Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംവിധായികയ്ക്ക് എല്ലാ പിന്തുണയും നൽകി സംസ്ഥാനത്തെ പ്രമുഖ മന്ത്രി! ഷൂട്ടിങ് സെറ്റുകളിൽ പെൺകുട്ടികളെ എത്തിച്ചെന്നും ലഹരി മരുന്ന് വ്യാപാരം നടന്നുവെന്നും ഗുരുതര ആരോപണം; സംവിധായിക ലക്ഷ്മി ദീപ്തിയുടെ മുൻകൂർ ജാമ്യ ഹർജിയിലെ വിധി നിർണ്ണായകം; ഒടിടി മറവിലെ നീലച്ചിത്ര നിർമ്മാണക്കേസ് പുതിയ തലത്തിലേക്ക്

സംവിധായികയ്ക്ക് എല്ലാ പിന്തുണയും നൽകി സംസ്ഥാനത്തെ പ്രമുഖ മന്ത്രി! ഷൂട്ടിങ് സെറ്റുകളിൽ പെൺകുട്ടികളെ എത്തിച്ചെന്നും ലഹരി മരുന്ന് വ്യാപാരം നടന്നുവെന്നും ഗുരുതര ആരോപണം; സംവിധായിക ലക്ഷ്മി ദീപ്തിയുടെ മുൻകൂർ ജാമ്യ ഹർജിയിലെ വിധി നിർണ്ണായകം; ഒടിടി മറവിലെ നീലച്ചിത്ര നിർമ്മാണക്കേസ് പുതിയ തലത്തിലേക്ക്

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: ഒടിടി പ്ലാറ്റ്‌ഫോമിന്റെ മറവിൽ യുവതി - യുവാക്കളെ കബളിപ്പിച്ച് അശ്ലീല രംഗങ്ങളിൽ അഭിനയിപ്പിച്ച് നീലച്ചിത്ര നിർമ്മാണം നടത്തിയെന്ന കേസിൽ യെസ്മ വെബ് സീരീസ് മാനേജിങ് ഡയറക്ടറും സംവിധായികയുമായ കോട്ടയം സ്വദേശിയും മുട്ടട നിവാസിയുമായ ശ്രീല. പി. മണിയെന്ന ലക്ഷ്മി ദീപ്തിയുടെ മുൻകൂർ ജാമ്യഹർജിയിൽ നവംബർ 8 ന് ഉത്തരവ് പറയും. കോടതി നിർദ്ദേശപ്രകാരം സൈബർ ക്രൈം പൊലീസും കോവളം , വിഴിഞ്ഞം പൊലീസും കേസ് ഡയറി ഫയലുകൾ ഒക്ടോബർ 4 ന് ഹാജരാക്കി. 3 കേസുകളിലായിരുന്നു കോടതി ഉത്തരവ്.

സിറ്റി സൈബർ ക്രൈം പൊലീസും കോവളം, വിഴിഞ്ഞം പൊലീസും റിപ്പോർട്ടുകൾ ബുധനാഴ്ച ഹാജരാക്കി. സൈബർ ക്രൈം കേസിൽ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസുന്മോഹനാണ് കേസ് ഡയറി ഫയൽ ഹാജരാക്കാൻ ഉത്തരവിട്ടത്. കോവളം , വിഴിഞ്ഞം ക്രൈം കേസുകളിൽ തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് സി ഡി ഫയൽ ഹാജരാക്കാൻ ഉത്തരവിട്ടത്. കോവളം കേസിൽ ഒന്നാം പ്രതി ലക്ഷ്മി ദീപ്തയും രണ്ടാം പ്രതി എ. എൽ. അബിസൺ ആണ്. വിവരമത്തിലെ വകുപ്പ് 67 (എ) (ലൈംഗികത പ്രകടമാക്കുന്ന പ്രവൃത്തികളോ പെരുമാറ്റങ്ങളോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയോ അയക്കുകയോ അയക്കാൻ കാരണമാക്കുകയോ ചെയ്യൽ) പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. കുറ്റം തെളിയുന്ന പക്ഷം 5 വർഷം വരെയുള്ള കഠിന തടവും 10 ലക്ഷം രൂപ വരെ പിഴയും ശിക്ഷ വിധിക്കാവുന്ന ജാമ്യം ലഭിക്കാത്ത കുറ്റമാണ്.

യുവതീ യുവാക്കളുടെ പരാതിയിലെടുത്ത 4 അശ്ലീല വീഡിയോ കേസുകളിൽ സംവിധായക 4 മുൻകൂർ ജാമ്യഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. ഒരു കേസിൽ ഇവരുടെ സഹായി എ .എൽ .അബിസൺ രണ്ടാം പ്രതിയാണ്. '' ആക്റ്റർ എംപ്ലോയ്മെന്റ് കരാർ '' വ്യവസ്ഥകൾ വിശദീകരിച്ച് പരസ്പരം സമ്മതിച്ച് ഒപ്പു വച്ചാണ് താനും നടീ നടന്മാരും കരാർ നടപ്പിലാക്കിയതെന്നും പറഞ്ഞുറപ്പിച്ച പ്രതിഫലം നൽകിയെന്നും എന്നാൽ വ്യാജ പരാതികളിൽ തന്നെ സൈബർ പൊലീസ് വേട്ടയാടുകയാണെന്നുമാണ് സംവിധായകയുടെ ജാമ്യഹർജിയിൽ പറയുന്നത്. താൻ രണ്ട് മൈനർ മക്കളുടെ മാതാവാണ്. താൻ നിരപരാധിയും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും ബോധിപ്പിച്ചു.

അതേ സമയം അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഗൗരവമേറിയ കുറ്റം ആരോപിക്കപ്പെടുന്ന പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാൽ ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യം നൽകരുതെന്നും അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാർ വാദിച്ചു. ഷൂട്ടിങ് സെറ്റുകളിൽ പെൺകുട്ടികളെ എത്തിക്കാറൂണ്ടായിരുന്നുവെന്നും ലഹരി മരുന്ന് വ്യാപാരം നടന്നുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങൾ പരാതിക്കാരനായ യുവാവ് ഒക്ടോബർ 23 ന് വെളിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങൾ അടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങൾ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു.

കബളിപ്പിച്ച് അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന സംഭവത്തിൽ ഉന്നത ഇടപെടൽ നടന്നുവെന്ന് ആരോപിച്ച് പരാതിക്കാരനായ നടൻ രംഗത്തു വരികയായിരുന്നു. പൊലീസിൽ പരാതി നൽകിയിട്ടും തന്നെ കബളിപ്പിച്ച സംവിധായക ലക്ഷ്മി ദീപ്തക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അതിന് പിന്നിൽ ഒരു മന്ത്രിയുടെ ഇടപെടലാണെന്നുമാണ് യുവാവ് ആരോപിക്കുന്നത്. സംവിധായകയായ ലക്ഷ്മി ദീപ്തക്കെതിരെ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയെന്നതടക്കം എട്ടോളം പരാതികളാണ് നിലവിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഉള്ളതെന്നും യുവാവ് പറയുന്നു.

യുവാവിന്റെ ആരോപണങ്ങൾ ഇങ്ങനെ:

ഷൂടിങ് നടന്ന സ്ഥലത്തേക്ക് സംവിധായിക ചെറിയ പെൺകുട്ടികളേയും എത്തിച്ചിരുന്നു. പെൺവാണിഭവും മയക്കുമരുന്ന് കച്ചവടവും ഷൂടിങിന്റെ മറവിൽ നടക്കുന്നുണ്ട്. സംവിധായികയ്ക്ക് എല്ലാ പിന്തുണയും നൽകി സംസ്ഥാനത്തെ പ്രമുഖ മന്ത്രിയുണ്ട്. അതുകൊണ്ടാണ് ലക്ഷ്മി ദീപ്തക്കെതിരെ നിയമനടപടി സ്വീകരിക്കാത്തത്.

കായംകുളത്ത് നിന്നും കരുനാഗപ്പള്ളിയിൽ നിന്നും പതിനാറ് വയസുള്ള രണ്ട് പെൺകുട്ടികളെ കൊണ്ടുവന്നിരുന്നു. ക്യാമറാമാന്റെ മുറിയിലായിരുന്നു അവർ താമസിച്ചിരുന്നത്. ഷൂടിങ് നടക്കുന്ന സ്ഥലത്ത് ചെറിയ പെൺകുട്ടികളെയടക്കം എത്തിച്ചിരുന്നു. പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ഷൂടിങ്ങിന് വരുന്ന പലരേയും ലഹരിക്കടമയാക്കുകയാണ് ചെയ്യുന്നത്. എന്നെപ്പോലെ കബളിപ്പിക്കപ്പെട്ട നിരവധി പേരുണ്ട്. ഞാൻ പരാതികൊടുത്തതിന് പിന്നാലെ ഇവർക്കെതിരേ നിരവധി പേരാണ് പരാതിയുമായി എത്തുന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് പരാതികൊടുത്തിട്ടും പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

എന്നെ സംരക്ഷിക്കാനോ എനിക്കൊപ്പം നിൽക്കാനോ ആരും ഇല്ല. ലക്ഷ്മിദീപ്തയും സംഘവും എന്നെ ഭീഷണിപ്പെടുത്തുന്നില്ല പകരം മാനസികമായി തളർത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി തന്നെ തന്റെ പേര് വെളിപ്പെടുത്തുകയും വീഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. എന്നെപ്പോലെ ഒരാളും ഇനിയും ചതിയിൽപ്പെടരുത്. ഇവർക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം . കൊച്ചി കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സിനിമ പ്രമോഷൻ ആപ് ആയ മോളിവുഡ് ഡയറിയുടെ ഡയറക്ടർ കൂടിയാണ് അശ്ലീല വീഡിയോ ചിത്രീകരിച്ച വീഡിയോയുടെ സംവിധായികയായ ലക്ഷ്മി ദീപ്ത. മോളിവുഡ് ഡയറി എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടികൾ നേരത്തെ ഇവർക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നു.

ശമ്പളം കിട്ടാത്തതിനെതിരെ പരാതിപ്പെട്ട പെൺകുട്ടികളെ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ ഫോടോ പ്രചരിപ്പിച്ച് അപമാനിക്കാൻ ശ്രമിക്കുന്നതായുള്ള പരാതിയാണ് നൽകിയത്. 2021 മെയ്‌ മാസത്തിലാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്. കൂടാതെ സ്ഥാപനത്തിന്റെ മറവിൽ 50 ലക്ഷത്തോളം രൂപയും തട്ടിപ്പ് നടത്തിയതായുള്ള ആരോപണവും ഉണ്ടായിരുന്നു. എന്നാൽ ഈ കേസിലടക്കം പൊലീസ് കൃത്യമായി അന്വേഷണം നടത്തുകയോ ലക്ഷ്മി ദീപ്തക്കെതിരേ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

കോവിഡ് ലോക് ഡൗൺ കാരണമാണ് ഇവരെ വിളിച്ച് വരുത്താത്തതെന്നും ലോക് ഡൗൺ മാറിയാൽ ഇവർക്കെതിരേ നടപടി ഉണ്ടാകുമെന്നുമാണ് അന്ന് പൊലീസ് പറഞ്ഞത്. എന്നാൽ ഇതുവരേയും ഈ കേസുമായി ബന്ധപ്പെട്ട് ലക്ഷ്മി ദീപ്തക്കെതിരേ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ഇവർക്കെതിരേ അന്ന് പരാതി നൽകിയവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP