Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊടുപുഴയിൽ സിദ്ധനെയും കുടുംബത്തെയും കൂട്ടക്കുരുതി നടത്തിയ കേസ്; നാല് പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ ഉത്തരവ്

തൊടുപുഴയിൽ സിദ്ധനെയും കുടുംബത്തെയും കൂട്ടക്കുരുതി നടത്തിയ കേസ്; നാല് പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ ഉത്തരവ്

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: ആഭിചാര മന്ത്ര വിദ്യ ഫലിക്കാത്തതിന് ശിഷ്യൻ ഗുരുവായ വ്യാജ സിദ്ധനെയും കുടുംബത്തെയും കൂട്ടക്കുരുതി നടത്തിയ തൊടുപുഴ കമ്പകക്കാനം കൂട്ട ബലാൽസംഗ - കവർച്ച - കൂട്ടക്കൊലക്കേസിൽ ശിഷ്യനടക്കം 4 പ്രതികൾ കുറ്റം ചുമത്തലിന് ഡിസംബർ 14ന് ഹാജരാകാൻ ഇടുക്കി ജില്ലാക്കോടതി ഉത്തരവ്. തൊടുപുഴ രണ്ടാം അഡീ. സെഷൻസ് കോടതി ജഡ്ജി ജി. മഹേഷിന്റേതാണുത്തരവ്. 1 മുതൽ 4 വരെ പ്രതികളും ഇടുക്കി സ്വദേശികളുമായ ശിഷ്യൻ കുട്ടി മകൻ അനീഷ് , കൊലക്കും പീഡനത്തിനും കവർച്ചക്കും തെളിവു നശിപ്പിക്കലിനും കൂട്ടു പ്രതികളായ ബാബു ഗോപാലൻ മകൻ ലിബീഷ് ബാബു, പ്രസാദ് മകൻ ശ്യാം പ്രസാദ്, സുനീഷ് എന്നിവരാണ് ഹാജരാകേണ്ടത്. ഗുരു പഠിപ്പിച്ച മന്ത്രശക്തി ഏൽക്കാത്തതിനാൽ മന്ത്രശക്തി ഗുരു തിരിച്ചെടുത്തുവെന്ന തോന്നലിൽ ഗുരുവിന്റെ മന്ത്രശക്തി കൂടി കൈക്കലാക്കുവാൻ വേണ്ടിയാണ് അനീഷ് വ്യാജ സിദ്ധനായ കൃഷ്ണനേയും ഒപ്പം കുടുംബത്തേയും കൊലപ്പെടുത്തിയതെന്നാണ് കേസ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനൽ ഗൂഢാലോചന) , 449( മരണശിക്ഷ നൽകാവുന്ന കുറ്റം ചെയ്യുന്നതിതായുള്ള ഭവന കൈയേറ്റം) , 302 (കൊലപാതകം) , 392 (കവർച്ച) , 397 (മരണം സംഭവിപ്പിക്കാനുള്ള ശ്രമത്തോടു കൂടിയ കവർച്ച) , 376 (ബലാൽസംഗം) , 201( തെളിവു അപ്രത്യക്ഷമാക്കൽ) , 202 (കുറ്റത്തെക്കുറിച്ച് വിവരം നൽകാൻ ബാദ്ധ്യസ്ഥനായ ആൾ മന:പ്പൂർവ്വം വിവരം നൽകാതിരിക്കൽ) , 212 (കുറ്റക്കാർക്ക് സംശ്രയം നൽകി ഒളിവിൽ പാർപ്പിക്കൽ) , 411 ( കളവു മുതൽ നേരു കേടായി സ്വീകരിക്കൽ), 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹയികളുമായി നിന്നുള്ള കൂട്ടായ്മ പ്രവർത്തനം) എന്നീ കുറ്റങ്ങൾക്കാണ് കോടതി സെഷൻസ് കേസെടുത്തത്.

മന്ത്രവാദം പഠിക്കാൻ ശിഷ്യനായെത്തിയ അനീഷ് മടങ്ങിയത് കൃഷ്ണന്റെയും കുടുംബത്തിന്റെ ജീവനുംകൊണ്ടായിരുന്നു. സംഭവം നടന്നത് 2018 ഓഗസ്റ്റ് 7ന് അർദ്ധരാതിയിലാണ്. കാളിയാർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത് 2019 ലാണ്. ഞായറാഴ്ച കൊലപ്പെടുത്തിയ ശേഷം പീഡനം പിറ്റേന്ന് ചെന്നപ്പോൾ ഗുരുവിന്റെ മകനിൽ ജീവന്റെ തുടിപ്പുകൾ കണ്ടതിനാൽ വീണ്ടും വെട്ടിയും കുത്തിയും മരണം ഉറപ്പാക്കിയാണ് മറവു ചെയ്തത്.

മന്ത്രവാദവും ആഭിചാര ക്രിയകളും പഠിക്കുന്നതിന് ശിഷ്വത്വം തേടിയാണ് അനീഷ് സംഭവത്തിന് മൂന്ന് വർഷം മുമ്പ് തൊടുപുഴ കമ്പക്കാനത്തെ കൃഷ്ണനെ തേടിയെത്തിയത്. ഒടുവിൽ മടങ്ങിയതാകട്ടെ കൃഷന്റെയും ഭാര്യയുടേയും രണ്ട് മക്കളുടേയും ജീവനുമെടുത്താതായിരുന്നു.

അനീഷിനെ തന്റെ ശിഷ്യനാക്കി കൃഷ്ണൻ മന്ത്രവിദ്യകളൊക്കെ പഠിപ്പിച്ചു. പിന്നീട് തമ്മിലുണ്ടായ ചില പ്രശ്നങ്ങളാൽ അനീഷും കൃഷ്ണനും അകന്നു. അനീഷ് ചെയ്ത മന്ത്രവാദങ്ങൾക്ക് പ്രതീക്ഷിച്ച ഫലപ്രാപ്തിയില്ലാതെ വന്നപ്പോൾ തന്റെ പരാജയത്തിന് പിന്നിൽ കൃഷ്ണന്റെ മന്ത്രശക്തിയും കൃഷ്ണൻ ആരാധിക്കുന്ന മൂർത്തികളുടെ ശക്തിയുമാണെന്ന് അനീഷ് വിശ്വസിച്ചു. തുടർന്ന് കൃഷ്ണന്റെ മന്ത്രശക്തി കൂടി കൈക്കലാക്കുവാൻ വേണ്ടിയാണ് അനീഷ് കൃഷ്ണനേയും ഒപ്പം കുടുംബത്തേയും കൊലപ്പെടുത്തിയത്.

സുഹൃത്ത് ലിബീഷിനൊപ്പമാണ് അനീഷ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. ലിബീഷ് പൊലീസ് കസ്റ്റഡിയിലാണ്. പൊലീസ് പിടിയിലാകാതിരിക്കാൻ അനീഷ് കോഴിയെ അറുത്ത് പൂജ നടത്തിയിരുന്നു.

ബൈക്കിന്റെ ഷോക്ക് അബ്സോർബർ പൈപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് നാലുപേരെയും കൊലപ്പെടുത്തിയിരിക്കുന്നത്. പുലർച്ചെ വീട്ടിലെത്തിയ കൊലപാതകികൾ ആടിനെ ഉപദ്രവിച്ച് കൃഷ്ണനെ വീട്ടിൽ നിന്നും പുറത്തിറക്കിയതിന് ശേഷം പുറകിൽ നിന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മറ്റ് മൂന്ന് പേരെയും അതേരീതിയിൽ കൊലപ്പെടുത്തി. ബലാൽസംഗവും കവർച്ചയും നടത്തിയ ശേഷം തിരിച്ചുപോയ പ്രതികൾ സംഭവം നടന്നതിന്റെ പിറ്റേ ദിവസം രാത്രിയാണ് മൃതദേഹം മറവുചെയ്യുന്നതിനായി തിരിച്ചു വന്നത്. അപ്പോൾ കൃഷ്ണന്റെ മകൻ മരിച്ചിട്ടുണ്ടായിരുന്നില്ല. വീണ്ടും നാലു പേരുടേയും ശരീരത്തിൽ വെട്ടിയും കുത്തിയും മരണം ഉറപ്പിച്ചതിനു ശേഷം തൊഴുത്തിന് സമീപം കുഴിച്ചിടുകയായിരുന്നു. തുടർന്ന് മുറി വെള്ളമൊഴിച്ച് കഴുകി തെളിവുകൾ നശിപ്പിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP