Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിന്നുന്ന തുടക്കമിട്ട് രാഹുൽ; അർദ്ധ സെഞ്ചുറിയുമായി ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമനായി കോലി; സൂര്യക്കൊപ്പം മികച്ച കൂട്ടുകെട്ടും; അഡ്‌ലെയ്ഡിൽ റൺമല ഉയർത്തി ഇന്ത്യ; ബംഗ്ലാദേശിന് 185 റൺസ് വിജയലക്ഷ്യം

മിന്നുന്ന തുടക്കമിട്ട് രാഹുൽ; അർദ്ധ സെഞ്ചുറിയുമായി ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമനായി കോലി; സൂര്യക്കൊപ്പം മികച്ച കൂട്ടുകെട്ടും; അഡ്‌ലെയ്ഡിൽ റൺമല ഉയർത്തി ഇന്ത്യ; ബംഗ്ലാദേശിന് 185 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്

അഡ്ലെയ്ഡ്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരേ 185 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസ് എടുത്തത്. അർദ്ധ സെഞ്ചുറി നേടിയ ഓപ്പൺ കെ എൽ രാഹുൽ, വിരാട് കോലി എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് ഇ്ന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

ഈ ലോകകപ്പിലെ മൂന്നാം അർധ സെഞ്ചുറി നേടിയ കോലി 44 പന്തിൽ നിന്ന് ഒരു സിക്സും എട്ട് ബൗണ്ടറിയുമടക്കം 64 റൺസോടെ പുറത്താകാതെ നിന്നു. കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 32 പന്തുകൾ നേരിട്ട രാഹുൽ നാല് സിക്സും മൂന്ന് ഫോറുമടക്കം 50 റൺസെടുത്തു.

ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലാം ഓവറിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെ (2) നഷ്ടമായി. തുടർന്ന് ക്രീസിലൊന്നിച്ച രാഹുൽ - വിരാട് കോലി സഖ്യം 67 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്സ് ട്രാക്കിലാക്കി. ഇതിനിടെ 31 പന്തിൽ നിന്ന് അർധ സെഞ്ചുറി തികച്ച് തൊട്ടടുത്ത പന്തിൽ രാഹുൽ പുറത്തായി. തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാർ യാദവ് 16 പന്തിൽ നിന്ന് നാല് ബൗണ്ടറിയടക്കം 30 റൺസെടുത്തു.

തുടർന്നെത്തിയ ഹാർദിക് പാണ്ഡ്യ (5), ദിനേഷ് കാർത്തിക്ക് (7), അക്ഷർ പട്ടേൽ (7) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. അശ്വിൻ ആറ് പന്തിൽ നിന്ന് 13 റൺസെടുത്തു. ബംഗ്ലാദേശിനായി ഹസൻ മഹ്‌മൂദ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഷാക്കിബ് അൽ ഹസൻ രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. ദീപക് ഹൂഡയ്ക്ക് പകരം അക്ഷർ പട്ടേൽ ടീമിൽ തിരിച്ചെത്തി.

മൂന്ന് ഇന്നിങ്സുകളിൽ 182 റൺസാണ് കോലിയുടെ സമ്പാദ്യം. ഇതിൽ രണ്ട് അർധ സെഞ്ചുറികളും ഉൾപ്പെടും. പാക്കിസ്ഥാൻ, നെതർലൻഡ്സ് എന്നിവർക്കെതിരേയായിരുന്നു അർധ സെഞ്ചുറികൾ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം മത്സരതത്തിൽ മാത്രമാണ് നിരാശപ്പെടുത്തിയത്.

ഇതിനിടെ ഒരു തകർപ്പൻ റെക്കോർഡ് കോലി സ്വന്തം പേരിലാക്കി. ടി20 ലോകകപ്പിൽ ഏറ്റവും റൺസെന്ന റെക്കോർഡാണ് കോലി സ്വന്തം പേരിലാക്കിയത്. ശ്രീലങ്കൻ ഇതിഹാസം മഹേല ജയവർധനെയെയാണ് (1016) കോലി മറികടന്നത്. ഇക്കാര്യത്തിൽ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ മൂന്നാമതായി. 965 റൺസാണ് വെറ്ററൻ താരത്തിന്റെ സമ്പാദ്യം. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് നാലാം സ്ഥാനത്ത്. 921 റൺസാണ് രോഹിത് നേടിയത്. ശ്രീലങ്കയുടെ തിലകരത്നെ ദിൽഷൻ അഞ്ചാം സ്ഥാനത്തുണ്ട്. 897 റൺസാണ് മുൻ ലങ്കൻ താര നേടിയത്.

അഡ്‌ലെയ്ഡ് ഓവൽ വിരാട് കോലിയുടെ കരിയറിലെ നിർണായക സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഗ്രൗണ്ട് കൂടിയാണ്. 2012ൽ വിരാട് കോലി ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയത് അഡ്‌ലെയ്ഡ് ഓവലിലാണ്. വിരാട് കോലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറിയതും അഡ്‌ലെയ്ഡ് ഓവലിലായിരുന്നു. ഓസീസിനെതിരെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടി കോലി ഇന്ത്യയെ ടെസ്റ്റ് ജയത്തിലേക്ക് നയിച്ചതും അഡ്‌ലെയ്ഡിൽ തന്നെയാണ്.

2015ലെ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരെ കോലി സെഞ്ചുറി നേടിയതും അഡ്‌ലെയ്ഡിലാണ്. അവസാനമായി അഡ്‌ലെയ്ഡിൽ ഓസീസിനെതിരെ കളിച്ച പിങ്ക് ബോൾ ടെസ്റ്റിൽ 74 റൺസടിച്ച കോലി റൺ ഔട്ടായി. അഡ്‌ലെയ്ഡ് ഓവലിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയിട്ടുള്ള സന്ദർക ബാറ്റർ കൂടിയാണ് കോലി. അഞ്ച് സെഞ്ചുറിയാണ് അഡ്‌ലെയ്ഡിൽ വിവിധ ഫോർമാറ്റുകളിലായി കോലി നേടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP