Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലഹരിവിരുദ്ധ ശൃംഖലയിൽ കലാലയ വിദ്യാർത്ഥികൾ അണിചേരും: മന്ത്രി ഡോ. ആർ ബിന്ദു

സ്വന്തം ലേഖകൻ

പൊതുവിദ്യാഭ്യാസവകുപ്പുമായി ചേർന്നുള്ള കേരളപ്പിറവി ദിനത്തിലെ ലഹരിവിരുദ്ധ ശൃംഖലയിൽ സംസ്ഥാനത്തെ എല്ലാ കലാലയങ്ങളിലെയും വിദ്യാർത്ഥികൾ പങ്കാളികളാവുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പൊതുവിദ്യഭ്യാസമന്ത്രി ശ്രീ. വി. ശിവൻകുട്ടിക്കൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി ഡോ. ആർ ബിന്ദു.

മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് എല്ലാ കലാലയങ്ങളിലും 'ബോധപൂർണ്ണിമ' എന്ന പേരിൽ വിപുലമായ പ്രചാരണ പരിപാടികൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രചാരണത്തിന്റെ ഒന്നാംഘട്ടം വിജയകരമായി സമാപിക്കുന്നതിന്റെ പ്രഖ്യാപനം നവംബർ ഒന്നിനു തന്നെ മറ്റൊരു വേദിയിൽ നടക്കും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ രാവിലെ 11നാണ് ക്യാമ്പസ് തല 'ബോധപൂർണ്ണിമ' പ്രചാരണങ്ങളുടെ ഒന്നാംഘട്ടത്തിനു സമാപനംകുറിച്ചുള്ള സംസ്ഥാനതല പരിപാടി.

സംസ്ഥാനതലത്തിൽ എല്ലാ ക്യാമ്പസുകളിലും ലഹരിവിരുദ്ധ ശൃംഖല വിജയിപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലാലയ മേധാവികളുടെ യോഗം ചേർന്ന് വിശദമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എല്ലാ കോളേജുകളിലും നവംബർ ഒന്നിന് ലഹരിവിരുദ്ധ വിദ്യാർത്ഥി ശൃംഖല തീർക്കും. രാവിലെ 11 മണി മുതൽ 12വരെയോ ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ 4വരെയോ ഉള്ള സമയത്തായിരിക്കും ലഹരിവിരുദ്ധ ശൃംഖല. ചങ്ങല രൂപീകരിച്ച് കഴിഞ്ഞ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. പ്രതീകാത്മകമായി ഓരോ കലാലയങ്ങളിലും ലഹരിവസ്തുക്കൾ കത്തിക്കും.

കോളേജുതല ജാഗ്രതാസമിതികൾ രൂപീകരിച്ചാണ് സംഘാടനം. രക്ഷാകർത്താക്കളും പൊതുപ്രവർത്തകരും പൂർവ്വവിദ്യാർത്ഥികളും സംഘാടനത്തിൽ പങ്കാളികളാണ്. അദ്ധ്യാപക-അനദ്ധ്യാപക-വിദ്യാർത്ഥി സംഘടനാ പ്രവർത്തകരുടെ സഹകരണം ഉണ്ടാകും.

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ 'ബോധപൂർണ്ണിമ' പ്രചാരണത്തിന്റെ ഭാഗമായി ക്യാമ്പസുകളിൽ നിന്ന് ഷോർട്ട് ഫിലിം അടക്കമുള്ള സൃഷ്ടികൾക്ക് അപേക്ഷ ക്ഷണിച്ചതിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്നു മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഷോർട്ട് ഫിലിം, കഥ, കവിത, ലേഖനം, ഇ-പോസ്റ്റർ വിഭാഗങ്ങളിൽ ലഭിച്ച എൻട്രികളിൽ ഏറ്റവും മികച്ചവയ്ക്ക് സംസ്ഥാനതല സമാപനച്ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പുരസ്‌കാരം നൽകും. 'നോ ടു ഡ്രഗ്‌സ്' എന്ന വിഷയത്തിൽ ഈ ഓരോ വിഭാഗത്തിലും കോളേജ് തലത്തിൽ മത്സരം നടത്തി തിരഞ്ഞെടുത്തയച്ച അഞ്ഞൂറിലേറെ വരുന്ന എൻട്രികൾ സൂക്ഷ്മപരിശോധന നടത്തുകയാണ്.

നവംബർ ഒന്നിന് രാവിലെ 11ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ബോധപൂർണ്ണിമ പ്രചാരണത്തിന്റെ ഒന്നാം ഘട്ടത്തിന്റെ സംസ്ഥാനതല സമാപനച്ചടങ്ങ് ഒരുക്കിയിരിക്കുകയാണ്. (ലഹരിവിരുദ്ധ ശൃംഖല നടക്കുന്ന ദിനത്തിൽത്തന്നെ രാവിലെ) ചടങ്ങിൽ ഇത്രയും വിഭാഗങ്ങളിൽ പ്രതിഭ തെളിയിച്ചവർക്കുള്ള ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പുരസ്‌കാരം സമ്മാനിക്കും - മന്ത്രി ബിന്ദു അറിയിച്ചു.

തിരുവനന്തപുരം ഗാന്ധിപാർക്ക് മുതൽ വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയർ വരെ നടക്കുന്ന സംസ്ഥാനതല ലഹരിവിരുദ്ധ ശൃംഖല വിജയമാക്കാൻ തിരുവനന്തപുരം നഗരപരിപരിധിക്കുള്ളിലുള്ള കോളേജുകൾ ഒരുങ്ങിക്കഴിഞ്ഞു. യൂണിവേഴ്‌സിററി കോളേജ്, സംസ്‌കൃതകോളേജ്, വിമൻസ് കോളേജ്, ആർട്ട്‌സ് കോളേജ്, എം.ജി. കോളേജ്, മാർ ഇവാനിയോസ് കോളേജ്, ആൾ സെയിന്റ്‌സ് കോളേജ്, ബാർട്ടൺഹിൽ എൻജിനീയറിങ് കോളേജ്, കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം, പോളിടെക്‌നിക്ക് കോളേജ് കൈമനം, പോളിടെക്‌നിക്ക് കോളേജ് വട്ടിയൂർകാവ്, സർക്കാർ ലോ കോളേജ്, ഫൈൻ ആർട്ട്‌സ് കോളേജ് എന്നീ സ്ഥാപനങ്ങൾ ഉച്ചയ്ക്ക് ശേഷം മൂന്നുമണി മുതൽ നാലുവരെ നടക്കുന്ന വിദ്യാർത്ഥി ശൃംഖലയിൽ പങ്കെടുക്കും. സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പി.റ്റി.എ. ഭാരവാഹികൾ, അനദ്ധ്യാപകർ എന്നിവർ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് തന്നെ അതാത് ശൃംഖലാപോയിന്റുകളിൽ എത്തിച്ചേരും. കോളേജുകൾക്ക് അനുവദിച്ചിട്ടുള്ള പോയിന്റുകളിൽ ഫ്‌ളാഷ് മോബ് / തെരുവ് നാടകം എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്. .പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കും. എൻ.സി.സി - എൻ.എസ്.എസ്. വിദ്യാർത്ഥികൾ അവരവരുടെ യൂണിഫോമിൽ ശൃംഖലയിൽ അണിചേരും. എല്ലാ സ്ഥാപനങ്ങളിലും 31ന് വിളംബര പ്രവർത്തനം നടത്തുമെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP