Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തർക്കം കോടതി കയറിയതോടെ ഗവർണറും അനുനയപാതയിൽ; വിസിമാരെ പദവിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസിന്റെ മറുപടിക്കൊപ്പം ഒരവസരം കൂടി; വൈസ് ചാൻസലർമാരെ നേരിട്ട് കേൾക്കാനും രാജ്ഭവന്റെ തീരുമാനം; ഈ മാസം ഏഴിനകം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്

തർക്കം കോടതി കയറിയതോടെ ഗവർണറും അനുനയപാതയിൽ; വിസിമാരെ പദവിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസിന്റെ മറുപടിക്കൊപ്പം ഒരവസരം കൂടി; വൈസ് ചാൻസലർമാരെ നേരിട്ട് കേൾക്കാനും രാജ്ഭവന്റെ തീരുമാനം; ഈ മാസം ഏഴിനകം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിസിമാരുമായുള്ള തർക്കം കോടതി കയറിയതോടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടുത്ത നിലപാടിൽ അയവുവരുത്തി. വിസിമാരെ പദവിയിൽനിന്ന് പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുന്നതിനൊപ്പം, അവരെ നേരിട്ട് കേൾക്കാനും രാജ്ഭവൻ തീരുമാനിച്ചു.ചാൻസലറായ ഗവർണറെ നേരിൽ കണ്ട് ഭാഗം വിശദീകരിക്കണമെന്നുള്ളവർ അക്കാര്യം ഈ മാസം ഏഴിനകം അറിയിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവൻ വി സിമാർക്ക് കത്തയച്ചു.

കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഒമ്പത് സർവകലാശാല വി സിമാർക്ക് അനുവദിച്ച സമയം വ്യാഴാഴ്ചയും രണ്ടു പേർക്കുള്ളത് വെള്ളിയാഴ്ചയും അവസാനിക്കാനിരിക്കെയാണ് നേരിട്ട് കേൾക്കാൻ ഗവർണർ സന്നദ്ധത പ്രകടിപ്പിച്ചത്. രേഖാമൂലം മറുപടി നൽകാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കുമെന്ന് കത്തിൽ ആവർത്തിച്ചിട്ടുണ്ട്.

നിയമനത്തിൽ യുജിസി റെഗുലേഷൻ പ്രകാരമുള്ള നടപടികൾ പാലിച്ചില്ലെന്ന കാരണത്താൽ സാങ്കേതിക സർവകലാശാല വി സി ഡോ.എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പിന്നാലെയാണ് 11 വി സിമാർക്ക് ഇതേ കാരണം ചൂണ്ടിക്കാട്ടി ഗവർണർ നോട്ടീസ് നൽകിയത്. ഇതിൽ ഒമ്പത് വി സിമാരോട് ഗവർണർ ആദ്യം രാജി ആവശ്യപ്പെടുകയായിരുന്നു. വി സിമാർ ഇതു തള്ളുകയും നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചത്.

ഇതിന് പിന്നാലെ ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വി സിമാർക്ക് കൂടി രാജ്ഭവൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. വി സിമാർക്കെതിരെ നടപടിയെടുക്കുംമുമ്പ് അവർക്ക് കാര്യങ്ങൾ ബോധിപ്പിക്കാൻ മതിയായ അവസരം നൽകിയെന്ന് കോടതിയിൽ ഉൾപ്പെടെ അറിയിക്കാനാണ് നേരിട്ട് കേൾക്കാൻ രാജ്ഭവൻ സന്നദ്ധത അറിയിച്ചതെന്നാണ് സൂചന. നേരിട്ട് കേൾക്കണമെന്ന് വി സിമാർ ആവശ്യപ്പെട്ടാൽ അതിനായി പ്രത്യേക സമയം അനുവദിക്കും. അതേസമയം, ചൊവ്വാഴ്ച വൈകീട്ടുവരെ വി സിമാർ ആരും കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം. ബുധനാഴ്ചയോ വ്യാഴാഴ്ചയോ മറുപടി നൽകുമെന്നാണ് സൂചന.

നിയമപരമായ പ്രീതിയാണ് അനുശാസിക്കുന്നതെന്ന് ഹൈക്കോടതി

അതേസമയം, വ്യക്തിപരമായ പ്രീതിയല്ല, നിയമപരമായ പ്രീതിയാണ് ഭരണഘടന അനുശാസിക്കുന്നതെന്ന് ഹൈക്കോടതി. ചീത്ത വിളിച്ചതുകൊണ്ട് മാത്രം ഗവർണർക്കുള്ള പ്രീതി നഷ്ടമാകില്ല. നിയമ വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് പ്രീതി നഷ്ടമാവുകയെന്നും ഹൈക്കോടതി വ്യക്തമാക്കി.

ആരെങ്കിലും ബോധപൂർവം നിയമം ലംഘിച്ചോ എന്നാണ് ഗവർണർ നോക്കേണ്ടതെന്നും ഇത് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സെനറ്റ് അംഗങ്ങളെ പുറത്താക്കിയതിനെതിരായ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.

അതേസമയം, കേരള സർവകലാശാലയിലെ സെനറ്റ് അംഗങ്ങളുടെ നോമിനേഷൻ പിൻവലിച്ച തീരുമാനത്തെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സർവകലാശാല സെനറ്റ് അംഗമെന്ന നിലയിൽ ചുമതലകളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിൽ അംഗങ്ങൾ പരാജയപ്പെട്ടുവെന്ന് ഗവർണർ പറഞ്ഞു. വൈസ് ചാൻസലർ നിയമനത്തിലെ കാലതാമസം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. പുറത്താക്കപ്പെട്ട 15 സെനറ്റ് അംഗങ്ങളാണ് ചാൻസലറുടെ ഉത്തരവു സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

സെലക്ട് കമ്മിറ്റി രൂപീകരിച്ച ചാൻസലറുടെ നിയമാനുസൃതമായ നടപടി സെനറ്റ് വെല്ലുവിളിക്കുന്നതു നിയമവിരുദ്ധമാണ്. സെനറ്റിന്റെ നടപടി കേരള സർവകലാശാലാ നിയമത്തിലെ വ്യവസ്ഥകൾക്ക് യോജിച്ചതല്ല. അതു പ്രകടമായ അധിക്ഷേപമാണ്. ചാൻസലർ പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിക്കണമെന്ന സെനറ്റിന്റെ ഏകകണ്ഠമായ തീരുമാനത്തിൽ തന്റെ നോമിനികൾ കക്ഷികളാകുന്നത് നിയമവിരുദ്ധമാണ്. നോമിനികൾ അധികാരപരിധി വിട്ടാണ് പെരുമാറിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഹൈക്കോടതി നിർദ്ദേശത്തിൽ ചാൻസലർ നാമനിർദ്ദേശം പിൻവലിച്ചതിന്റെ രേഖകൾ ഹാജരാക്കിയിട്ടുണ്ട്.

പുറത്താക്കപ്പെട്ട 15 സെനറ്റ് അംഗങ്ങളാണ് ചാൻസലറുടെ ഉത്തരവു സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ വരെ പുതിയ സെനറ്റർമാരെ നാമനിർദ്ദേശം ചെയ്യരുതെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. അതേസമയം നോമിനേഷൻ പിൻവലിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP