Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്റർനെറ്റ് അധോലോകമായ 'ഡാർക്ക് വെബിലെ' ഇരുട്ടറ മാർക്കറ്റുകൾ വഴി ലഹരിയുടെ 'ഹോം ഡെലിവറി'; ലഹരി കാർട്ടൽ ഏജന്റുമാർ കൊച്ചിയിൽ സജീവം; എല്ലാം നിയന്ത്രിക്കുന്നത് ജെന്നിഫറും സോഫിയയും; മുരളീധരൻ നായരുടെ വാട്‌സാപ്പ് സന്ദേശം അകത്താക്കിയ യുകാമയിൽ നിന്ന് കിട്ടിയത് ഞെട്ടിക്കുന്ന വിവരം; ഇന്ത്യൻ മയക്കുമരുന്ന് സാമ്രാജ്യത്തിലെ നൈജീരിയൻ റാണിമാർ കുടുങ്ങുമോ?

ഇന്റർനെറ്റ് അധോലോകമായ 'ഡാർക്ക് വെബിലെ' ഇരുട്ടറ മാർക്കറ്റുകൾ വഴി ലഹരിയുടെ 'ഹോം ഡെലിവറി'; ലഹരി കാർട്ടൽ ഏജന്റുമാർ കൊച്ചിയിൽ സജീവം; എല്ലാം നിയന്ത്രിക്കുന്നത് ജെന്നിഫറും സോഫിയയും; മുരളീധരൻ നായരുടെ വാട്‌സാപ്പ് സന്ദേശം അകത്താക്കിയ യുകാമയിൽ നിന്ന് കിട്ടിയത് ഞെട്ടിക്കുന്ന വിവരം; ഇന്ത്യൻ മയക്കുമരുന്ന് സാമ്രാജ്യത്തിലെ നൈജീരിയൻ റാണിമാർ കുടുങ്ങുമോ?

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശ്ശേരി: സിംബാബ് വേ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതിന് ചുക്കാൻ പിടിക്കുന്നത് നൈജീരിയൻ സ്വദേശിനികളായ ജെന്നിഫർ, സോഫിയ എന്നിവരാണെന്ന് കസ്റ്റംസിന്റെ കണ്ടെത്തൽ. അതിനിടെ ലഹരി മാഫിയയെ നിയന്ത്രിക്കുന്ന 11 വിദേശികളെ പിന്തുടർന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ എത്തിയതു കൊച്ചിയിലാണ്. ഇവരുടെ കൂട്ടാളികൾ പിടിക്കപ്പെട്ടതോടെയാണു രാജ്യാന്തര ലഹരി കാർട്ടലിന്റെ ഏജന്റുമാരായി പ്രവർത്തിക്കുന്ന 11 പേരുടെ ഇന്ത്യയിലെ തുടർച്ചയായ സാന്നിധ്യം കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയും നർകോട്ടിക് -ഇന്റലിജൻസ് വിഭാഗങ്ങളും തിരിച്ചറിഞ്ഞത്.

ഇവരിൽ പ്രധാനികളാണ് ജെന്നിഫറും സോഫിയയും. ജെന്നിഫർ വിദേശത്ത് ഇരുന്നാണ് എല്ലാം നിയന്ത്രിക്കുന്നത്. ജെന്നിഫറുടെ താവളം യു.കെ. ആണ്. സോഫിയ തങ്ങുന്നത് ഡൽഹിയിലും. ഓഗസ്റ്റ് 21-ന് കൊച്ചി വിമാനത്താവളത്തിൽ 36 കോടി രൂപ വില വരുന്ന 18 കിലോ മെഥാക്വിനോൾ പിടികൂടിയിരുന്നു. ഈ കേസിൽ അറസ്റ്റിലായ നൈജീരിയൻ സ്വദേശിനി യുകാമ ഇമ്മാനുവേല ഒമിഡുമിനെ അന്വേഷണ സംഘം വിയ്യൂർ ജയിലിലെത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കടത്തിന് ചുക്കാൻ പിടിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. മയക്കുമരുന്നു കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയായ നൈജീരിയ സ്വദേശിനി യുകാമ ഇമ്മാനുവേല ഒമിഡുമിനെ കുടുക്കിയത് വാട്സ് ആപ്പ് സന്ദേശത്തിലൂടെയായിരുന്നു.

കൊച്ചി വിമാനത്താവളത്തിൽ കോടികളുടെ മയക്കുമരുന്നുമായി പിടിയിലായ മുരളീധരൻ നായരുടെ ഫോണിൽനിന്ന് കസ്റ്റംസ് നൈജീരിയക്കാരിക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചു. താൻ ഡൽഹിയിലെത്തിയെന്നും ഹോട്ടൽ ജാസ്മിനിൽ 201-ാം നമ്പർ മുറിയിലുണ്ടെന്നുമായിരുന്നു സന്ദേശം. സന്ദേശം കണ്ട് മയക്കുമരുന്ന് ഏറ്റുവാങ്ങാൻ ഹോട്ടലിലെത്തിയെ നൈജീരിയക്കാരിയെ ലോബിയിൽ കാത്തുനിന്നിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഇവരിൽനിന്ന് 2.20 ലക്ഷം രൂപയും പിടിച്ചെടുത്തു. മയക്കുമരുന്നിന്റെ വിലയായി മുരളീധരൻ നായർക്കു കൊടുക്കാനുള്ള തുകയായിരുന്നു ഇത്. മുരളീധരൻ നായർ മയക്കുമരുന്നുമായി കൊച്ചിയിലെത്തിയെന്നും ഡൽഹിക്ക് തിരിക്കുകയാണെന്നും യുകാമ ഒമിഡുമിനെ അറിയിച്ചിരുന്നു. സിംബാബ്വേയിൽനിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരൻ നായരുടെ പക്കൽനിന്ന് 36 കോടി രൂപയോളം വില വരുന്ന 18 കിലോ മെഥാക്വിനോളാണ് കൊച്ചി വിമാനത്താവളത്തിൽ പിടിച്ചത്.

മുരളീധരൻ നായർ ഉണ്ണിയെ വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു. ഇന്റലിജൻസ് ബ്യൂറോ, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്, സ്‌പെഷ്യൽ ബ്രാഞ്ച്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ എന്നീ ഏജൻസികളാണ് തിങ്കളാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തി മുരളീധരൻ നായരെ ചോദ്യം ചെയ്തത്. മയക്കുമരുന്ന് കടത്ത് സംഘത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു. മയക്കുമരുന്ന് കടത്തിനു പിന്നിൽ ആഫ്രിക്കൻ സംഘമാണ്. മലയാളിയെ ഉപയോഗപ്പെടുത്തി കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിച്ചാൽ സംശയിക്കില്ല എന്ന ധാരണയിലാണ് സംഘം മുരളീധരൻ നായരെ ദൗത്യം ഏൽപ്പിച്ചത്. മുരളീധരൻ നായർ വർഷങ്ങൾക്കു മുമ്പ് യു.കെ. യിൽ ജോലിക്കായി ശ്രമിച്ചിരുന്നു. തുണിവ്യാപാരം നടത്താമെന്നു പറഞ്ഞ് മുരളീധരൻ നായരെ മയക്കുമരുന്ന് സംഘം യു.കെ. യിലേക്ക് ക്ഷണിച്ചു.

തുടർന്നാണ് സിംബാബ്വേയിൽനിന്ന് കൊച്ചി വഴി ഡൽഹിക്ക് മയക്കുമരുന്ന് എത്തിക്കുന്ന ദൗത്യം ഏൽപ്പിച്ചത്. മുരളീധരൻ നായർ മുമ്പ് അഞ്ചുവട്ടം സിംബാബ് വേയാത്ര നടത്തിയിരുന്നു. പലവട്ടം കൊച്ചിയിൽനിന്ന് ഡൽഹി യാത്രയും നടത്തിയിട്ടുണ്ട്. മയക്കുമരുന്ന് സുരക്ഷിതമായി എത്തിച്ചാൽ രണ്ട് ലക്ഷം രൂപയാണ് പ്രതിഫലം. മുരളീധരൻ നായരുടെ അറസ്റ്റാണ് നൈജീരിയൻ സ്വദേശിനികളായ ജെന്നിഫർ, സോഫിയ എന്നിവരിലേക്ക് അന്വേഷണം എത്തിയത്. യുകാമ ഇമ്മാനുവേല ഒമിഡും ഡൽഹിയിലുള്ള സോഫിയയെ ഒരു വട്ടമേ കണ്ടിട്ടുള്ളൂ. ഫോണിലൂടെയാണ് വിവരങ്ങൾ കൈമാറിയിരുന്നത്. സോഫിയയെ കണ്ടെത്താൻ കസ്റ്റംസ് ശ്രമം നടത്തുന്നുണ്ട്. എന്നാൽ, ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. വസ്ത്രവ്യാപാരത്തിന്റെ മറവിലാണ് മയക്കുമരുന്ന് കടത്ത്. സോഫിയ നൈജീരിയയിൽനിന്ന് ബിസിനസ് വിസയിലാണ് ഡൽഹിയിലെത്തിയിരിക്കുന്നത്.

യുകാമ ഇമ്മാനുവേല ഒമിഡും വിദ്യാർത്ഥി വിസയിലും. ബിസിനസ് വിസയിലും സ്റ്റുഡന്റ് വിസയിലും മെഡിക്കൽ വിസയിലുമൊക്കെ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് മയക്കുമരുന്നുമായി ചിലർ ഇന്ത്യയിലെത്തുന്നുണ്ട്. മയക്കുമരുന്ന് കൂടുതലും എത്തുന്നത് ഡൽഹിയിലേക്കാണ്. ഡൽഹിയിലെത്തുന്ന മയക്കുമരുന്ന് ആവശ്യക്കാരിലേക്ക് എത്തിക്കുന്നത് സോഫിയ മുഖേനയാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നിന്ന് അപ്രത്യക്ഷരായ 5 പേർ ആഫ്രിക്കക്കാരും 4 പേർ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും 2 പേർ ഇറാൻകാരുമാണ്. മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ വിമാനമിറങ്ങിയ ഇവർ ഏറ്റവും ഒടുവിൽ തങ്ങിയതു വില്ലിങ്ഡൻ ഐലൻഡിലെയും കൊച്ചിയിലെയും ഹോട്ടലുകളിലാണ്.

കേന്ദ്ര ഏജൻസികൾ ഹോട്ടലുകളിൽ നിന്നു ശേഖരിച്ച ഇവരുടെ തിരിച്ചറിയൽ രേഖകളും യാത്രാ രേഖകളും വ്യാജമാണെന്നു കണ്ടെത്തി. കൊച്ചിയിൽ നിന്നു കടൽ മാർഗമാണ് ഇവർ രാജ്യം വിട്ടതെന്നാണു നിഗമനം. ലക്ഷദ്വീപ് യാത്രാക്കപ്പലും രാജ്യാന്തര ചരക്കു കപ്പലുകളുമാണു കൊച്ചി തുറമുഖത്തു സ്ഥിരമായി എത്തുന്നത്. ഒക്ടോബർ മുതൽ മാർച്ച് വരെ യൂറോപ്പിൽ നിന്നുള്ള ആഡംബര യാത്രാക്കപ്പലുകളും എത്താറുണ്ട്. ഇവയിലേതെങ്കിലും വഴിയാണോ ഇവർ നാടു വിട്ടത് എന്ന കാര്യ.ം അന്വേഷണത്തിലാണ്. ഈ 11 വിദേശികളും 2 മാസത്തിലേറെക്കാലം ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ തങ്ങിയിട്ടുണ്ട്. ചില മരുന്നു നിർമ്മാണ ശാലകൾ ഇവർ സന്ദർശിച്ചതിന്റെ തെളിവുകളും ഏജൻസികൾ ശേഖരിച്ചു.

കഞ്ചാവും കറപ്പും ഉപയോഗിച്ചു നിർമ്മിക്കുന്ന ലഹരി പദാർഥങ്ങളുടെ സ്ഥാനത്തു രാസലഹരി മരുന്നുകൾ രാജ്യത്തേക്കു വലിയ തോതിൽ എത്തുന്നുണ്ട്. കോവിഡ് ലോക്ഡൗൺ കാലത്താണു രാസലഹരിയുടെ വ്യാപാരം കേരളത്തിലും വർധിച്ചത്. ഇന്റർനെറ്റ് അധോലോകമായ 'ഡാർക്ക് വെബിലെ' ഇരുട്ടറ മാർക്കറ്റുകൾ വഴി ലഹരിയുടെ 'ഹോം ഡെലിവറി' ആരംഭിച്ചതും കോവിഡിനു ശേഷമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ലഹരി കാർട്ടൽ ഏജന്റുമാരെ കണ്ടെത്താനുള്ള അന്വേഷണമാണ് ഒടുവിൽ കൊച്ചിയിൽ എത്തി നിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP