Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'നമ്മുടെ തീരം നമുക്ക് വേണം.. നമ്മുടെ പള്ളി വേണ്ട, നമ്മുടെ പള്ളീലച്ഛന്മാരും വേണ്ട, കന്യാസ്ത്രീകളും വേണ്ടെന്ന് അലൻസിയർ; തീരവും വേണം പള്ളിയും വേണം അച്ചനും വേണമെന്ന് മുദ്രാവാക്യം വിളിച്ചു നടനെ തിരുത്തി സമരക്കാരും; വിഴിഞ്ഞം സമരവേദിയിൽ അലൻസിയർ എത്തിയപ്പോൾ സംഭവിച്ചത്

'നമ്മുടെ തീരം നമുക്ക് വേണം.. നമ്മുടെ പള്ളി വേണ്ട, നമ്മുടെ പള്ളീലച്ഛന്മാരും വേണ്ട, കന്യാസ്ത്രീകളും വേണ്ടെന്ന് അലൻസിയർ; തീരവും വേണം പള്ളിയും വേണം അച്ചനും വേണമെന്ന് മുദ്രാവാക്യം വിളിച്ചു നടനെ തിരുത്തി സമരക്കാരും; വിഴിഞ്ഞം സമരവേദിയിൽ അലൻസിയർ എത്തിയപ്പോൾ സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് സമരക്കാർ. ഇന്ന് ശക്തമായ സമരമായിരുന്നു വിഴിഞ്ഞത്ത് സംഘടിപ്പിച്ചത്. അതേസമയം വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ പ്രതിഷേധം നടത്തുന്നവർക്ക് പിന്തുണയർപ്പിച്ച് സമരവേദിയിലെത്തി നടൻ അലൻസിയർ സമരവേദിയിലെത്തി. ഇവിടെ നടന്റെ പ്രസംഗം ചെറിയ ഒച്ചപ്പാടുകൾക്കും വഴിവെക്കുകയുണ്ടായി.

സമരം നീട്ടികൊണ്ട് പോകുന്നത് ഇടതുപക്ഷ സർക്കാറിന് ഭൂഷണമല്ല. നന്മയുടെ പക്ഷത്ത് നിൽക്കേണ്ട ഇടതുപക്ഷം ഈ സമരം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്നും മുതലപ്പൊഴി മത്സ്യത്തൊഴിലാളികളുടെ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സിനിമാതാരം അലൻസിയർ പറഞ്ഞു. അതിനിടെ, തീരം മതിയെന്നും പള്ളീലച്ചനും പള്ളിയും വേണ്ടെന്നും അദ്ദേഹം പറഞ്ഞപ്പോൾ സമരക്കാർ വേണമെന്ന് മുദ്രവാക്യമുയർത്തുകയും ചെയ്തു.

'നമ്മുടെ തീരം നമുക്ക് വേണം. നമ്മുടെ പള്ളി വേണ്ട,നമ്മുടെ പള്ളീലച്ഛന്മാരും വേണ്ട, കന്യാസ്ത്രീകളും വേണ്ട നമ്മുടെ തീരം നമുക്ക് വേണം. ഈ മണ്ണിൽ ജീവിക്കാനുള്ള അവകാശം തീരദേശ വാസികൾക്കാണ്' അലൻസിയർ പറഞ്ഞു. ഇതോടെ ചുറ്റുംകൂടി നിന്നിരുന്ന സമരക്കാർ മുദ്രാവാക്യം വിളിച്ചു. തീരവും വേണം പള്ളിയും വേണം അച്ചനും വേണമെന്ന് അവർ വിളിച്ചുപറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ഈ സത്യം പറയാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിലുണ്ട്. നിങ്ങളും വേണം മനുഷ്യരും വേണമെന്ന് അലൻസിയർ ഇതിന് മറുപടിയും നൽകി. ആദ്യത്തെ കല്ലിടലിൽ നിശബ്ദരായവർ ഇപ്പോൾ വെയിലത്ത് ഇറങ്ങിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞായിരുന്നു അലൻസിയർ പ്രസംഗം തുടങ്ങിയത്.

'പാവപ്പെട്ടവന് വേണ്ടി ഇപ്പോൾ അരമനയിൽ നിന്നും അച്ചന്മാർ റോഡിലേക്ക് ഇറങ്ങിയല്ലോ. രാഷ്ട്രീയക്കാരുടെ വർഷങ്ങളായുള്ള ആസൂത്രമാണ് ഇപ്പോൾ അദാനിക്ക് വേണ്ടി ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടിയുടേയും പിന്തുണയോടെയാണ് അദാനിയും അംബാനിയും ഇവിടെ വളർന്ന് കൊണ്ടിരിക്കുന്നത്.എല്ലാവരുടെയും ഉള്ളിലും ജാതിയുണ്ട്. പിന്നോക്കക്കാരനും മുന്നോക്കക്കാരനും എന്ന ജാതി വ്യവസ്ഥ ഇന്നും ഉണ്ട്. ബിജെപി ക്ക് മാത്രമല്ല കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും ജാതി ഉണ്ട്' അലൻസിയർ പറഞ്ഞു.

അതേസമയം വിഴിഞ്ഞം സമരക്കാരെ വിമർശിച്ചു മന്ത്രി വി ശിവൻകുട്ടിയും രംഗത്തുവന്നു. നടക്കാത്ത കാര്യത്തിനായാണ് വിഴിഞ്ഞത്തെ സമരമെന്ന് മന്ത്രി വി ശിവൻ കുട്ടി. സമരസമിതിയോട് അഭ്യർത്ഥിക്കാനുള്ളത് വിഴിഞ്ഞത്തെ സംഘർഷഭൂമിയാക്കരുതെന്നാണ്. സമരത്തിൽ നിന്ന് പിന്മാറണം. സമരസമിതി ഉന്നയിച്ച് ഏഴ് ആവശ്യങ്ങളിൽ ആറ് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതാണ്. ഇനി കൂടുതൽ ആവശ്യം ഉണ്ടെങ്കിൽ അതും എഴുതിത്ത്തരട്ടെ. അത് നമുക്ക് ചർച്ച ചെയ്യാമെന്ന് ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിഴിഞ്ഞം തുറമുഖം പൂട്ടണമെന്നതൊഴികെയുള്ള സമരസമിതിയുടെ മറ്റ് എല്ലാ ആവശ്യവും അംഗീകരിക്കാൻ സർക്കാർ തയ്യാറാണ്. ഇത് പലതവണ അറിയിച്ചിട്ടും സമരസമിതി അറിയിക്കാമെന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയാണെന്നും ശിവൻകുട്ടി പറഞ്ഞു. ഇപ്പോൾ സമരസമിതി തന്നെ രണ്ടായി. ഒന്ന് സമരം അവസാനിപ്പിക്കണെന്നവാശ്യപ്പെടന്നവരും, മറ്റൊരു കൂട്ടർ വിഴിഞ്ഞം തുറമുഖം നിർത്തിയാലെ സമരം നിർത്തും എന്നുപറയുന്നവരുമാണെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാർ അങ്ങേയറ്റം സഹിഷ്ണുതയോടെയാണ് പെരുമാറുന്നത്. അവർ ഭൂമിയോളം താഴുകയാണ്. എങ്ങനെയെങ്കിലും ഒരു കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പൊലീസിന് നേരെ ആക്രമണം നടക്കുകയാണ്. ഒരു കാരണവശാലും മത്സ്യത്തൊഴിലാളികളുമായി സംഘർഷമുണ്ടാകരുതെന്ന് പൊലീസിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP