Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'താമരാക്ഷൻ പിള്ളയായി' ഉടുത്തൊരുങ്ങി പുലർച്ചെ ആനവണ്ടി; 'പറക്കും തളിക' സിനിമയിലെ 'ദിലീപിന്റെ' അലങ്കരിച്ച ബസ് പോലൊന്നിന്റെ വരവ് കണ്ട് വീട്ടുകാരും അമ്പരന്നു; മരച്ചില്ലകൾ വെച്ചുകെട്ടി കല്യാണ ഓട്ടത്തിന് പോയ കെഎസ്ആർടിസി ബസിന്റെ വീഡിയോ വൈറലായതോടെ പണി കിട്ടി; എംവിഡി ബസ് പിടിച്ചതോടെ ഡ്രൈവറുടെ ലൈസൻസ് തെറിച്ചേക്കും

'താമരാക്ഷൻ പിള്ളയായി' ഉടുത്തൊരുങ്ങി പുലർച്ചെ ആനവണ്ടി; 'പറക്കും തളിക' സിനിമയിലെ 'ദിലീപിന്റെ' അലങ്കരിച്ച ബസ് പോലൊന്നിന്റെ വരവ് കണ്ട് വീട്ടുകാരും അമ്പരന്നു; മരച്ചില്ലകൾ വെച്ചുകെട്ടി കല്യാണ ഓട്ടത്തിന് പോയ കെഎസ്ആർടിസി ബസിന്റെ വീഡിയോ വൈറലായതോടെ പണി കിട്ടി; എംവിഡി ബസ് പിടിച്ചതോടെ ഡ്രൈവറുടെ ലൈസൻസ് തെറിച്ചേക്കും

പ്രകാശ് ചന്ദ്രശേഖർ

 കോതമംഗലം: ഒടുവിൽ 'താമരാക്ഷൻ പിള്ളയ്ക്ക്' പണി കിട്ടി. ദിലീപിന്റെ സിനിമയായ പറക്കും തളികയിലെ 'താമരാക്ഷൻ പിള്ള' എന്ന കഥാപാത്രത്തിന്റെ ബസ്സിനെ അനുകരിച്ച് അതേ രീതിയിൽ ഇലകൊണ്ടും വലിയ മരക്കൊമ്പുകൾ കൊണ്ടും തെങ്ങിന്റെ ഓലകൊണ്ടുമെല്ലാം അലങ്കരിച്ച രീതിയിൽ ഒരു ബസ്. വെറും ബസ് അല്ല, നമ്മുടെ സാക്ഷാൽ, ആനവണ്ടി എന്ന കെ എസ് ആർ ടി സി തന്നെ. സംഗതി വേറൊന്നുമല്ല കല്യാണ ഓട്ടമായിരുന്നു. സകല നിയമങ്ങളും തെറ്റിച്ചു കൊണ്ട് ആനവണ്ടിയുടെ കല്യാണ യാത്ര. കോതമംഗലം നെല്ലിക്കുഴിയിൽ നിന്നും അടിമാലിയിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ്റ്റാണ് ഹരിത ശോഭയിൽ അലങ്കരിച്ചത്.

വിവാഹ ഓട്ടത്തിന് ശേഷം മടങ്ങി എത്തിയ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത് പരിശോധന നടത്തി. വീണ്ടും സർവീസിന് അയക്കരുതെന്ന് കെഎസ്ആർടിസി കോതമംഗലം ഡിപ്പോ അധികൃതരോട് ആവശ്യപ്പെട്ടു. ഡ്രൈവറോട് നാളെ രാവിലെ 11 മണിക്ക് ഹാജരാകാൻ ജോയിന്റ് അർടിഒ നിർദ്ദേശം നൽകി. കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മറുപടി കിട്ടിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കും. വീഡിയോ കാണുമ്പോൾ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തുവെന്നാണ് പ്രാഥനിക വിലയിരുത്തലെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ മറുനാടനോട് പറഞ്ഞു.

ഇന്ന് രാവിലെയാണ് കെഎസ്ആർടിസി ബസ് ദിലീപ് ചിത്രമായ 'പറക്കും തളിക'യിലെ 'താമരാക്ഷൻ പിള്ള' ബസിനെ അനുസ്മരിപ്പിക്കും വിധം 'അലങ്കരിച്ച്' ഓട്ടം നടത്തിയത്. മരച്ചില്ലകളെല്ലാം കെട്ടിവച്ചായിരുന്നു ബസ് 'അലങ്കരിച്ചിരുന്നത്'. മരച്ചില്ലകൾ പുറത്തേക്ക് തള്ളി നൽക്കും വിധം ബസിൽ കെട്ടിവച്ചിരുന്നു. ബസിന് മുന്നിൽ സിനിമയിലേതിന് സമാനമായി 'താമരാക്ഷൻ പിള്ള' എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു. കെഎസ്ആർടിസി എന്ന് എഴുതിയിരുന്ന ഇടത്താണ് 'താമരാക്ഷൻ പിള്ള' എന്ന് എഴുതിയത്.

കോതമംഗലം നെല്ലിക്കുഴിയിൽ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് ബസ് ബുക്ക് ചെയ്തത്. കോതമംഗലം ഡിപ്പോയിലേതായിരുന്നു ബസ്. 10,000 രൂപയാണ് ഫീസ് ഈടാക്കിയത്. രണ്ട് ദിവസം മുമ്പാണ് രമേശ് എന്നയാളെത്തി കല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. സിനിമയിലേതിന് സമാനമായി ബസിന് ചുറ്റും മരച്ചില്ലകൾ വച്ചുകെട്ടുകയായിരുന്നു. ബ്രസീൽ, അർജന്റീന പതാകകളും ബസിന് മുന്നിൽ കെട്ടി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചില പൊതുപ്രവർത്തകരാണ് കോതമംഗലം പൊലീസിനെ വിവരം അറിയിച്ചത്. മോട്ടോർ വാഹന വകുപ്പിനും ദൃശ്യങ്ങൾ കൈമാറിയിരുന്നു.

തുടർന്ന് ട്രിപ്പിനിടെ തന്നെ ഡ്രൈവറെ വിളിച്ചു. ഊന്നുകൽ ഭാഗത്ത് വച്ച് ബസ് പിടിച്ചെടുത്ത് അലങ്കാരങ്ങൾ അഴിച്ചുമാറ്റിയ ശേഷമാണ് ബസ് വിട്ടത്. തിരിച്ച് ആലുവയ്ക്കുള്ള സർവീസ് നടത്തുന്നതിടെ, ഉച്ചയ്ക്ക് രണ്ടുമണിയോടെ, കോതമംഗലം താലൂക്ക് ആശുപത്രിക്ക് അടുത്ത് വച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം തടഞ്ഞു. തുടർന്ന് പരിശോധനയ്ക്ക് ശേഷം സർവീസ് തുടർന്നാൽ മതിയെന്ന് നിർദ്ദേശിക്കുകയായിരുന്നു. ബസ് ഇപ്പോൾ കോതമംഗലം ഡിപ്പോയിൽ പിടിച്ചിട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ, കെ എസ് ആർ ടിസിക്ക് എതിരെ വൻവിമർശനമാണ് ഉയർന്നത്. സ്വകാര്യ ടൂറിസ്റ്റ് വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമ്പോൾ, കോർപറേഷൻ വാഹനത്തിന് എങ്ങനെ നിയമലംഘനം നടത്താനാകുമെന്ന ചോദ്യമാണ് ഉയരുന്നത്.സംഭവം വിവാദമായതോടെ കോതമംഗലം ഡിപ്പോ അധികൃതർ പ്രതികരണവുമായി രംഗത്തെത്തി. തങ്ങൾ വാഹനം മാത്രമാണ് നൽകിയതെന്നും അലങ്കാരമെല്ലാം വാടകയ്ക്കെടുത്തവർ ചെയ്തതാണെന്നുമാണ് അധികൃതരുടെ ന്യായീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP