Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൈജൂസിലെ തൊഴിലാളികൾ സർക്കാരിന് പരാതിയും നൽകി കാത്തിരിക്കുന്നു; തൊഴിലാളികൾക്ക് ശമ്പളം നൽകാൻ പണമില്ലെങ്കിലും ക്രിക്കറ്റിന് പിന്നാലെ ഫുട്ബോൾ ലോകകപ്പിനും സ്പോൺസർ ചെയ്യും; കേരളത്തിൽ ഓഫീസുകൾ അടച്ചു പൂട്ടാനും കാരണമായി പറയുന്നത് നഷ്ടക്കണക്കും; പണം ധൂർത്തടിച്ച് തൊഴിലാളികളെ വലയ്ക്കുന്ന ബൈജൂസോ കേരളാ മോഡൽ?

ബൈജൂസിലെ തൊഴിലാളികൾ സർക്കാരിന് പരാതിയും നൽകി കാത്തിരിക്കുന്നു; തൊഴിലാളികൾക്ക് ശമ്പളം നൽകാൻ പണമില്ലെങ്കിലും ക്രിക്കറ്റിന് പിന്നാലെ ഫുട്ബോൾ ലോകകപ്പിനും സ്പോൺസർ ചെയ്യും; കേരളത്തിൽ ഓഫീസുകൾ അടച്ചു പൂട്ടാനും കാരണമായി പറയുന്നത് നഷ്ടക്കണക്കും; പണം ധൂർത്തടിച്ച് തൊഴിലാളികളെ വലയ്ക്കുന്ന ബൈജൂസോ കേരളാ മോഡൽ?

സായ് കിരൺ

 കൊച്ചി: വിജ്ഞാന സമ്പത്ത് വ്യവസ്ഥയ്ക്ക് ഉദാഹരണമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സമീപകാലത്തായി പൊതുവേദികളിൽ ഉയർത്തിക്കാട്ടുന്ന പേരാണ് കണ്ണൂർ അഴീക്കോട് സ്വദേശിയായ ബൈജു രവീന്ദ്രന്റേത്. വിജ്ഞാനം നിക്ഷേപിച്ച് അതിലൂടെ സമ്പത്ത് നേടുന്ന ബൈജൂസ് ആപ്പ് ഒരു മികച്ച കേരളാ മോഡലെന്നുമാണ് മാഷിന്റെ പക്ഷം. എന്നാൽ ഇതേ ബൈജൂസ് ആപ്പിന്റെ ഭാഗമായി കേരളത്തിൽ പണിയെടുക്കുന്ന ജീവനക്കാർ പിണറായി വിജയൻ സർക്കാരിന് മുന്നിൽ കമ്പനിക്കെതിരെ പരാതി നൽകി കാത്തിരിക്കുകയാണ്.

ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായി എജുടെക് കമ്പനിയായ ബൈജൂസ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരത്ത് ടെക്ടോപാർക്കിൽ
ഓഫിസ് പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെ 170ഓളം ജീവനക്കാരാണ് പിരിച്ചുവിടൽ ആശങ്കയിലായിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ടെക്നോപാർക്കിലെ ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിൽ തൊഴിൽമന്ത്രി വി. ശിവൻകുട്ടിക്കാണ് നിവേദനം നൽകിയത്. അർഹമായ വേതനവും ആനുകൂല്യങ്ങളും നൽകാതെ ജീവനക്കാരെ രാജിവെക്കാൻ നിർബന്ധിക്കുന്നെന്നാണ് പരാതി. മുന്നറിയിപ്പ് നൽകാതെയും പുതിയ ജോലി കണ്ടെത്താൻ അവസരം നൽകാതെയുമാണ് ഈ നീക്കമെന്നും ജീവനക്കാർ മന്ത്രിയോട് പരാതിപ്പെട്ടിട്ടുണ്ട്.

ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ ഓഫിസ് പൂട്ടുന്നതെന്നും താൽപര്യമുള്ളവർക്ക് ബംഗളൂരുവിലെ ഓഫിസിൽ ജോലിയിൽ പ്രവേശിക്കാമെന്നും അധികൃതർ വ്യക്തമാക്കിയതായും ജീവനക്കാരുടെ സംഘടന പറയുന്നു. രാജ്യത്തുടനീളം കമ്പനിയിലെ നാലിലൊരു വിഭാഗം ജീവനക്കാരെയും ഉടൻ പിരിച്ചുവിടുമെന്നാണ് വിവരം. 12000 ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ടെക്നോളജിബിസിനസ് വെബ്സൈറ്റായ ദ മോണിങ് കോൺടക്സ്റ്റ് ഡോട് കോം നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു.ആറു മാസത്തിനിടെ 2500 ജീവനക്കാരെ തൊഴിൽ ശേഷിയിൽനിന്ന് കുറയ്ക്കുമെന്നാണ് കമ്പനി സഹസ്ഥാപക ദിവ്യ ഗോകുൽനാഥും ചീഫ് ഓപറേറ്റിങ് ഓഫീസർ മൃണാൽ മോഹിതും പ്രത്യേകം വാർത്താ സമ്മേളനങ്ങളിൽ നേരത്തെ അറിയിച്ചിരുന്നത്. ലാഭസാധ്യതാ ഘടകം പരിഗണിച്ചാണ് പിരിച്ചുവിടൽ എന്നായിരുന്നു വിശദീകരണം.

2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടമെന്നാണ് കണക്ക്. മുൻ വർഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. 2021ലെ വരുമാനം 2511 കോടിയിൽനിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ വരുമാനം പതിനായിരം കോടിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്. എന്നാൽ ആ വർഷത്തെ ലാഭമോ നഷ്ടമോ കമ്പനി പുറത്തുവിട്ടിട്ടില്ല. അതേസമയം ഖത്തറിൽ ഈ വർഷം അവസാനം നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർ ബൈജൂസ് ആപ്പാണ്. കോടികളാണ് ഇതിനായി ചെലവഴിക്കുന്നത്. ഇന്ത്യയിൽനിന്ന് ഫിഫ ലോകകപ്പിന്റെ പ്രധാന സ്പോൺസറാകുന്ന ആദ്യ കമ്പനിയാണ് ബൈജൂസ് ആപ്പ്.

കായിക മേഖലയിൽ ബൈജൂസ് സ്പോൺസർഷിപ്പ് കരാർ സ്വന്തമാക്കുന്നത് ഇതാദ്യമല്ല. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പ് അവകാശം ബൈജൂസിനാണ്. കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഔദ്യോഗിക സ്പോൺസറും ബൈജൂസായിരുന്നു. സ്പോൺസർഷിപ്പിനായി പ്രതിവർഷം കോടികൾ ചെലവഴിക്കുന്ന ബൈജൂസാണ് കമ്പനിയുടെ വളർച്ചയ്ക്കായി ഒപ്പം നിന്ന ജീവനക്കാരെ ഒരു നിമിഷം കൊണ്ട് കൈവിട്ടത്. കേരളീയനായ ബൈജുവിന്റെ പ്രവർത്തനങ്ങൾ കേരള മോഡലാണെന്ന് വിശേഷിപ്പിക്കുന്നവർക്ക് തിരിച്ചടി നൽകികൊണ്ടാണ് ബൈജൂസിന്റെ പ്രവർത്തനം. 

ബൈജു രവീന്ദ്രൻ നേതൃത്വം നൽകുന്ന ബൈജൂസ് കമ്പനിയുടെ ആകെ മൂല്യം 22 ബില്യൺ ഡോളറാണ്. ആകാശ് അടക്കമുള്ള വമ്പൻ കമ്പനികളെ ബൈജൂസ് ഏറ്റെടുത്തു. രണ്ടു വർഷത്തിനിടെ ഏറ്റെടുക്കലുകൾക്ക് മാത്രമായി 2.5 ബില്യൺ യുഎസ് ഡോളറാണ് ബംഗളൂരു ആസ്ഥാനമായ കമ്പനി ചെലവഴിച്ചിരുന്നത്. അദ്ധ്യാപക ദമ്പതിമാരായ രവീന്ദ്രന്റെയും ശോഭനവല്ലിയുടെയും മകനായ ബൈജു. പഠനത്തിൽ എന്നും മികവു പുലർത്തിയിരുന്നു. അഴീക്കോട്ടെ സർക്കാർ സ്‌കൂളിൽ മലയാളം മീഡിയത്തിലായിരുന്നു പഠിച്ചത്. പ്ലസ് ടു പഠന ശേഷം, കണ്ണൂർ എൻജിനീയറിങ് കോളേജിൽ നിന്ന് വിജയകരമായി ബി.ടെക് പൂർത്തിയാക്കിയശേഷം, ഒരു മൾട്ടി നാഷണൽ ഷിപ്പിങ് കമ്പനിയിൽ സർവീസ് എൻജിനീയറായി ജോലി. അവധിക്കു നാട്ടിൽ വന്ന ബൈജു, തന്റെ സുഹൃത്തുക്കളെ കാണാനായി ബെംഗളൂരുവിലെത്തിയപ്പോഴായിരുന്നു പരിശീലനത്തിനായി ആപ്ലിക്കേഷൻ എന്ന ആശയം ഉദിച്ചത്. 2015 ആഗസ്റ്റിലായിരുന്നു ബൈജുസ് ലേണിങ് ആപ്പ് ആരംഭിച്ചത്.

കലയാളിവിൽ കൊണ്ട് 60 ലക്ഷത്തിലധികം ഉപഭോക്താക്കളുമായി വമ്പൻ കുതിച്ചു ചാട്ടമാണ് സ്വദേശത്തും വിദേശത്തുമായി കൈവരിച്ചത്. എന്നാൽ പിന്നാലെ ആപ്പിനെതിരെ നിരവധി പരാതികളും ഉയർന്നു. വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകാതെ കബളിപ്പിക്കുക, പണം റീഫണ്ട് ചെയ്യാതിരിക്കുക എന്നിവയാണ് പ്രധാന പരാതികൾ. പ്രമുഖ വാർത്താ ചാനലായ ബിബിസി തയ്യാറാക്കിയ റിപോർട്ടിലും ബൈജൂസ് ആപ്പിന്റെ തട്ടിപ്പുകൾ പുറത്തുവന്നിരുന്നു.ഫേസ്‌ബുക്ക് സ്ഥാപകൻ സക്കർബർഗിന്റെ മകളുടെ പേരിലുള്ള ചാൻ സക്കൻബർഗ് ഇനീഷ്യേറ്റീവാണ് ഇതിൽ കൂടുതൽ മൂല്യ നിക്ഷേപം നടത്തിയത്. അമേരിക്കൻ കമ്പനികളായ ടിഗർ ഗ്ലോബൽ, ജനറൽ അറ്റ്‌ലാന്റിക് എന്നിവയും ഇതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

ആപ്പിന്റെ സെയിൽസ് ഉദ്യോഗസ്ഥരുടെ നിരന്തരമായ ഫോൺവിളികൾ രക്ഷിതാക്കളുടെ അരക്ഷിതാവസ്ഥക്ക് കാരണമാകുന്നുവെന്നും ഇതവരെ കടബാധിതരാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ വിദഗ്ദ്ധർ പറയുന്നു.12 മുതൽ 15 മണിക്കൂർ വരെ ജോലിയെടുക്കേണ്ടി വരുന്നുവെന്നും അമിതമായ ജോലി ഭാരം മാനസികാരോഗ്യത്തെ വരെ ബാധിച്ചെന്നും നിരവധി മുൻ ജീവനക്കാരും വെളിപ്പെടുത്തിയിട്ടുണ്ട്. ആപ്പിന്റെ മോശം സേവനങ്ങളെകുറിച്ച് ഇന്ത്യയിലെ പല ഉപഭോക്തൃ കോടതികളിലും കേസുകൾ നിലവിലുണ്ട്. റീഫണ്ടുകളും സേവനങ്ങൾ നൽകാത്തതും സംബന്ധിച്ച പരാതികളിൽ നഷ്ടപരിഹാരം നൽകാൻ ഇന്ത്യയിലെ മൂന്ന് ഉപഭോക്തൃ കോടതികൾ ഉത്തരവിട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP