Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കുടുംബ വാർഷിക വരുമാനം നാലു ലക്ഷം രൂപയോ അതിൽ താഴെയോ ഉള്ളവർ; പട്ടികജാതി-വർഗ-മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ പെടാത്തവർ; കുടുംബ ഭൂസ്വത്ത് പഞ്ചായത്തിൽ 2.5 ഏക്കറിലും മുനിസിപ്പാലിറ്റിയിൽ 75 സെന്റിലും കോർപറേഷനിൽ 50 സെന്റിലും കൂടരുത്; ആകെ രണ്ടര ഏക്കറിലും അധികമാകരരുത്; സാമ്പത്തിക സംവരണത്തെ അനുകൂലിച്ച കേരളം; എതിർത്ത തമിഴ്‌നാടും; അംഗീകരിക്കുന്നത് കേന്ദ്ര നയം; ഇത് സംവരണത്തിലെ പുനർചിന്തന വിധി

കുടുംബ വാർഷിക വരുമാനം നാലു ലക്ഷം രൂപയോ അതിൽ താഴെയോ ഉള്ളവർ; പട്ടികജാതി-വർഗ-മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ പെടാത്തവർ; കുടുംബ ഭൂസ്വത്ത് പഞ്ചായത്തിൽ 2.5 ഏക്കറിലും മുനിസിപ്പാലിറ്റിയിൽ 75 സെന്റിലും കോർപറേഷനിൽ 50 സെന്റിലും കൂടരുത്; ആകെ രണ്ടര ഏക്കറിലും അധികമാകരരുത്; സാമ്പത്തിക സംവരണത്തെ അനുകൂലിച്ച കേരളം; എതിർത്ത തമിഴ്‌നാടും; അംഗീകരിക്കുന്നത് കേന്ദ്ര നയം; ഇത് സംവരണത്തിലെ പുനർചിന്തന വിധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സാമ്പത്തിക സംവരണം ഇനി ഭരണഘടനാപരം. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയതിനെതിരായ ഹർജികളിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് തീർപ്പ് കൽപ്പിക്കുകയാണ്. 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുള്ള ഹർജികളാണ് തള്ളുന്നത്.

2019 ജനുവരിയിലാണ് 103-ാമത് ഭരണഘടനാ ഭേദഗതി പാർലമെന്റ് പാസാക്കുന്നത്. ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളിൽ ഭേദഗതി ചെയതാണ് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയത്. സർക്കാർ, സ്വകാര്യ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംസ്ഥാന സർക്കാരിന് സംവരണം ഏർപ്പെടുത്താൻ സാധിക്കും. മോദി സർക്കാരിന്റെ നിർണ്ണായക തീരുമാനമായിരുന്നു ഇത്. സുപ്രീം കോടതി ഭരണഘടന ബെഞ്ച് പരിഗണിച്ച വിഷയങ്ങൾ നിർണ്ണായകമായിരുന്നു.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടന ഭേദഗതിക്കെതിരായ ഹർജികളിലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ നിർണായക വിധി. അഞ്ചംഗ ബെഞ്ചിലെ നാല് പേരാണ് സാമ്പത്തിക സംവരണം ശരിവെച്ചത്. ഒരാൾ എതിർത്തു. സാമ്പത്തിക സംവരണം ഭരണഘടനാപരമാണെന്നും ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ വിധി.

മൂന്ന് പ്രധാനപ്പെട്ട ചോദ്യങ്ങൾക്കാണ് ഭരണഘടനാ ബെഞ്ച് ഉത്തരം നൽകുന്നത്. സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണോ ? 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതാണോ? ഇതായിരുന്നു ആദ്യ ഭാഗം. ഇത് കോടതി കേന്ദ്ര സർക്കാർ തീരുമാനം ശരിയാണെന്ന തരത്തിൽ വിധിയെഴുതി.

സ്വകാര്യ അൺ എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിന് പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാൻ സംസ്ഥാനത്തെ അനുവദിക്കുക വഴി ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നുണ്ടോ? എന്നതും ചോദ്യമായി. ഇതിനൊപ്പം എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയത് ഭരണഘടന മുന്നോട്ടു വയ്ക്കുന്ന സംവരണത്തിന്റെ അടിസ്ഥാന ഘടനയെ ബാധിക്കുന്നതാണോ എന്ന ചോദ്യവും വിഷയമായി.

സംവരണത്തിന്റെ പരിധി 50 ശതമാനം കടക്കരുതെന്നാണ് ഇന്ദിര സാഹ്നി കേസിൽ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിട്ടുള്ളത്. ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധയ്ക്കേണ്ടെന്ന് മറാഠ സംവരണ കേസിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. നിലവിലുള്ള സംവരണത്തിന് പുറമെ സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതിന് കൊണ്ടുവന്ന പത്ത് ശതമാനം ഭരണഘടനാ പരമാണോ എന്ന കാര്യത്തിലും സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിലപാടോടെ തീരുമാനം കഴിയുകയാണ്. സംവരണം നൽകുന്നതിന് സാമ്പത്തികസ്ഥിതി കണക്കിലെടുക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന ഹർജിക്കാരുടെ വാദവും തള്ളി കളഞ്ഞു.

മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശം കവരുന്നില്ലെന്ന വാദം കോടതി അംഗീകരിച്ചു. അതുകൊണ്ട് തന്നെ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നില്ല. സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതിന് കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമായി 2.1 ലക്ഷം സീറ്റുകൾ അനുവദിച്ചു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികളുടെ സംവരണത്തെ അതിനാൽ ബാധിക്കില്ല. പൗരന്മാർക്ക് സാമ്പത്തിക നീതി ഉറപ്പാക്കുന്ന 103 ആം ഭരണഘടന ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ശക്തിപെടുത്തും-ഇതായിരുന്നു കേന്ദ്ര വാദം.

സാമ്പത്തിക സംവരണം ഏർപെടുത്തുന്നതിനായി കൊണ്ട് വന്ന 103-ാം ഭരണഘടന ഭേദഗതി റദ്ദാക്കണമെന്ന ആവശ്യം തമിഴ്‌നാട് സർക്കാർ അഞ്ചംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ ഉന്നയിച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ ശേഖർ നാഫ്ഡേയാണ് തമിഴ്‌നാട് സർക്കാരിനുവേണ്ടി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഹാജരായത്. 103-ാം ഭരണഘടന ഭേദഗതി സുപ്രീം കോടതി ശരിവച്ചാൽ ഇന്ദിര സാഹ്നി കേസിൽ സംവരണത്തിന് ഏർപ്പെടുത്തിയ പരിധി പുനഃപരിശോധിക്കണമെന്നും തമിഴ് നാട് സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.

സാമ്പത്തിക സംവരണ കേസിൽ ഭരണഘടന ബെഞ്ചിന് മുമ്പാകെ കേരളം നിലപാട് വ്യക്തമാക്കിയില്ല. ഏഴ് ദിവസം നീണ്ടുനിന്ന വാദത്തിനിടയിൽ കേരളത്തിന്റെ അഭിഭാഷകർ ആരും കോടതിയിൽ ഈ കേസിനായി ഹാജരായിരുന്നില്ല. ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക സംവരണം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണത്തിനുള്ള കേരള സർക്കാരിന്റെ വിജ്ഞാപനം നേരത്തെ പുറത്തു വന്നിരുന്നു. സംവരണമില്ലാത്തവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ ഉദ്യോഗാർഥികൾക്ക് സർക്കാർ നിയമനങ്ങളിൽ പത്ത് ശതമാനം നിയമനം ഇനി കിട്ടും. പട്ടികവിഭാഗത്തിലോ പിന്നോക്കവിഭാഗത്തിലോ ഉൾപ്പെടുന്നവർക്കാണ് ഇതുവരെ സംവരണം കിട്ടിയത്. അത് സംരക്ഷിച്ചുകൊണ്ടുതന്നെ മുന്നോക്ക സമുദായത്തിലെയും ക്രിസ്ത്യൻ ഉൾപ്പെടെ സംവരണാനുകൂല്യം കിട്ടാത്ത വിഭാഗങ്ങളിലെയും ഒരു ജാതിയിലും ഇല്ലാത്തവരിലെയും സാമ്പത്തികമായി പിന്നോക്കക്കാരായവർക്കാണ് കേരളത്തിൽ സംവരണം കിട്ടുക.

പുതിയ നിയമപ്രകാരം സംവരണ പരിധിയിൽപ്പെടാത്ത ജനറൽ കാറ്റഗറിയിലെ വിഭാഗങ്ങൾക്ക് കേരള സർക്കാർ ഇപ്പോൾ സംവരണം ഏർപ്പെടുത്തിയിരിക്കുന്നു, അതിൻ പ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനറൽ കാറ്റഗറിയിലെ ആളുകൾക്ക് സർക്കാർ പരീക്ഷകളിലും പൊതു പ്രവേശനപരീക്ഷകളിലും മറ്റും EWS (Economically Weaker Section) എന്ന് ചേർത്താൽ സംവരണം ലഭിക്കുന്നതാണ്. എന്നാൽ അതിനായി EWS സർട്ടിഫിക്കേറ്റ് വാങ്ങേണ്ടതുണ്ട്. സംസ്ഥാന / കേന്ദ്ര പരീക്ഷകൾക്കായി വില്ലേജ് ഓഫിസർ / തഹസിൽദാർ എന്നിവർ ആണ് സർട്ടിഫിക്കറ്റ് നൽകുക.

സംവരണത്തിന് പരിഗണിക്കുന്നവർ, മാനദണ്ഡങ്ങൾ; കേരള സർക്കാരിന്റെ 2020ലെ വിജ്ഞാപനം വിശദീകരിക്കുന്ന കാര്യങ്ങൾ ചുവടെ

കുടുംബ വാർഷിക വരുമാനം നാലു ലക്ഷം രൂപയോ അതിൽ താഴെയോ ഉള്ളവർ.
പട്ടികജാതി-- വർഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ പെടാത്തവർ
കുടുംബ ഭൂസ്വത്ത് പഞ്ചായത്തിൽ 2.5 ഏക്കറിലും മുനിസിപ്പാലിറ്റിയിൽ 75 സെന്റിലും കോർപറേഷനിൽ 50 സെന്റിലും കൂടരുത്
എല്ലായിടത്തുമുള്ള ഭൂസ്വത്ത് ആകെ രണ്ടര ഏക്കറിൽ കൂടരുത്.
മുനിസിപ്പാലിറ്റിയിലും കോർപറേഷനിലും ഭൂമിയുണ്ടെങ്കിൽ 75 സെന്റിൽ കൂടരുത്.
ഭൂവിസ്തൃതി കണക്കാക്കുമ്പോൾ സംസ്ഥാനത്തിനു പുറത്തുള്ള ഭൂമിയും പരിഗണിക്കും
കുടുംബത്തിനുള്ള ആകെ ഹൗസ് പ്ലോട്ടിന്റെ വിസ്തൃതി മുനിസിപ്പാലിറ്റിയിൽ 20 സെന്റിലും കോർപറേഷനിൽ 15 സെന്റിലും കൂടരുത്
കുടുംബത്തിന് ഒന്നിലധികം ഹൗസ് പ്ലോട്ട് ഉണ്ടെങ്കിൽ അവയെല്ലാം കൂട്ടിയാണ് പ്ലോട്ടിന്റെ വ്യാപ്തി കണക്കാക്കുക
അന്ത്യോദയ അന്നയോജന/ മുൻഗണനാ വിഭാഗങ്ങളിൽപ്പെടുന്ന റേഷൻകാർഡുള്ളവർ. ഇവർ വില്ലേജ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കണം
വരുമാന സർട്ടിഫിക്കറ്റ്, തൊട്ടുമുമ്പുള്ള സാമ്പത്തികവർഷത്തെ വരുമാനം അടിസ്ഥാനമാക്കും
കുടുംബത്തിന്റെ വസ്തുവകകളുടെ വിശദാംശം സത്യവാങ്മൂലമായി സമർപ്പിക്കണം
അവകാശവാദം വ്യാജമെന്ന് കണ്ടെത്തിയാൽ നിയമനവും പ്രവേശനവും ഉടൻ റദ്ദാക്കും
മാനദണ്ഡം മൂന്നുവർഷം കൂടുമ്പോൾ പുനഃപരിശോധിക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP