Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെലുങ്കാനയിലെ 'ഓപ്പറേഷൻ കമലത്തിന്' പിന്നിൽ താനാണെന്ന ആരോപണം അടിസ്ഥാനരഹിതം; ആരോപണം ഉന്നയിക്കുന്നവർ തന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കട്ടെ; ടിആർഎസിന്റെ എംഎൽഎമാരെ ആരെയും ബന്ധപ്പെട്ടിട്ടില്ല; ആരോപണം തള്ളി തുഷാർ വെള്ളാപ്പള്ളി; ടിആർഎസ് വിലയ്‌ക്കെടുത്ത അഭിനേതാക്കളാണ് വീഡിയോയിലെ ഏജന്റുമാരെന്ന് ബിജെപി; ഹൈക്കോടതിയിൽ വീഡിയോ ഹാജരാക്കി ടിആർഎസ്

തെലുങ്കാനയിലെ 'ഓപ്പറേഷൻ കമലത്തിന്' പിന്നിൽ താനാണെന്ന ആരോപണം അടിസ്ഥാനരഹിതം; ആരോപണം ഉന്നയിക്കുന്നവർ തന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കട്ടെ; ടിആർഎസിന്റെ എംഎൽഎമാരെ ആരെയും ബന്ധപ്പെട്ടിട്ടില്ല; ആരോപണം തള്ളി തുഷാർ വെള്ളാപ്പള്ളി; ടിആർഎസ് വിലയ്‌ക്കെടുത്ത അഭിനേതാക്കളാണ് വീഡിയോയിലെ ഏജന്റുമാരെന്ന് ബിജെപി; ഹൈക്കോടതിയിൽ വീഡിയോ ഹാജരാക്കി ടിആർഎസ്

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: തെലുങ്കാന സർക്കാറിനെ അട്ടിമറിക്കാൻ വേണ്ടി താൻ 'ഓപ്പറേഷൻ കമലം' പ്ലാൻ ചെയ്‌തെന്ന ആരോപണം തള്ളി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. തെലങ്കാനയിലെ ബിജെപിയുടെ 'ഓപ്പറേഷൻ കമലത്തിന്' പിന്നിൽ താനാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. ആരോപണം ഉന്നയിക്കുന്നവർ തന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കട്ടെയെന്ന് തുഷാർ വെള്ളാപ്പള്ളി വെല്ലുവിളിച്ചു. ടിആർഎസിന്റെ എംഎൽഎമാരെ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും തുഷാർ വ്യക്തമാക്കി. പുറത്തുവിട്ട ദൃശ്യങ്ങളിൽ തന്റെ ബന്ധം തെളിയിക്കുന്ന ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെസിആറിന്റെ ആരോപണം ബിജെപിയും തള്ളി. വീഡിയോകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ബിജെപി തിരിച്ചടിച്ചു. ടിആർഎസ് വിലയ്‌ക്കെടുത്ത അഭിനേതാക്കളാണ് വീഡിയോയിലെ ഏജന്റുമാരെന്ന് കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി പ്രതികരിച്ചു. തുഷാർ വെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങളും ബിജെപി തള്ളി. അതേസമയം ആരോപണത്തിലുറച്ച് നിൽക്കുകയാണ് ടിആർഎസും ചന്ദ്രശേഖർ റാവുവും. തെലങ്കാന ഹൈക്കോടതിയിൽ വീഡിയോ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്.

സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഓപ്പറേഷന്റെയും ചുമതല തുഷാർ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. കേസിൽ അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിറെ ബന്ധപ്പെട്ടതിന്റെ ഫോൺവിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. തുഷാർ, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെസിആർ ആരോപിച്ചിരുന്നു. 100 കോടിയാണ് സർക്കാരിനെ അട്ടിമറിക്കാൻ തുഷാർ വാഗ്ദാനം ചെയ്തത്. ഇതിന്റെ കൃതമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാല് സർക്കാരുകളെ അട്ടിമറിക്കാനായിരുന്നു ഇത്തവണത്തെ പദ്ധതി.

തെലങ്കാനക്ക് പുറമെ ആന്ധ്ര പ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ കൂടി വീഴ്‌ത്താനായിരുന്നു പദ്ധതിയിട്ടത്. ഏജന്റുമാർ ടിആർഎസ് എംഎൽഎമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോയും കഴിഞ്ഞ ദിവസം കെസിആർ പുറത്തുവിട്ടിരുന്നു. ഇതുവരെ എട്ട് സർക്കാരുകളെ വീഴ്‌ത്തിയെന്ന് ഏജന്റുമാർ വെളിപ്പെടുന്ന വീഡിയോയും പുറത്തുവന്നു. എല്ലാ ഓപ്പറേഷനുകൾക്ക് പിന്നിലും ഒരേ ടീമാണ്. തുഷാറിന്റെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.

അതേസമയം ഓപ്പറേഷൻ താമരയുടെ തെലങ്കാന പതിപ്പിന് ചുക്കാൻ പിടിച്ച ആളാണ് തുഷാറെന്ന പ്രഖ്യാപനം കേരളത്തെയും ഞെട്ടിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ യാതൊരു റോളുമില്ലാത്ത നേതാവ് തെലുങ്കാനയിൽ ഇറങ്ങി കളിച്ചെന്ന് വിശ്വസിക്കാൻ പലർക്കുമായിട്ടില്ല. രാജ്യവ്യാപകമായി ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം ഉന്നയിക്കുന്ന 'ഓപ്പറേഷൻ ലോട്ടസി'ന്റെ തെലങ്കാന പതിപ്പിന്റെ കേന്ദ്രബിന്ദു തുഷാറാണെന്നാണ് കെസിആറിന്റെ ഭാഷ്യം. തെലങ്കാന രാഷ്ട്രസമിതി എന്ന പ്രാദേശിക പാർട്ടിയെ 'ഭാരത് രാഷ്ട്ര സമിതി' എന്ന് പുനർനാമകരണം ചെയ്ത് ഇപ്പോൾ 'ദേശീയ സ്വപ്ന'ങ്ങൾ കാണുന്ന കെസിആർ, ബിജെപിക്കെതിരെ തുറന്ന പോർമുഖത്ത് സംഭവിച്ച ഏറ്റവും പുതിയ നിർണായക നീക്കമാണ് തുഷാറിനെതിരെ ഉന്നയിച്ചിരിക്കുന്ന 'ഓപ്പറേഷൻ ലോട്ടസ്' ആരോപണം.

ഒക്ടോബർ 26ന് രാത്രിയാണ് ദേശീയ രാഷ്ട്രീയത്തിൽ വൻ സ്‌ഫോടനങ്ങൾക്ക് ഇടയാക്കിയേക്കാവുന്ന അറസ്റ്റ് ഹൈദരാബാദിലുണ്ടായത്. ഹൈദരാബാദ് നഗരത്തിന് പുറത്തുള്ള മൊയ്‌നാബാദ് അസീസി നഗറിലെ ഫാം ഹൗസിൽ വച്ച് പണം നിറച്ച ബാഗുകൾ അടക്കം 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെക്കാൻ പ്രൈഡ് ഹോട്ടൽ ഗ്രൂപ്പ് ഉടമയും കേന്ദ്രമന്ത്രി ജി.കൃഷ്ണ റെഡ്ഡിയുടെ ഉറ്റ അനുയായിയുമായ നന്ദകുമാർ, ഹരിയാനാ ഫരീദാബാദ് ക്ഷേത്രത്തിലെ പൂജാരിയായ ഡൽഹി സ്വദേശി സ്വമി രാമചന്ദ്ര ഭാരതി, തിരുപ്പതി സ്വദേശി സ്വാമി സിംഹയാജലു എന്നിവരാണ് പിടിയിലായത്. എംഎൽഎമാരെ സമീപിച്ച പല ഏജന്റുമാർക്കും മൂന്നും നാലും ആധാർ കാർഡും പാൻ കാർഡുമുണ്ട്.

ബിജെപിക്കു വേണ്ടി എംഎൽഎമാരെ വിലയ്ക്കടുക്കാൻ എത്തിയപ്പോൾ എംഎൽഎമാർ തന്നെ ഇവരെ പൊലീസിന് കൈമാറുകയായിരുന്നു. ഈ കേസിലാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിച്ച് തെളിവുകൾ പുറത്തുവിട്ടത്. അറസ്റ്റിലായ മൂന്നു പേർക്കും പിന്നിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച തുഷാറാണെന്നാണ് കെസിആറിന്റെ ആരോപണം. ഇയാൾ കേന്ദ്രമന്ത്രി അമിത് ഷായുടെ അടുത്തയാളാണന്നും കെസിആർ ആരോപിച്ചു. ഏജന്റുമാരും എംഎൽഎമാരും തമ്മിലുള്ള സംഭാഷണവും തെളിവായി പുറത്തുവിട്ടു.

തെലങ്കാനയ്ക്ക് പുറമെ ആന്ധ്രാപ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ അട്ടിമറിക്കാൻ തങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അറസ്റ്റിലായവർ സംഭാഷണത്തിനിടയ്ക്ക് പറയുന്നുണ്ട്. ഒന്നര മണിക്കൂർ നീളുന്ന ഒളിക്യാമറ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ചെന്നും ഇന്ന് സുപ്രീം കോടതിക്ക് കൈമാറുമെന്നും കെസിആർ വ്യക്തമാക്കിക്കഴിഞ്ഞു. നേരത്തെ അറസ്റ്റിലായ 3 പേരുടെ ജാമ്യ ഹർജികളും ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP