറ്റുന്ന, ജീവവായു പോലെ കരുതുന്ന ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ആരാധകർ ആഗ്രഹിക്കുന്നത് ഇത്തവണത്തെ ലോകകപ്പാണ്. അയൽക്കാർ, ചിരവൈരികൾ.... ടീമിന്റെ ജയത്തിനായി ഗാലറികളിൽ ആർത്തലയ്ക്കുന്ന, ആവേശം വാനോളം ഉയർത്തുന്ന ആ ആരാധക കൂട്ടത്തെ ഈ വരുന്ന നവംബർ പതിനഞ്ചിനും മെൽബൺ സ്റ്റേഡിയത്തിൽ കാണാൻ സാധിച്ചേക്കാം. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും മാറ്റുരച്ച ആദ്യമത്സരത്തിൽ ഗാലറിയിൽ നിറഞ്ഞു കവിഞ്ഞ ആരാധകർ ഒത്തൊരുപ്പിച്ച് ഫൈനൽ പോരാട്ടത്തിലും ഗാലറിയെ സജീവമാക്കുമെന്ന് പ്രതീക്ഷിക്കാം.

അനിശ്ചിതത്വങ്ങൾക്കും കൂട്ടിക്കിഴിക്കലുകൾക്കും ഒടുവിലാണ് ഇരു ടീമുകളും സെമിയിലേക്ക് മുന്നേറിയിരിക്കുന്നത്. ഇനി സെമിയിൽ ഇന്ത്യക്ക് നേരിടേണ്ടത് ഇംഗ്ലണ്ടിനെ. പാക്കിസ്ഥാന് ന്യൂസിലൻഡും. രണ്ട് ജയത്തിന് അപ്പുറം ലോകകിരീടം കാത്തിരിക്കുന്നു എന്ന തിരിച്ചറിവ് രോഹിതിനും സംഘത്തിനും ആവേശം പകരുന്നു. അതുപോലെ ബാബർ അസമിനും കൂട്ടുകാർക്കും. 2013 ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഐസിസി കിരീടം കിട്ടാക്കനിയായ ഇന്ത്യയ്ക്ക് രോഹിത് ശർമ്മ എന്ന നായകന് കീഴിൽ തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ബാബർ അസമിനും സംഘത്തിനുമാകട്ടെ, 2017ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം പറയത്തക്ക നേട്ടങ്ങളൊന്നുമില്ല.

കഴിഞ്ഞ തവണ സെമിയിൽ പൊലിഞ്ഞ കിരീട സ്വപ്നം ഇത്തവണ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വീണ്ടുമൊരു സ്വപ്ന ഫൈനൽ വന്നാൽ, 2007 ആവർത്തിച്ചാൽ അത് ചരിത്രത്തിന്റെ തുടർച്ചയാകും....അതോ, 2019 ഏകദിന ലോകകപ്പിന് സമാനമായി ഇംഗ്ലണ്ട് - ന്യൂസിലൻഡ് കലാശപ്പോരോ?.... ഒന്നും പറയാൻ പറ്റില്ല, കാരണം ഇത് ക്രിക്കറ്റാണ്.... 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP