Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രഭാതസവാരിക്കിടെ ഉണ്ടായ ലൈംഗിക അതിക്രമം നീറ്റലായി മനസ്സിൽ; കേസിൽ പൊലീസ് ഉഴപ്പിയപ്പോൾ സി.സി ടിവി ദൃശ്യങ്ങളടക്കം സ്വന്തം നിലയിൽ സംഘടിപ്പിച്ചു; പൊലീസിന്റെ മെല്ലേപ്പോക്കിനെതിരെ പ്രതികരിച്ചു മാധ്യമങ്ങളെയും കണ്ടു; സന്തോഷിലെ ക്രിമിനലിനെ പുറത്തു കൊണ്ടുവന്നത് നീതിക്കായി ആ വനിതാ ഡോക്ടർ നടത്തിയ പോരാട്ടം

പ്രഭാതസവാരിക്കിടെ ഉണ്ടായ ലൈംഗിക അതിക്രമം നീറ്റലായി മനസ്സിൽ; കേസിൽ പൊലീസ് ഉഴപ്പിയപ്പോൾ സി.സി ടിവി ദൃശ്യങ്ങളടക്കം സ്വന്തം നിലയിൽ സംഘടിപ്പിച്ചു; പൊലീസിന്റെ മെല്ലേപ്പോക്കിനെതിരെ പ്രതികരിച്ചു മാധ്യമങ്ങളെയും കണ്ടു; സന്തോഷിലെ ക്രിമിനലിനെ പുറത്തു കൊണ്ടുവന്നത് നീതിക്കായി ആ വനിതാ ഡോക്ടർ നടത്തിയ പോരാട്ടം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അധികാര കേന്ദ്രത്തിന്റെ മറവിലാണ് സന്തോഷ് എന്ന ക്രിമിനൽ ഇത്രയും കാലം ഒളിച്ചു നടന്നത്. ലൈംഗിക അതിക്രമം പതിവാക്കിയ ഇയാളിലെ ക്രിമിനലിനെ പുറത്തു കൊണ്ടുവന്നത് സ്വന്തം ദേഹത്തു കടന്നുപിടിച്ചവനെ പുറത്തു കൊണ്ടുവരാൻ വേണ്ടി ഇരയായ വനിത നടത്തിയ നിരന്തര പോരാട്ടമായിരുന്നു. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുമെന്ന് ആവർത്തിക്കുന്ന പിണറായി സർക്കാറിന്റെ പൊലീസിന്റെ നിസ്സംഗമായ മനോഭാവമായിരുന്നു വനിതാ ഡോക്ടർ അരയും തലയും മുറുക്കി പ്രതിയെ പിടികൂടാൻ രംഗത്തിറങ്ങാനും കാരണം.

താൻ അതിക്രമം നേരിട്ടു എന്ന മ്യൂസിയം പൊലീസ് സ്‌റ്റേഷനിൽ എത്തി വ്യക്തമാക്കിയിട്ടും പൊലീസ തികഞ്ഞ അംലഭാവമായിരുന്നു കാണിച്ചത്. ഇതോടെയാണ് ആ വനിത അരയും തലയും മുറുക്കി രംഗത്ത് വന്നത്. പൊലീസ് ഉഴപ്പിയ കേസിൽ വനിതാ ഡോക്ടർ തുടർച്ചയായി ഇടപെട്ടു കൊണ്ടിരുന്നു. പ്രതിയെ പിടികൂടാൻ വേണ്ടി ഇവർ കാര്യമായി തന്നെ ജാഗ്രത പുലർത്തി. മ്യൂസിയത്തെ പ്രഭാതസവാരിക്കിടെ ലൈംഗികാതിക്രമമുണ്ടായതിന്റെ സി.സി ടിവി ദൃശ്യങ്ങളടക്കം കണ്ടെത്തേണ്ട പൊലീസ് അതിനു ശ്രമിച്ചിരുന്നില്ല. ഇതോടെ പരാതിക്കാരി സ്വന്തം നിലയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ കാമറാ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസിന് കൈമാറി.

എന്നിട്ടും പൊലീസ് ഉഴപ്പുന്നത് തുടർന്നതോടെ മാധ്യമങ്ങളെ കണ്ട് വിഷയം സജീവമാക്കി നിർത്തി. ചുരുക്കത്തിൽ പൊലീസ് ചെയ്യേണ്ട കുറ്റാന്വേഷണം ജനം ചെയ്യേണ്ട സ്ഥിതിയായി. മ്യൂസിയം പൊലീസ് സ്റ്റേഷന്റെ മൂക്കിന് താഴെയുണ്ടായ അതിക്രമം അന്വേഷിക്കുന്നതിൽ തുടക്കം മുതൽ പൊലീസിന് അനാസ്ഥയായിരുന്നു.തന്നെ ഉപദ്രവിച്ച അക്രമി ഇരുളിൽ ഒളിച്ചസ്ഥലം വനിതാ ഡോക്ടർ ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് പരിശോധിച്ചില്ല. പൊലീസ് പോയി മിനിറ്റുകൾക്കകം അക്രമി അവിടെ നിന്ന് കാറിൽ രക്ഷപ്പെട്ടു.

സ്റ്റേഷനിൽ വിവരമറിയിച്ച് പത്തുമിനിറ്റോളം കഴിഞ്ഞാണ് പൊലീസെത്തിയത്. കടന്നുപിടിച്ചെന്ന് ഡോക്ടർ മൊഴിനൽകിയിട്ടും നിസാരവകുപ്പുകൾ ചുമത്തി പ്രതിയെ രക്ഷിക്കാനായി ശ്രമം. സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തതയില്ലെന്നു പറഞ്ഞ് പൊലീസ് കൈകഴുകിയപ്പോൾ പ്രദേശത്തെ സ്ഥാപനങ്ങളിലെ കാമറകൾ പരിശോധിക്കാൻ ഡോക്ടർക്ക് സ്വയം ഇറങ്ങേണ്ടിവന്നു. അവർ നിശ്ചയദാർഢ്യത്തോടെ രംഗത്തുവന്നതു കൊണ്ടാണ് സന്തോഷിനെ പിടികൂടാന് സാധിച്ചത്.

പരാതിക്കാരി പൊലീസിന്റെ മെല്ലെപ്പോക്കിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും ദിവസവും സ്റ്റേഷനിലെത്തി സമ്മർദ്ദം ചെലുത്തുകയും ചെയ്തതോടെയാണ് പൊലീസ് ഉണർന്നത്. മ്യൂസിയത്തിലെ പരാതി ശക്തമായി ഉണ്ടായ ഘട്ടത്തിലാണ് കുറവൻകോണത്തെ വിഷയവും ശ്രദ്ധയിൽ പെട്ടത്. ഇതോടെ പേരൂർക്കട പൊലീസ് ഊർജ്ജിതമായി ഇടപെട്ടു. രേഖാചിത്രം പുറത്തിറക്കിയതോടെ കുറവൻകോണത്തെ നൃത്താദ്ധ്യാപിക വീട്ടിൽ അതിക്രമിച്ചുകടക്കാൻ ശ്രമിച്ചയാൾക്ക് രേഖാ ചിത്രവുമായി സാമ്യമുണ്ടെന്ന് വ്യക്തമാക്കി. ഇതോടെ ഈ വഴിക്കും അന്വേഷണം നടന്നു. ആറുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാവാത്തത് നാണക്കേടായതോടെ ഡി.സി.പി അജിത്കുമാറിന്റെ മേൽനോട്ടത്തിൽ കാടിളക്കിയുള്ള അന്വേഷണത്തിലാണ് സന്തോഷ് പിടിയിലായത്. ഒടുവിൽപിടിക്കപ്പെട്ടതാകട്ടെ മന്ത്രി ഓഫീസുമായി ബന്ധമുള്ള ജീവനക്കാരനും.

തന്നിലേക്ക് അന്വേഷണം നീളുന്നു എന്ന് സന്തോഷ് അറിഞ്ഞിരുന്നു. ഇതോടെ ് ഇങ്ങനെആർക്കും സംശയം വരാതിരിക്കാൻ സന്തോഷ് ജോലിക്കെത്തിയിരുന്നു. തല മൊട്ടയടിച്ചതിൽ സംശയം തോന്നാതിരിക്കാൻ തലയ്ക്ക് നീരുവന്നെന്ന കാരണം പറഞ്ഞു. സി.സി ടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും രേഖാചിത്രം കേന്ദ്രീകരിച്ചുള്ള പരിശോധനയുമാണ് അന്വേഷണത്തിൽ നിർണായകമായത്.സി.സി ടിവി ദൃശ്യങ്ങളിൽ കാറിന്റെ സർക്കാർ ബോർഡ് മറച്ച നിലയിലായിരുന്നു. ഡാഷ് ബോർഡിൽ പതാകയും ഉണ്ടായിരുന്നു. ഈ അന്വേഷണം ചെന്നെത്തിയത് സെക്രട്ടേറിയറ്റിലേക്ക്.

ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നത് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരാൻ നായരാണെന്ന് കണ്ടെത്തിയതോടെ സന്തോഷ് കുടുങ്ങി.വനിതാ ഡോക്ടർക്ക് നേരെ അക്രമം ഉണ്ടായപ്പോഴും കുറവൻകോണത്തെ വീട്ടിൽ കയറിയപ്പോഴും സന്തോഷിന്റെ മൊബൈൽ ഫോൺ അവിടത്തെ ടവർ പരിധിയിലായിരുന്നു.

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ്, സർക്കാർ വാഹനം ദുരുപയോഗം ചെയ്താണ് തലസ്ഥാനത്ത് അതിക്രമം നടത്തിയത്. കുറവൻകോൺത്തും മ്യൂസിയം പരിസരത്തും അതിക്രമം നടത്തിയത് ഒരാൾ തന്നെയെന്ന സംശയമാണ് ശരിയായത്. കുറവൻകോണത്ത് വീട്ടിൽ അതിക്രമം കാണിച്ചകേസിലെ അന്വേഷണമാണ് സന്തോഷിനെ കുടുക്കിയത്. 25ന് രാത്രി കുറവൻകോൺത്തെ വീട്ടിൽ സന്തോഷ് എത്തിയ ഇന്നോവാ കാർ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്.

സിസിടിവിയിൽ വാഹനത്തിന്റെ മുന്നിലുണ്ടായിരുന്ന സർക്കാർ ബോർഡ് മറച്ച നിലയിലായിരുന്നു. ഡാഷ് ബോർഡിൽ പതാകയും ഉണ്ടായിരുന്നു. ഈ അന്വേഷണം ചെന്നെത്തിയത് സെക്രട്ടറിയേറ്റിലായിരുന്നു. ജല വിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നത് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരാൻ നായരാണെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ ഡ്രൈവർ സന്തോഷിലേക്ക് അന്വേഷണമെത്തുകയായിരുന്നു.

മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്ക് നേരെ അക്രമം ഉണ്ടായപ്പോഴും കുറവൻകോണത്തെ വീട്ടിൽ കയറിയപ്പോഴും സന്തോഷിന്റെ മൊബൈൽ ടവർ ആ പരിസരങ്ങളിൽ തന്നെയായിരുന്നു. കുറവൻകോണത്തെ കേസിൽ ഇന്നലെ രാത്രി സന്തോഷിനെ അറസ്റ്റ് ചെയ്തു. അതിക്രമത്തിന് ഇരയായ സ്ത്രീ പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ മ്യൂസിയം കേസിലെയും പ്രതി സന്തോഷ് തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP