Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉപതിരഞ്ഞെടുപ്പിൽ, ഏഴിൽ നാല് സീറ്റിൽ വിജയം; ഗുജറാത്ത്, ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണുനട്ടിരിക്കുന്ന ബിജെപിക്ക് ആവേശം പകരുന്ന നേട്ടം; ഹരിയാനയിലും ഒഡിഷയിലും കാവി മുന്നേറ്റം; ബിഹാറിൽ നിതീഷിനും തേജസ്വിക്കും പരീക്ഷണം കൂടും; ഉദ്ധവ് താക്കറെ പക്ഷത്തിന് ആത്മവിശ്വാസം കൂട്ടി മഹാരാഷ്ട്രയിൽ അന്ധേരി ഈസ്റ്റിലെ ജയം

ഉപതിരഞ്ഞെടുപ്പിൽ, ഏഴിൽ നാല് സീറ്റിൽ വിജയം; ഗുജറാത്ത്, ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണുനട്ടിരിക്കുന്ന ബിജെപിക്ക് ആവേശം പകരുന്ന നേട്ടം; ഹരിയാനയിലും ഒഡിഷയിലും കാവി മുന്നേറ്റം; ബിഹാറിൽ നിതീഷിനും തേജസ്വിക്കും പരീക്ഷണം കൂടും; ഉദ്ധവ് താക്കറെ പക്ഷത്തിന് ആത്മവിശ്വാസം കൂട്ടി മഹാരാഷ്ട്രയിൽ അന്ധേരി ഈസ്റ്റിലെ ജയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴു നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലുസീറ്റിൽ ജയിച്ച ബിജെപിക്ക് മികച്ച നേട്ടം കൊയ്തു. മഹാരാഷ്ട്രയിൽ ഏക്‌നാഥ് ഷിൻഡെയുമായി തെറ്റിപ്പിരിഞ്ഞ ഉദ്ധവ് താക്കറെയും ശിവസേന വിഭാഗം, അന്ധേരി ഈസ്റ്റിൽ ജയിച്ചതും ശ്രദ്ധേയമായി. പാർട്ടിയിലെ പിളർപ്പിന് ശേഷമുള്ള ആദ്യ വിജയം.

ബിജെപിക്കൊപ്പം തെലങ്കാനയിൽ മുന്നുഗോഡയിൽ ജയിച്ച ടിആർഎസിനും, ഈ ഉപതിരഞ്ഞെടുപ്പ് നേട്ടമായി. അതേസമയം, മറ്റ് പ്രാദേശിക പാർട്ടികൾക്ക് ചില പാഠങ്ങളും. ഹരിയാന, ബിഹാർ, യുപി, ഒഡിഷ എന്നിവടങ്ങളിലായി നാല് സീററ് ബിജെപി നേടിയപ്പോൾ, ശിവസേന, ആർജെഡി, ടിആർഎസ് എന്നീ പാർട്ടികൾ, മഹാരാഷ്ട്ര, ബിഹാർ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഓരോ സീറ്റും നേടി.

തെലങ്കാനയിൽ, പൊരിഞ്ഞ പോരാട്ടത്തിലാണ് ടിആർഎസ് മുന്നുഗോഡെ എന്ന നിർണായക സീറ്റ് സ്വന്തമാക്കിയത്. 11 റൗണ്ട് വോട്ട് എണ്ണി കഴിയുമ്പോൾ പതിനായിരത്തിലധികം വോട്ടുകൾക്ക് ടിആർഎസ് സ്ഥാനാർത്ഥി കെ.പ്രഭാകർ റെഡ്ഡി വിജയിച്ചു. കോൺഗ്രസ് എംഎൽഎ കെ.രാജഗോപാൽ റെഡ്ഡി, എംഎൽഎ സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേർന്നതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. കെ.രാജഗോപാൽ റെഡ്ഡി തന്നെയാണ് ബിജെപിക്കായി കളത്തിലിറങ്ങിയത്. ശ്രാവന്തി റെഡ്ഡിയായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. മുന്നുഗോഡയിലെ ടിആർഎസ് കോട്ട പൊളിക്കാമെന്ന ബിജെപി പ്രതീക്ഷ വെറുതെയായി.

ബിഹാറിൽ, രാഷ്ട്രീയ മാറ്റത്തിന് ശേഷം നടന്ന ആദ്യ മുഖ്യ തിരഞ്ഞെടുപ്പിൽ, ബിജെപിയും ആർജെഡിയും തങ്ങളുടെ സീറ്റ് നിലനിർത്തി. ഒഡിഷയിൽ ബിജെപിയെ തറപറ്റിക്കാൻ ബിജെഡിക്കായില്ല. മുംബൈയിലെ അന്ധേരി ഈസ്റ്റ് മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ശിവസേന ഉദ്ധവ് വിഭാഗമാണ് വിജയിച്ചത്. പ്രമുഖ പാർട്ടികളൊന്നും മത്സരത്തിനില്ലാതിരുന്ന ഈ മണ്ഡലത്തിൽ വലിയ ഭൂരിപക്ഷത്തിനാണ് ഉദ്ധവ് പക്ഷം വിജയം നേടിയത്. തന്റെ പാർട്ടിയെയാണ് ജനങ്ങൾ പിന്തുണയ്ക്കുന്നതെന്ന് ഉദ്ധവ് താക്കറെ അവകാശപ്പെട്ടു. 'ഈ വിജയം ഒരു പോരാട്ടത്തിന്റെ തുടക്കമാണ്. എല്ലാ ഭാവി പോരാട്ടങ്ങളും ഐക്യത്തോടെ പൊരുതാൻ ഞാൻ ശിവസൈനികരോട് ആഹ്വാനം ചെയ്യുന്നു. ഈ തിരഞ്ഞെടുപ്പിൽ നമ്മുടെ പാർട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ചിരുന്നു. എന്നാൽ, ഇത് ആവശ്യപ്പെട്ടവർ തിരഞ്ഞെടുപ്പ് ഗോദായിലേ ഇല്ല', ഷിൻഡെയെ ലാക്കാക്കി ഉദ്ധവ് പറഞ്ഞു.

ഗുജറാത്തിലെയും ഹിമാചലിലെയും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഉപതിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് ഉത്തേജനം നൽകും.

ബിഹാറിൽ നിതീഷിനും തേജസ്വിക്കും പരീക്ഷണം

ബിഹാറിൽ ബിജെപി ഗോപാൽ ഗഞ്ചിലെയും, ആർജെഡി മോകാമയിലെയും സീറ്റുകൾ നിലനിർത്തി. മൊകാമയിൽ ആർജെഡി സ്ഥാനാർത്ഥി നീലം ദേവിയും ഗോപാൽഗഞ്ചിൽ ബിജെപിയുടെ കുസും ദേവിയുമാണു വിജയിച്ചത്. ജെഡിയു എൻഡിഎ വിട്ടശേഷം നടന്ന തിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായ ഗോപാൽഗഞ്ചിൽ ഭൂരിപക്ഷം ഇടിഞ്ഞെങ്കിലും വിജയിക്കാനായത് ബിജെപിക്ക് ആശ്വാസമായി. വാശിയേറിയ മൽസരത്തിൽ ബിജെപി സ്ഥാനാർത്ഥി കുസുംദേവി 1794 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആർജെഡി സ്ഥാനാർത്ഥി മോഹൻ കുമാർ ഗുപ്തയെ പരാജയപ്പെടുത്തിയത്. മൊകാമയിൽ ആർജെഡി സ്ഥാനാർത്ഥി നീലം ദേവി 16,741 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ സോനം ദേവിയെ തോൽപിച്ചത്.

നീതീഷ് കുമാർ എൻഡിഎ സഖ്യം വിട്ട് ആർജെഡിയും, കോൺഗ്രസുമായി ചേർന്ന ശേഷമുള്ള മുഖ്യ തിരഞ്ഞെടുപ്പായതിനാൽ ഫലം ബിജെപിക്ക് നേട്ടമായി കണക്കാക്കേണ്ടി വരും. ആർജെഡി മഹാസഖ്യ കുടക്കീഴിൽ മത്സരിച്ചപ്പോൾ, ബിജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്. ഗോപാൽഗഞ്ചിൽ ബിജെപിയെ കീഴടക്കാൻ കഴിയാത്തത് നിതീഷിനെയും തേജസ്വി യാദവിനെയും അലട്ടുമെന്ന് ഉറപ്പ്.

ഹരിയാനയിലും ഒഡിഷയിലും കാവി മുന്നേറ്റം

ഒഡിഷയിലെ ധാംനഗറിൽ ബിജെപി നേതാവ് ബിഷ്ണു ചരൺ സേതിയുടെ മരണത്തെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കായി രംഗത്തിറങ്ങിയ മകൻ സൂര്യബൻഷി സൂരജ് വിജയിച്ചു. 9881 വോട്ടുകൾക്കാണ് സൂര്യബൻഷി വിജയിച്ചത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ ഹരിയാനയിലെ അദംപുർ ബിജെപി പിടിച്ചു. കോൺഗ്രസ് എംഎൽഎ കുൽദീപ് ബിഷ്ണോയി രാജിവച്ച് ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് അദംപുരിൽ തിരഞ്ഞെടുപ്പിനു വഴിയൊരുങ്ങിയത്. 16,606 വോട്ടിനാണ് അദംപുരിൽ കുൽദീപ് ബിഷ്ണോയിയുടെ മകനും ബിജെപി സ്ഥാനാർത്ഥിയുമായ ഭവ്യ ബിഷ്ണോയിയുടെ വിജയം.

അദംപൂർ കോൺഗ്രസിന്റെ പക്കൽ നിന്ന് പിടിക്കാനായത് ഹരിയാനയിൽ ബിജെപിയുടെ ആധിപത്യം ഉറപ്പിക്കും. ഒഡിഷയിൽ നവീൻ പട്‌നായിക്കിന്റെ ബിജെഡി ആക്മപരിശോധന നടത്തേണ്ടി വരും.

യുപിയിൽ എസ്‌പിക്ക് നേട്ടമുണ്ടായില്ല

ഉത്തർപ്രദേശിലെ ബിജെപിയുടെ സിറ്റിങ് സീറ്റായ ഗൊല ഗൊരഖ്‌നാഥ് അവർ നിലനിർത്തി. ഗൊല ഗൊരഖ്‌നാഥിലെ ബിജെപി എംഎൽഎ അരവിന്ദ് ഗിരിയുടെ വിയോഗത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. അരവിന്ദ് ഗിരിയുടെ മകൻ അമൻ ഗിരിയെ രംഗത്ത് ഇറക്കി ബിജെപി വിജയം നേടുകയായിരുന്നു. 34,298 വോട്ടിനാണ് സമാജ്വാദി പാർട്ടിയുടെ വിനോദ് തിവാരിയെ അമൻ ഗിരി പരാജയപ്പെടുത്തിയത്. നേരിട്ടുള്ള പോരാട്ടത്തിൽ ബിജെപിയോട് തോറ്റത് എസ്‌പിയെ അലട്ടും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ നഷ്ടത്തിന്റെ ആഘാതം കുറയ്ക്കാനും എസ്‌പിക്കായില്ല. മുലായം സിങ് യാദവിന്റെ വേർപാടിന് ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ് ആയിരുന്നിട്ട് കൂടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP