Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെഎസ്ആർടിസി സിറ്റി സർക്കുലർ സർവ്വീസുകൾ ആദ്യമായി ലാഭത്തിലേക്ക്; ദിവസേന ആശ്രയിക്കുന്നത് 34,000 ത്തിലധികം യാത്രക്കാർ; ഇലക്ട്രിക് ബസുകൾ കൂടി വന്നതോടെ ഇന്ധനച്ചെലവിലും അറ്റകുറ്റപ്പണിയിലും ശമ്പള ഇനത്തിലും ലാഭം

കെഎസ്ആർടിസി സിറ്റി സർക്കുലർ സർവ്വീസുകൾ ആദ്യമായി ലാഭത്തിലേക്ക്; ദിവസേന ആശ്രയിക്കുന്നത് 34,000 ത്തിലധികം യാത്രക്കാർ; ഇലക്ട്രിക് ബസുകൾ കൂടി വന്നതോടെ ഇന്ധനച്ചെലവിലും അറ്റകുറ്റപ്പണിയിലും ശമ്പള ഇനത്തിലും ലാഭം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ബസുകളുടെ വരുമാനം ലാഭത്തിലേക്ക്. കെഎസ്ആർടിസി തിരുവനന്തപുരം നഗരത്തിൽ പ്രധാന സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് 2021 നവംബർ 29 ന് ആണ് 64 സിറ്റി സർക്കുലർ സർവ്വീസ് ആരംഭിച്ചത്. ജന്റം ഡീസൽ ബസുകൾ ഉപയോഗിച്ചായിരുന്നു ഈ സർവ്വീസുകൾ ആരംഭിച്ചത്. തുടക്ക സമയത്ത് ആയിരത്തോളം യാത്രക്കാർ മാത്രമായിരുന്നു ഈ സർക്കുലർ ബസുകളിൽ യാത്ര ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ദിവസേന 34,000 ത്തിലധികം യാത്രക്കാരാണ് ദിനം പ്രതി ഈ ബസിനെ ആശ്രയിക്കുന്നത്. യാത്രാക്കാരുടെ എണ്ണം ഈ സാമ്പത്തിക വർഷം തന്നെ ദിവസേന 50,000 എന്ന ലക്ഷ്യത്തിൽ എത്തിക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.

2022 ഓഗസ്റ്റ് ഒന്ന് മുതലാണ് സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം നഗരത്തിൽ 25 പുതിയ ഇലക്ട്രിക് ബസുകൾ സിറ്റി സർക്കുലർ സർവ്വീസിന്റെ ഭാഗമാക്കി മാറ്റിക്കൊണ്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിരത്തിൽ ഇറക്കിയത്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇലക്ട്രിക് ബസുകളിൽ വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവ ഉൾപ്പെടെ ഒരു കിലോമീറ്റർ സർവ്വീസ് നടത്താൻ 23 രൂപമാത്രമാണ് ചെലവ് വരുന്നത്. ഇതിന്റെ ശരാശരി വരുമാനം കിലോ മീറ്ററിന് 35 രൂപയുമാണ്.

ഡീസൽ ബസിന് പകരമായി ഇലക്ട്രിക് ബസ് ഉപയോഗിച്ച് സർവ്വീസ് നടത്തുമ്പോൾ ഇന്ധന ചെലവിൽ ഓഗസ്റ്റ് മാസം 28 ലക്ഷം രൂപയും, സെപ്റ്റംബർ മാസം 32 ലക്ഷം രൂപയും അങ്ങനെ രണ്ട് മാസവും കൂടി 60 ലക്ഷം രൂപയും ഡീസൽ ചെലവ് ഇനത്തിൽ ലാഭിക്കാനായി. നിലവിൽ ഡീസൽ ബസ്സുകളുടെ ചെലവ് കിലോമീറ്റർ 74 രൂപ ആണ്. വരുമാനം 35 രൂപ മാത്രവും.

കൂടാതെ കെഎസ്ആർടിസി സ്വിഫ്റ്റ് ജീവനക്കാരെ ഉപയോഗിച്ച് സർവ്വീസ് നടത്തുന്നതിനാൽ ജീവനക്കാരുടെ ശമ്പള ഇനത്തിൽ ഒരു മാസം ശരാശരി 12 ലക്ഷം രൂപയും ലാഭിക്കാനാകുന്നു. പുതിയതായി നിരത്തിൽ ഇറക്കിയ ഇലക്ട്രിക് ബസുകൾക്ക് 2 വർഷത്തെ വാറന്റി ഉള്ളതിനാൽ ഡീസൽ ബസുകളെപ്പോലെ ഓയിൽ മാറ്റുകയോ, മറ്റ് ചിലവുകളോ ഇല്ലാത്തതുകൊണ്ടും മെയിന്റിനൻസ് ഇനത്തിൽ ഒരു മാസം 25 ബസുകൾക്ക് ശരാശരി 1.8 ലക്ഷം രൂപയുടെ ലാഭവും ഉണ്ടാകുന്നു.

ഈ ചെലവുകൾ കൂടി കണക്കാക്കുമ്പോൾ പ്രവർത്തനലാഭം ഏകദേശം 40 ലക്ഷം രൂപയിൽ അധികമാണ് കെഎസ്ആർടിക്ക് ലഭിക്കുന്നതെന്നും കാണാനാകും.
ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ സർവ്വീസ് നടത്തിയ കണക്ക് പ്രകാരമാണ് 25 ഇലക്ട്രിക് ബസിൽ നിന്നും ഒരു മാസം ശരാശരി 40 ലക്ഷം രൂപയുടെ ലാഭമാണ് ഉണ്ടാകുന്നത്.

കിഫ്ബി ലോൺ മുഖാന്തിരം ഒരു ബസിന് 92.43 ലക്ഷം രൂപ ചിലവഴിച്ചാണ് വാങ്ങിയത്. നാല് ശതമാനം പലിശ നിരക്കിലാണ് കിഫ്ബിയുടെ വായ്പ. വായ്പ തിരിച്ചടവിൽ 2 വർഷത്തെ മൊറട്ടോറിയം ഉള്ളതിനാൽ പ്രവർത്തന ചെലവിൽ ഗണ്യമായ കുറവും ലഭിക്കുന്നു. വില കൂടുതലാണെങ്കിലും ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുന്നതുകൊണ്ട് പ്രവർത്തന ചെലവിൽ ഉണ്ടാകുന്ന വൻ കുറവ് കാരണം ഡീസലിന്റെ ഉപഭോഗം വളരെയേറെ കുറയ്ക്കാനുമാകുന്നു. ഒരു ട്രിപ്പിന് 10 രൂപയുടെ ടിക്കറ്റും, ഒരു ദിവസത്തേക്ക് മുഴുവൻ യാത്ര ചെയ്യുന്നതിന് 30 രൂപ ടിക്കറ്റും നൽകിയുള്ള വരുമാനത്തിൽ നിന്നുമാണ് ലാഭത്തിൽ എത്തിയതെന്ന പ്രത്യേകതയും ഉണ്ട്. കൂടാതെ പുതിയതായി ആരംഭിച്ച കെഎസ്ആർടിസിയുടെ ട്രാവൽ കാർഡും ഇതിൽ ഉപയോഗിക്കുന്നു. ചുരുങ്ങിയ ചാർജ് മാത്രമേ സിറ്റി സർക്കുലറിൽ നിന്നും ഈടാക്കുന്നുള്ളൂ എന്നതും ഈ സർവ്വീസിന്റെ പ്രത്യേകതയാണ്.

ഡീസൽ ബസിന്റെ നീളത്തേക്കാൽ ഇലക്ട്രിക് ബസുകളുടെ നീളം കുറവാണ്. 9 മീറ്റർ നീളമുള്ള ഈ ബസുകൾ സിറ്റിയിലെ ഇട റോഡുകളിലും, തിരക്കിലും ആയാസമില്ലാതെ സർവ്വീസ് നടത്താകുകയും ചെയ്യും. ഇലക്ട്രിക് ബസുകൾ ചെറിയ ബസുകൾ ആണെങ്കിൽ പോലും 12 മീറ്റർ നീളമുള്ള ഡീസൽ ബസുകളുമായി താര്യതമ്യം ചെയ്യുമ്പോൾ ഒരു ബസ് ഒരു കിലോ മീറ്റർ ഓടുമ്പോൾ ലഭിക്കുന്ന വരുമാനം ഡീസൽ ബസിനേക്കാൽ കൂടുതലുമാണ്. തിരുവനന്തപുരത്തെ യാത്രക്കാർ ഇലക്ട്രിക് ബസുകൾ ഏറ്റെടുത്തതിന്റെ വിജയം കൂടിയുമാണ് ഇതിനെ കാണിക്കുന്നത്. ഇതിനോടകം 10 പുതിയ ഇലക്ട്രിക് ബസുകൾ തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. 5 എണ്ണം കൂടി അടുത്ത ആഴ്ച എത്തുമെന്നാണ് പ്രതീക്ഷ. നവംബർ മാസത്തിൽ ഇവ സർവ്വീസ് നടത്തുമ്പോൾ ഡീസൽ ഇനത്തിൽ കൂടുതൽ ലാഭം കിട്ടുമെന്നാണ് പ്രതീക്ഷ. 50 ഇലക്ട്രിക് ബസുകൾ നിലത്തിൽ ഇറങ്ങുമ്പോൾ ശരാശരി 50 ലക്ഷം രൂപയ്ക്ക് മുകളിൽ ഡീസൽ ചെലവിൽ ലാഭം ഉണ്ടാകുമെന്നെന്നാണ് കണക്ക് കൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP