Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലത്തീൻ സഭയുടെ പ്രതിഷേധത്തെ നേരിടാൻ പട്ടാളം എത്തുന്നു; പൊലീസ് ആസ്ഥാനത്ത് എത്തി വിവരങ്ങൾ തേടി കേന്ദ്ര സേനാ ഉദ്യോഗസ്ഥർ; പൊലീസ് മേധാവിയുമായി നടത്തിയത് വിശദമായ ചർച്ച; വിഴിഞ്ഞം സമരം രാജ്യവിരുദ്ധമാണെന്ന മന്ത്രിയുടെ പ്രസ്താവന ഗൗരവത്തോടെ എടുത്ത് സൈന്യം; കടലിൽ നേവിയും കാവലിന് എത്തിയേക്കും; അദാനിക്ക് ഉടൻ പണി പുനരാരംഭിക്കാനായേക്കും; വിഴിഞ്ഞത്ത് കേസെടുക്കലും

ലത്തീൻ സഭയുടെ പ്രതിഷേധത്തെ നേരിടാൻ പട്ടാളം എത്തുന്നു; പൊലീസ് ആസ്ഥാനത്ത് എത്തി വിവരങ്ങൾ തേടി കേന്ദ്ര സേനാ ഉദ്യോഗസ്ഥർ; പൊലീസ് മേധാവിയുമായി നടത്തിയത് വിശദമായ ചർച്ച; വിഴിഞ്ഞം സമരം രാജ്യവിരുദ്ധമാണെന്ന മന്ത്രിയുടെ പ്രസ്താവന ഗൗരവത്തോടെ എടുത്ത് സൈന്യം; കടലിൽ നേവിയും കാവലിന് എത്തിയേക്കും; അദാനിക്ക് ഉടൻ പണി പുനരാരംഭിക്കാനായേക്കും; വിഴിഞ്ഞത്ത് കേസെടുക്കലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം സജീവമാക്കാൻ സൈന്യം ഇടപെടും. സമരം ചെയ്യുന്നവർക്കെതിരെ പൊലീസ് നടപടികളെടുത്ത് തുടങ്ങിയിരുന്നു. ലാത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം പുരോഗമിക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന നൂറാം ദിവസത്തെ സമരം അക്രമാസക്തമായതോടെയാണ് പൊലീസ് നടപടികൾ കടുപ്പിച്ചത്. ഈ സമരത്തിൽ ഇതുവരെ 102 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെയാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ കേന്ദ്ര സേനയുടെ ഇടപെടൽ തുടങ്ങുന്നത്. അദാനിയാണ് തുറമുഖ നിർമ്മാണം നടത്തുന്നത്. തുറമുഖ നിർമ്മാണം തടസ്സപ്പെട്ട സാഹചര്യത്തിൽ അദാനി പോർട്ടാണ് ഹൈക്കോടതിയിൽ എത്തിയത്. ഈ ഹർജിയുടെ ഫലമായാണ് സൈനിക ഇടപെടൽ.

തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ഉന്നത സൈനിക മേധാവികളെത്തി ഡിജിപിയുമായി വിവരങ്ങൾ ആരാഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സുരക്ഷ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കേന്ദ്ര സേനയ്ക്ക് സുരക്ഷ കൈമാറണമെന്ന നിർദ്ദേശം ഹൈക്കോടതിയിൽ നിന്നുണ്ടായിരുന്നു. കേരളാ പൊലീസിന് സുരക്ഷയൊരുക്കാൻ കഴിയുന്നതുമില്ല. മാസങ്ങളായി തുറമുഖ നിർമ്മാണം നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര സേന ഇടപെടൽ നടത്തുന്നത്. താമസിയാതെ വിഴിഞ്ഞം തുറമുഖത്തിന്റെ നിയന്ത്രണം കേന്ദ്ര സേന ഏറ്റെടുത്തേക്കും. കരയിൽ നിന്നും കടലിൽ നിന്നും പ്രതിഷേധമുണ്ട്. അതിനാൽ നേവിയും സുരക്ഷയൊരുക്കാൻ എത്തുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് കേരളാ പൊലീസിൽ നിന്ന് വിവരങ്ങൾ തേടുന്നത്.

കേരളത്തിലേയും ഡൽഹിയിലേയും പ്രധാന ഉദ്യോഗസ്ഥർ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. പൊലീസ് മേധാവിയുമായി വിശദമായി തന്നെ അവർ കാര്യങ്ങൾ സംസാരിച്ചു. കേരളാ പൊലീസിനെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള നടപടിയാകും കേന്ദ്ര സേന എടുക്കുന്നത്. വിഴിഞ്ഞം സമരം പൊലീസിനും പ്രതിസന്ധിയിലാണ്. തൃശൂർ വരെയുള്ള പൊലീസ് സ്‌റ്റേഷനുകളിൽ നിന്നാണ് സമരക്കാരെ നേരിടാനുള്ള പൊലീസിനെ നിയോഗിച്ചിരിക്കുന്നത്. ഇത് സ്‌റ്റേഷനുകളുടേയും പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. പൊലീസ് ക്യാമ്പിലെ പൊലീസുകാരെ നിയോഗിച്ചാൽ സംഘർഷ സാധ്യത ഉയരുമെന്ന തിരിച്ചറിവിലാണ് പരിചയ സമ്പന്നരായ സ്റ്റേഷൻ ഡ്യൂട്ടി ചെയ്യുന്നവരെ വിഴിഞ്ഞത്തേക്ക് മാറ്റിയത്. അതുകൊണ്ട് തന്നെ സമരക്കാരുടെ പ്രകോപനങ്ങൾ പോലും വലിയ സംഘർഷമായില്ല. എന്നാൽ പൊലീസ് സ്‌റ്റേഷനുകളെ ആളൊഴിഞ്ഞ ഇടങ്ങളാക്കിയാൽ മറ്റ് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകും. ഇത് മനസ്സിലാക്കിയാണ് കേന്ദ്ര സേനയെ വിഴിഞ്ഞം ഏൽപ്പിക്കാമെന്ന പൊതു ധാരണ പൊലീസിനുള്ളിൽ രൂപപ്പെടുന്നത്. സർക്കാരും ഹൈക്കോടതിയുടെ അനുമതിയോടെ എല്ലാം കേന്ദ്ര സേനയെ എൽപ്പിക്കാൻ ഒരുക്കമാണ്.

വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെടുത്തിക്കൊണ്ടുള്ള സമരം രാജ്യവിരുദ്ധമാണെന്നും നിർമ്മാണം നിറുത്തിവയ്ക്കുന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും മന്ത്രി വി.അബ്ദു റഹ്‌മാൻ ആരോപിച്ചിരുന്നു. രാജ്യ താത്പര്യത്തെ എതിർക്കുന്ന സമരം പാടില്ല. തുറമുഖ നിർമ്മാണം നിറുത്തിവച്ചു കൊണ്ടുള്ള പഠനം എന്ന ആവശ്യത്തെയാണ് സർക്കാർ എതിർക്കുന്നത്.വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാദ്ധ്യതകളാണുള്ളത്. 2015ൽ കാരാറിൽ ഏർപ്പെടുന്നതിന് മുമ്പു തന്നെ എല്ലാ പഠനങ്ങളും നടത്തിയിരുന്നു. ഇപ്പോഴത്തെ സമരസമിതിയിൽ ഉള്ളവരുടെ അറിവോടെയാണ് കരാറിൽ ഏർപ്പെട്ടത്. തുറമുഖ നിർമ്മാണത്തിനായി ഇതിനോടകം കോടിക്കണക്കിന് രൂപ മുടക്കിക്കഴിഞ്ഞു. ഇതിന് ആര് സമാധാനം പറയുമെന്ന് സമരസമിതി പറയണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം തുറമുഖ സമരം രാജ്യ വിരുദ്ധമാണെന്ന് മന്ത്രി തന്നെ പറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്ര സേന എത്തുന്നതെന്നതും നിർണ്ണായകമാണ്.

ഇതിനിടെയാണ് പൊലീസ് നടപടികളും തുടങ്ങിയത്. പൊതുമുതൽ നശിപ്പിക്കുക, സംഘം ചേരൽ, സഞ്ചാര സ്വാതന്ത്ര്യം തടയുക, പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തുക, മാധ്യമപ്രവർത്തകരെ മർദിക്കുക തുടങ്ങി നിരവധി വകുപ്പുകൾ ചേർന്നാണ് കേസെടുത്തിരിക്കുന്നത്. 102 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പുറമേ കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കാൻ ആളുകൾ എത്തിയ വാഹനങ്ങൾക്കെതിരെയും പൊലീസ് നോട്ടീസ് നൽകാൻ തുടങ്ങിയിട്ടുണ്ട്. പൊലീസ് നടപടികൾ കടുപ്പിച്ചതോടെ പ്രതിഷേധക്കാർ പലരും പിൻവലിയാൻ തുടങ്ങിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനിടെയാണ് കേന്ദ്ര സേനയും ഡിജിപി ഓഫീസിൽ എത്തുന്നത്. വിഴിഞ്ഞം സമരത്തിനെതിരെ സമരം നടത്തുന്ന ജനകീയ കൂട്ടായ്മ പൊലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർത്തിയിരിക്കുന്നത്.

പൊലീസ് സമരക്കാരെ സഹായിക്കുകയാണെന്നും ഹൈക്കോടതി വിധി നടപ്പാക്കാൻ മടിക്കുകയാണെന്നുമെല്ലാം അവർ ആരോപിക്കുന്നു. വിഴിഞ്ഞം സമരം നീണ്ടുപോകുന്നതിൽ പൊലീസ് സേനയ്ക്കുള്ളിൽ അമർഷം പടരുന്നുണ്ടെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ഇതിനിടെയാണ് മന്ത്രി വി.അബ്ദു റഹ്‌മാൻ കടുത്ത ആരോപണവുമായി രംഗത്തു വന്നത്. സമരത്തിൽ നിന്ന് പിന്മാറണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. കോടതിയിൽ നിന്ന് അന്തിമ വിധി വന്നാൽ അതിനനുസരിച്ച് നടപടിയെടുക്കാം.മത്സ്യത്തൊഴിലാളികൾക്ക് 25 രൂപ മണ്ണെണ്ണ സബ്സിഡി ഇപ്പോൾ നൽകുന്നുണ്ട്. മണ്ണെണ്ണ എൻജിന് പകരം മറ്റ് എൻജിനുകളിലേക്ക് മാറുകയാണ് നല്ലത്. പെട്രോൾ എൻജിൻ ആക്കുന്നതിന് സബ്‌സിഡി നൽകാമെന്ന് സർക്കാർ ഏറ്റിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ട്. മുട്ടത്തറയിൽ മാത്രം 300 വീടുകൾ ഇതിന്റെ ഭാഗമായി നിർമ്മിക്കും. ആകെ 500 വീടുകൾ പണിയുമെന്നും മന്ത്രി വിശദീകരിച്ചു കഴിഞ്ഞു.

വിഴിഞ്ഞത്തെ 180 കുടുംബങ്ങൾ സർക്കാർ സഹായം സ്വീകരിച്ച് വാടക വീടുകളിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു. സമരം രാജ്യവിരുദ്ധമാണെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര പ്രതികരിച്ചിരുന്നു. മന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അത് മന്ത്രിസഭയുടെ അഭിപ്രായം ആണോ എന്നറിയില്ല. സർക്കാരുമായി ഇനിയും ചർച്ചകൾ നടക്കും. മത്സ്യത്തൊഴിലാളി പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും പെരേര ആവശ്യപ്പെട്ടിരുന്നു.

വിഴിഞ്ഞത്ത് ബലപ്രയോഗം പറ്റില്ലെന്നാണ് പൊലീസ് നിലപാട്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. സമരക്കാരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചാൽ രക്തച്ചൊരിച്ചിൽ ഉണ്ടാകും. മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. ഇക്കാരണത്താൽ ബലപ്രയോഗത്തിലൂടെ സമരക്കാരെ ഒഴിപ്പിക്കാൻ ആകില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുറമുഖ നിർമ്മാണത്തിന് സംരക്ഷണം നൽകാൻ പരമാവധി ശ്രമം നടത്തുന്നു എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP