Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എഫ്എടിഎഫിന്റെ 'ഗ്രേ ലിസ്റ്റിൽ' പാക്കിസ്ഥാൻ ഉൾപ്പെട്ടപ്പോൾ ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ 75 ശതമാനം കുറഞ്ഞു; 2021ൽ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതോടെ ഭീകരാക്രമണങ്ങളും വർദ്ധിച്ചു'; ഭീകരർ അത്യാധുനിക സാങ്കേതിക വിദ്യ നേടുന്നത് ചില രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ സഹായത്താലെന്ന് എസ്.ജയശങ്കർ

'എഫ്എടിഎഫിന്റെ 'ഗ്രേ ലിസ്റ്റിൽ' പാക്കിസ്ഥാൻ ഉൾപ്പെട്ടപ്പോൾ ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ 75 ശതമാനം കുറഞ്ഞു; 2021ൽ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതോടെ ഭീകരാക്രമണങ്ങളും വർദ്ധിച്ചു'; ഭീകരർ അത്യാധുനിക സാങ്കേതിക വിദ്യ നേടുന്നത് ചില രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ സഹായത്താലെന്ന് എസ്.ജയശങ്കർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക്കിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) 'ഗ്രേ ലിസ്റ്റിൽ' ഉൾപ്പെടുത്തിയ കാലയളവിൽ ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ കുറഞ്ഞിരുന്നുവെന്ന് കണക്കുകൾ സഹിതം വ്യക്തമാക്കി ഇന്ത്യ യുഎന്നിൽ. 2021ൽ പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽനിന്ന് എഫ്എടിഎഫ് ഒഴിവാക്കിയതോടെ ഭീകരാക്രമണം വർദ്ധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ സമിതി ഇതിന് പിന്നിലെ ബന്ധം പരിശോധിക്കണമെന്ന് ഇന്ത്യൻ ജോയിന്റ് സെക്രട്ടറി സാഫി റിസ്വി ആവശ്യപ്പെട്ടു.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന, യുഎൻ സുരക്ഷാ കൗൺസിലിന്റെ പ്രത്യേക യോഗത്തിലാണു പാക്കിസ്ഥാന്റെ പേര് പരാമർശിക്കാതെ റിസ്വി റിപ്പോർട്ട് അവതരിപ്പിച്ചത്. ''2014ൽ ജമ്മു കശ്മീരിലെ 5 കേന്ദ്രങ്ങളിൽ വലിയ ഭീകരാക്രമണമുണ്ടായി. 2015ൽ എട്ടും 2016ൽ പതിനാറും ആക്രമണങ്ങൾ നടന്നു. 2017ൽ എട്ട്, 2018ൽ മൂന്ന് എന്നിങ്ങനെ ആക്രമണങ്ങൾ കുറഞ്ഞു.

2014-ൽ കശ്മീരിലെ അതീവ സുരക്ഷയുള്ള സർക്കാർ ഓഫീസുകളിലും സൈന്യത്തിന്റെയും പൊലീസിന്റെയും ക്യാമ്പുകളിലുമാണ് ഭീകരാക്രമണങ്ങളുണ്ടായത്. 2015-ൽ ഇത്തരത്തിൽ എട്ട് ആക്രമണങ്ങളും 2016-ൽ പതിനഞ്ചും ആക്രമണമുണ്ടായി. എന്നാൽ 2017-ൽ ആക്രമണങ്ങളുടെ എണ്ണം എട്ടായും 2018-ൽ മൂന്നായും കുറഞ്ഞെന്ന് റിസ്വി പറഞ്ഞു.

2019ൽ പുൽവാമയിൽ വൻ ഭീകരാക്രമണമുണ്ടായി. 2020ൽ ആക്രമണങ്ങൾ താരതമ്യേന കുറവായിരുന്നു. 2021 മുതൽ ആക്രമണങ്ങൾ കൂടി. 2022ലും അതേ പ്രവണതയാണു കാണുന്നത്. എന്തുകൊണ്ടാണ് 2018 മുതൽ 2021 വരെ ഭീകരാക്രമണം കുറഞ്ഞത്? ഇതിന് ഒറ്റക്കാരണമേയുള്ളൂ ഗ്രേ ലിസ്റ്റിങ്'' സാഫി റിസ്വി വ്യക്തമാക്കി. 2018ന്റെ മധ്യത്തിൽ അതിർത്തിയിൽ 600 ഭീകര കേന്ദ്രങ്ങളുണ്ടായിരുന്നു. പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ പെടുത്തിയതോടെ ഇതിൽ 75 ശതമാനം കുറവുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2021-ൽ പാക്കിസ്ഥാനെ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനുള്ള പദ്ധതി ആരംഭിച്ചതിന് പിന്നാലെ അതിർത്തിയിൽ ഭീകരാക്രമണങ്ങളും വർദ്ധിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2018-ൽ അതിർത്തി പ്രദേശത്ത് 600-ഓളം ഭീകര താവളങ്ങൾ ഉണ്ടായിരുന്നെങ്കിലും പാക്കിസ്ഥാൻ ഗ്രേ ലിസ്റ്റിലായിരുന്ന സമയത്ത് തീവ്രവാദ താവളങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നതായി റിസ്വി ഐക്യരാസഷ്ട്രസഭയെ അറിയിച്ചു. ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിൽ പാക്കിസ്ഥാന്റെ ഭീകരവാദ പ്രവർത്തനങ്ങളിലെ പങ്ക് വ്യക്തമാണെന്നും അതിനാൽ വിശദമായ അന്വേഷണം നടത്തണമെന്നും രക്ഷസമിതിയോട് റിസ്വി അഭ്യർത്ഥിച്ചു.

ആഗോള സമ്പത്തിക സംവിധാനത്തെ സംരക്ഷിക്കുന്നതും സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രതയ്ക്കെതിരെയുള്ള ഭീഷണികളെ നേരിടുന്നതിനുമുള്ള സ്ഥാപനമാണ് എഫ്എടിഎഫ്. ഭീകരപ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികസഹായം, കള്ളപ്പണ ഇടപാട് തുടങ്ങിയവ നിരീക്ഷിക്കലാണ് 1989ൽ രൂപീകൃതമായ എഫ്എടിഎഫിന്റെ മുഖ്യലക്ഷ്യം. ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് ഐഎംഎഫ്, ലോക ബാങ്ക്, ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്ക് (എഡിബി), യൂറോപ്യൻ യൂണിയൻ തുടങ്ങിയവയിൽനിന്ന് വായ്പ കിട്ടുന്നതിനു തടസ്സമുണ്ടാകും. ഈ പട്ടികയിൽനിന്ന് ഒഴിവാകുന്നതോടെ കൂടുതൽ വായ്പകളും സഹായങ്ങളും പാക്കിസ്ഥാനു ലഭ്യമാകും

ഭീകരതയുടെ ആഗോള വ്യാപനത്തിനെതിരെ ശക്തമായ പ്രതികരണവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കറും രംഗത്തെത്തി. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ഇന്ത്യയിൽ നടക്കുന്ന ഔദ്യോഗിക യോഗത്തിലാണ് ജയശങ്കർ തുടർച്ചയായി രണ്ടാം ദിവസവും ഇസ്ലാമിക ഭീകരതയുടെ അപകടം എടുത്തു പറഞ്ഞത്.

അന്താരാഷ്ട്ര തലത്തിൽ ഭീകര വിരുദ്ധ സംവിധാനം പ്രവർത്തിക്കുന്നു എന്ന് പറയുമ്പോഴും ഏഷ്യയിലും ആഫ്രിക്കയിലും വലിയതോതിലാണ് ഇസ്ലാമിക ഭീകരത വളർന്നിരിക്കുന്നത്. ചിലരാജ്യങ്ങളുടെ ഭരണകൂടങ്ങൾ നൽകുന്ന പിന്തുണ ഭീകരത വളർത്തുവെന്ന രൂക്ഷ വിമർശനം ജയശങ്കർ വീണ്ടും ഉന്നയിച്ചു. ഇന്നലെ പാക്കിസ്ഥാനും ചൈനയും ഇന്ത്യയ്ക്കെ തിരെ നീങ്ങുന്നത് ജയശങ്കർ തുറന്നുപറഞ്ഞത് രക്ഷാസമിതി അംഗങ്ങളെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഇസ്ലാമിക ഭീകരർക്ക് അനുകൂലമായ തുർക്കിയുടെ സമീപനവും താലിബാനോട് ഖത്തറിന്റെ നയവും ഇടക്കാലത്ത് ഇന്ത്യ ശക്തമായി ഉന്നയിച്ചതിന് പിന്നാലെയാണ് ജയശങ്കർ വീണ്ടും രക്ഷാ സമിതി യോഗത്തിൽ നേരിട്ട് തന്നെ ഔദ്യോഗിക മുന്നറിയിപ്പ് നൽകിയത്.

ഐക്യരാഷ്ട്ര രക്ഷാ സമിതിക്കായി ഏറ്റവുമധികം സന്നദ്ധ സേവനം ചെയ്യുന്നത് ഇന്ത്യയാണെന്നതിൽ അഭിമാനിക്കുന്നുവെന്ന് ജയശങ്കർ പറഞ്ഞു. സൈനികരേയും ആരോഗ്യപ്രവർത്തകരേയും മികച്ച ഉദ്യോഗസ്ഥരേയുമാണ് ആഗോള തലത്തിൽ ആഫ്രിക്കയടക്കമുള്ള നിരവധി രാജ്യങ്ങളിലേയ്ക്ക് നിയോഗിച്ചിരിക്കുന്നതെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. എന്നാൽ ഭീകരതയ്ക്കെതിരെ പോരാടുന്ന സേനകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ വെല്ലുവിളിയാണെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

രക്ഷാസമിതിയിൽ അംഗങ്ങളായ രാജ്യങ്ങളുടെ ഭീകരതയ്ക്കെതിരായ ചെറുത്തുനിൽപ്പിന് ശക്തിപോരെന്ന് ജയശങ്കർ തുറന്നടിച്ചു. പലരാജ്യങ്ങളേക്കാൾ മികച്ച സാങ്കേതിക വിദ്യയാണ് ഭീകരരുടെ കയ്യിലെത്തുന്നത്. അതിനെ തടയാനും സാമ്പത്തിക സഹായം എത്തുന്നത് തടയാനുമാകണം. ഭീകരർ ഡ്രോണുകൾ ഉപയോഗിക്കുന്നത് വളരെയധികം വർദ്ധിച്ചിരിക്കുന്നുവെന്നും അതിർത്തികടന്നുള്ള മയക്കുമരുന്ന് കടത്തും കള്ളപ്പണവും മനുഷ്യക്കടത്തും തടയാൻ സമഗ്രവും കൂട്ടായതുമായ അടിയന്തിര നടപടിയാണ് വേണ്ട തെന്നും ജയശങ്കർ പറഞ്ഞു.

ഇന്നലെ മുംബൈ താജ് മഹൽ പാലസ് ഹോട്ടലിൽ 2008 നവംബർ 26ന് നടന്ന ഭീകരാക്രമണ അനുസ്മരണ പരിപാടിയിൽ രക്ഷാസമിതിയുടെ അലംഭാവമാണ് പാക്കിസ്ഥാനും ചൈനയും ഭീകരരെ പിന്തുണയ്ക്കുന്നതിന് കാരണമെന്ന് ജയശങ്കർ തുറന്നടിച്ചിരുന്നു. തുടർന്ന് അണ്ടർ സെക്രട്ടറി ജനറൽ വ്ലാദിമിർ മുംബൈ ആക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള അനുശോചനം അറിയിക്കുകയും ഭീകരരെ പിടികൂടാനാകാത്തതിലുള്ള ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP