Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെൻഷൻ പ്രായം ഉയർത്തൽ പാർട്ടി നയമല്ലെന്നും അതുകൊണ്ടാണ് ആദ്യം പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചതെന്നും വിശദീകരണം; പൊതുമേഖലാ സ്ഥാപനങ്ങളുടെ പൊതുചട്ടക്കൂട് തയാറാക്കുന്നതിന്റെ ഭാഗമായി വന്ന തീരുമാനമെന്നും മുഖ്യമന്ത്രി; സംസ്ഥാന സമിതിയിലേക്ക് വിവാദം നീട്ടാൻ പിണറായിക്ക് താൽപ്പര്യമില്ല; സിപിഎമ്മിൽ ഗോവിന്ദന്റെ ആദ്യ വിജയമോ?

പെൻഷൻ പ്രായം ഉയർത്തൽ പാർട്ടി നയമല്ലെന്നും അതുകൊണ്ടാണ് ആദ്യം പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചതെന്നും വിശദീകരണം; പൊതുമേഖലാ സ്ഥാപനങ്ങളുടെ പൊതുചട്ടക്കൂട് തയാറാക്കുന്നതിന്റെ ഭാഗമായി വന്ന തീരുമാനമെന്നും മുഖ്യമന്ത്രി; സംസ്ഥാന സമിതിയിലേക്ക് വിവാദം നീട്ടാൻ പിണറായിക്ക് താൽപ്പര്യമില്ല; സിപിഎമ്മിൽ ഗോവിന്ദന്റെ ആദ്യ വിജയമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിച്ച ധനവകുപ്പിന്റെ ഉത്തരവ് പിൻവലിച്ചതിന് പിന്നാലെ വിവാദങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പെൻഷൻ പ്രായം ഉയർത്തൽ പാർട്ടി നയമല്ലെന്നും അതുകൊണ്ടാണ് ആദ്യം പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചതെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പൊതുചട്ടക്കൂട് തയാറാക്കുന്നതിന്റെ ഭാഗമായി വന്ന തീരുമാനമാണെന്നും പിണറായി വിജയൻ പാർട്ടിയെ ബോധിപ്പിച്ചു. പെൻഷൻ പ്രായവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അവസാനിപ്പിക്കാൻ സിപിഎമ്മിനുള്ളിൽ ധാരണയായെന്നാണ് സൂചന. ശനിയാഴ്ച സംസ്ഥാന കമ്മിറ്റിക്ക് മുൻപ് വിവാദം അവസാനിപ്പിക്കുകയെന്നത് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി വിശദീകരണം നൽകിയത്.

പാർട്ടിയിൽ ആലോചിക്കാതെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം കൂട്ടിയതിലെ കടുത്ത അതൃപ്തി പരസ്യമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ രംഗത്തെത്തിയിരുന്നു. നയപരമായ വിഷയങ്ങളിൽ സർക്കാർ ഏകപക്ഷീയ തീരുമാനമെടുക്കുന്നത് അംഗീകരിക്കില്ലെന്ന ശക്തമായ സന്ദേശമാണ് എംവി ഗോവിന്ദൻ നൽകിയത്.

പാർട്ടി സെക്രട്ടറിയായ ശേഷം ആദ്യമായാണ് സർക്കാറിന്റെ തീരുമാനത്തെ എംവി ഗോവിന്ദൻ പരസ്യമായി വിമർശിക്കുന്നത്. പെൻഷൻ പ്രായം ഉയർത്തൽ സർക്കാർ തിരുത്തിയെങ്കിലും പ്രശ്‌നത്തിൽ കടുത്ത ആശയ ഭിന്നതയാണ് പാർട്ടിയിലും സർക്കാറിലുമിപ്പോഴുമുള്ളത്. ധനവകുപ്പ് മാത്രമല്ല മുഖ്യമന്ത്രിയും കൂടിയാണ് പാർട്ടി സെക്രട്ടറിയുടെ വിമർശനത്തിലൂടെ പ്രതിക്കൂട്ടിലായത്.

കോടിയേരി പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ സർക്കാർ-പാർട്ടി ഏകോപനം ശക്തമായിരുന്നു. തിരുത്തലുകൾ പുറത്തേക്ക് വന്നിരുന്നില്ല. എന്നാൽ, നയപരമായ കാര്യങ്ങളിൽ പാർട്ടിയുടേതാണ് തീരുമാനമെന്ന പഴയ ശൈലിയിലേക്കുള്ള തിരിച്ചുപോക്കാണ് ഗോവിന്ദൻ ആഗ്രഹിക്കുന്നത്.

നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുംമുമ്പ് പാർട്ടിയും മുന്നണിയും അറിയണമെന്ന വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പെൻഷൻ പ്രായ വിഷയം മുൻനിർത്തി സർക്കാറിന് നൽകുന്നതും. തീരുമാനങ്ങൾ പാർട്ടിയിൽ റിപ്പോർട്ട് ചെയ്യുമ്പോൾ അറിയുന്ന രീതി അദ്ദേഹം താൽപര്യപ്പെടുന്നില്ല. ഇക്കാര്യത്തിൽ മുൻഗാമി കോടിയേരി ബാലകൃഷ്ണന്റെ ശൈലിയല്ല പിന്തുടരുന്നതെന്ന സൂചനയാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.

സർക്കാർ നടപടി പിൻവലിച്ച ശേഷം പാർട്ടിക്ക് അറിവില്ലായിരുന്നു, പാർട്ടി നയത്തിനനുസരിച്ചായിരുന്നില്ല എന്നൊക്കെ വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി മാധ്യമങ്ങൾക്കുമുന്നിൽ പ്രതികരിക്കുന്ന സംഭവം മുമ്പ് അധികമില്ല. പിണറായി ഒന്നും രണ്ടും സർക്കാറിന്റെ ഇതുവരെയുള്ള കാലയളവിലും പാർട്ടി പരസ്യമായി സർക്കാറിനെ തിരുത്തിയിരുന്നില്ല. പെൻഷൻ പ്രായ വർധന വിഷയത്തിൽ മുഖ്യമന്ത്രിതന്നെ ഇടപെട്ട് തീരുമാനം മരവിപ്പിച്ച ശേഷമാണ് എം വി ഗോവിന്ദന്റെ പരസ്യപ്രതികരണമെന്നതും ശ്രദ്ധേയമാണ്.

ഗോവിന്ദൻ തലപ്പത്തേക്ക് വരുമ്പോൾ പാർട്ടിയുടെ ശൈലിയിൽ എന്തു മാറ്റം വരുമെന്ന ആകാംക്ഷയുണ്ടായിരുന്നു. അതിനുള്ള മറുപടിയായി ഈ നിലപാടിനെ വിലയിരുത്തുന്നവരുണ്ട്. പാർട്ടി അധികാരകേന്ദ്രമാകരുതെന്നും സർക്കാറിന്റെ ദൈനംദിന കാര്യത്തിൽ ഇടപെടൽ വേണ്ടെന്നും നയപരമായ കാര്യം അറിയണമെന്നുമുള്ള ശൈലിയായിരുന്നു കോടിയേരിക്ക്. പാർട്ടി നിലപാടിന് വിരുദ്ധമാണെങ്കിലും പരസ്യ പ്രതികരണം അദ്ദേഹം നടത്തിയിരുന്നില്ല. അതുമായി താരതമ്യം ചെയ്യുമ്പോൾ എം വി ഗോവിന്ദന്റേത് ശൈലീമാറ്റമായി കാണാം. എല്ലാം പാർട്ടി അറിയണമെന്ന സന്ദേശം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുകയാണ് അദ്ദേഹം.

പാർട്ടി അറിയാതെ എടുത്ത തീരുമാനം ആയതുകൊണ്ടാണു മുഖ്യമന്ത്രി മുൻകയ്യെടുത്ത് അതു മരവിപ്പിച്ചത് എകെജി സെന്ററിനു പുറത്ത് ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞത്. പാർട്ടി അറിയാതെ എടുക്കുന്ന തീരുമാനങ്ങൾ അകാലചരമം അടയുമെന്ന് മറ്റൊരു അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു. സർക്കാരിൽ പാർട്ടി പിടിമുറുക്കുന്നതിന്റെ സൂചന ഗോവിന്ദന്റെ പ്രതികരണത്തിൽ പ്രകടമായി. പെൻഷൻപ്രായം ഉയർത്താനുള്ള തീരുമാനം ബുധനാഴ്ച മന്ത്രിസഭാ യോഗം മരവിപ്പിച്ച ശേഷവും ഇക്കാര്യത്തിൽ അദ്ദേഹം അതൃപ്തി പരസ്യമാക്കിയതും ശ്രദ്ധേയം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങൾ ഇന്ന് ആരംഭിക്കാനിരിക്കെയാണ് പുതിയ സെക്രട്ടറി തന്റെ പ്രവർത്തനശൈലി വ്യക്തമാക്കിയത്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻപ്രായം അറുപത് ആക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയതിൽ നോട്ടക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി നേരത്തെ പരോക്ഷമായി സമ്മതിച്ചിരുന്നു. 200 പേജുള്ള വലിയ റിപ്പോർട്ടിലെ ചെറിയ ഭാഗം ശ്രദ്ധയിൽപെടാതെ പോയി എന്നാണ് മുഖ്യമന്ത്രി നേരത്തെ മന്ത്രിസാഭായോഗത്തിൽ പറഞ്ഞത്. എന്നാൽ ഒരുമാസമായി റിപ്പോർട്ട് കൈവശംവച്ച ചില മന്ത്രിമാർ എന്തുകൊണ്ട് ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽകൊണ്ടുവന്നില്ല എന്നതിന് വിശദീകരണമില്ല.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻപ്രായം 60 ലേക്ക് ഉയർത്തി ഏകീകരിക്കാനുള്ള ഉത്തരവ് പിൻവലിച്ചത് മുഖ്യമന്ത്രിയെടുത്ത ഭരണപരവും രാഷ്ട്രീയവുമായ തീരുമാനമായിരുന്നു. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രതിഷേധം വ്യാപിക്കുന്നുവെന്ന് തിരിച്ചറിഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. 200 പേജുള്ള വലിയ റിപ്പോർട്ടിലെ ചെറിയ ഭാഗമായിരുന്നു 60 വയസ്സിലേക്ക് പെൻഷൻപ്രായം ഉയർത്തുന്നതെന്നും ഇക്കാര്യം ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. ഇതോടെ ധന, വ്യവസായ മന്ത്രിമാർക്ക് നേരെ ഉയരാനിടയുള്ള വിമർശനങ്ങളെ തടയിടുകയായിരുന്നു ലക്ഷ്യം.

എന്നാൽ റിപ്പോർട്ട് ഒരു മാസത്തിലേറെയായി മന്ത്രിമാരുടെ കൈവശം ഉണ്ടായിരുന്നു. പഠിക്കണം എന്നു പറഞ്ഞാണ് മന്ത്രിമാർ റിപ്പോർട്ട് കൈവശം വച്ചിരുന്നത്. അവർ ഇത് കൃത്യമായി വായിക്കുകയോ 60 വയസ്സുസംബന്ധിച്ച സുപ്രധാന ശുപാർശ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയോ ചെയ്തില്ല. മാത്രമല്ല ഇടത് മുന്നണിയിൽ ചർച്ചചെയ്യേണ്ട നയപരമായ തീരുമാനം നേരെ മന്ത്രിസഭയിൽ കൊണ്ടുവരികയും ചെയ്തു.

എൽഡിഎഫിൽ ചർച്ച ചെയ്യാതെ ഉത്തരവിൽ കടന്നു കൂടിയ 60 വയസ്സെന്ന തീരുമാനം മരവിപ്പിക്കുന്നതാണ് നല്ലതെന്നുകൂടി മുഖ്യമന്ത്രി പറഞ്ഞതോടെയാണ് ഉത്തരവ് മരവിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ഇനി ഓരോ പൊതുമേഖലാ സ്ഥാപനത്തിന്റേയും അവസ്ഥ പ്രത്യേകം പഠിച്ച് ഉത്തരവിറക്കാനാണ് തീരുമാനം. ഇപ്പോൾ 56,58,60 വയസ്സെന്ന വ്യത്യസ്ത നിലയിലാണ് പലസ്ഥാപനങ്ങളിലെയും വിരമിക്കൽപ്രായം.

ഒക്ടോബർ 26 ലെ സംസ്ഥാന മന്ത്രിസഭാ യോഗമാണ് പെൻഷൻ പ്രായം ഉയർത്താൻ അനുമതി നൽകിയത്. ഒക്ടോബർ 29 ന് ഇത് സംബന്ധിച്ച് ഇറക്കിയ വിവാദ ഉത്തരവിനെതിരെ പ്രതിപക്ഷത്തിന് ഒപ്പം ഇടത് മുന്നണിക്കുള്ളിൽ നിന്നും പ്രതിഷേധമുണ്ടായി.

തുടർന്ന് നവംബർ 2 ലെ മന്ത്രിസഭ യോഗത്തിൽ പെൻഷൻ പ്രായം ഉയർത്തിയ ഉത്തരവ് റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. ഓരോ പൊതുമേഖല സ്ഥാപനത്തിന്റേയും നിലവിലുള്ള സ്ഥിതി വിശദമായി പരിശോധിച്ചതിന് ശേഷം ആവശ്യമായ പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കുന്നതായിരിക്കുമെന്ന് ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇറക്കിയ ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്. 128 സ്ഥാപനങ്ങളിലാണ് പെൻഷൻ പ്രായം ഉയർത്തിയത്. ഓരോ സ്ഥാപനത്തിനും വെവേറെ ഉത്തരവുകൾ ഇറങ്ങുമെന്നാണ് ധനവകുപ്പിന്റെ ഉത്തരവിൽ നിന്ന് വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP