Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാറ്റു കേസിലെ പ്രതി ഹെഡ് മാസ്റ്റർ ആയത് മന്ത്രി അറിഞ്ഞില്ല; ശിരോ വസ്ത്രം ധരിച്ചുള്ള റാഗിങ് ചർച്ചയാക്കിയ രക്ഷിതാക്കളെ പരിഹസിച്ച എസ് എം സി; അദ്ധ്യാപകനെ 'ത്രോൺ ഔട്ടാക്കിയ' പുതിയ പ്രിൻസിപ്പൾ; ബസ് കത്തിച്ചവരും ഇരുട്ടിന്റെ മറവിൽ; കുട്ടിക്ക് അസുഖം വന്നാലും പരിഹാസം; കോട്ടൺഹിൽ സ്‌ക്കൂളിനെ നശിപ്പിക്കുന്നത് രാഷ്ട്രീയ അതിപ്രസരം

വാറ്റു കേസിലെ പ്രതി ഹെഡ് മാസ്റ്റർ ആയത് മന്ത്രി അറിഞ്ഞില്ല; ശിരോ വസ്ത്രം ധരിച്ചുള്ള റാഗിങ് ചർച്ചയാക്കിയ രക്ഷിതാക്കളെ പരിഹസിച്ച എസ് എം സി; അദ്ധ്യാപകനെ 'ത്രോൺ ഔട്ടാക്കിയ' പുതിയ പ്രിൻസിപ്പൾ; ബസ് കത്തിച്ചവരും ഇരുട്ടിന്റെ മറവിൽ; കുട്ടിക്ക് അസുഖം വന്നാലും പരിഹാസം; കോട്ടൺഹിൽ സ്‌ക്കൂളിനെ നശിപ്പിക്കുന്നത് രാഷ്ട്രീയ അതിപ്രസരം

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: രാഷ്ട്രീയ അതിപ്രസരവും ഇടതു അദ്ധ്യാപക സംഘടനയുടെ കയ്യൂക്കും കാരണം കേരളത്തിലെ തന്നെ പ്രമുഖ സർക്കാർ സ്‌ക്കൂളുകളിലൊന്നായ കോട്ടൺഹിൽ സ്‌ക്കൂളിനെ ഒന്നൊഴിയാതെ വിവാദങ്ങൾ പിൻതുടരുകയാണ്. ആരോപണങ്ങളിലെല്ലാം സ്‌ക്കൂൾ മാനേജുമെന്റും അദ്ധ്യാപകരുമാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്. തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ സംഘടനയാണ് സ്‌കൂളിനെ തകർച്ചയിലേക്ക് തള്ളി വിടുന്നത്. സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയെ നിയന്ത്രിക്കുന്ന 'രണ്ടു' വിഐപികളുടെ നേതൃത്വത്തിലാണ് അട്ടിമറികൾ. ഇതിലൊരാൾ സിപിഎമ്മിന്റെ പ്രാദേശിക നേതാവുമാണ്.

പരീക്ഷക്കിടെ അലർജി മൂലം അവശയായ ബാഡ്മിന്റൺ താരം കൂടിയായ വിദ്യാർത്ഥിനിക്കു ചികിത്സ വൈകിയ സംഭവം വിവാദമായതോടെ വീണ്ടും ഗവ.കോട്ടൺഹിൽ സ്‌കൂൾ വാർത്തകളിൽ നിറയുകയാണ്. ദേശീയ ബാഡ്മിന്റൺ താരം കൂടിയായ പ്ല്സ് ടു വിദ്യാർത്ഥിക്കാണ് സ്‌ക്കൂൾ അധികൃതരിൽ നിന്നും ദുരനുഭവം ഉണ്ടായത്. പ്ളസ് വൺ ഇപ്രൂവ്മെന്റ് പരീക്ഷയ്ക്കിടെയാണ് കുട്ടിക്ക് കലശലായ നടുവേദനയും വയറു വേദനയും ഉണ്ടായത്. രക്ഷകർത്താവിനെ ഫോണിൽ വിളിച്ചു തരണമെന്നും തനിക്ക് അലർജി പ്രശ്നം ഉണ്ടെന്നും കുട്ടി അപേക്ഷിച്ച് പറഞ്ഞിട്ടും ക്ളാസിൽ ഡ്യൂട്ടിക്ക് നിന്ന ടീച്ചർ അലിവു കാട്ടിയില്ല എന്ന വിമർശനമാണ് ഉയരുന്നത്. പോസ്റ്റ് കോവിഡ് സിൻ ഡ്രം ഉള്ളതു കൊണ്ട് തന്നെ ഇത്തരം ഘട്ടങ്ങളിൽ കുട്ടിക്ക് വൈദ്യ സഹായം ലഭ്യമാക്കണമായിരുന്നു. ഇക്കാര്യം കുട്ടി പറഞ്ഞിട്ടും സ്‌ക്കൂൾ അധികൃതർ ചെവികൊണ്ടില്ല എന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. വ്യാഴാഴ്ചയാണ് സക്കൂളിൽ പരീക്ഷ നടന്നത്.

പരീക്ഷയ്ക്കിടെ 3.20 ആയപ്പോഴാണ് വിദ്യാർത്ഥിനിക്ക് വയറു വേദനയും നടുവേദനയും അനുഭവപ്പെട്ടത്. ഉടൻ തന്നെ ടീച്ചറോടു അമ്മയെ ഫോണിൽ വിളിച്ചു തരാൻ കുട്ടി ആവിശ്യപ്പെട്ടു. എന്നാൽ പരീക്ഷ 4.20നെ കഴിയൂ അതിന് ശേഷമേ വിളിക്കാൻ അനുവദിക്കു എന്ന് ടീച്ചർ നിലപാടെടുത്തു. വേദന കലശലായതോടെ കുട്ടി പ്രിൻസിപ്പാളിനെ കാണണമെന്ന് ടീച്ചറോടു പറഞ്ഞു. അങ്ങനെ പ്രിൻസിപ്പാൾ പരീക്ഷ ഹാളിൽ എത്തി. തനിക്ക് പോസ്റ്റ് കോവിഡ് സിൻ ഡ്രം ഉണ്ടെന്നും അടിയന്തിരമായി ആശയപത്രിയിൽ പോകേണ്ടതുണ്ടെന്നും കുട്ടി പറഞ്ഞു. അതിനാൽ അമ്മയെ ഫോണിൽ വിളിച്ചു തരണമെന്ന് കുട്ടി കരഞ്ഞു പറഞ്ഞു. എന്നാൽ നിയമം അതിന് അനുശാസിക്കുന്നില്ലന്ന് പറഞ്ഞ പ്രിൻസിപ്പാൾ ഒന്നും പഠിക്കാതെ വന്നതിന്റെ അടവാണോ എന്ന് ചോദിച്ച് പരിഹസിക്കുക കൂടി ചെയ്തു. പിന്നീട് പരീക്ഷ കഴിഞ്ഞ് മാത്രമാണ് കുട്ടിയുടെ അമ്മയെ വിളിക്കാൻ അനുവദിച്ചത്.

അമ്മ സ്‌ക്കൂളിൽ എത്തിയപ്പോൾ ഗേറ്റിന് പുറത്ത് റോഡരികിലായി തൂണിൽ ചാരി അവശയായി നില്ക്കുന്ന മകളയൊണ് കണ്ടത്. ഡോക്ടറെ ഉടൻ ബന്ധപ്പെട്ട് കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഉടൻ വൈദ്യ സഹായം ഉറപ്പു വരുത്തണമെന്നു ഡോക്ടർ പ്രത്യേകം നിർദ്ദേശിച്ചിരുന്നതാണ്. ദേശീയ ബാഡ്മിന്റൺ മത്സത്തിന് പോയപ്പോഴാണ് കുട്ടിക്ക് കോവിഡ് പിടിപെട്ടത്. അതിന് ശേഷമാണ് അലർജി പ്രശ്നങ്ങൾ ഉണ്ടായത്. എന്നിരുന്നാലും സ്പോർട്‌സിൽ സജീവമായിരുന്ന കുട്ടി കഴിഞ്ഞയാഴ്ച നടന്ന ഒരു മത്സരത്തിൽ കോട്ടൺ ഹിൽ സ്‌ക്കൂളിനെ ഒന്നാമത് എത്തിച്ചിരുന്നു. എന്നിട്ടാണ് സ്‌ക്കൂൾ അധികൃതർ ഈ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചതും പരിഹസിച്ചതും. കുട്ടിയുടെ മാതാവ് വകുപ്പ് മന്ത്രി വി ശിവൻ കുട്ടിക്ക് പരാതി നൽകിയതിനാൽ സംഭവത്തെ കുറിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം ആരംഭിച്ചു. രക്ഷകർത്താക്കളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് ഈ അന്വേഷണം എന്നാണ് വിമർശനം ഉയരുന്നത്.

അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ടു നിറഞ്ഞാടുകയാണ് സ്‌കൂൾ. സ്‌കൂൾ മാനേജ്‌മെന്റെ കമ്മറ്റിയുടെ പൂർണ്ണ പിന്തുണയുമായി ഒരു അദ്ധ്യാപകനാണ് സ്‌കൂളിനെ നിയന്ത്രിക്കുന്നത്. താക്കോൽ സ്ഥാനങ്ങളിൽ എത്താൻ അദ്ധ്യാപക സംഘടനാ നേതൃത്വത്തിന്റെ പിന്തുണയുള്ള ഇയാൾ എന്തും ചെയ്യും. രാഷ്ട്രീയ അതിപ്രസരം കാരണം ഇവരെ നിയന്ത്രിക്കാൻ ആർക്കും കഴിയുന്നില്ല. ഇവരുമായി സഹകരിക്കുന്നവർ മാത്രമേ സ്‌കൂളിന്റെ പ്രിൻസിപ്പളായി എത്തുകയുമുള്ളൂ. അങ്ങനെ രാഷ്ട്രീയം തകർക്കുകയാണ് ഈ മാതൃകാ സ്ഥാപനത്തെ. ഈ സ്‌കൂളിലെ ബഹു ഭൂരിപക്ഷം അദ്ധ്യാപകരും ഇതിനെല്ലാം എതിരാണ്. എന്നാൽ ശബ്ദിച്ചാൽ ദ്രോഹിക്കും വിധമുള്ള സ്ഥലം മാറ്റം ഉറപ്പാണ്. ഇതോടൊപ്പം അങ്ങനെ ഉള്ള ടീച്ചർമാരെ കേസിൽ കുടുക്കാൻ ശ്രമിക്കുന്ന ലോബിയും ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ കോട്ടൺഹിൽ സ്‌കൂളിൽ രാഷ്ട്രീയ തോന്ന്യവാസങ്ങൾ അതിരു കടക്കുകയാണ്.

ബസു കത്തിച്ചത് ആര്?

കോട്ടൺഹിൽ സ്‌കൂൾ വളപ്പിനുള്ളിൽ നിർത്തിയിട്ടിരുന്ന ബസിന് തീപിടിച്ചിട്ട് ഒരു മാസം ആകുന്നു. അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ ബസ് തീപിടിച്ചു കത്തി നശിച്ച സംഭവത്തിൽ വ്യക്തത വരുത്താൻ കഴിയൂവെന്നാണ് പൊലീസ് നിലപാട്. മ്യൂസിയം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സ്‌കൂൾ അധികൃതരിൽ നിന്നും സംഭവ ദിവസം സ്ഥലത്ത് ഉണ്ടായിരുന്ന സെക്യൂരിറ്റിക്കാരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചെങ്കിലും തീപിടിത്തെക്കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല.

പുലർച്ചെ മൂന്നിനാണ് സംഭവം നടന്നത് . സ്‌ക്കൂളിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിന് സമീപം നിർത്തിയിട്ടിരുന്ന എട്ടാം നമ്പർ ബസിനാണ് തീപിടിച്ചത്. സമീപത്തെ ലേഡീസ് ഹോസ്റ്റൽ അന്തേവാസികളാണ് തീ കണ്ട് സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിച്ചത്. എന്നാൽ സ്‌ക്കൂളിനുള്ളിലെ അമിത രാഷ്ട്രീയ ഇടപെടലാണ് പ്രതികളെ പിടിക്കാൻ വൈകുന്നതിന് പിന്നിലെന്നും ആക്ഷേപം ഉണ്ട്. പ്രതികളെ സ്‌ക്കൂൾ അധികൃതർക്ക് അറിയാം. എന്നാൽ കേസ് വേണ്ടന്ന നിലപാടിലാണ് അധികൃതർ എന്നാണ് പറയപ്പെടുന്നത്. ഇതും ദുരൂഹത വർദ്ധിപ്പിക്കുന്നു.

നാലു മാസം മുൻപാണ് കോട്ടൺഹിൽ സ്‌ക്കൂളിൽ റാംഗിങ് നടക്കുന്നത്. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നായിരുന്നു പരാതി. സീനിയേഴ്‌സ പറയുന്നത് കേട്ടില്ലെങ്കിൽ കൈഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്‌കൂൾ കെട്ടിടത്തിന് മുകളിൽ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. പരിക്കേറ്റ ഒരു വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടിയശേഷം പൊലീസിൽ പരാതി നൽകിയിരുന്നു.

ഈ വിദ്യാർത്ഥിയുടെ രക്ഷിതാവ് ഫേസ്‌ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച മുതിർന്ന വിദ്യാർത്ഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ശിരോവസ്ത്രം ധരിച്ച് എത്തിയ വിദ്യാർത്ഥിനികളാണ് യു പി സെക്ഷനിലെ കുട്ടികളെ ഉപദ്രവിച്ചതെന്ന് അന്ന് വെളിപ്പെടുത്തലും ഉണ്ടായിരുന്നു. മാസ്‌ക്ക് ഇട്ടിരുന്ന വിദ്യാർത്ഥികൾ യൂണിഫോം ധരിച്ചിരുന്നില്ല. പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന യു പി സ്‌കൂൾ കുട്ടികളെ മുതിർന്ന കുട്ടികൾ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികൾ ഉണ്ടായിരുന്നു.

എന്നാൽ പുറത്ത് നിന്നെത്തിയ സംഘമാണോ സംഭവത്തിന് പിന്നിലെന്ന് ചില രക്ഷിതാക്കൾ സംശയിച്ചിരുന്നു.. സ്‌കൂൾ ഗെയിറ്റിനും ചുറ്റുമതിലിലും സി സി ടി വി ക്യാമറകൾ ഇല്ലാത്തതടക്കമുള്ള സുരക്ഷാ വീഴ്ചയും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. സ്‌ക്കൂൾ ബസ് കത്തിയപ്പോഴും സി സി ടിവി ഇല്ലാത്തതിന്റെ കുറവ് പൊലീസുകാർ ചൂണ്ടികാണിച്ചിരുന്നു.

ഒന്നും ചെയ്യാത്ത വിദ്യാഭ്യാസ വകുപ്പ്

സ്‌ക്കൂളിൽ റാഗിങ് പരാതി അരങ്ങേറിയപ്പോഴും കുട്ടികൾ ഉപദ്രവിക്കപ്പെട്ടപ്പോഴും സ്‌ക്കൂൾ ഹെഡ്‌മാസ്റ്റർ ആയി തുടർന്നത് ചാരായക്കേസ് പ്രതിയായിരുന്നു. അബ്കാരി കേസ് പ്രതി കോട്ടൺ ഹില്ലിൽ ഉണ്ടന്ന കാര്യം താൻ അറിഞ്ഞിരുന്നില്ലന്നാണ് അന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.
ചാരായക്കടത്ത് കേസിലെ പ്രതി കോട്ടൺ ഹില്ല് സക്കൂളിൽ ഹെഡ്‌മാസ്റ്ററായി തുടരുന്ന വാർത്ത ആദ്യും പുറത്തു വിട്ടത് അന്ന് മറുനാടൻ മലയാളിയായിരുന്നു. കോവിഡ് കാലത്തുകൊല്ലം ജില്ലയിലെ അച്ചൻ കോവിലിൽ വെച്ച് പൊലീസ് പിടിച്ചതിനെ തുടർന്ന് റിമാന്റിലായ അദ്ധ്യാപകനാണ് സംഘടനാ ശക്തിയുടെയും സ്വാധീനത്തിന്റെയും ബലത്തിൽ കോട്ടൺ ഹില്ലിൽ എത്തിയത്.

കോട്ടൺ ഹില്ല് സ്‌ക്കൂൾ റാഗിങ് വിവാദത്തിൽപ്പെട്ടതോടെയാണ് സ്‌ക്കൂളിനെ നയിക്കുന്ന ഹെഡ്‌മാസ്റ്ററുടെ തനി നിറം മറുനാടൻ മലയാളി പുറത്തു വിട്ടത്. മറുനാടൻ വാർത്തയെ തുടർന്ന് റാഗിങ് വിവാദത്തോടൊപ്പം ഹെഡ്‌മാസ്റ്റർക്കെതിരെയുള്ള ആരോപണവും വിദ്യാഭ്യാസ വകുപ്പ് അന്വേഷിച്ചിരുന്നു. മറുനാടൻ വാർത്ത ശരിവെയ്ക്കുന്ന് റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് ലഭിച്ചതിനെ തുടർന്ന് ഗത്യന്തരമില്ലാതെ ഹെഡ്‌മാസ്റ്ററെ സ്ഥലം മാറ്റി. തന്നിഷ്ട പ്രകാരമാണ് ഹെഡ്‌മാസ്റ്റർ കാര്യങ്ങൾ നീക്കിയത് അതിനാൽ സ്‌ക്കൂൾ പി ടി എ പോലും ചേർന്നിരുന്നില്ല. സ്‌ക്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും ഹെഡ്‌മാസ്റ്ററും തമ്മിൽ തർക്കത്തിലും ആയിരുന്നു. സ്‌ക്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ സിപിഐ എം ഏര്യാ കമ്മിറ്റി അംഗമാണ്. റാഗിങ് വിവാദം അറിയിച്ച രക്ഷിതാക്കളെ പരിഹസിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മകൾ പാസ് ഔട്ട് ആയി പോയിട്ടും അദ്ദേഹം ഇപ്പോഴും സ്‌ക്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അമരക്കാരനാണ്.

അതേ സമയം റാഗിങ് പരാതിക്കാലത്ത് തന്നെ സ്‌ക്കൂളിൽ നടന്ന പരിപാടിയിൽ അന്നത്തെ ഹെഡ്‌മാസ്റ്റർ വിൻസെന്റ് മുഖ്യമന്ത്രിക്ക് ഒപ്പം വേദി പങ്കിട്ടത് വിവാദമായിരുന്നു. കൂട്ട് എന്ന പദ്ധതി കേരളാ പൊലീസിന്റെ മേൽനോട്ടത്തിലുള്ളതാണ്. ഇത് ഉദ്ഘാടനം ചെയ്തത് കോട്ടൺഹിൽ സ്‌കൂളിലും. പൊലീസിന്റെ സുരക്ഷാ ക്ലിയറൻസിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ചടങ്ങിൽ ആളുകളെ ഇരുത്താറുള്ളത്. പൊലീസ് നടത്തുന്ന ചടങ്ങാകുമ്പോൾ പരിശോധനകളും നിരീക്ഷണങ്ങളും എല്ലാം കൂടും. ഈ പരിപാടിയിലാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും തൊട്ടടുത്ത് ഹെഡ്‌മാസ്റ്റർ വിൻസന്റിന് സീറ്റ് കിട്ടിയത്. അതും മുഖ്യമന്ത്രിയുടെ തൊട്ടു പിറകിൽ. കരിങ്കൊടി പ്രക്ഷോഭം ഭയന്ന് കോൺഗ്രസുകാരെ കരുതൽ തടങ്കലിൽ മുഖ്യമന്ത്രിക്ക് വേണ്ടി അടയ്ക്കുന്ന പൊലീസാണ് ചാരയാക്കേസിൽ അഴിക്കുള്ളിൽ കിടന്ന പ്രതിയെ മുഖ്യമന്ത്രിക്ക് അടുത്ത് ഇരുത്തിയത്.

എന്തായാലും പരാതികൾ ഏറിയപ്പോൾ വിൻസെന്റിനെ വിദ്യാഭ്യാസ വകുപ്പ് സ്‌ക്കൂൾ പടിക്ക് പുറത്താക്കിയെങ്കിലും വിവാദങ്ങൾ വിട്ടൊഴിയാതെ പിന്തുടരുകയാണ് ഈ പള്ളിക്കൂടത്തെ.

സ്റ്റുഡന്റ് പൊലീസ് ഓഫീസറാകാനും കള്ളക്കളി

കോട്ടൺഹില്ലിലെ നിലവിലെ പ്രിൻസിപ്പൾ സെപ്റ്റംബർ ഒൻപതിന് എഴുതിയ കത്താണ് മറ്റൊരു വിവാദം. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ഏകോപന ചുമതലയ്ക്ക് കോട്ടൺഹിൽ സ്‌കൂളിലെ പ്രദീപ് എന്ന അദ്ധ്യാപകനെ സിപിഒയായി നിയമിക്കണമെന്നാണ് ആവശ്യം. ഇത്തരമൊരു നിലപാടിലേക്ക് എങ്ങനെ പ്രിൻസിപ്പൾ എത്തിയതെന്നതാണ് രസകരം. നിലവിലെ സ്റ്റുഡന്റ് കേഡറ്റ് പൊലീസിന്റെ ചുമതലയുള്ള അദ്ധ്യാപകനായ വിനുകുമാർ നായർ എസിനെ സ്‌കൂളിൽ നിന്നും മാറ്റിയെന്ന് (ത്രോൺ ഔട്ട്)പ്രിൻസിപ്പൽ പറയുന്നു. പൊളിട്ടിക്കൽ സയൻസിലെ അദ്ധ്യാപകനായ വിനു കുമാറിനെ അതേ വിഷയം പഠിപ്പിക്കുന്ന പ്രിൻസിപ്പൽ ചുമതല ഏറ്റതോടെയാണ് മാറ്റിയതെന്ന് (ത്രോൺ ഔട്ട്)കത്തിൽ പ്രിൻസിപ്പൽ പറയുന്നു.

ഈ സാഹചര്യത്തിൽ സ്റ്റുഡന്റ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ സുതാര്യമായ പ്രവർത്തനത്തിന് പ്രദീപിനെ ഞാൻ സിപിഒ ആയി നിയമിച്ചെന്നാണ് പ്രിൻസിപ്പൽ വിശദീകരിക്കുന്നത്. പ്രദീപ് ചരിത്രാധ്യാപകനാണ്. സ്റ്റുഡന്റ് പൊലീസിന്റെ ജില്ലാ നോഡൽ ഓഫിസർക്കാണ് ഈ കത്തയച്ചത്. എന്നാൽ ഈ കത്തിന് പൊലീസിലെ അസിസ്റ്റന്റ് കമ്മീഷണർ റാങ്കിലുള്ള നോഡൽ ഓഫീസർ നൽകിയ മറുപടി ഞെട്ടിക്കുന്നതാണ്. മറുനാടൻ നടത്തിയ അന്വേഷണത്തിലും വിനുകുമാർ ഇപ്പോഴും കോട്ടൺഹിൽ സ്‌കൂളിലെ അദ്ധ്യാപകൻ തന്നെയാണെന്ന് തെളിഞ്ഞു. പ്രിൻസിപ്പലിന്റെ കത്ത് പരിശോധിച്ച് കമ്യൂണിറ്റി പൊലീസ് ഓഫിസറായി പ്രദീപിനെ നിയമിക്കണമെന്ന നിർദ്ദേശം നോഡൽ ഓഫീസർ തള്ളി എന്നതാണ് വസ്തുത.

ഇക്കാര്യം സ്‌കൂളിലെ പ്രധാന അദ്ധ്യാപികയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. ഈ കത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് അടക്കം അയച്ചിട്ടുണ്ട്. അത് പരിശോധിച്ച് തന്നെ വിദ്യാഭ്യാസ വകുപ്പിന് കോട്ടൺഹില്ലിലെ കള്ളം പറയും അദ്ധ്യാപകരെ കണ്ടെത്താം. നടപടിയും എടുക്കാം. എന്നാൽ ഇതിനൊന്നും ആരും തുനിയില്ല. വസ്തുകൾ അന്വേഷിച്ചാണ് പ്രിൻസിപ്പളിന്റെ ആവശ്യം നോഡൽ ഓഫീസർ നിരാകരിക്കുന്നത്. വിനുകുമാർ പദ്ധതിയുടെ ഐഎംജി തലത്തിലെ പത്ത് ദിവസത്തെ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ അദ്ധ്യാപകനാണ്. ഈ അദ്ധ്യാപകനെ ട്രാൻസഫർ ചെയ്തതിന്റെ ഉത്തരവൊന്നും കത്തിനൊപ്പം നൽകിയിട്ടുമില്ല. കൂടാതെ ഈ അദ്ധ്യാപകനെതിരെ ഒരു അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടില്ല. അതിനാൽ മറ്റൊരാളെ നിയമിക്കേണ്ട ഉത്തരവാദിത്തവുമില്ലെന്ന് ജില്ലാ നോഡൽ ഓഫീസർ മറുപടി നല്കിയിരുന്നു. ഇപ്പോഴും ഈ അദ്ധ്യാപകൻ സ്‌കൂളിൽ ഉണ്ട്.

ഒരു സ്‌കൂളിൽ കമ്മ്യൂണിറ്റി പൊലീസ് ഓഫിസറുടെ ചുമതലയിൽ അദ്ധ്യാപകൻ എത്തിയാൽ അയാൾക്ക് പത്തുകൊല്ലം വരെ ട്രാൻസഫർ ഇല്ലാതെ ആ സ്‌കൂളിൽ തുടരാനാകും. ഇതിന് വേണ്ടിയാണ് ആരും അറിയാതെ പ്രിൻസിപ്പൽ പ്രദീപിന് വേണ്ടി കള്ളക്കളി നടത്തിയത്. നേരത്തെ വാറ്റു കേസിലെ പ്രതിയാണ് കോട്ടൺഹിൽ സ്‌കൂളിൽ ഭരണം നടത്തിയത്. അതായിരുന്നു മുഖംമൂടി ആക്രമണത്തിലും മറ്റും കാര്യങ്ങളെത്തിച്ചത്. അതിന് ശേഷം എത്തിയ പ്രിൻസിപ്പളിന്റെ കള്ളം പറച്ചിൽ കേരളാ പൊലീസ് തന്നെ കൈയോടെ പൊക്കുന്നു. എന്നാൽ ഇവരെയൊന്നും നിലയ്ക്ക് നിർത്താൻ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് കഴിയുന്നുമില്ല. യൂണിയൻ സമ്മർദ്ദം മന്ത്രിയുടെ അധികാരത്തിനും മുകളിലാണ്. ഈ രാഷ്ട്രീയമാണ് കേരളത്തിലെ വിദ്യാഭ്യാസത്തെ തകർക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP