Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാബർ അസമും മുഹമ്മദ് റിസ്‌വാനും ഉൾപ്പെട്ട ബാറ്റിങ് നിര; തീയുണ്ട വർഷിക്കുന്ന ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും; ഫേവറിറ്റുകളായി ലോകകപ്പിനെത്തി ആദ്യ രണ്ട് മത്സരവും തോറ്റ് പാക്കിസ്ഥാൻ; ഇന്ത്യയോടും സിംബാബ്‌വെയോടും തോറ്റതോടെ ആരാധകർ കലിപ്പിൽ

ബാബർ അസമും മുഹമ്മദ് റിസ്‌വാനും ഉൾപ്പെട്ട ബാറ്റിങ് നിര; തീയുണ്ട വർഷിക്കുന്ന ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും; ഫേവറിറ്റുകളായി ലോകകപ്പിനെത്തി ആദ്യ രണ്ട് മത്സരവും തോറ്റ് പാക്കിസ്ഥാൻ; ഇന്ത്യയോടും സിംബാബ്‌വെയോടും തോറ്റതോടെ ആരാധകർ കലിപ്പിൽ

സ്പോർട്സ് ഡെസ്ക്

സിഡ്‌നി: ഐസിസി റാങ്കിംഗിൽ മുൻനിരയിലുള്ള, റൺവേട്ടയിൽ മുന്നിൽ കുതിക്കുന്ന ബാബർ അസമും മുഹമ്മദ് റിസ്‌വാനും ഉൾപ്പെട്ട ബാറ്റിങ് നിര. തീയുണ്ട വർഷിക്കുന്ന ഷഹീൻ അഫ്രീദിയടെ നേതൃത്വത്തിലുള്ള ലോകോത്തരമായ പേസ് ബൗളിങ് നിര, ഒപ്പം സ്പിന്നർ ഷദാബ് ഖാൻ..... ലോകകപ്പിൽ ഫേവറിറ്റുകളായി എത്തിയ പാക്കിസ്ഥാൻ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതോടെ സെമി സാധ്യത തന്നെ തുലാസിലായി പ്രതിസന്ധിയിലാണ്.

വമ്പൻ പ്രതീക്ഷകളുടെ ട്വന്റി 20 ലോകകപ്പിനെത്തിയ പാക്കിസ്ഥാൻ ആദ്യ മത്സരത്തിൽ ഇന്ത്യയോടും രണ്ടാം മത്സരത്തിൽ സിംബാബ്വെയോടും തോറ്റതോടെ സെമിലെത്താനുള്ള സാധ്യതകളിൽ വളരെ പിന്നിലായിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയോട് ഇഞ്ചോടിഞ്ച് പൊരുതി പാക്കിസ്ഥാൻ വീണപ്പോൾ രണ്ടാം മത്സരത്തിൽ പാക് സംഘത്തെ അട്ടിമറിച്ചത് സിംബാബ്‌വെയാണ്. ഗ്രൂപ്പ് രണ്ടിൽ ഒരു വിജയവും നേടാതെ അഞ്ചാം സ്ഥാനത്താണ് നിലവിൽ പാക്കിസ്ഥാനുള്ളത്.

രണ്ട് മത്സരങ്ങളും തോറ്റ നെതർലാൻഡ്‌സ് മാത്രമാണ് റൺ റേറ്റിന്റെ വ്യത്യാസത്തിൽ പാക്കിസ്ഥാന് പിന്നിലുള്ളത്. ഇനി പാക്കിസ്ഥാന് നേരിടാനുള്ളത് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നെതർലാൻഡ്‌സ് എന്നിവരെയാണ്. അതിൽ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവരുമായുള്ള മത്സരങ്ങൾ ഏറെ നിർണായകമാകും. മൂന്ന് മത്സരങ്ങളും വിജയിച്ചാലും മഴ കൂടെ കളിക്കുന്ന ലോകകപ്പിൽ പാക്കിസ്ഥാന്റെ മുന്നോട്ടുള്ള കുതിപ്പിന് ഭാഗ്യം കൂടെ തുണയ്‌ക്കേണ്ടി വരുമെന്നുറപ്പാണ്.

ുഎഇയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ സെമിയിൽ തോറ്റതിന്റെ ക്ഷീണം മാറ്റുക എന്ന ലക്ഷ്യം മാത്രമാണ് ടീമിന് ഉണ്ടായിരുന്നത്. എന്നാൽ, വന്യമായ പേസ് ആക്രമണത്തിൽ ഇന്ത്യയെ തോൽപ്പിക്കാമെന്ന പ്രതീക്ഷകൾ അസ്ഥാനത്ത് ആയത് പാക് സംഘത്തിന് തുടക്കത്തിലേ തിരിച്ചടിയായി.

ഇപ്പോൾ സിംബാബ്‌വെയോട് അപ്രതീക്ഷിതമായി തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തേക്കുള്ള വാതിലിന് അടുത്ത് എത്തിയിരിക്കുകയാണ് ബാബറും സംഘവും. ബാറ്റിങ് നിര അമ്പേ പരാജയപ്പെടുന്നതാണ് പാക്കിസ്ഥാനെ വലയ്ക്കുന്നത്. ഓപ്പണർമാരായ ബാബറും റിസ്‌വാനും താളം കണ്ടെത്താത്ത് ടീമിനെ ഒന്നാകെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സൂപ്പർ സ്റ്റാറായി ലോകകപ്പിന് എത്തിയ ഷഹീൻ അഫ്രീദിക്ക് ഇതുവരെ ഒരു വിക്കറ്റ് പോലും നേടാനും സാധിച്ചിട്ടില്ല എന്നതും പാക് ടീമിനെ വലയ്ക്കുന്നു.

സിംബാബ്‌വെക്കെതിരെ 131 റൺസ് പോലും പിന്തുടർന്ന് വിജയിക്കാനാകാത്തത് ബാബറിനും സംഘത്തിനും വലിയ ക്ഷീണമാണ് ഉണ്ടാക്കിയിട്ടുള്ളത്. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തിലാണ് സിംബാബ്വെ ഒരു റണ്ണിന് ജയിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്വെ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യയോട് തോറ്റ പാക്കിസ്ഥാന്റെ സെമി ഫൈനൽ സാധ്യതകൾ തുലാസിലായി.

അവസാന രണ്ട് ഓവറിൽ 22 റൺസാണ് പാക്കിസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. മുഹമ്മദ് വസിം, മുഹമ്മദ് നവാസ് എന്നിവരായിരുന്നു ക്രീസിൽ. പന്തെറിയുന്നത് സിംബാബ്വെ പേസർ റിച്ചാർഡ് ഗവാര. ആദ്യ പന്തിൽ നവാസ് രണ്ട് റൺ നേടി. രണ്ടാം പന്ത് റൺസ് നേടാനായില്ല. മൂന്നാം പന്തിൽ വീണ്ടും രണ്ട് റൺ. നാലാം പന്തിൽ സിക്സ്. പാക്കിസ്ഥാൻ വിജയിക്കുമെന്ന് തോന്നിച്ചു. അഞ്ചാം പന്തിൽ ഒരു റൺ. അവസാന പന്തിൽ റൺസെടുക്കാനായില്ല.

അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 11 റൺസ്. പന്തെറിയുന്നത് ബ്രാഡ് ഇവാൻസ്. ഒന്നാം പന്തിൽ നവാസ് മൂന്ന് റൺസ് ഓടിയെടുത്തു. അടുത്ത പന്ത് നവാസ് ബൗണ്ടറിയിലേക്ക് പായിച്ചു. മൂന്നാം പന്തിൽ സിംഗിൾ. അവസാന മൂന്ന് പന്തിൽ ജയിക്കാൻ മൂന്ന് റൺസ്. നാലാം പന്തിൽ നവാസിന് റൺസ് നേടാനായില്ല. അഞ്ചാം പന്തിൽ പാക്കിസ്ഥാന് നവാസിന്റെ വിക്കറ്റ് നഷ്ടമായി. അവസാന പന്തിൽ ജയിക്കാൻ മൂന്ന് റൺസ്. ഷഹീൻ അഫ്രീദി ലോംഗ് ഓണിലേക്ക് ഷോട്ട് പായിച്ചെങ്കിലും രണ്ട് ഓടുന്നതിനിടെ റണ്ണൗട്ടായി.

ചെറിയ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് പാക്കിസ്ഥാന് ലഭിച്ചത്. സ്‌കോർബോർഡിൽ 23 റൺസ് മാത്രമുള്ളപ്പോൾ ബാബർ അസം (4), മുഹമ്മദ് റിസ്വാൻ (14) എന്നിവരെ പാക്കിസ്ഥാന് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ ഷാൻ മസൂദ് (44) മാത്രമാണ് പിടിച്ചുനിന്നത്. മുഹമ്മദ് നവാസ് (22) പരമാവധി ശ്രമിച്ചെങ്കിലും അവസാന ഓവറിൽ വീണതോടെ കാര്യങ്ങൾ സിംബാബ്വെയ്ക്ക് അനുകൂലമായി.

ഇഫ്തികർ അഹമ്മദ് (5), ഷദാബ് ഖാൻ (17), ഹൈദർ അലി (0), ഷഹീൻ അഫ്രീദി (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ സിക്കന്ദർ റാസയാണ് പാക്കിസ്ഥാനെ തകർത്തത്. ബ്രാഡ് ഇവാൻസിന് രണ്ട് വിക്കറ്റുണ്ട്. നേരത്തെ, സിംബാബ്വെയെ മുഹമ്മദ് വസിം, ഷദാബ് ഖാൻ എന്നിവരാണ് എറിഞ്ഞൊതുക്കിയത്. വസിം നാലും ഷദാബ് മൂന്നും വിക്കറ്റ് നേടി. 31 റൺസ് നേടിയ സീൻ വില്യംസാണ് സിംബാബ്വെയുടെ ടോപ് സ്‌കോറർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP