Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലണ്ടനിലുള്ള യുവതിയുടെ പേരിൽ കരാറുണ്ടാക്കി വ്യാജ ഒപ്പുമിട്ട് വസ്തു തട്ടാൻ ശ്രമം; കെഎസ്ഇബിക്കെതിരേ വ്യാജരേഖ ചമച്ച് കബളിപ്പിച്ചത് ഹൈക്കോടതിയെയും; ലഹരിക്ക് കുപ്രസിദ്ധമായ ഒടയം പാം ട്രി റിസോർട്ട് ഉടമയ്ക്കെതിരേ വീണ്ടും കേസ്; വർക്കലയിലെ ഭൂമാഫിയയ്ക്ക് കൂട്ട് രണ്ട് അഭിഭാഷകരും റിട്ട എസ്‌പിമാരും; ഇത് ഭൂമി നോട്ടമിട്ടാൽ തട്ടിയെടുക്കും സംഘം

ലണ്ടനിലുള്ള യുവതിയുടെ പേരിൽ കരാറുണ്ടാക്കി വ്യാജ ഒപ്പുമിട്ട് വസ്തു തട്ടാൻ ശ്രമം; കെഎസ്ഇബിക്കെതിരേ വ്യാജരേഖ ചമച്ച് കബളിപ്പിച്ചത് ഹൈക്കോടതിയെയും; ലഹരിക്ക് കുപ്രസിദ്ധമായ ഒടയം പാം ട്രി റിസോർട്ട് ഉടമയ്ക്കെതിരേ വീണ്ടും കേസ്; വർക്കലയിലെ ഭൂമാഫിയയ്ക്ക് കൂട്ട് രണ്ട് അഭിഭാഷകരും റിട്ട എസ്‌പിമാരും; ഇത് ഭൂമി നോട്ടമിട്ടാൽ തട്ടിയെടുക്കും സംഘം

മറുനാടൻ മലയാളി ബ്യൂറോ

വർക്കല: ലഹരി മരുന്ന് കച്ചവടത്തിന് പ്രശസ്തമായ അനധികൃത റിസോർട്ടുടമയുടെ നേതൃത്വത്തിൽ ഭൂമി തട്ടിപ്പ് കൊഴുക്കുന്നു. ഇയാൾക്ക് പിന്നിൽ അണിനിരന്നിരിക്കുന്നത് രണ്ട് അഭിഭാഷകരും റിട്ടയർ ആയ മൂന്ന് എസ്‌പിമാരും. ഈ മാഫിയ സംഘം നോട്ടമിടുന്ന ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ലണ്ടനിൽ സ്ഥിര താമസമായ യുവതിയുടെ പേരിലുള്ള ഭൂമി തട്ടിയെടുക്കാൻ വേണ്ടി കോടതിയിൽ സംഘം വ്യാജരേഖ ചമച്ചതോടെയാണ് തട്ടിപ്പ് വെളിയിൽ വന്നിരിക്കുന്നത്. കെഎസ്ഇബിക്കെതിരേ കേസ് നടത്താൻ വ്യാജരേഖ ചമച്ച് ഹൈക്കോടതിയെയും ഇക്കൂട്ടർ കബളിപ്പിച്ചു. രേഖകൾ വ്യാജമാണെന്ന് വന്നതോടെ അവ ചമച്ച ഹൈക്കോടതിയിലെ യുവ അഭിഭാഷകൻ നെട്ടോട്ടം തുടങ്ങി. സിപിഎമ്മുകാരനായ തന്നെ പാർട്ടി രക്ഷിക്കുമെന്ന് വിശ്വാസത്തിലാണ് ഇയാൾ.

കഴിഞ്ഞ ദിവസം പൊലീസ് സംഘം കഞ്ചാവും അനധികൃത വിദേശമദ്യ ശേഖരവും പിടികൂടിയ ഒടയത്തെ പാം ട്രീ റിസോർട്ടുടമ തിലകനും സംഘവുമാണ് സകലമാന നിയമലംഘനവും നടത്തി വ്യാജരേഖ ചമച്ച് ഭൂമി കൈയേറി സ്വന്തമാക്കുന്നത്. തികച്ചും ആസൂത്രിതമായിട്ടാണ് ഇവരുടെ നീക്കം. ഇഷ്ടപ്പെട്ട ഭൂമിയോ കെട്ടിടമോ കണ്ടാൽ അത് സ്വന്തമാക്കണമെന്ന് ഉറപ്പിക്കും. പിന്നീട് ഭൂമി തങ്ങൾക്ക് വിറ്റതായോ പാട്ടത്തിന് നൽകിയതായോ പണയപ്പെടുത്തിയതായോ വ്യാജരേഖ ഉണ്ടാക്കും. ഇതിൽ എതിർ കക്ഷിയുടെ ഒപ്പ് ഇവർ തന്നെ അനുകരിക്കും. അതിന് ശേഷം ഭൂമി അറ്റാച്ച് ചെയ്യാൻ കോടതിയെ സമീപിക്കും. സിവിൽ കേസ് നടത്തുന്നതിൽ വിദഗ്ധനായ അഭിഭാഷകനാണ് ഇവർക്ക് തുണ. എന്തെങ്കിലും തട്ടുകേട് പറ്റിയാൽ നേരെ ഹൈക്കോടതിയിലെ യുവ അഭിഭാഷകനെ സമീപിക്കും. ഇത്തരത്തിൽ ഇവർ വ്യാജരേഖ തയാറാക്കിയ രണ്ടു പരാതികൾ ആണ് നിലവിൽ പൊങ്ങി വന്നിരിക്കുന്നത്. ഒന്നിൽ തിലകനെതിരേ അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മറ്റൊന്ന് ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.

നിലവിൽ ഇരുപതിൽപ്പരം കേസുകൾ തിലകനെതിരേയുണ്ട്. അതിൽ രണ്ടെണ്ണം ഇയാൾ അനധികൃതമായി നടത്തുന്ന റിസോർട്ടിൽ ലഹരി മരുന്നു വിറ്റതിനാണ്. ലണ്ടനിൽ സ്ഥിരതാമസമാക്കിയ ഒറ്റൂർ പേരേറ്റ് കല്ലുവെട്ടാംവിള വീട്ടിൽ വിജയന്റെ മകൾ ലിൻസിന്റെ പേരിൽ ഇടവ വില്ലേജിൽ റീസർവേ നമ്പർ 597/231, 597/241, 597/21 എന്നിവയിലായുള്ള 9.50 സെന്റ് (4 ആർ) സ്ഥലമാണ് ആറ്റിങ്ങൽ സബ്കോടതിയിൽ ഹർജി ഫയൽ ചെയ്ത് തട്ടിയെടുക്കാൻ ശ്രമം നടത്തിയത്. ലിൻസിന്റെ പവർ ഓഫ് അറ്റോർണി പ്രകാരം ബന്ധുവായ ബോബി സുഗുണൻ ആണ് വസ്തുവകകൾ നോക്കി നടത്തിയിരുന്നത്. ഇക്കാരണത്താൽ കോടതിയിൽ നിന്നുള്ള അറിയിപ്പ് ബോബിക്കാണ് ലഭിച്ചത്. രേഖകൾ പരിശോധിച്ചപ്പോൾ ലിൻസിന്റെ ഉടമസ്ഥതയിലുള്ള പാം ട്രീ റെസ്റ്റോറന്റും അത് നിൽക്കുന്ന സ്ഥലവും തന്റെയാണെന്ന് അവകാശപ്പെട്ട് തിലകൻ ഫയൽ ചെയ്ത ഹർജിയാണെന്ന് വ്യക്തമായി.

രേഖകൾ ബോബി ലിൻസിന് അയച്ചു കൊടുത്തപ്പോഴാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ലിൻസിന്റെ പേരിലുള്ള കരാർ വ്യാജമാണെന്ന് മനസിലായത്. അതിലെ ഒപ്പ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ലിൻസ് ഡിജിപിക്കും ലണ്ടനിലെ ഇന്ത്യൻ എംബസിയിലും പരാതി നൽകി. പവർ അറ്റോർണിയുള്ള ബോബി ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 20 ന് തിലകനെതിരേ അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എഫഐആർ ഇടുന്നത് തടയാൻ മുൻ എസ്‌പിമാരായ മൂന്നു പേർ ഉന്നത തല ഇടപെടൽ നടത്തിയതായി ബോബി ആരോപിക്കുന്നു. റൂറൽ എസ്‌പിയായിരുന്ന ഐപിഎസുകാരന്റെ പിന്തുണയോടെ പല ഭൂമി തട്ടിപ്പും തിലകൻ നടത്തിയെന്ന് ആരോപിച്ച് ബോബി നേരത്തേ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

ലിൻസിന്റെ പേരിലുള്ള പാം ട്രീ റെസ്റ്റോറന്റ് കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ നീക്കത്തിന് ഇട നില നിന്നത് ഈ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു വെന്ന് ബോബിയുടെ പരാതിയിൽ ആരോപിച്ചിരുന്നു. ഭൂമി പറയുന്ന വിലയ്ക്ക് തിലകന് വിട്ടു കൊടുത്തില്ലെങ്കിൽ ബോബിയെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇടനിലക്കാരനായ എംപി മുഹമ്മദ് ഇതിനെല്ലാം ഒത്താശ ചെയ്തിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഇയാൾ എസ് പിയുടെ കീഴുദ്യോഗസ്ഥൻ ചമഞ്ഞാണ് ഇടനിലയ്ക്ക് വന്നത്. പക്ഷേ, ഇയാൾ പൊലീസ് അല്ലെന്നും തിലകന്റെ പരിചയക്കാരിയായ അഭിഭാഷകയുടെ ഭർത്താവ് ആണെന്നും പിന്നീട് വ്യക്തമായി. ബോബിയുടെ പരാതിയിൽ ഡിജിപി നടപടി എടുത്തില്ലെന്ന് മാത്രമല്ല, ബോബിക്കെതിരേ തിലകനെ ചീത്ത വിളിച്ചുവെന്ന പേരിൽ കേസ് എടുപ്പിക്കുകയും ചെയ്തു.

പാം ട്രീ റസ്റ്റോറന്റിൽ തിലകൻ വന്നത് ഇങ്ങനെ

ലിൻസ് നൽകിയ പവർ ഓഫ് അറ്റോർണി പ്രകാരം പാം ട്രീ റസ്റ്റോറന്റ് ചെമ്മരുതി പനയറ പണവിള പുത്തൻവീട്ടിൽ അനീഷ് എന്നയാൾക്ക് ബോബി സുഗുണൻ പാട്ടത്തിന് നൽകിയിരുന്നതാണ്. അനീഷാകട്ടെ ഇത് തിലകന് മറിച്ചു നൽകി. അങ്ങനെയാണ് ഇത് തിലകന്റെ കൈവശമെത്തിയത്. എന്നാൽ, ഇതു സംബന്ധിച്ച് തിലകനുമായി കരാർ ഒന്നും ഉണ്ടായിരുന്നില്ല. അപകടം മണത്ത ബോബി റസ്റ്റോറന്റ് ഒഴിപ്പിക്കുവാൻ അനീഷിനെതിരേ കോടതിയിൽ ഹർജി കൊടുത്തു. അത് അനുവദിച്ച കോടതി റസ്റ്റോറന്റ് ഒഴിയുവാൻ ഉത്തരവിട്ടു. അനീഷ് ഒഴിയാൻ തയാറാണെങ്കിലും ഇപ്പോൾ ഏറ്റെടുത്തു നടത്തുന്ന തിലകൻ വിട്ടു കൊടുക്കുവാൻ ഒരുക്കമല്ല. പോരാത്തതിന് റസ്റ്റോറന്റും സ്ഥലവും അടക്കം കൈവശപ്പെടുത്താനും നീക്കം നടത്തി. അങ്ങനെയാണ് ആറ്റിങ്ങൽ സബ്കോടതിയിൽ വ്യാജരേഖ ചമച്ച് ഹർജി നൽകിയത്.

കെഎസ്ഇബിയെയും കോടതിയെയും വ്യാജരേഖ ചമച്ച് കബളിപ്പിച്ചു

തിലകന്റെ നേതൃത്വത്തിലുള്ള സംഘം മറ്റൊരു വ്യാജരേഖ ചമച്ചത് ബോബിയുടെ പേരിലാണ്. ബോബിയുടെ ഉടമസഥതയിലുള്ള 40 സെന്റ് സ്ഥലം 2012 ൽ തിലകന് വിറ്റിരുന്നു. അതിലുണ്ടായിരുന്ന കെട്ടിടമാണ് പാം ട്രീ റിസോർട്ട്. കെട്ടിടത്തിൽ ബോബിയുടെ പേരിലുണ്ടായിരുന്ന വൈദ്യുതി കണക്ഷൻ പേരു മാറ്റുന്നതിനായുള്ള അപേക്ഷ അന്ന് തന്നെ തിലകന് കൈമാറിയിരുന്നു. എന്നാൽ, തിലകൻ പേര് മാറ്റിയില്ല. കഴിഞ്ഞ വർഷം നവംബർ 12 ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ ബോബിയെ വിളിക്കുകയും കെഎസ്ഇബിക്കെതിരേ ബോബി ഫയൽ ചെയ്തിട്ടുള്ള ഹർജിയുടെയും ഉത്തരവിന്റെയും വിവരങ്ങൾ തിരക്കുകയും ചെയ്തു. താൻ ഒരു കോടതിയിലും ഹർജി നൽകിയിട്ടില്ലെന്ന് ബോബി അറിയിച്ചു. കെഎസ്ഇബി ഓഫീസിലെത്തി രേഖകൾ പരിശോധിച്ചപ്പോൾ പാം ട്രി റിസോർട്ടിന്റെ വൈദ്യുതി കുടിശിക6,66,103 രൂപയാണെന്ന് കണ്ടു. ഈ വിവരം അറിയിച്ച് ബോബിയുടെ പേരിൽ(പേര് മാറ്റാത്തത് കാരണം കണക്ഷൻ കിടന്നത് ബോബിയുടെ പേരിലാണ്) കെഎസ്ഇബി അയച്ച കാരണം കാണിക്കൽ നോട്ടീസ് തിലകൻ ഒപ്പിട്ട് കൈപ്പറ്റി. ഇതിന് ശേഷം കൊച്ചിയിലുള്ള യുവ അഭിഭാഷകനുമായി ചേർന്ന് കെഎസ്ഇബിക്കെതിരേ ബോബി സുഗുണൻ എന്ന പേരിൽ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.ഹൈക്കോടതിയിൽ നിന്ന് ഈ പേരിൽ അനകൂല വിധി സമ്പാദിക്കുകയും ചെയ്തു.

ഇത്രയും കാര്യങ്ങൾ മനസിലാക്കിയ ബോബി ഹൈക്കോടതിയിൽ തന്റെ പേരിൽ ഹർജി നൽകിയ അഭിഭാഷകനെ ബന്ധപ്പെട്ടപ്പോൾ തിലകൻ തന്നെ കബളിപ്പിച്ചതാണെന്നാണ് പറഞ്ഞത്. ഈ വിവരം ചൂണ്ടിക്കാട്ടി ബോബി കഴിഞ്ഞ വർഷം നവംബർ 29 ന് വർക്കല എസ്എച്ച്ഒ മുതലുള്ള ഉന്നത പൊലീസ് അധികാരികൾക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. തുടർന്ന് ബോബി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വാദം നടക്കുകയാണ്.

സ്വീഡൻ പൗരൻ അന്നയെയും കബളിപ്പിച്ചു

സമാനമായ രീതിയിൽ സ്വീഡൻ പൗരനായ അന്നയെന്ന യുവതിയെയും തിലകൻ കബളിപ്പിച്ചിട്ടുണ്ട്. അന്ന നൽകിയ ഹർജി പ്രകാരം രണ്ടു കേസുകൾ ആറ്റിങ്ങൽ, വർക്കല കോടതികളിലായി തിലകനെതിരേ നടന്നു വരികയാണ്.

കിണർ പണിക്കാരനായി തുടങ്ങി റിസോർട്ട് മുതലാളിയായി മാറിയ കഥയാണ് തിലകന്റേത്. കിണർ തൊഴിലാളി പിന്നീട് വർക്കല ബീച്ച് കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി.ബീച്ചിലെ റിസോർട്ടുകളിൽ ദിവസ പിരിവിനു പൈസ കൊടുത്തു തുടങ്ങി. വർക്കലയിൽ എത്തുന്ന വിദേശ വനിതകളുമായി സൗഹൃദം കൂടി. അവർക്ക് വസ്തുക്കൾ വാങ്ങി കൊടുക്കുന്ന ഇടനിലക്കാരനായി, വിശ്വസ്തനായി കൂടെ കൂടി വിദേശിയരുടെ പേരിൽ വാങ്ങി കൊടുത്ത വസ്തുക്കളുടെയും ഹോട്ടലുകളുടെയും മേൽനോട്ടം ഏറ്റെടുത്തു റിസോർട്ട് മുതലാളിയായി.
റിസോർട്ടിൽ ഉയർന്ന പൊലീസ് ഉദ്ദ്യോഗസ്ഥരുടെ ഒത്താശയോടെ മയക്കു മരുന്നുകച്ചവടവും, അനധികൃത മദ്യ വിൽപനയും നടക്കുന്നു. ഇതിനിടയിൽ വിദേശിയരുടെ പേരിൽ വാങ്ങിയ വസ്തുക്കൾ പലതും ഒരു അഭിഭാഷകന്റെ സഹായത്തോടെ കൈക്കലാക്കി. വർക്കല കോടതിയിലും ആറ്റിങ്ങൽ കോടതിയിലും നിലവിൽ 20-ഓളം കേസുകൾ തിലകൻ കക്ഷിയായിട്ടുണ്ട്. അതിൽ 18 കേസും വസ്തുവിന്റെ ഉടമസ്ഥവകാശവുമായി ബന്ധപ്പെട്ടതാണ്.

രണ്ടെന്നം റിസോർട്ടിൽ ലഹരി മരുന്ന് വിറ്റതിന് എക്സൈസ് ചാർജ് ചെയ്തതാണ്. വിദേശത്തുള്ളവരുടെയും സ്വദേശികളുടെയും വ്യാജഒപ്പിട്ടും, കൃത്രിമമായി കരാറുകൾ ഉണ്ടാക്കിയും കോടതികളിൽ കേസുകൾ ഫയൽ ചെയ്തു തിലകനുമായി ചേർന്നു നടത്തുകയാണ് അഭിഭാഷകൻ. തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയിൽ ഇരുന്നിട്ടുള്ള ഭൂരിഭാഗം എസ്‌പി മാരും തിലകന്റെ അനധികൃത റിസോർട്ടിലെ സ്ഥിരം സന്ദർശകരും സൽക്കാരങ്ങൾ ഏറ്റുവാങ്ങുന്നവരുമാണ്. ഇതു കാരണം ലഹരി മരുന്ന് കച്ചവടം അടക്കം പിടിക്കപ്പെടാറില്ല.

എന്നാൽ നിലവിലെ വർക്കല ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിൽ ശക്തമായ നടപടിയാണ് ഇയാൾക്കെതിരേ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം അങ്ങനെയാണ് അനധികൃത റിസോർട്ട് റെയ്ഡ് ചെയ്ത് കഞ്ചാവ് പിടികൂടിയത്. വ്യാജരേഖ ചമച്ചതിന് എഫ്ഐആർ ഇടരുതെന്ന് ആവശ്യപ്പെട്ട് രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഡിവൈഎസ്‌പി അടക്കം ഇടപെട്ടിരുന്നുവെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP