Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റേഡിയേഷൻ കോഴ്സ് ചെയ്യുന്നതിനാൽ റേഡിയേഷൻ ഏറ്റതാകാം മരണകാരണം എന്ന അതിവിചിത്ര കണ്ടെത്തൽ നടത്തിയ പാറശ്ശാല പൊലീസ്; ഓട്ടോ ഡ്രൈവറും ഡോക്ടറും വാട്സാപ്പ് ചാറ്റും വീഡിയോയും സാഹചര്യ-ശാസ്ത്രിയ തെളിവൊരുക്കി; ബിഎ സാഹിത്യത്തിൽ നാലാം റാങ്ക് നേടിയ ഹൊറർ സിനിമകളുടെ ആരാധിക; നാടാർ യുവാവിനെ കൊന്നു തള്ളിയ നായർ കാമുകി!

റേഡിയേഷൻ കോഴ്സ് ചെയ്യുന്നതിനാൽ റേഡിയേഷൻ ഏറ്റതാകാം മരണകാരണം എന്ന അതിവിചിത്ര കണ്ടെത്തൽ നടത്തിയ പാറശ്ശാല പൊലീസ്; ഓട്ടോ ഡ്രൈവറും ഡോക്ടറും വാട്സാപ്പ് ചാറ്റും വീഡിയോയും സാഹചര്യ-ശാസ്ത്രിയ തെളിവൊരുക്കി; ബിഎ സാഹിത്യത്തിൽ നാലാം റാങ്ക് നേടിയ ഹൊറർ സിനിമകളുടെ ആരാധിക; നാടാർ യുവാവിനെ കൊന്നു തള്ളിയ നായർ കാമുകി!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പഠിക്കാൻ മിടുക്കിയും മാതാപിതാക്കളുടെ ഏക മകളുമായ ഗ്രീഷ്മ തമിഴ്‌നാട്ടിലെ എംഎസ് സർവകലാശാലയിൽനിന്നു ബിഎ ഇംഗ്ലിഷ് സാഹിത്യത്തിൽ 4ാം റാങ്ക് നേടിയ കുട്ടിയാണ്. അവൾ അങ്ങനെ ചെയ്യുകയേ ഇല്ല-ഇതായിരുന്നു പാറശ്ശേല പൊലീസ് പറഞ്ഞിരുന്നത്. ഹൊറർ സിനിമയുടെ ആരാധികയായ ഗ്രീഷ്മയെ നല്ലപിള്ളയായി പൊലീസും അവതരിപ്പിച്ചു. പൊലീസ് അന്വേഷണത്തെ നേരിട്ടതും ചങ്കുറപ്പോടെ. രണ്ടു തവണ മൊഴിയെടുത്തപ്പോഴും പൊലീസിനു സംശയം തോന്നിയില്ല. ഇതിനെല്ലാം കാരണം പൊലീസിന്റെ താൽപ്പര്യക്കുറവായിരുന്നു. സാധാരണ മരണമായി ഇതിനെ മാറ്റാൻ അവർ ശ്രമിച്ചു. ഛർദ്ദിച്ചുള്ള മരണത്തെ റേഡിയേഷൻ മരണമാക്കാനും ശ്രമിച്ചു.

ഷാരോണിന്റെ മരണത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ട് പാറശാല പൊലീസിൽ ഈ മാസം 27ന് പരാതി നൽകിയെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ടു പോയില്ല. ഷാരോൺ റേഡിയേഷൻ കോഴ്‌സ് ചെയ്യുന്നതിനാൽ റേഡിയേഷൻ ഏറ്റതാകാം മരണകാരണം എന്ന ന്യായവും പാറശാല പൊലീസ് മുന്നോട്ടുവച്ചു. ഫോൺ സംഭാഷണങ്ങളിൽ പറഞ്ഞ കാര്യങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് കുടുംബം പറഞ്ഞെങ്കിലും ആദ്യഘട്ടത്തിൽ അതേക്കുറിച്ച് പാറശാല പൊലീസ് അന്വേഷിച്ചില്ല. പിന്നീട് റൂറൽ എസ്‌പി ഇടപെട്ട് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. റൂറൽ എസ്‌പി ഡി.ശിൽപയും ഡിഎസ്‌പി: സുൾഫിക്കറും അന്വേഷണത്തിനു നേതൃത്വം നൽകി. അന്വേഷണം കെജെ ജോൺസണിലേക്ക് എത്തി. ഇതോടെ അന്വേഷണം വഴിമുട്ടി.

29ന് വൈകിട്ട് ഷാരോണിന്റെ വൈദ്യപരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചു. ഷാരോൺ ഛർദിച്ചതു നീലയും പച്ചയും കലർന്ന നിറത്തിലായിരുന്നു എന്നതു വിലയിരുത്തി. തുരിശ് അടങ്ങിയ കീടനാശിനി എന്ന സംശയത്തിലേക്ക് ഇതു വഴിതെളിച്ചു. തുടർന്ന് ഗ്രീഷ്മയെയും മാതാപിതാക്കളെയും ചോദ്യംചെയ്യാൻ ഇന്നലെ വിളിപ്പിച്ചു. അവർക്കൊപ്പവും തനിച്ചുമുള്ള ചോദ്യംചെയ്യൽ തുടങ്ങിയപ്പോൾ ഗ്രീഷ്മ പതറി. സത്യം പുറത്തു വരികയും ചെയ്തു. അപ്പോഴും പൊലീസിന്റെ പോക്കിൽ സംശയങ്ങൾ ഏറെ. എല്ലാം തെളിയിച്ചത് ശിൽപ്പയാണെങ്കിലും പ്രതി കുറ്റസമ്മതം നടത്തിയതോടെ എല്ലാം പറയാൻ എഡിജിപി അജിത് കുമാർ നേരിട്ടെത്തി. ഒരു കേസിലും ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ വിശദീകരിക്കാൻ എഡിജിപിയോ ഡിജിപിയോ ഒന്നും കേരള ചരിത്രത്തിൽ പത്ര സമമേളനം നടത്തിയിട്ടില്ല.

ഗ്രീഷ്മ നൽകിയ കഷായവും ജൂസും കുടിച്ച് അവശനായ പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജ് മരിച്ച സംഭവത്തിൽ വഴിത്തിരിവായത് പെൺകുട്ടിയുടെ സ്വഭാവത്തിൽ ഷാരോൺ രാജിന്റെ കുടുംബത്തിനു തോന്നിയ സംശയവും ശാസ്ത്രീയ തെളിവുകളും ആണെന്നതാണ് വസ്തുത. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനു ശേഷമാണ് ഗ്രീഷ്മയുടെ സ്വഭാവത്തിൽ മാറ്റം വന്നത്. തന്റെ ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതകത്തിലുള്ളതായി കാമുകനായ ഷാരോണിനോട് ഗ്രീഷ്മ പറഞ്ഞിരുന്നു. അതിൽ വിശ്വാസമില്ലെന്നു പറഞ്ഞ ഷാരോൺ ബന്ധത്തിൽനിന്നു പിന്മാറാൻ തയാറായില്ല. ഗ്രീഷ്മ ഇങ്ങനെ പറഞ്ഞ കാര്യവും ജൂസ് നൽകുന്ന കാര്യവും ഷാരോൺ വീട്ടുകാരെ അറിയിച്ചിരുന്നു. ഷാരോണിന്റെ അടുത്ത ബന്ധുവായ യുവാവിനും പ്രണയബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു.

ഷാരോണിന്റെ മരണശേഷം ഗ്രീഷ്മയുമായി ഈ യുവാവ് നടത്തിയ സംഭാഷണങ്ങളാണ് അന്വേഷണത്തിൽ സഹായകമായത്. ഷാരോണുമായി മരണത്തിനു തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ഗ്രീഷ്മ നടത്തിയ സംഭാഷണവും വഴിത്തിരിവായി. ഗ്രീഷ്മ അടിക്കടി കാര്യങ്ങൾ മാറ്റിപ്പറഞ്ഞത് ഷാരോണിന്റെ കുടുംബത്തിന്റെ സംശയം വർധിപ്പിച്ചു. ഗ്രീഷ്മയുമായി പുറത്തുപോയി ജൂസ് കുടിക്കുന്ന ദിവസങ്ങളിലെല്ലാം ഷാരോൺ ഛർദിച്ചതും സംശയത്തിനിടയാക്കി. ഇതോടെ, ഗ്രീഷ്മയും കുടുംബവും ഷാരോണിനെ വിഷം കൊടുത്തുകൊല്ലുകയായിരുന്നെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. പക്ഷേ പൊലീസ് എല്ലാം നിഷേധിച്ചു. എന്നാൽ മൊഴിയിലെ വൈരുദ്ധ്യവും പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ നൽകിയ വിവരങ്ങളുമാണ് കേസിൽ നിർണായകമായത്. സ്‌നേഹിക്കുന്ന പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് എന്തിനു കഷായം കുടിക്കണമെന്നാണ് പൊലീസ് ആദ്യം ചിന്തിച്ചത്. ഗ്രീഷ്മ ഷാരോണിനു സ്ഥിരമായി ജൂസ് നൽകിയിരുന്നെന്ന വിവരം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

14ന് വീട്ടിലെത്തിയ ഷാരോണിനു കഷായം നൽകിയതായി ഗ്രീഷ്മ ഷാരോണിന്റെ വീട്ടുകാരോടു സമ്മതിച്ചു. താൻ കഷായം കയ്‌പ്പാണെന്നു പറയുമ്പോൾ ഷാരോൺ കളിയാക്കിയിരുന്നതായും കയ്‌പ്പ് മനസിലാക്കിക്കൊടുക്കാനാണ് കഷായം കൊടുത്തതെന്നുമാണ് ഗ്രീഷ്മ പറഞ്ഞിരുന്നത്. കഷായത്തിന്റെ പേര് ഓർമയില്ലെന്ന് പറഞ്ഞത് സംശയം വർധിപ്പിച്ചു. കുപ്പിയുടെ ലേബൽ ഇളക്കി കളഞ്ഞെന്നും കുപ്പി ആക്രിക്കാരനു കൊടുത്തെന്നും ഗ്രീഷ്മ ആദ്യഘട്ടത്തിൽ പറഞ്ഞത് കേസിൽ വഴിത്തിരിവായി. ജൂസിൽ ഷാരോണിന്റെ വീട്ടുകാർക്ക് സംശയമുണ്ടായതോടെ ഗ്രീഷ്മ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തി. ഇതിനിടെ ജ്യൂസ് ചലഞ്ചിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. അതിസമർത്ഥമായി ചെയ്തതായിരുന്നു ഈ കൊല.

താൻ രാവിലെ കുടിച്ച കഷായത്തിന്റെ ബാക്കിയാണ് കൊടുത്തതെന്നാണ് ഗ്രീഷ്മ ഷാരോണിനോടും ബന്ധുക്കളോടും പറഞ്ഞത്. അമ്മയാണ് കഷായം സൂക്ഷിക്കുന്നതെന്നും കുപ്പിയിൽനിന്ന് ഗ്ലാസിൽ ഒഴിച്ചുവച്ച കഷായമാണ് നൽകിയതെന്നും ഗ്രീഷ്മ ഷാരോണിനോടു പറഞ്ഞിരുന്നു. കഷായം കുടിക്കാനുള്ള അവസാന ദിവസമായിരുന്നെന്നും ഷാരോണിനു കൊടുത്തതോടെ കഷായം തീർന്നെന്നു പറഞ്ഞതും സംശയം ഇരട്ടിപ്പിച്ചു. ഏതു ജൂസാണ് കഷായത്തിനുശേഷം ഷാരോണിനു നൽകിയതെന്നു ബന്ധുക്കൾ ചോദിച്ചപ്പോൾ വ്യത്യസ്ത കമ്പനികളുടെ പേരാണ് ഗ്രീഷ്മ പറഞ്ഞത്.

കുടിച്ച കഷായത്തിന്റെ പേര് മരിക്കുന്നതിനു മുൻപ് പലതവണ ഷാരോൺ ചോദിച്ചെങ്കിലും പറയാൻ ഗ്രീഷ്മ തയാറായില്ല. അമ്മയോട് ചേദിച്ചിട്ടു പറയാമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. ഗ്രീഷ്മയോടുള്ള വിശ്വാസം കാരണം കഷായം കുടിച്ച കാര്യം ഷാരോൺ വീട്ടിൽ പറഞ്ഞില്ല. കാലാവധി കഴിഞ്ഞ ജൂസ് കുടിച്ചതാണ് ഛർദിലിനു കാരണമെന്നാണ് ഷാരോൺ പറഞ്ഞത്. മരണമൊഴി രേഖപ്പെടുത്തുന്ന സമയത്തും കഷായം കുടിച്ച കാര്യം ഷാരോൺ വെളിപ്പെടുത്തിയില്ല. ആരെയും സംശയമില്ലെന്നായിരുന്നു മജിസ്‌ട്രേറ്റിനോട് പറഞ്ഞത്.

താൻ സ്‌നേഹിക്കുന്ന പെൺകുട്ടി വിഷം നൽകുമെന്ന് ഷാരോൺ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു. അവൾ അങ്ങനെ ചെയ്യില്ലെന്നാണ് മരണക്കിടക്കയിലും ഷാരോൺ പറഞ്ഞത്. വീട്ടിലെത്തിയ ഓട്ടോ ഡ്രൈവർക്കും ജൂസ് നൽകിയതായും കുടിച്ചശേഷം ഡ്രൈവർക്കും ഛർദിലുണ്ടായതായും ഗ്രീഷ്മ ഷാരോണിനോടും കുടുംബത്തിനോടും പറഞ്ഞിരുന്നു. കാരണക്കോണം സ്വദേശിയായ ഡ്രൈവറെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇതെല്ലാം കളവാണെന്നു ബോധ്യമായി.

ചേച്ചിയുടെ സുഹൃത്തായ ഡോക്ടറാണ് കഷായം എഴുതി നൽകിയതെന്നു ഗ്രീഷ്മ ഷാരോണിന്റെ വീട്ടുകാരോട് പറഞ്ഞിരുന്നു. കഷായം കുപ്പിയിൽ ഒഴിച്ചാണ് നൽകിയതെന്നും പറഞ്ഞിരുന്നു. അന്വേഷണത്തിൽ ഡോക്ടർ ഇക്കാര്യം നിഷേധിച്ചു. ഒന്നര വർഷം മുൻപ് ഡോക്ടർ പാറശാലയിൽനിന്ന് സ്ഥലംമാറി പോയിരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP