Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊരുതിയത് ഗ്ലെൻ ഫിലിപ്‌സും വില്യംസണും മാത്രം; നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ കീഴടക്കി ഇംഗ്ലണ്ട്; ജയം 20 റൺസിന്; സെമി സാധ്യത നിലനിർത്തി; ഓസ്‌ട്രേലിയ മൂന്നാമത്

പൊരുതിയത് ഗ്ലെൻ ഫിലിപ്‌സും വില്യംസണും മാത്രം;  നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ കീഴടക്കി ഇംഗ്ലണ്ട്; ജയം 20 റൺസിന്; സെമി സാധ്യത നിലനിർത്തി; ഓസ്‌ട്രേലിയ മൂന്നാമത്

സ്പോർട്സ് ഡെസ്ക്

ബ്രിസ്‌ബെയ്ൻ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ലെ നിർണായക പോരാട്ടത്തിൽ ന്യൂസീലൻഡിനെ കീഴടക്കി സെമി സാധ്യത വർദ്ധിപ്പിച്ച് ഇംഗ്ലണ്ട്. 20 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ തകർപ്പൻ ജയം. നായകൻ കെയ്ൻ വില്യംസണും ഗ്ലെൻ ഫിലിപ്പും ഒഴികെയുള്ളവർ നിറം മങ്ങിയതോടെ ഇംഗ്ലണ്ട് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് ആറു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ബ്രിസ്ബേനിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 179 റൺസ് നേടിയത്. ജോസ് ബട്ലർ (73), അലക്സ് ഹെയ്ൽസ് (52) എന്നിവരാണ് ഇംഗ്ലീഷ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിംഗിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാനെ കിവീസിന് കഴിഞ്ഞുള്ളു. 62 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സ് ഒഴികെ മറ്റാർക്കും തിളങ്ങാൻ സാധിച്ചില്ല.

ജയത്തോടെ ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ ടീമുകൾക്ക് അഞ്ച് പോയിന്റ് വീതമായി. റൺറേറ്റിൽ കിവീസാണ് ഒന്നാമത്. ഇംഗ്ലണ്ട് രണ്ടാമതും ഓസ്ട്രേലിയ മൂന്നാമതുമാണ്. മൂവർക്കും അവസാന മത്സരം നിർണായകമാണ്. അയർലൻഡാണ് അവസാന മത്സരത്തിൽ ന്യൂസിലൻഡിന്റെ എതിരാളി. ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാനേയും ഇംഗ്ലണ്ട് ശ്രീലങ്കയേയും നേരിടും.

ജയത്തോടെ ഗ്രൂപ്പ് ഒന്നിൽ നാലു മത്സരങ്ങളിൽ നിന്ന് അഞ്ച് പോയന്റുമായാണ് ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്കുയർന്നത്. ശ്രീലങ്കയ്ക്കെതിരായ അവസാന മത്സരത്തിൽ വിജയിക്കാനായാൽ ഇംഗ്ലണ്ടിന് സെമി കളിക്കാം. തോറ്റെങ്കിലും അഞ്ച് പോയന്റുള്ള ന്യൂസീലൻഡ് മികച്ച നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ടിന്റെ ജയത്തോടെ ഓസ്ട്രേലിയയുടെ സെമി സാധ്യത അനിശ്ചിതത്വത്തിലായി.

36 പന്തിൽ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 62 റൺസെടുത്ത ഫിലിപ്പാണ് കിവീസിന്റെ ടോപ് സ്‌കോറർ. മികച്ച രീതിയിൽ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകുകയായിരുന്ന ഫിലിപ്പ് 18-ാം ഓവറിൽ പുറത്തായതോടെ കിവീസ് കളികൈവിടുകയായിരുന്നു. ഫിലിപ്പിന് മികച്ച പിന്തുണ നൽകിയ വില്യംസൺ 40 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 40 റൺസെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 91 റൺസാണ് കിവീസിനെ മത്സരത്തിൽ നിലനിർത്തിയത്. എന്നാൽ ഈ കൂട്ടുകെട്ട് തകർന്നതോടെ ഫിലിപ്പിന് പിന്തുണ നൽകാൻ മറ്റാർക്കുമായില്ല.

ഫിൻ അലൻ (16), ഡെവോൺ കോൺവെ (3), ജെയിംസ് നീഷാം (6), ഡാരിൽ മിച്ചൽ (3) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ്, സാം കറൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മാർക്ക് വുഡും ബെൻ സ്റ്റോക്ക്സും ഓരോ വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ, അലക്‌സ് ഹെയ്ൽസ് എന്നിവരുടെ ഇന്നിങ്‌സ് മികവിൽ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. തകർത്തടിച്ച് മുന്നേറിയ ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാന ഓവറുകളിലെ മികച്ച ബൗളിങ്ങിലൂടെ ന്യൂസീലൻഡ് 179-ൽ ഒതുക്കുകയായിരുന്നു. 47 പന്തിൽ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 73 റൺസെടുത്ത ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.

ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ബട്ട്‌ലർ - ഹെയ്ൽസ് ഓപ്പണിങ് സഖ്യം തകർപ്പൻ തുടക്കമാണ് നൽകിയത്. 62 പന്തിൽ ഇരുവരും ചേർന്ന് 81 റൺസ് അടിച്ചുകൂട്ടി. 40 പന്തിൽ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 52 റൺസെടുത്ത ഹെയ്ൽസിനെ പുറത്താക്കി മിച്ചൽ സാന്റ്‌നറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ മോയിൻ അലി (5) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.

എന്നാൽ ബട്ട്‌ലർക്കൊപ്പം വമ്പനടിക്കാരൻ ലിയാം ലിവിങ്സ്റ്റൺ എത്തിയതോടെ ഇംഗ്ലണ്ട് വീണ്ടും ടോപ് ഗിയറിലായി. ഇരുവരും ചേർന്ന് അതിവേഗം 45 റൺസ് ചേർത്തു. ലിവിങ്സ്റ്റൺ 14 പന്തിൽ നിന്ന് 20 റൺസെടുത്തു. എന്നാൽ പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണതോടെ ഇംഗ്ലണ്ട് പരുങ്ങി. ഹാരി ബ്രൂക്ക്‌സ് (7), ജോസ് ബട്ട്‌ലർ, ബെൻ സ്റ്റോക്ക്‌സ് എന്നിവരെ തുടർച്ചയായ ഇടവേളകളിൽ നഷ്ടമായതോടെ ഒരു ഘട്ടത്തിൽ 200-ന് അപ്പുറമുള്ള സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു ഇംഗ്ലണ്ടിന് നേടാനായത് 179 റൺസ്. ന്യൂസീലൻഡിനായി ലോക്കി ഫെർഗൂസൻ രണ്ടും ടിം സൗത്തി, മിച്ചൽ സാന്റ്‌നർ, ഇഷ് സോദി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP