Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുപരിപാടിയിൽ കുഞ്ഞുമായെത്തി തമാശക്കളിയാക്കി; ഇത് അവരുടെ വീട്ടുപരിപാടിയല്ല, ഓവറാക്കി ചളമാക്കി; കളക്ടറുടെ പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് മറ്റൊരു കൂട്ടർ; പത്തനംതിട്ടയിലെ പൊതുപരിപാടിയിൽ മകനുമായി ഡോ.ദിവ്യ.എസ്.അയ്യർ എത്തിയതിൽ ചിലർക്ക് മുഷിച്ചിൽ; മറുപടിയുമായി ഭർത്താവ് കെ എസ് ശബരീനാഥൻ

പൊതുപരിപാടിയിൽ കുഞ്ഞുമായെത്തി തമാശക്കളിയാക്കി; ഇത് അവരുടെ വീട്ടുപരിപാടിയല്ല, ഓവറാക്കി ചളമാക്കി; കളക്ടറുടെ പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് മറ്റൊരു കൂട്ടർ; പത്തനംതിട്ടയിലെ പൊതുപരിപാടിയിൽ മകനുമായി ഡോ.ദിവ്യ.എസ്.അയ്യർ എത്തിയതിൽ ചിലർക്ക് മുഷിച്ചിൽ; മറുപടിയുമായി ഭർത്താവ്  കെ എസ് ശബരീനാഥൻ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട : ആറാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കുഞ്ഞുമായെത്തി പ്രസംഗിച്ച ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരെ ഒരുവിഭാഗം സോഷ്യൽ മീഡിയിൽ ശക്തമായി വിമർശിച്ചിരുന്നു. പൊതുപരിപാടിയിൽ പ്രസംഗിക്കാൻ മകന്റെ കൈപിടിച്ചെത്തുകയും, പ്രസംഗത്തിലുടനീളം കൈയിലിരുന്ന മകന്റെ കളിചിരികൾ മൈക്കിലൂടെ കേൾപ്പിക്കുകയും ചെയ്തുവെന്നാണ് വിമർശനം. എല്ലാവർക്കും മക്കളുണ്ടെന്നും എന്നാൽ പൊതുപരിപാടിയിൽ മര്യാദപാലിക്കണമെന്നുമാണ് പ്രധാന വിമർശനം.

ഇത് അനുകരണീയമല്ലെന്നും കള്ടറുടെ ഔചിതയമില്ലാത്ത തമാശകളിയാണ് പൊതുവേദിയിൽ കണ്ടതെന്നും ഇത് അവരുടെ വീട്ടുപരിപാടിയല്ലെന്നും വിമർശിച്ച ഗാനരചയിതാവ് രാജീവ് ആലുങ്കൽ കള്ടർ ഓവറാക്കി ചളമാക്കിയെന്നും പരസ്യമായി തുറന്നടിച്ചു.ഇന്നലെ അടൂർ നഗരസഭ സംഘടിപ്പിച്ച ആറാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയിലായിരുന്നു സംഭവം.

സ്ഥലം എം.എ.ൽഎ ചിറ്റയം ഗോപകുമാറും മറ്റ് സിനിമാ രംഗത്തുള്ളവരും വേദിയിലുണ്ടായിരുന്നു. മുഖ്യപ്രഭാഷണം നടത്തിയ ദിവ്യ മകനുമായി മൈക്കിന് മുന്നിൽ നിൽക്കുന്നതിന്റെ രംഗങ്ങൾ ചിറ്റയം ഗോപകുമാറാണ് ഫേസ് ബുക്കിലിട്ടത്.വേദിയിലെ മുഖ്യ ആകർഷണം ദിവ്യയുടെ മകനായിരുന്നു എന്ന തലക്കെട്ടോടെയായിരുന്നു ചിറ്റയം പോസ്റ്റ് പങ്കുവച്ചത്. എന്നാൽ ഇത്തരമൊരു നടപടിയെ പ്രശംസിച്ച ചിറ്റയത്തിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്.

അതേസമയം, ഡോ. ദിവ്യ എസ് അയ്യരെ വിമർശിച്ച ഗാനരചയിതാവ് രാജീവ് ആലുങ്കലിന് മറുപടിയുമായി കളക്ടറുടെ ഭർത്താവും യൂത്ത് കോൺഗ്രസ് നേതാവുമായ കെ എസ് ശബരീനാഥൻ രംഗത്തെത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പങ്കുവെച്ച ഫേസ്‌ബുക്ക് വീഡിയോക്ക് താഴെ രാജീവ് ആലുങ്കലെഴുതിയ കമ്മന്റിനാണ് ശബരീനാഥന്റെ മറുപടി.

'ആറു ദിവസവും ജോലി ചെയ്തു ആകെയുള്ള ഞായറാഴ്ച അവധി ദിനത്തിൽ ഔദ്യോഗിക സ്വഭാവം ഇല്ലാത്ത ഒരു പ്രോഗ്രാമിൽ ക്ഷണം സ്വീകരിച്ചു പോയപ്പോൾ കുഞ്ഞിനെ കൊണ്ടുപോകുന്നത് അരോചകമല്ല. പിന്നെ അവധി ദിവസം അവൻ അമ്മയുടെ പുറകെ നടന്നാൽ പറ്റില്ല എന്ന് പറയാൻ കഴിയുമോ?. ഇവിടെ യുണൈറ്റഡ് നേഷനിലും വിദേശത്തെ ജന പ്രതിനിധി സഭകളിലും വനിതകൾ കൈകുഞ്ഞുങ്ങളെ കൊണ്ടുവരുന്നുണ്ട്. ലോകം മാറുകയാണ് നമ്മളും.' എന്ന് ശബരീനാഥൻ മറുപടി നൽകി. വീഡിയോ പങ്കുവെച്ച ചിറ്റയം ഗോപകുമാറിന് നന്ദി അറിയിച്ചുകൊണ്ടായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്റെ മറുപടി.

ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിലേക്കാണ് മുഖ്യപ്രഭാഷകയായി കള്ക്ടർ ഡോ. ദിവ്യ എസ് അയ്യർ മകൻ മൽഹാറിനേയും കൂട്ടി എത്തിയത്. പ്രസംഗത്തിനിടെ മകനെ എടുക്കുകയും കളക്ടർ സംസാരം തുടരുകയും ചെയ്തു. ഇതിനെതിരെയായിരുന്നു രാജീവ് ആലുങ്കലിന്റെ കമ്മന്റ്. കളക്ടർ വേദിയിലേക്ക് മകനേയും കൂട്ടി വന്നത് അരോചകമായി എന്നായിരുന്നു രാജീവ് ആലുങ്കലിന്റെ അഭിപ്രായം. 'ഇത് അനുകരണീയമല്ല. കളക്ടർ തീരെ ഔചിത്യമില്ലാതെ ഒരു തമാശക്കളിയായാണ് ഈ പരിപാടിയെ കണ്ടത്. ഇത് അവരുടെ വീട്ടുപരിപാടിയല്ല. ഓവറാക്കി ചളമാക്കി,' രാജീവ് ആലുങ്കൽ പറഞ്ഞു.

കളക്ടറായതുകൊണ്ട് എല്ലാവരും വേദിയിലിരുന്ന് ചിരിച്ചെന്നും ഏതെങ്കിലും വീട്ടുജോലിക്കാരി ജോലിക്കെത്തുമ്പോൾ കുഞ്ഞുമായി വന്നാൽ അവരുടെ ജോലി പോകുമെന്നും വിമർശനം ഉയർന്നു. എന്നാൽ ഇതൊന്നും വിവാദമാക്കേണ്ടെന്നും അമ്മയോട് കൊഞ്ചുന്ന കുഞ്ഞ്, ആ മാതൃഭാവം,സിനിമ സർഗാത്മകമായ കല, കളക്ടർക്ക് പിന്തുണ എന്നായിരുന്നു മുൻ സി പി എം എംഎൽഎ കെ.വി.അബ്ദുൾഖാദറിന്റെ പ്രതികരണം. എന്നാൽ കൊഞ്ചുന്നത് കുഞ്ഞ് അല്ല അമ്മയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും തിരിച്ചടിച്ച അബ്ദുൾ ഖാദറിനെ തിരുത്താനും ആളുകൾ രംഗത്തെത്തി.

പബ്ലിസ്റ്റിക്ക് വേണ്ടിയാണ് കളക്ടറുടെ ശ്രമമെന്ന് ആക്ഷേപിക്കുന്നവരും കുറവല്ല. ഡോക്ടറായ അമ്മ ഓപ്പറേഷൻ തീയേറ്ററിൽ പോകുമ്പോഴും പൈലറ്റായ അമ്മ വിമാനം പറത്തുമ്പോഴും മക്കളെ കൊണ്ടുപോയാൽ എന്താകും സ്ഥിതിയെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.2021 ജൂലൈയിൽ പത്തനംത്തിട്ടയിൽ കള്കടറായി എത്തിയ ദിവ്യ എസ് അയ്യർ ഏറെ ശ്രദ്ധനേടുന്നതിനിടെയാണ് പൊതുവേദിയിൽ മര്യാദ പാലിച്ചില്ലെന്ന ആക്ഷേപം ഉയരുന്നത്.

പൊതുവേദികളിൽ പാട്ടുപാടി ദിവ്യ ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്.പത്തനംത്തിട്ടയിൽ അടുത്തിടെ നടന്ന എംജി സർവകലാശാല കലോത്സവത്തിന്റെ ഭാഗമായി ഫ്ളാഷ് മോബിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കൊപ്പം നൃത്തച്ചുവടുകളുമായി എത്തിയ ഡോ. ദിവ്യ എസ്. അയ്യർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളിൽ ഫ്ളാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാർത്ഥികൾക്കൊപ്പമാണ് കളക്ടറും അപ്രതീക്ഷിതമായി ഒപ്പംകൂടിയത്.കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാൻ ജില്ലാ സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു കളക്ടർ.

ഫ്ളാഷ് മോബിന്റെ സമാപനവും ഇതോടൊപ്പം നടത്തി. ഇതിനൊപ്പമാണ് നൃത്തച്ചുവടുകളുമായി കളക്ടറും കൂടിയത്. വിദ്യാർത്ഥികൾക്കൊപ്പം മനോഹരമായി നൃത്തച്ചുവടുകൾ വയ്ക്കുന്ന കളക്ടറുടെ വിഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സ്‌കൂൾ പഠനകാലത്ത് സ്ഥിരമായി കലാതിലകം നേടിയിട്ടുള്ള ദിവ്യ, കുച്ചിപ്പുടി, ഒഡീസി, കഥകളി, മോണോ ആക്ട്, ക്ലാസിക്കൽ സംഗീതം എന്നിവയിൽ ഏറെ തിളങ്ങിയിട്ടുണ്ട്.

ശബരിമലയിൽ കഴിഞ്ഞ മകരവിളക്ക് ഉത്സവത്തിനിടയിലും ദിവ്യ മാധ്യമ ശ്രദ്ധ നേടിയിരുന്നു. പമ്പയിൽ പ്രശസ്ത ഗായകൻ വീരമണി രാജുവിനൊപ്പം അയ്യപ്പഭക്തിഗാനം പാടിയാണ് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ താരമായത് വീരമണിയുടെ പ്രശസ്ത തമിഴ് ഭക്തിഗാനമായ പള്ളിക്കെട്ട് ശബരിമലയ്ക്ക്... എന്ന ഗാനമാണ് ദിവ്യ പാടിയത്. ഇരുവരും കൈകൊട്ടി ആസ്വദിച്ചു പാടുന്ന വിഡിയോ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP