Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാധാരണക്കാരന്റെ കണക്കിൽ ഒരു രൂപ മാറിയിൽ ആറസ്റ്റും ജയിലും; കെജിബിയുടെ ബന്ധു 12 കോടി അടച്ചാൽ ആദായനികുതി വകുപ്പിന് ബഹുസന്തോഷം; മറനീക്കുന്നത് നിയമ വ്യവസ്ഥയെ വ്യഭിചരിച്ചു സമ്പാദിച്ച കോടികളുടെ കള്ളക്കണക്കുകൾ

സാധാരണക്കാരന്റെ കണക്കിൽ ഒരു രൂപ മാറിയിൽ ആറസ്റ്റും ജയിലും; കെജിബിയുടെ ബന്ധു 12 കോടി അടച്ചാൽ ആദായനികുതി വകുപ്പിന് ബഹുസന്തോഷം; മറനീക്കുന്നത് നിയമ വ്യവസ്ഥയെ വ്യഭിചരിച്ചു സമ്പാദിച്ച കോടികളുടെ കള്ളക്കണക്കുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നമ്മുടെ സമൂഹത്തിൽ എല്ലാവരെയും തുല്യരായി കാണണം എന്നാണ് പറയാറെങ്കിലും ഭരിക്കുന്നവരും അധികാരവും പണവും കൈയിൽ ഉള്ളവരും ഈ തുല്യതയുടെ പരിധിയിൽ വരുന്നവരല്ല. ഇതിന് പല ഉദാഹരണങ്ങളും ഉണ്ട്. കേരളത്തിലേക്ക് നോക്കിയാൽ ഇത്തരം സംഭവത്തിന് ഉദാഹരണം പറയാവുന്നത് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ തലപ്പത്തിരുന്ന ജസ്റ്റിസ് കെ ജി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്. സുപ്രീകോടതിയുടെ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായ കെജിബിക്കെതിരെ ഉയർന്നിരുന്നത് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്. അദ്ദേഹം ന്യായാധിപനായിരിക്കേ, മക്കളും മരുമക്കളും അനധികൃതമായി പലതും സമ്പാദിച്ചു എന്നതായിരുന്നു കെജിബിയെ പലപ്പോഴും പ്രതിക്കൂട്ടിൽ നിർത്തിയത്. ഇപ്പോൾ സമാനമായ മറ്റൊരു സംഭവം കൂടി ഉണ്ടായിരിക്കയാണ്.

കണക്കിൽപ്പെടാത്ത പണം കൈവശം വച്ചതിന്റെ പേരിൽ കെ ജി ബാലകൃഷ്ണന്റെ ബന്ധു അഭിലാഷ് ടി. ചന്ദ്രന് 12 കോടി രൂപ നികുതി അടയ്ക്കാൻ ആദായ നികുതി വകുപ്പ് നിർദ്ദേശം നൽകിയ നടപടിയാണ് വിവാദത്തിന് ഇടയാക്കുന്നത്. സാധാരണക്കാരനായ ഒരാൾ നികുതി വെട്ടിപ്പ് നടത്തിയാൽ റെയ്ഡും പിഴയും ചുമത്തി ജയിലിൽ അടയ്ക്കാൻ മെനക്കെടുന്ന ആദായനികുതി വകുപ്പ് അധികൃതർ കെജിബിയുടെ ബന്ധുവിന്റെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടും ആദായ നികുതി വകുപ്പിൽ ആദായ നികുതി ഇനത്തിൽ അടയ്‌ക്കേണ്ടുന്ന തുക മാത്രം അടപ്പിച്ചു വിടുകയായിരുന്നു.

ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ പിതാവിന്റെ സഹോദരന്റെ മകനാണ് കോട്ടയം ജില്ലയിലെ ആപ്പാഞ്ചിറ സ്വദേശിയായ അഭിലാഷ് ചന്ദ്രൻ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് 22 കോടിയോളം രൂപ അഭിലാഷ് ചന്ദ്രൻ കേരളത്തിലേക്ക് കൊണ്ടുവന്നതായാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. ഇത്രയും വലിയ തുക കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ സാധാരണ ഗതിയിൽ നിരവധി നടപടിക്രമങ്ങൾ പാലിക്കേണ്ടതും നികുതി അടയ്‌ക്കേണ്ടതുമാണ്. എന്നാൽ, ഇതൊന്നും പാലിക്കാതെയാണ് കെജിബിയുടെ ബന്ധുവെന്ന ബന്ധത്തിൽ അഭിലാഷ് ചന്ദ്രൻ പണം കേരളത്തിൽ എത്തിച്ചതെന്നാണ് ആദായനികുതി വകുപ്പ് അധികൃതർ കണ്ടെത്തിയത്.

കെജിബിയുടെ ബന്ധുക്കളുടെ അനധികൃത സമ്പാദ്യങ്ങളെ കുറിച്ച് തുടക്കം മുതൽ റിപ്പോർട്ട് ചെയ്തിരുന്ന പ്രമുഖ മാദ്ധ്യമപ്രവർത്തകൻ ബിജു പങ്കജ് ആണ് അഭിലാഷ് ചന്ദ്രനോട് 12 കോടി രൂപ അടയ്ക്കാൻ ആദായനികുതി വകുപ്പ് നിർദ്ദേശം നൽകിയെന്ന ഈ വാർത്തയും റിപ്പോർട്ട് ചെയ്തത്.

കണക്കിൽപ്പെടാത്ത പണത്തിന്റെ പേരിൽ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മക്കൾക്കും മരുമകൾക്കുമെതിരെ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ അന്വേഷണമാണ് അഭിലാഷ് ചന്ദ്രനിലേക്കും നീണ്ടത്. ഒരു സാധാരണക്കാരനിൽ നിന്ന് ചുരുങ്ങിയ കാലയളവിൽ കോടികളുടെ സമ്പാദ്യത്തിലേക്കുള്ള അഭിലാഷ് ചന്ദ്രന്റെ വളർച്ചയും ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിന് ഇടയാക്കി. ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ചില കമ്പനികളുടെ പേരിൽ നടത്തിയ നിക്ഷേപങ്ങളും ആദായ നികുതി വകുപ്പ് പരിശോധിച്ചിരുന്നു.

കേരളത്തിന് അകത്തും പുറത്തും നിരവധി പണമിടപാടുകൾ അഭിലാഷ് ചന്ദ്രൻ നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പല ഇടപാടുകളിേലയും പണത്തിന്റെ ഉറവിടം സംബന്ധിച്ച് അഭിലാഷ് ചന്ദ്രൻ നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ആദായ നികുതി വകുപ്പ് 12 കോടി രൂപ നികുതി അടയ്ക്കാൻ നിർദേശിച്ചത്. കമ്മീഷൻ, ശമ്പളം, ബിസിനസ് പങ്കാളിത്തം എന്നിവയിലൂടെയാണ് കോടികൾ സമ്പാദിച്ചതെന്നാണ് അഭിലാഷ് ചന്ദ്രൻ ആദായ നികുതി വകുപ്പിനോട് വ്യക്തമാക്കിയതായും ബിജു പങ്കജ് റിപ്പോർട്ട് ചെയ്യുന്നു.

ആദായ നികുതി വകുപ്പിന്റെ ഉത്തരവിനെതിരെ അഭിലാഷ് ചന്ദ്രൻ അപ്പീൽ നൽകിയിട്ടുണ്ട്. അഭിലാഷ് ചന്ദ്രൻ അടക്കം കെ. ജി. ബാലകൃഷ്ണന്റെ ബന്ധുക്കളുടെ സാമ്പത്തിക വളർച്ചയുടെ ഉറവിടം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആദായ നികുതി വകുപ്പിന്റെ കൊച്ചിയിലെ അന്വേഷണ വിഭാഗം ഡയറക്ടർ ജനറലായിരുന്ന ഇ.ടി. ലൂക്കോസ് കത്തിലൂടെ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല. കെ.ജി.ബി.യുടെ ബന്ധുക്കളുടെ സാമ്പത്തിക ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ സമർപ്പിച്ച ഹർജി ഈ മാസം പത്തിന് സുപ്രീം കോടതി പരിഗണിക്കും.

കെ.ജി.ബി.യുടെ ബന്ധുക്കൾക്കെതിരെ നടക്കുന്ന അന്വേഷണം സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ അറ്റോർണി ജനറൽ മുകുൾ റോത്തഗി കഴിഞ്ഞയാഴ്ച ആദായ നികുതി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. അറ്റോർണി ജനറലിനെ അന്വേഷണ വിവരങ്ങൾ ധരിപ്പിക്കാൻ കൊച്ചിയിൽ നിന്നുള്ള ആദായ നികുതി വകുപ്പിന്റെ ഉദ്യോഗസ്ഥർ അടുത്ത ദിവസം ഡൽഹിയിലെത്തും. അഭിലാഷ് ചന്ദ്രനടക്കമുള്ളവർക്കെതിരെ നടക്കുന്ന അന്വേഷണം സംബന്ധിച്ച വിവരങ്ങൾ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറ്റോർണി ജനറലിന് കൈമാറാനാണ് സാധ്യത.

ജുഡീഷ്യറിയിലെ അഴിമതികൾക്കെതിരെ നടപടി വേണമെന്ന പ്രഖ്യാപനങ്ങൾ വിവിധ കോണുകളിൽ നിന്നും നടക്കുമ്പോഴും യഥാർത്ഥ്യം മറ്റൊന്നാണെന്ന വ്യക്തമാക്കുന്നതാണ് കെജിബിയുടെ ബന്ധുക്കളെ ചുറ്റിപ്പറ്റി ഉയർന്നിരിക്കുന്ന ആരോപണങ്ങൾ. നേരത്തെ കെജിബിയുടെ മരുമകൻ പി വി ശ്രീനിജൻ അനധികൃതമായി സ്വത്ത് സമ്പാദാനം നടത്തിയെന്ന ആരോപണങ്ങളും ശക്തമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP