Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പത്തു വർഷം മുമ്പ് കുടുസു മുറിയിൽ ക്ലാസെടുത്തിരുന്ന 'ക്രേസി മാത്സ് ടീച്ചർ'; ഇന്ന് ശത കോടീശ്വരൻ; ലാൽ തൊട്ട് ഷാറൂഖ് ഖാൻ വരെ ബ്രാൻഡ് അംബാഡിഡർമാർ; ഖത്തർ ലോകകപ്പിന്റെ സ്‌പോൺസറായും ഞെട്ടിച്ചു; ഇപ്പോൾ പിരിച്ചുവിടലിന്റെയും ചർച്ചയുടെയും വാർത്തകൾ; വിജ്ഞാന സമ്പത്ത് വ്യവസ്ഥയിലെ കേരളാ മോഡൽ പിറകോട്ടോ? ബൈജു രവീന്ദ്രന്റെ ജീവിത കഥ

പത്തു വർഷം മുമ്പ് കുടുസു മുറിയിൽ ക്ലാസെടുത്തിരുന്ന 'ക്രേസി മാത്സ് ടീച്ചർ'; ഇന്ന് ശത കോടീശ്വരൻ; ലാൽ തൊട്ട് ഷാറൂഖ് ഖാൻ വരെ ബ്രാൻഡ് അംബാഡിഡർമാർ; ഖത്തർ ലോകകപ്പിന്റെ സ്‌പോൺസറായും ഞെട്ടിച്ചു; ഇപ്പോൾ പിരിച്ചുവിടലിന്റെയും ചർച്ചയുടെയും വാർത്തകൾ; വിജ്ഞാന സമ്പത്ത് വ്യവസ്ഥയിലെ കേരളാ മോഡൽ പിറകോട്ടോ? ബൈജു രവീന്ദ്രന്റെ ജീവിത കഥ

എം റിജു

ത്തുവർഷം മുമ്പ് കണ്ണൂരിലെ ഒരു കുടുസു മുറിൽ മാത്സ് ക്ലാസ് എടുത്തിരുന്നു ഒരു പയ്യൻ ഇന്ന് ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ സ്ഥാനം പിടിച്ചുവെന്ന് പറഞ്ഞാൽ, അൽപ്പം ഞെട്ടലോടെ മാത്രമേ അത് ഉൾക്കൊള്ളാൻ കഴിയുക. അതാണ് കണ്ണൂർ അഴീക്കോട് സ്വദേശി ബൈജു രവീന്ദ്രൻ എന്ന ക്രേസി മാത്സ് ടീച്ചറുടെ ജീവിത കഥ. ബൈജു, ശശി എന്ന പേരൊക്കെ ട്രോളന്മാർ പരിഹസിച്ച് ഒരു പ്രത്യേക പരുവത്തിൽ ആക്കിയിട്ടും, ലോകം മുഴവൻ എത്തിയ തന്റെ ലേണിങ്ങ് ആപ്പിന് ബൈജൂസ് എന്ന സ്വന്തം പേരിടാൻ അയാളെ പ്രേരിപ്പിച്ചതും സ്വന്തം കഴിവിലുള്ള വിശ്വാസം തന്നെയാണ്. ബൈജുവെന്ന പേര് ഒരു കമ്പനിക്ക് ചേരുമോയെന്ന് പലരും നെറ്റിചുളിച്ച കാലത്താണ് ഈ സാഹസം എന്നോർക്കണം.

ഇന്ന് ഇന്ത്യയിലെ വിദ്യാഭ്യാസ സംബന്ധിയായ മത്സരപരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് വേണ്ടിയുള്ള നമ്പർ വൺ മൊബൈൽ ആപ്ലിക്കേഷനാണ് ബൈജൂസ് ആപ്പ്. ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ട്അപ്പ് സംരംഭത്തിൽ പ്രധാനമായും 4 മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള കോഴ്‌സുകൾ ഓൺലൈൻ ആയി പഠിപ്പിക്കയാണ് ചെയ്യുന്നത്. മോഹൻലാൽ തൊട്ട് ഷാരൂഖ് ഖാൻ വരെയുള്ളവരെ ബ്രാൻഡ് അംബാസിഡർ ആക്കി ലോകത്തിന്റെ വിവിധ കോണുകളിലേക്കും ബൈജു പടർന്ന് കയറി.

എഡ്യൂടെക് രംഗത്ത് ലോകത്ത് ഏറ്റവും മൂല്യമുള്ള സംരംഭമാണ് ഇപ്പോൾ ബൈജൂസ് ആപ്പ്. 40,000 കോടി രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ആകെ മൂല്യമെന്നാണ് പറയുന്നത്. അഞ്ചുകോടിയോടിയോളം പേർ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. 91 കോടി ഡോളറാണ് 2019ലെ ഫോബ്സ് ഇന്ത്യ റിച്ച് ലിസ്റ്റ് അനുസരിച്ച് കമ്പനിയുടെ ആസ്തിമൂല്യം. ഇന്ത്യക്കാരായ ശതകോടീശ്വരന്മാരിൽ 72-ാം സ്ഥാനം ബൈജുരവീന്ദ്രൻ സ്വന്തമാക്കി. നോക്കണം വെറും നാൽപ്പതുവയസ്സിനുള്ളിലാണ് ഒരു മലയാളി ഈ നേട്ടങ്ങൾ കൈവശമാക്കുന്ന് എന്നോർക്കണം.

വിജ്ഞാന സമ്പത്ത് വ്യവസ്ഥയ്ക്ക് ഉദാഹരണമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സമീപകാലത്തായി പൊതുവേദികളിൽ ഉയർത്തിക്കാട്ടുന്ന പേരാണ് ബൈജു രവീന്ദ്രന്റേത്. വിജ്ഞാനം നിക്ഷേപിച്ച് അതിലൂടെ സമ്പത്ത് നേടുന്ന ബൈജൂസ് ആപ്പ് ഒരു മികച്ച കേരളാ മോഡലെന്നുമാണ് മാഷിന്റെ പക്ഷം. പക്ഷേ അടുത്തകാലത്തായി ബൈജൂസ് ആപ്പിനെകക്കുറിച്ച് പറുത്തുവരുന്നതൊന്നം അത്ര നല്ല വാർത്തകൾ അല്ല. കമ്പനി ഭീമമായ നഷടത്തിലേക്ക് പോവുകയാണെന്ന് റിപ്പോർട്ട് വരുന്നു. ജീവനക്കാരെ ചുരുക്കുന്നു. പിരിച്ചുവിടൽ തടയണം എന്ന് ആവശ്യപ്പെട്ട്, കേരളത്തിൽ പണിയെടുക്കുന്ന ജീവനക്കാർ പിണറായി വിജയൻ സർക്കാരിന് മുന്നിൽ കമ്പനിക്കെതിരെ പരാതി നൽകിയിരുന്നു. ഇതോടെ പിരിച്ചുവിടൽ താൽക്കാലികമായി നിർത്തിവെച്ച ബൈജൂസ് തിരുവനന്തപുരം കേന്ദ്രം അടച്ചൂപൂട്ടില്ലെന്നും അറിയിച്ചിരിക്കയാണ്.

ബൈജൂസിന്റെ തിരുവനന്തപുരം ഡെവലപ്പ്‌മെന്റ് സെന്റർ ബെംഗളൂരുവിലേക്ക് മാറ്റില്ലെന്ന്, മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചക്ക്ശേഷം ബൈജു രവീന്ദ്രൻ അറിയിച്ചു. മികച്ച പ്രവർത്തനം ഉറപ്പുവരുത്താൻ വേണ്ടി ചില ടീമുകളെ ഒരുമിച്ച് കൊണ്ടുവരാനാണ് ഓഫീസ് മാറ്റാൻ ലക്ഷ്യമിട്ടതെന്നും, മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം സെന്റർ തുടരാൻ തീരുമാനമായതോടെ 140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ ജോലി തുടരാൻ കഴിയുമെന്നും ബൈജൂസ് അറിയിച്ചു.

കമ്പനിയുടെ ആഗോളതലത്തിലുള്ള പുനഃരൂപീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം വളരെ വൈകിയാണ് തിരുവനന്തപുരത്തെ സെന്ററിന്റെയും ജീവനക്കാരുടെയും പ്രശ്‌നം തന്റെ ശ്രദ്ധയിൽ വന്നതെന്ന് ബൈജു രവീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു. 'എന്റെ വേരുകൾ കേരളത്തിലാണ്. ജീവനക്കാരുടെ പ്രശ്‌നം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു, തിരുവനന്തപുരത്തെ സെന്ററിലൂടെയുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ യാതൊരു മാറ്റവുമില്ലാതെ തുടരാൻ തീരുമാനമായി' - ബൈജു പറയുന്നു.

നഷ്ടം 4,588 കോടി

പക്ഷേ കോവിഡ് സമയങ്ങളിൽ ബൈജൂസിന് കാര്യമായ തിരിച്ചടി കിട്ടിയിട്ടുണ്ട് എന്ന് വ്യക്താമണ്. എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി ആർക്കും പറയാനും കഴിയുന്നില്ല. 2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടമെന്നാണ് കണക്ക്. മുൻ വർഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. 2021ലെ വരുമാനം 2511 കോടിയിൽനിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ വരുമാനം പതിനായിരം കോടിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്. എന്നാൽ ആ വർഷത്തെ ലാഭമോ നഷ്ടമോ പുറത്തുവിട്ടിട്ടില്ല.

അതിനിടെയിലാണ് പിരിച്ചുവിടലിന്റെ വാർത്തകൾ പുറത്തുവരുന്നത്. ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായി, എജുടെക് കമ്പനിയായ ബൈജൂസ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരത്ത് ടെക്ടോപാർക്കിൽ ഓഫിസ് പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കയാണ്. ഇതോടെ 170ഓളം ജീവനക്കാരാണ് പിരിച്ചുവിടപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിൽ തൊഴിൽമന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകി ചർച്ചനടത്തിയതോടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.

പക്ഷേ ബൈജൂസ് ചെലവ് ചരുക്കലിന്റെ പാതയിൽ തന്നെയാണ്. രാജ്യത്തുടനീളം കമ്പനിയിലെ നാലിലൊരു വിഭാഗം ജീവനക്കാരെയും ഉടൻ പിരിച്ചുവിടുമെന്നാണ് വിവരം. 12000 ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ടെക്‌നോളജിബിസിനസ് വെബ്‌സൈറ്റായ ദ മോണിങ് കോൺടക്സ്റ്റ് ഡോട് കോം നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു.ആറു മാസത്തിനിടെ 2500 ജീവനക്കാരെ തൊഴിൽ ശേഷിയിൽനിന്ന് കുറയ്ക്കുമെന്നാണ് കമ്പനി സഹസ്ഥാപക ദിവ്യ ഗോകുൽനാഥും ചീഫ് ഓപറേറ്റിങ് ഓഫീസർ മൃണാൽ മോഹിതും പ്രത്യേകം വാർത്താ സമ്മേളനങ്ങളിൽ നേരത്തെ അറിയിച്ചിരുന്നത്. ലാഭസാധ്യതാ ഘടകം പരിഗണിച്ചാണ് പിരിച്ചുവിടൽ എന്നായിരുന്നു വിശദീകരണം. അതേസമയം നേതൃത്വത്തിലെ കൊടിയ ധുർത്താണ് ബൈജൂസിനെ പ്രതിസന്ധിയിൽ എത്തിച്ചതെന്നാണ് ജീവനക്കാരുടെ വിശദീകരണം.

ഖത്തറിൽ ഈ വർഷം അവസാനം നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോൺസർ ബൈജൂസ് ആപ്പാണ്. കോടികളാണ് ഇതിനായി ചെലവഴിക്കുന്നത്. ഇന്ത്യയിൽനിന്ന് ഫിഫ ലോകകപ്പിന്റെ പ്രധാന സ്‌പോൺസറാകുന്ന ആദ്യ കമ്പനിയാണ് ബൈജൂസ് ആപ്പ്. കായിക മേഖലയിൽ ബൈജൂസ് സ്‌പോൺസർഷിപ്പ് കരാർ സ്വന്തമാക്കുന്നത് ഇതാദ്യമല്ല. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്‌പോൺസർഷിപ്പ് അവകാശം ബൈജൂസിനാണ്. കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഔദ്യോഗിക സ്‌പോൺസറും ബൈജൂസായിരുന്നു. സ്‌പോൺസർഷിപ്പിനായി പ്രതിവർഷം കോടികളാണ് ബൈജൂസ് ചെലവിടുന്നത്. ധുർത്തിന്റെ കേരളാ മോഡൽ തന്നെയാണ് ബൈജൂസിലും നടക്കുന്നത്് എന്നാണ് ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നത്. പക്ഷേ അസാധാരണമായ ഒരു വളർച്ചയുടെ കഥയാണ് ബൈജു രവീന്ദ്രന്റെത് എന്ന് സമ്മതിക്കാതെ വയ്യ.

ഷിപ്പിങ്ങിൽനിന്ന് അദ്ധ്യാപനത്തിലേക്ക്

കണ്ണൂർ അഴീക്കോട്ടെ വൻകുളത്തുവയൽ എന്ന ഗ്രാമത്തിൽ തയ്യിലെ വളപ്പിൽ രവീന്ദ്രന്റെയും ശോഭനവല്ലിയുടെയും മകനാണ് ബൈജു. അദ്ധ്യാപക ദമ്പതിമാരുടെ മകൻ ചെറുപ്പത്തിൽതന്നെ പഠനത്തിൽ മികവു പുലർത്തിയിരുന്നു. അഴീക്കോട്ടെ സർക്കാർ സ്‌കൂളിൽ മലയാളം മീഡിയത്തിലായിരുന്നു പഠിച്ചത്. കുട്ടിക്കാലത്ത് ക്ലാസുകൾ ഒഴിവാക്കി വീട്ടിൽ ഇരുന്ന് പഠിക്കാറുണ്ടായിരുന്നു ബൈജു. കാരണം പഠനത്തിൽ അദ്ദേഹത്തിന് എപ്പോഴും ചില കുറുക്ക് വഴികൾ ഉണ്ടായിരുന്നു. പ്ലസ് ടു പഠന ശേഷം, കണ്ണൂർ എൻജിനീയറിങ് കോളേജിൽ നിന്ന് ബി.ടെക് പൂർത്തിയാക്കി. തുടർന്ന് ഒരു മൾട്ടി നാഷണൽ ഷിപ്പിങ് കമ്പനിയിൽ സർവീസ് എൻജിനീയറായി ജോലി. ചെറുപ്പത്തിലെ പഠിപ്പിക്കാനും ബൈജു മിടുക്കൻ ആയിരുന്നു. കൂട്ടുകാരിൽ പലരും പറയും അവർ ബൈജുവിന്റെ ക്ലാസാണ്് അവർക്ക് നല്ല മാർക്ക് വാങ്ങിക്കൊടുത്തത് എന്ന്. പക്ഷേ അപ്പോൾ ഒന്നും അദ്ദേഹം അദ്ധ്യാപനം ഒരു തൊഴിൽ മേഖലയായി എടുത്തിരുന്നില്ല.

2003ൽ ഒരു അവധിക്കാലത്ത് ക്യാറ്റ് പരീക്ഷക്ക് പഠിക്കുന്ന സുഹൃത്തുക്കളെ സഹായിച്ചതാണ് ബൈജുവിന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. ആ സുഹൃത്തുക്കൾ ഉയർന്ന മാർക്കിൽ പാസ്സായി. ഇതോടെ സുഹൃത്തുക്കളും അധ്യയനം പ്രൊഫഷൻ ആക്കാൻ ബൈജുവിനെ നിർബന്ധിച്ചു. രണ്ട് വർഷത്തിന് ശേഷം, ബൈജു ക്യാറ്റ്് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ആളുകളെ ലക്ഷ്യമിട്ട് ഒരു കോച്ചിങ്ങ് ക്ലാസ് തുടങ്ങി. ഇതിന് ഗംഭീര പ്രതികരണമാണ് കിട്ടിയത്. ഇതോടെയാണ് അദ്ധ്യാപനമാണ് തന്റെ വഴിയെന്ന് ബൈജു തിരിച്ചറിയുന്നത്. തുടർന്ന് അദ്ദേഹം ജോലി ഉപേക്ഷിച്ച് വിവധ മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കന്നവർക്ക് കോച്ചിങ്ങ് നിൽകുന്ന ബൈജൂസ് ക്ലാസസ് തുടങ്ങി. അതും ഗംഭീര വിജയമായി. കേരളത്തിൽ അങ്ങോളമിങ്ങോളം പോയി ബൈജു ക്ലാസ് എടുത്ത് തകർത്തു. ഓഡിറ്റോറിയങ്ങളിൽ ആള് തികയാഞ്ഞതോടെ അത് സ്റ്റേഡിയത്തിലേക്ക് മാറി. വളരെ വ്യത്യസ്തമായി ക്ലാസ് എടുക്കാനുള്ള കഴിവ് വിദ്യാർത്ഥികളെ സ്വാധീനിച്ചു.

വിദ്യാർത്ഥിനി ജീവിത സഖിയാവുന്നു

ജീവിതത്തിലും ബിസിനസിലും ബൈജു രവീന്ദ്രന്റെ പാർട്ണറാണ് ദിവ്യ ഗോകുൽനാഥ്. ബൈജൂസിന്റെ ആദ്യ ബാച്ചുകളിലൊന്നിലെ വിദ്യാർത്ഥിയായിരുന്നു ദിവ്യ. 'വൈ ഡോൻഡ് യു ടീച്ച്' എന്ന ബൈജുവിന്റെ ഒറ്റച്ചോദ്യത്തിലാണ് ബംഗളൂരു സ്വദേശിയായ ദിവ്യയുടെ ജീവിതം മാറിമറിഞ്ഞത്. വിദേശത്ത് വമ്പൻ സർവകലാശാലകളിൽനിന്ന് ബിരുദാനന്തരബിരുദത്തിന് പ്രവേശനം ലഭിച്ചിട്ടും അത് വേണ്ടെന്നു വച്ച് ബൈജൂസിന്റെ ഭാഗമായി.

ദിവ്യ മനോരമക്ക് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. ''ബയോ ടെക്‌നോളജിയിൽ എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം വിദേശത്ത് പിജി ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. ഗ്രാജ്വേറ്റ് റെക്കോർഡ് എക്‌സാമിനേഷൻസ് (ജിആർഇ) പരിശീലനത്തിനായി മാത്സ് ഒന്നു മെച്ചപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അന്നാണ് ബൈജു രവീന്ദ്രൻ എന്ന 'ക്രേസിയായ' ഒരു മാത്സ് ടീച്ചറുണ്ടെന്ന് കേൾക്കുന്നത്. അച്ഛനാണ് ക്ലാസിൽ ചേരാൻ നിർദ്ദേശിച്ചത്. അന്ന് ബൈജൂസ് ആപ് ഇല്ല. ബൈജൂസ് ക്ലാസസ് എന്ന പേരിൽ ഫിസിക്കൽ ക്ലാസുകൾ മാത്രമാണ്. വളരെ വ്യത്യസ്തമായ തരത്തിലാണ് ബൈജു ക്ലാസെടുത്തിരുന്നത്. ഇത്രയും വർഷം കഴിഞ്ഞിട്ടും ആ ക്ലാസുകൾ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. അതുതന്നെയാണ് ഒരു ടീച്ചറുടെ ഏറ്റവും വലിയ വിജയവും.

അങ്ങനെ പരിശീലനത്തിനു ശേഷം ഞാൻ പരീക്ഷയെഴുതി ഫലം കാത്തുനിൽക്കുന്ന സമയം. അക്കാലത്ത് ബൈജുവിന് വിദ്യാർത്ഥികളായ ഓരോരുത്തരുടെയും പേരും മുഖം കൃത്യമായി ഓർമയുണ്ടായിരുന്നു. ആദ്യ ബാച്ചുകളിലൊന്നായിരുന്നതിനാൽ ഞങ്ങൾ കുറച്ച് പേർ മാത്രമാണുണ്ടായിരുന്നത്. പിന്നീട് ഓഡിറ്റോറിയങ്ങളിലും സ്റ്റേഡിയങ്ങളിലുമൊക്കെ ആയിരങ്ങളെ ഉൾപ്പെടുത്തിയായിരുന്നല്ലോ ക്ലാസ്. ക്ലാസിൽ ഏറ്റവുമധികം സംശയം ചോദിക്കുന്ന വ്യക്തി ഞാനായിരുന്നു. അങ്ങനെ ബൈജുവിന് എന്നെ അറിയാം. അങ്ങനെ ഒടുവിൽ എന്നോട് ചോദിച്ചു, എന്തുകൊണ്ട് ദിവ്യയ്ക്ക് പഠിപ്പിച്ചുകൂടാ? വിദ്യാർത്ഥിയായിരുന്ന എന്നിൽ ഒരു അദ്ധ്യാപികയുണ്ടെന്ന് ബൈജു കണ്ടെത്തി.

ഞാൻ മാത്രമല്ല, ഞാനുൾപ്പെടെ ബൈജുവിന്റെ ആദ്യകാലസംഘത്തിലുണ്ടായിരുന്ന 6 പേരും അദ്ദേഹത്തിന്റെ വിദ്യാർത്ഥികളാണ്. ഞങ്ങളെല്ലാം അദ്ധ്യാപകരായാണ് കരിയർ തുടങ്ങിയത്. ഞാനെടുത്ത ആദ്യ ക്ലാസ് ഇപ്പോഴും ഓർമയിലുണ്ട്. നൂറോളം വിദ്യാർത്ഥികളുണ്ടായിരുന്നു. അന്നെന്റെ പ്രായം 21. വിദ്യാർത്ഥികൾക്ക് എന്നേക്കാൾ 3 വയസ്സ് മാത്രം കുറവ്. ഒരു പക്വത തോന്നിപ്പിക്കാനായി സാരി ഉടുത്താണ് ഞാനന്ന് ക്ലാസെടുത്തത്. സ്വന്തം കുടുംബത്തിന് അത്താണിയാകാൻ വേണ്ടി പരിശ്രമിക്കുന്ന ഒരു വിഭാഗമായിരുന്നു വിദ്യാർത്ഥികളിൽ ഏറെയും. അവരെ സഹായിച്ചപ്പോൾ ലഭിച്ച ആനന്ദം ഇപ്പോഴും മനസ്സിലുണ്ട്.

ക്ലാസ് തുടരുന്നതിനിടെയാണ് പിജി അഡ്‌മിഷനായി വിദേശത്തെ വിവിധ സർവകലാശാലകളിൽനിന്ന് കോൾ ലെറ്റർ വരുന്നത്. എന്തുചെയ്യണമെന്ന് ഒട്ടേറെ ആലോചിച്ചു. ഒടുവിൽ തീരുമാനിച്ചു, അദ്ധ്യാപനം തുടരുക തന്നെ. പിന്നീട് ആ തീരുമാനം പുനഃപരിശോധിച്ചിട്ടില്ല. ബിസിനസിലും ഞങ്ങൾ ഇതേ തത്വമാണ് പിന്തുടരുന്നത്. ഒരു തീരുമാനമെടുക്കാൻ ഒരുപാട് ആലോചിക്കും, എന്നാൽ എടുത്തുകഴിഞ്ഞാൽ പിന്നീടത് മാറ്റില്ല.''- ദിവ്യ ചൂണ്ടിക്കാട്ടുന്നു.

ബൈജൂസ് ആപ്പ് പിറക്കുന്നു

ഇന്ത്യയിൽ നടന്ന സാമ്പത്തിക ഉദാരീകരണത്തിന്റെയും, മൈാബൈൽ ടെക്ക്‌നോളിയുടെ വർധനവിന്റെയൊക്കെ ഗുണഭോക്താക്കൾ ആയിരുന്നു ബൈജൂസ്. ശരിയായ സമയത്ത് ശരിയായ മോഡൽ ഇറക്കാൻ കഴിയുക എന്നതാണ്, ഇന്നവേഷനുകളിൽ ഏറ്റവും പ്രധാനം.

ബൈജൂസ് ക്ലാസസ് കത്തി നിൽക്കുന്ന സമയം. സ്റ്റേഡിയങ്ങളിൽ നടത്തിയാൽ പോലും പരമാവധി 25,000 പേരെ മാത്രമേ ഒരു സമയം എൻഗേജ് ചെയ്യാൻ കഴിയൂ. എങ്ങനെ ഈ ക്ലാസുകളെ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കാം എന്ന അന്വേഷണത്തിന് ഒടുവിലാണ് ബൈജൂസ് ആപ്പ് പിറക്കുന്നത്. അതേക്കുറിച്ച് ദിവ്യ പറയുന്നത് ഇങ്ങനെ ''2009-2010കാലയളവിൽ ഇതേ കണ്ടന്റ് ഞങ്ങൾ ഉപഗ്രഹ ടെക്‌നോളജി വഴി ഇന്ത്യ മുഴുവൻ എത്തിക്കാൻ തുടങ്ങി. 2011ലാണ് ബൈജൂസ് എന്ന കമ്പനി രൂപീകരിക്കുന്നത്. കുട്ടികൾക്ക് ഇഷ്ടമുള്ള തരത്തിൽ പഠിപ്പിക്കാൻ എന്തൊക്കെ വഴികൾ കണ്ടെത്തണമെന്നായിരുന്നു ഞങ്ങളുടെ ആലോചന. അങ്ങനെ ഞങ്ങൾ റിക്കോർഡഡ് വിഡിയോ ക്ലാസുകൾ തുടങ്ങി.

ഒരു ആപ് തുടങ്ങുമെന്ന് അന്ന് കരുതിയതേയില്ല. ഇന്നത്തേതുപോലെയുള്ള ഭീമൻ സ്റ്റുഡിയോകളൊന്നുമില്ല. ആകെയുള്ളത് ഒരു ക്യാമറ. സ്‌ക്രിപ്റ്റും അവതരണവുമെല്ലാം നമ്മൾ തന്നെ. ബൈജു തന്നെ മാത്സ് പഠിപ്പിച്ചു. ഞാൻ ബയോളജിയും. 2013ലാണ് ഞങ്ങളുടെ മൂത്തമകൻ ജനിക്കുന്നത്. ഗർഭിണിയായിരുന്ന സമയത്തുപോലും ഞാൻ വിഡിയോ ക്ലാസ് റിക്കോർഡ് ചെയ്തിരുന്നു. പഠിപ്പിക്കുകയെന്നത് ഞാൻ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം കോവിഡ് വന്ന് സ്‌കൂളുകൾ അടച്ച ഉടൻ ഞങ്ങളെല്ലാവരും വീട്ടിൽ ചെറിയ സ്റ്റുഡിയോ സെറ്റപ്പ് ചെയ്ത് വീണ്ടും ലൈവ് ക്ലാസുകൾ എടുത്തിരുന്നു. 2015ആഗസ്റ്റിലാണ് ബൈജൂസ് ലേണിങ് ആപ് പുറത്തിറങ്ങുന്നത്. പിന്നെ ഞങ്ങൾ തിരിഞ്ഞു നോക്കിയിട്ടില്ല''- ദിവ്യ വ്യക്തമാക്കി. 2015 ൽ, സ്മാർട്ട്ഫോൺ സ്‌ക്രീൻ വലുപ്പം വർദ്ധിച്ചതോടെ ഒരു മൊബൈൽ അപ്ലിക്കേഷൻ ബൈജു വികസിപ്പിച്ചു.2018 ഒക്ടോബറിൽ, അപ്ലിക്കേഷൻ യുകെ, യുഎസ്, മറ്റ് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. അതോടെ ബൈജു അന്താരാഷ്ട്ര ബ്രാൻഡായി മാറി.

ഫോബ്സിന്റെ 2020 ലെ കണക്കനുസരിച്ച്, ബൈജുവിനും ഭാര്യക്കും സഹോദരൻ റിജു രവീന്ദ്രനും ചേർന്നുള്ള മൊത്തം ആസ്തി 3.05 ബില്യൺ ഡോളറാണ്. 2021 ജനുവരിയിൽ കുനാൽ ബഹലിനൊപ്പം അദ്ദേഹത്തെ ദേശീയ സ്റ്റാർട്ടപ്പ് ഉപദേശക സമിതിയിൽ അനൗദ്യോഗിക അംഗമായി ചേർത്തു. നിരവധി പുരസ്‌ക്കാരങ്ങളും ബൈജു രവീരന്ദനെ തേടിയെത്തി. 2019 മനോരമ ന്യൂസ് ന്യൂസ്മേക്കർ അവാർഡ്, 2020 എർണസ്റ്റ് & യംഗ് ഫൈനലിസ്റ്റ്, എന്റെർപ്രണർ ഓഫ് ദ ഇയർ, ഇന്ത്യ വിജയി, ബിസിനസ് ട്രാൻസ്‌ഫോർമേഷൻ അവാർഡ്, 2021 ഫോബ്സ് ഇന്ത്യ ലീഡർഷിപ്പ് അവാർഡ് , എന്റെർപ്രണർ ഓഫ് ദ ഇയർ അവാർഡ് അങ്ങനെ ഒരു പാട് അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു.

ഏറ്റെടുത്തു ഞെട്ടിച്ചു

ഫേസ്‌ബുക്ക് സ്ഥാപകൻ സക്കർബർഗിന്റെ മകളുടെ പേരിലുള്ള ചാൻ സക്കൻബർഗ് ഇനീഷ്യേറ്റീവാണ് ബൈജൂസിൽ കൂടുതൽ മൂല്യ നിക്ഷേപം നടത്തിയിരിക്കുന്നത്. അമേരിക്കൻ കമ്പനികളായ ടിഗർ ഗ്ലോബൽ, ജനറൽ അറ്റ്‌ലാന്റിക് എന്നിവയും ഇതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിനിടെ നിരവധി വിദേശ കമ്പനികളെ ഏറ്റെടുത്തും ബൈജൂസ് ഞെട്ടിച്ചു. ബൈജൂസ് കമ്പനിയുടെ ആകെ മൂല്യം 22 ബില്യൺ ഡോളറാണ്. ആകാശ് അടക്കമുള്ള വമ്പൻ കമ്പനികളെ ബൈജൂസ് ഏറ്റെടുത്തു. രണ്ടു വർഷത്തിനിടെ ഏറ്റെടുക്കലുകൾക്ക് മാത്രമായി 2.5 ബില്യൺ യുഎസ് ഡോളറാണ് ബംഗളൂരു ആസ്ഥാനമായ കമ്പനി ചെലവഴിച്ചിരുന്നത്.

അതേക്കുറിച്ച് ദിവ്യ പറയുന്നത് ഇങ്ങനെയാണ്. ''വാങ്ങൽ എന്നതിനു പകരം അതിനെ പാർട്ണർഷിപ് എന്നാണ് ഞങ്ങൾ വിളിക്കുക. ഓരോ വാങ്ങലിനും പ്രത്യേകമായ ലക്ഷ്യമുണ്ട്. രണ്ടു തരത്തിലാണ് നമുക്ക് വളരാൻ കഴിയുന്നത്. ഒന്ന് ഓർഗാനിക്, അതായത് നമ്മുടെ സ്വന്തം റിസർച്ച് ആൻഡ് ഡവലപ്‌മെന്റിൽ കൂടുതൽ ഇൻവെസ്റ്റ് ചെയ്യുക. പക്ഷേ, എല്ലാകാര്യത്തിലും നമ്മൾ ബെസ്റ്റ് ആയിരിക്കണമെന്നില്ലല്ലോ. ബെസ്റ്റ് അല്ലാത്ത മേഖലകളിലാണ് ഇൻഓർഗാനിക് ആയി നമ്മൾ മറ്റ് കമ്പനികളെ ഏറ്റെടുക്കുന്നത്. വെറുതെയങ്ങു വാങ്ങുകയല്ല, കൃത്യമായ പഠനം അതിനു പിന്നിലുണ്ട്. ഏറ്റെടുത്ത ഓരോ കമ്പനിയുടെയും മാനേജ്‌മെന്റ് ഒരു കാര്യം സമ്മതിക്കും. അവർക്ക് അവരുടെ കമ്പനിയെക്കുറിച്ച് അറിയാവുന്ന അത്രയും കാര്യം ഞങ്ങൾക്കും ഏറ്റെടുക്കൽ സമയത്ത് അറിയാമായിരുന്നു. അത്രമാത്രമുണ്ട് പഠനം.''.
പക്ഷേ ഇങ്ങനെ ഒക്കെ ആണെങ്കിലും അടുത്തകാലത്തായി ബൈജൂസിനെ കുറിച്ച് കേൾക്കുന്നത് ഏറെയും വിവാദങ്ങൾ ആണ്.

ആപ്പു വാങ്ങി ആപ്പിലായവർ ഒട്ടേറെ

ചുരുങ്ങിയ കാലയാളവ് കൊണ്ട് ലക്ഷക്കണക്കിന് ഉപഭോക്താക്കളുമായി വമ്പൻ കുതിച്ചു ചാട്ടമാണ് സ്വദേശത്തും വിദേശത്തുമായി ബൈജൂസ് ആപ്പ് കൈവരിച്ചത്. എന്നാൽ പിന്നാലെ നിരവധി പരാതികളും ഉയർന്നു. വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകാതെ കബളിപ്പിക്കുക, പണം റീഫണ്ട് ചെയ്യാതിരിക്കുക എന്നിവയാണ് പ്രധാന പരാതികൾ. ആപ്പ് വാങ്ങി കടക്കെണിയിൽ ആയവരും, കുട്ടികൾ പഠനത്തിൽ പിന്നോക്കം ആയതും പലരും നവമാധ്യമങ്ങളിൽ പ്രതിഷേധിക്കുന്നുണ്ട്.

ആപ്പിന്റെ സെയിൽസ് ഉദ്യോഗസ്ഥരുടെ നിരന്തരമായ ഫോൺവിളികൾ രക്ഷിതാക്കളുടെ അരക്ഷിതാവസ്ഥക്ക് കാരണമാകുന്നുവെന്നും ഇതുവരെ കടബാധിതരാക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ആപ്പിന്റെ മോശം സേവനങ്ങളെകുറിച്ച് ഇന്ത്യയിലെ പല ഉപഭോക്തൃ കോടതികളിലും കേസുകൾ നിലവിലുണ്ട്. റീഫണ്ടുകളും സേവനങ്ങൾ നൽകാത്തതും സംബന്ധിച്ച പരാതികളിൽ നഷ്ടപരിഹാരം നൽകാൻ ഇന്ത്യയിലെ മൂന്ന് ഉപഭോക്തൃ കോടതികൾ ഉത്തരവിട്ടിരുന്നു. ശരിയായ പഠന ആപ്പ് നൽകാത്തതിന് ബൈജൂസ് ലേണിങ് ആപ് വിദ്യാർത്ഥിക്ക് ഫീസ് തിരിച്ചുനൽകണമെന്ന് കർണാടക ഉപഭോക്തൃ ഫോറം ഉത്തരവിട്ടത് ഏതാനും മാസങ്ങൾ മുമ്പാണ്. വിദ്യാർത്ഥി മുൻകൂറായ അടച്ച 99,000 രൂപയാണ് ബൈജൂസ് തിരിച്ചുനൽകേണ്ടത്.

കമ്പനി തനിക്ക് ശരിയായ പഠന ആപ്പ് നൽകിയില്ല, വാഗ്ദാനം ചെയ്തതിനേക്കാൾ വില കുറഞ്ഞ ടാബാണ് നൽകിയത് എന്നിവയായിരുന്നു മധുസൂദന ബി എന്ന വിദ്യാർത്ഥിയുടെ പരാതികൾ. അഡീഷണൽ ഡിസ്ട്രിക്റ്റ് കൺസ്യൂമർ തർക്ക പരിഹാര ഫോറത്തെയാണ് സമീപിച്ചത്. കമ്പനിയുടെ അധികാരപ്പെട്ട ഉദ്യോഗസ്ഥനാണ് ബൈജൂസ് ലേണിങ് ആപ്പ് വാങ്ങാൻ തന്നെ സമീപിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. കമ്പനിക്ക് അടയ്ക്കാനുള്ള തുക തുല്യമാസ തവണകളായി മാറ്റുമെന്ന് ഉറപ്പുനൽകിയിരുന്നു. 25,000 രൂപ വില മതിക്കുന്ന രണ്ട് സാംസങ് ടാബുകൾ നൽകുമെന്നും കമ്പനി വാഗ്ദാനം ചെയ്തു.

എന്നാൽ, 10,000 രൂപ മാത്രം വിലയുള്ള ലെനോവോ എം 8 ഉം, എം 10 മാണ് കമ്പനി തനിക്ക് നൽകിയത്. ബൈജൂസ് പഠന ആപ്പിലും സംതൃപ്തി കിട്ടിയില്ല. ഇതോടെ, വിദ്യാർത്ഥി താനടച്ച മുഴുവൻ തുകയും ക്രഡിറ്റ് കാർഡിലേക്ക് നേരിട്ട് തിരിച്ചടയ്ക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു. കമ്പനിയുടെ മോശം സർവീസും പെരുമാറ്റവും കാരണം തനിക്ക് വളരെയധികം മാനസിക ക്ലേശം അനുഭവിക്കേണ്ടി വന്നുവെന്നും വിദ്യാർത്ഥി പരാതിയിൽ ബോധിപ്പിച്ചു. 12 ശതമാനം വാർഷിക പലിശയോടെ മുഴുവൻ ഫീസും പരാതിക്കാരന് കമ്പനി തിരിച്ചുകൊടുക്കണമെന്നാണ് ഫോറത്തിന്റെ ഉത്തരവ്. ഇതുകൂടാതെ 25,000 രൂപ നഷ്ടപരിഹാരവും, 5000 രൂപ കോടതി ചെലവായും കമ്പനി നൽകണം. തുക തിരിച്ചുകിട്ടിയാൽ, പരാതിക്കാരനായ വിദ്യാർത്ഥി ടാബുകൾ തിരിച്ചുനൽകണമെന്നും കർണാടക ഉപഭോക്തൃ ഫോറം ഉത്തരവിട്ടു.

ബിബിസി റിപ്പോർട്ടും ഗുരുതരം

കഴിഞ്ഞ വർഷാവസാനം ബൈജൂസിന്റെ സേവനങ്ങളിലെ പോരായ്മകളെ കുറിച്ച് ബിബിസി വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. ബൈജൂസ് മാത്രമല്ല എഡ് ടെക് മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു ബിബിസിയുടെ ബിസിനസ് കറസ്‌പോണ്ടന്റ് നിഖിൽ ഇനാംദാറിന്റെ റിപ്പോർട്ട്്.

ദിഗംബർ സിങ് എന്ന അക്കൗണ്ടന്റിന്റെ അനുഭവം പറഞ്ഞുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. ഓൺലൈൻ ട്യൂഷന് വേണ്ടി ദിഗംബർ സിങ് ബൈജൂസിന് ആദ്യം കൊടുത്തത് 5000 രൂപ. പിന്നീട് ബൈജൂസിന്റെ സഹായത്തോടെ 35,000 രൂപ ലോണെടുത്തു. മകന് വേണ്ടി രണ്ടുവർഷത്തെ മാത്സ്്-സയൻസ് പ്രോഗാം. ആദ്യം തന്നെ ബൈജൂസിന്റെ സെയിൽസ് പ്രതിനിധി വീട്ടിൽ വന്ന് മകനോട് ഉത്തരം പറയാൻ വിഷമമുള്ള ചോദ്യങ്ങൾ എല്ലാം ചോദിച്ച് അവന്റെ ഉത്സാഹം കെടുത്തി കളഞ്ഞു. എന്നാൽ, പ്രശനം അതല്ല. വാഗ്ദാനം ചെയ്ത സേവനങ്ങൾ കിട്ടിയില്ല. മുഖാമുഖമുള്ള കോച്ചിങ്, മകന്റെ പഠന പുരോഗതി കൃത്യമായി വിളിച്ച് അറിയിക്കുന്ന കൗൺസിലറുടെ സേവനം ഇതൊന്നു കിട്ടിയില്ല. ആദ്യ കുറെ മാസത്തിന് ശേഷം ബൈജൂസ് ഫോൺകോളുകൾക്ക് മറുപടി നൽകാതായി.

എന്നാൽ ബൈജൂസ് ആരോപണങ്ങൾ നിഷേധിക്കുന്നു. ഫോളോ അപ്പ് കാലത്ത് പല തവണ ദിഗംബർ സിങ്ങിനോട് സംസാരിച്ചിരുന്നു. ഏതുസമയത്തും സേവനങ്ങൾക്ക് റീഫണ്ട് നൽകുന്ന നയമുണ്ടെന്നും കമ്പനി പറയുന്നു. തങ്ങളുടെ ഉത്പന്നം കൈപ്പറ്റി രണ്ടുമാസത്തിന് ശേഷമാണ് ദിഗംബർ സിങ് റീഫണ്ട് ചോദിച്ചതെന്നും കമ്പനി വിശദീകരിക്കുന്നു. 15 ദിവസ റീഫണ്ട് കാലാവധിയാണ് ബൈജൂസിന് ഉള്ളത്. ഏതായാലും പിന്നീട് ദിഗംബർ സിങ്ങിന് റീഫണ്ട് കിട്ടിയതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

സേവനത്തിലെ പോരായ്മ-ഉദാഹരണത്തിന് ഒരുകുട്ടിക്ക് ഒരു ട്യൂട്ടറും, പുരോഗതി വിലയിരുത്താൻ മെന്ററും-പലപ്പോഴും നടപ്പായില്ലെന്ന് പല രക്ഷിതാക്കളും പരാതിപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കച്ചവടം നടന്നാൽ പിന്നെ സെയിൽസ് ഏജന്റുമാരുടെ പൊടിപോലും കാണില്ല എന്നതാണ് മറ്റൊരു പരാതി. കരാർ ഒപ്പിട്ട് കഴിഞ്ഞാൽ ഏതാനും മാസങ്ങൾക്ക് ശേഷം സെയിൽസ് ഏജന്റുമാർ മുങ്ങും. പിന്നെ റീഫണ്ട് കിട്ടാനും പിടിപ്പത് പണിയാണ്. കച്ചവടം നടന്നാൽ പിന്നീട് ഫോളോ അപ്പിന് ഏജന്റുമാർക്ക് താൽപര്യമില്ല. ബൈജൂസിലെ പല മുൻ ജീവനക്കാരും പറയുന്നത് സെയിൽസ് ടാർജറ്റിനായുള്ള അതിസമ്മർദ്ദത്തെ കുറിച്ചാണ്. ടാർജറ്റ് നേടിയെടുക്കാനുള്ള ഓട്ടത്തിൽ ഏജന്റുമാർക്ക് മുകളിൽ സമ്മർദ്ദം കൂട്ടാൻ മാനേജർമാരുണ്ട്. അതുകൊണ്ട് തന്നെ കമ്പനിക്കെതിരെ ഓൺലൈൻ കൺസ്യൂമർ, എംപ്ലോയീ ഫോറങ്ങളിൽ നൂറുകണക്കിന് പരാതികളാണ്.

എന്നാൽ, ബൈജൂസ് ഈ ആരോപണം നിഷേധിക്കുന്നു. തങ്ങളുടെ ഉത്പന്നത്തിന്റെ മൂല്യം, കുട്ടിയും രക്ഷിതാവും മനസ്സിലാക്കി വിശ്വാസം വന്നാൽ മാത്രമേ അവർ അത് വാങ്ങുന്നുള്ളു എന്ന് കമ്പനി പറയുന്നു. രക്ഷിതാക്കളോട് ജീവനക്കാർ ഏതെങ്കിലും തരത്തിൽ മോശമായി പെരുമാറുന്ന തൊഴിൽ സംസ്‌കാരം തങ്ങൾ അനുവദിക്കാറില്ലെന്നും കമ്പനി അവകാശപ്പെടുന്നു.

ഭീമമായ ടാർഗറ്റിലേക്കെത്താൻ വേണ്ടി ദിവസവും 12-മുതൽ 15 മണിക്കൂർവരെ ജോലിയെടുക്കേണ്ടി വരുന്നുവെന്നായിരുന്നു ബൈജൂസിന്റെ മുൻ ജീവനക്കാർ പ്രതികരിച്ചത്. അമിതമായ ജോലി ഭാരം മാനസികാരോഗ്യത്തെ വരെ ബാധിച്ചു. കച്ചവട തന്ത്രത്തിൽ വീഴാൻ സാധ്യതയുള്ള ഉപഭോക്താവുമായി 120 മിനിറ്റിൽ കൂടുതൽ ഫോൺ സംസാരിക്കാൻ കഴിയാത്തവരെ ജോലിയിൽ ഹാജരായില്ലെന്ന് രേഖപ്പെടുത്തും. അന്നേദിവസത്തെ ശമ്പളം നൽകില്ലെന്നും മുൻ ജീവനക്കാർ ബിബിസിയോട് വെളിപ്പെടുത്തി. അതേസമയം, എല്ലാ വ്യാപാരസ്ഥാപനങ്ങൾക്കും കൃത്യമായ ടാർഗറ്റുകളുണ്ടാകും. തങ്ങളും അതിൽ നിന്ന് വ്യത്യസ്തമല്ലെന്ന് ബൈജൂസ് ആപ്പ് അധികൃതർ പറയുന്നു. ജീവനക്കാരുടെ ആരോഗ്യകരവും മാനസികവുമായ കാര്യങ്ങൾക്ക് വേണ്ടി എല്ലാ പരിശീലനവും നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു

ബിബിസി റിപ്പോർട്ട് പ്രകാരം ബൈജൂസിന്റെ പഠനസാമഗ്രികൾ ടെക്‌നോളജിയുടെ സഹായത്തോടെ ഉള്ള മികച്ച പഠനാനുഭവങ്ങളാണ്. എന്നാൽ, കടുത്ത സെയിൽസ് തന്ത്രങ്ങൾ രക്ഷിതാക്കളുടെ അരക്ഷിതാവസ്ഥയെ മുതലെടുത്തുകൊണ്ടാണെന്നും, അവരുടെ കടക്കെണി കൂട്ടുന്നുവെന്നും ചില വിദ്യാഭ്യാസ വിദഗ്ദ്ധർ വിലയിരുത്തുന്നതായി ബിബിസി റിപ്പോർട്ടിൽ പറയുന്നു.

മാറ്റത്തിന്റെ പ്രതിഫലനമോ?

അതിനിടയിലാണ് കൂനിൽമേൽ കുരുവെന്നോണം, കോടികളുടെ നഷ്ടക്കണക്കും, പിരിച്ചുവിടലിന്റെ വാർത്തകളും പറയുന്നത്. എന്നാൽ കോവിഡ് മൂലം ബിസിനസ് മോഡലിൽ വന്ന മാറ്റങ്ങളാണ് ഇപ്പോൾ പ്രതിഫലിക്കുന്നതെന്നാണ് സ്ഥാപകനും, സിഇഒയുമായ ബൈജു രവീന്ദ്രൻ ഓഹരി ഉടമകളോട് പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ബൈജൂസ് മെച്ചപ്പെട്ട വരുമാന വളർച്ച രേഖപ്പെടുത്തിയെന്ന് ബൈജു രവീന്ദ്രൻ എക്കണോമിക് ടൈംസിനോട് പറഞ്ഞു. ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത് പോലെ റവന്യു നഷ്ടം ഉണ്ടായിട്ടില്ല. അടുത്ത സാമ്പത്തിക വർഷം ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ സാമ്പത്തിക വർഷ കാലത്ത്, കോവിഡ് മൂലം സ്‌കൂളുകൾ അടഞ്ഞു കിടക്കുകയായിരുന്നു. എല്ലാവരും ഓൺലൈൻ പഠനത്തിലേക്ക് തിരിഞ്ഞ സമയത്തും, പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല എന്നത് ബൈജൂസിനെ ഇരുത്തി ചിന്തിപ്പിപ്പിക്കേണ്ടതാണ്. അതേസമയം ഓഡിറ്ററായ ഡിലോയിറ്റുമായുള്ള തർക്കത്തെ തുടർന്ന് വൈകിയാണ് ബൈജൂസിന്റെ സാമ്പത്തിക വിവരങ്ങൾ പുറത്ത് വന്നത്. ബൈജൂസ് ലാഭം കണക്കാക്കുന്നതിൽ ചില പ്രശ്നങ്ങൾ ഡിലോയിറ്റ് ചൂണ്ടിക്കാണിച്ചുവെന്നാണ് റിപ്പോർട്ട്. ഇതാണ് കോർപ്പറേറ്റ് മന്ത്രാലയത്തിൽ സാമ്പത്തിക റിപ്പോർട്ടിന്റെ സമർപ്പണം വൈകുന്നതിലേക്ക് നയിച്ചത്. എന്നാൽ, 2022 സാമ്പത്തിക വർഷത്തിൽ വരുമാനം 10,000 കോടിയായെന്ന് ബൈജൂസ് പറയുന്നുണ്ട്. ആ വർഷത്തിലെ ലാഭമോ നഷ്ടമോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 4588 കോടിയുടെ നഷ്ടം ബൈജൂസും വൈറ്റ്ഹാറ്റ് ജൂനിയറും തമ്മിൽ തുല്യമായി പങ്കിടുകയാണെന്ന് കേൾക്കുന്നത്. 2020 ൽ ബൈജൂസ് ഏറ്റെടുത്ത കമ്പനിയാണ് വൈറ്റ്ഹാറ്റ് ജൂനിയർ.

ആഗോള മാന്ദ്യം ഓൺലൈൻ വിദ്യാഭ്യാസ മേഖലയെ തളർത്തിയപ്പോഴും, വൈവിധ്യവത്കരണത്തിലൂടെ ബൈജൂസിന് വളർച്ച നേടാൻ കഴിഞ്ഞുവെന്നാണ് ബൈജു രവീന്ദ്രൻ പറയുന്നത്. 'എന്റെ നിക്ഷേപകർ ഇപ്പോഴും ആവേശത്തിലാണ്. ധാരാളം എഡ്യുടെക് കമ്പനികൾ കോവിഡ് കാലത്ത് പച്ചപിടിച്ചു...പക്ഷേ മേഖലയിൽ ആഗോള മാന്ദ്യത്തിന്റെ പ്രതിഫലനമുണ്ട്. എന്നിരുന്നാലും, ഞങ്ങൾക്ക് വൈവിധ്യകരണത്തിന് സാധിച്ചു. ആകാശ്, ഗ്രേറ്റ് ലേണിങ് , ഇവയെല്ലാം നല്ല വളർച്ച രേഖപ്പെടുത്തുന്നു...വൈറ്റ്ഹാറ്റ് ജൂനിയറിൽ പുതിയ വിദ്യാർത്ഥികളെ കണ്ടെത്തുക മാത്രമാണ് വെല്ലുവിളി', ബൈജു രവീന്ദ്രൻ എക്കണോമിക് ടൈംസിനോട് പറഞ്ഞത് ഇങ്ങനെയാണ്.

ബൈജു രവീന്ദ്രന്റെ വാക്കുകൾ ശരിയാവട്ടെ എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇത്രയും ചെറിയ പ്രായത്തിൽ, അതും യാതൊരു ബിസിനസ് പാരമ്പര്യവുമില്ലാത്ത കുടുംബത്തിൽനിന്ന് സ്വപ്രയത്‌നത്താൽ വളർന്ന്, ലോകം മുഴുവൻ പന്തലിച്ച വ്യക്തിയാണ് ബൈജു രവീന്ദ്രൻ. മലയാളികൾ അഭിമാനിക്കേണ്ട ഒരു സംരംഭകൻ. ആദ്ദേഹത്തിന്റെ ഒരു സ്ഥാപനത്തിന് തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാൻ കഴിയട്ടെ.

വാൽക്കഷ്ണം: സാധാരണ എന്തെങ്കിലും സംരഭങ്ങളിലൂടെ സമ്പന്നനാവുന്ന വ്യക്തിയോട് അസാധാരണമായ പക വെച്ചു പുലർത്തുന്നവരാണ് മലയാളികൾ. കഠിനാധ്വാനത്തിലൂടെ പണം ഉണ്ടാക്കുന്നവരൊക്കെ നമുക്ക് ബൂർഷ്വകൾ ആണ്. എന്തിന് പഠിച്ച് വളർന്ന് ഐംഎംഎഫിന്റെ തലപ്പത്ത് എത്തിയ കണ്ണൂർക്കാരി ഗീതാ ഗോപിനാഥിനെ ഓടിച്ചവരല്ലേ നാം. മുഖ്യമന്ത്രിക്ക് സൗജന്യമായി സാമ്പത്തിക ഉപദേശം നൽകാനെത്തിയ ഇവരെ 'ഗീതോപദേശം വേണ്ട' എന്ന് തലക്കെട്ടിട്ടാണ് നാം അപമാനിച്ചത്. അതേ ഗീത ഇന്ന് പാക്കിസ്ഥാനെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ ഉപദേശിക്കുന്നു!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP