Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടിൽ പ്രസവം നടത്തിയാൽ എന്താണ് കുഴപ്പം? പരസഹായം കൂടാതെ പ്രസവിക്കാൻ കഴിയാത്ത ഏക ജീവിയാണ് മനുഷ്യൻ; രക്തസ്രാവമുണ്ടായി മരണം വരെ സംഭവിക്കാം; ഓക്സിജൻ ആവശ്യത്തിന് കിട്ടാതിരുന്നാൽ കുഞ്ഞിന് ഗുരുതര പ്രശ്നങ്ങളുണ്ടാവും; ഇത്തരം സംഘങ്ങളെ പ്രോൽസാഹിപ്പിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധർ

വീട്ടിൽ പ്രസവം നടത്തിയാൽ എന്താണ് കുഴപ്പം? പരസഹായം കൂടാതെ പ്രസവിക്കാൻ കഴിയാത്ത ഏക ജീവിയാണ് മനുഷ്യൻ; രക്തസ്രാവമുണ്ടായി മരണം വരെ സംഭവിക്കാം; ഓക്സിജൻ ആവശ്യത്തിന് കിട്ടാതിരുന്നാൽ കുഞ്ഞിന് ഗുരുതര പ്രശ്നങ്ങളുണ്ടാവും; ഇത്തരം സംഘങ്ങളെ പ്രോൽസാഹിപ്പിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധർ

എം റിജു

കോഴിക്കോട്: ആശുപത്രികളിൽ പോകാതെ രഹസ്യമായി വീട്ടിൽ പ്രസവിക്കാൻ സൗകര്യം ചെയ്തുകൊടുക്കുന്ന സംഘങ്ങൾ കേരളത്തിൽ ഉണ്ടെന്ന റിപ്പോർട്ടുകൾ വരുന്ന സമയമാണിത്. ഇത് ചൂണ്ടിക്കാട്ടുമ്പോൾ വീട്ടിൽ പ്രസവിച്ചാൽ എന്താണ് കുഴപ്പം, പണ്ടൊക്കെ അങ്ങനെ ആയിരുന്നില്ലേ എന്ന് ചോദിച്ച് സോഷ്യൽ മീഡിയയിൽ അടക്കം പലരും വിമർശനം ഉന്നയിക്കുന്നുണ്ട്. വീട്ടിലെ പ്രസവം തടയുന്നതിനുപിന്നിൽ മരുന്നുലോബിയും, ആശുപത്രിലോബിയാണെന്നും ഇവർ വിമർശനം ഉന്നയിക്കുന്നു. എന്നാൽ വീട്ടിൽ നടക്കുന്ന പ്രസവങ്ങളെ ഒരു കാരണവശാലും പ്രോൽസാഹിപ്പിക്കരുതെന്നാണ് ആരോഗ്യ വിദഗധർ പറയുന്നത്. പരസഹായം കൂടാതെ പ്രസവിക്കാൻ കഴിയാത്ത ഏക ജീവിയാണ് മനുഷ്യനെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

പ്രസവം വീടുകളിൽ നടത്താൻ പ്രോത്സാഹിപ്പിക്കുന്ന രഹസ്യക്കൂട്ടായ്മകളും സംസ്ഥാനത്ത് സജീവമാണെന്നാണ് റിപ്പോർട്ട്. ഇക്കൂട്ടർ എല്ലാ ജില്ലകളിലുമുണ്ടെങ്കിലും കൂടുതലും മലപ്പുറത്താണ്. പിന്നെ കോഴിക്കോട്ടും, കാസർകോട്ടും. 2021 ഏപ്രിൽ മുതൽ ഈ മാർച്ചുവരെ 273 പ്രസവങ്ങൾ ഇവിടെ വീടുകളിൽ നടന്നുവെന്നാണ് കണക്ക്. നിലവിൽ വീട്ടിലെ പ്രസവംതടയാൻ നിയമപ്രകാരംവകുപ്പില്ല. ബോധവത്കരണം മാത്രമാണ് വഴി.

വിരുന്നിന്റെ പേരിൽ പ്രസവം

ചില വീടുകൾ കേന്ദ്രീകരിച്ചാണ് പ്രസവം നടക്കുന്നത്. താനൂരിനടുത്ത് താനാളൂരിൽ ഇങ്ങനെ പ്രവർത്തിച്ച ഒരുവീട് മാസങ്ങൾക്കുമുമ്പ് ആരോഗ്യവകുപ്പും പൊലീസുംചേർന്ന് പൂട്ടിച്ചു. കാസർകോട് മുതൽ കൊല്ലംവരെയുള്ള ജില്ലകളിൽനിന്ന് ഇവിടേക്ക് പ്രസവിക്കാൻ സ്ത്രീകളെത്തിയിരുന്നു. ദിവസങ്ങൾക്ക് മുമ്പുതന്നെ ഗർഭിണിയും കുറച്ചു ബന്ധുക്കളും വരും.

ആരെങ്കിലും ചോദിച്ചാൽ ബന്ധുക്കളാണെന്നും വിരുന്നിന് വന്നതാണെന്നുമാണ് പറയുക. പ്രസവംകഴിഞ്ഞ് കുറച്ചുദിവസംകൂടി താമസിച്ചതിനുശേഷം പോകും. ഒരുഡോക്ടറുടെ ഭാര്യപോലും ഇങ്ങനെ വീട്ടിൽ പ്രസവിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പധികൃതർ പറയുന്നു.സുഖപ്രസവം നടക്കുമെന്ന വിശ്വാസത്തിൽ 'മറിയംപൂവ്' എന്ന പൂവും ചിലർ ഉപയോഗിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽനിന്നാണ് ഇതുകൊണ്ടുവരുന്നത്. ഗർഭിണിയുടെ കിടക്കയിലോ തലയണയ്ക്കടിയിലോ വെക്കുകയാണ് ചെയ്യുക. പക്ഷേ ഇതൊക്കെ വെറും അന്ധവിശ്വാസം മാത്രമാണ്. ശാസ്ത്രീയമായ ഒരു അടിത്തറയും ഈ പൂവിനും കായ്ക്കും ഒന്നുമില്ല.

12-ാമത്തെ പ്രസവത്തിൽ മരണം

12-ാമത്തെ പ്രസവവും വീട്ടിൽ നടത്തിയതിനെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ചസംഭവം കഴിഞ്ഞവർഷം തിരൂരിനടുത്ത ചെറിയമുണ്ടത്ത് ഉണ്ടായി. ഇതിൽ അന്വേഷണം നടത്തിയ ആരോഗ്യവകുപ്പിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. താൻ തീരെ ക്ഷീണിതയാണെന്നും ആശുപത്രിയിൽ പോകണമെന്നും സ്ത്രീ ആവശ്യപ്പെട്ടിട്ടും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. പ്രസവമെടുത്ത സ്ത്രീയെ ചോദ്യംചെയ്തപ്പോൾ താൻ ഇതിനുമുമ്പ് പ്രസവമെടുത്തിട്ടില്ലെന്നായിരുന്നു മറുപടി.

തുടർന്ന് ഈ മേഖലയിലെല്ലാം ആരോഗ്യവകുപ്പ് വ്യാപകമായ ബോധവത്കരണം നടത്തി. ആരോഗ്യവിദഗ്ധയും ജില്ലാമെഡിക്കൽ ഓഫീസറുമായ ഡോ രേണുക ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'വീടുകളിൽ പ്രസവംനടത്തുന്നത് സാഹസികമാണ്. അമ്മയ്ക്കും കുഞ്ഞിനും അപകടമുണ്ടാവാനിടയുണ്ട്. മറുപിള്ള മുഴുവൻ പോയിട്ടില്ലെങ്കിൽ രക്തസ്രാവമുണ്ടാവും. അത് നിശ്ചിതസമയത്തിനകം നിയന്ത്രിക്കാനായില്ലെങ്കിൽ അപകടമാണ്. രക്തം ആവശ്യമുണ്ടെങ്കിൽ കൊടുക്കാനുമാവില്ല. വലിയ കുഞ്ഞാണെങ്കിൽ സാധാരണപ്രസവം നടക്കില്ല. അണുബാധയ്ക്കുള്ള സാധ്യതയേറെ. ഓക്സിജൻ ആവശ്യത്തിന് കിട്ടാതിരുന്നാൽ കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാവും. ''- അവർ വ്യക്തമാക്കി.

പ്രസവം അപകടം തന്നെയാണ്

പ്രസവം എന്നത് ഒരു അപകടം പിടിച്ച ഏർപ്പാട് ആണെന്നും അതിനെ ലാഘവത്തോടെ കാണാൻ കഴിയില്ല, എന്നുമാണ് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും, ശാസ്ത്ര പ്രചാരകനുമായ ഡോ മനോജ് ബ്രൈറ്റ് ചൂണ്ടിക്കാട്ടുന്നത്. ഡോ മനോജ് ബ്രൈറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. 'വീട്ടിലെ പ്രസവം ഫാഷനായി വരുന്നതിനെക്കുറിച്ചു വന്ന വാർത്തയിൽ അതിനെ അനുകൂലിച്ച് വരുന്ന കമന്റുകളുടെ പൊതുവായ ടോൺ ഈ ആശുപത്രിയൊക്കെ എന്നാ ഉണ്ടായത്, നമ്മുടെ അമ്മൂമ്മമാരൊക്കെ അങ്ങിനെ പ്രസവിച്ചവരാണ്, ഡോക്ടറുടെ സഹായം തേടാൻ ഗർഭവും, പ്രസവവുമൊന്നും ഒരു അസുഖമല്ല എന്നൊക്കെയാണ്.

ശരാശരി നൂറു കിലോ ഭാരമുള്ള ഒരു പെൺ ഗോറില്ല ഒന്നര കിലോ തൂക്കമുള്ള കുഞ്ഞിനെ പ്രസവിക്കുമ്പോൾ (ശരീരഭാരത്തിന്റെ 1.5%) ശരാശരി അറുപതു കിലോ തൂക്കമുള്ള ഒരു മനുഷ്യ സ്ത്രീ മൂന്നര കിലോയോളം തൂക്കമുള്ള കുഞ്ഞിനെയാണ് പ്രസവിക്കുന്നത് (ശരീരഭാരത്തിന്റെ 6%). ഒരു ചിമ്പാൻസിയുടെയും, മനുഷ്യന്റെയും അരക്കെട്ടിന്റെ വലുപ്പത്തിലുള്ള വ്യത്യാസം. ചിത്രം നോക്കുക. മറ്റൊരു ജീവിയും ഇത്രവലിയ കുഞ്ഞിനെ പ്രസവിക്കുന്നില്ല. അതു പോട്ടെ, എന്നാൽ ഇത്ര വലിയൊരു ശിശുവിനെ പത്തു മാസം ചുമക്കാനും പിന്നീട് കുഴപ്പമൊന്നും കൂടാത്ത പ്രസവിക്കാനും വേണ്ട സംവിധാനങ്ങളാണോ സ്ത്രീ ശരീരത്തിനുള്ളത്?

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ അരകെട്ടിനു വീതി കൂടുതലാണ്. മാത്രമല്ല അരക്കെട്ടിലെ അസ്ഥി അല്പം പുറകോട്ടു തിരിഞ്ഞ നിലയിലുമാണ്. ഈ സവിശേഷ രീതി കാരണം കാൽമുട്ടുകൾ ഏകദേശം കൂട്ടിമുട്ടുന്ന നിലയിലാണ്. സ്ത്രീകളുടെ 'അന്നനടക്ക്'കാരണം ഇതാണ്. കാലുകൾക്കു താരതമ്യേനെ നീളം കുറവായതുകൊണ്ട് 'ഗജരാജ വിലാസിത മന്ദഗതിയും'.

ഇതിന്റെയൊക്കെ പ്രശ്നം എന്താണെന്നു ചോദിച്ചാൽ, സ്ത്രീകൾക്ക് ഓടാൻ പ്രയാസമാണ് എന്നതാണ്. ഇതല്പം അതിശയോക്തിയാണെന്നു കരുതുന്നവരോട് ഒരു ചോദ്യം.. സ്ത്രീകൾ ഓടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? വനിതാ അത്‌ലറ്റുകളെയും ചെറിയ പെൺകുട്ടികളേയുമല്ല ഉദ്ദേശിച്ചത്, സാധാരണ ഒരു സ്ത്രീ ബസ്സിനു പുറകെയോ മറ്റോ ഓടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ എന്നാണ് ചോദ്യം. വനിതാ അത്ലറ്റുകൾ അത്ലറ്റുകളായിരിക്കുന്നതു അവർക്കു ഏതാണ്ട് പുരുഷ പ്രകൃതി ഉള്ളതുകൊണ്ടാണ്. ചെറിയ പെൺകുട്ടികൾക്ക് മുകളിൽ പറഞ്ഞ പൂർണ്ണ സ്ത്രൈണ രൂപം വന്നിട്ടുമുണ്ടാകില്ല. മിക്കവാറും സ്ത്രീകൾ ഓടിയാൽ മറിഞ്ഞു വീണിരിക്കും ദൈവത്തിന്റെ ഓരോ വിചിത്ര ഡിസൈനിന്റെ ഫലം:-) ഇപ്പോഴുള്ളതിൽ കൂടുതൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ സ്ത്രീകൾക്ക് നടക്കാൻ പോലും പ്രയാസമായിരിക്കും.

പ്രസവത്തെ സഹായിക്കാനുള്ള ഈ അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടുപോലും പ്രസവം സ്ത്രീകൾക്ക് വളരെ അപകടം പിടിച്ച ഒരേർപ്പാടാണ്. ഈ പ്രശ്നത്തിന് ദൈവത്തിന്റെ പരിഹാരം മസ്തിഷ്‌ക വളർച്ച പൂർണ്ണമാകുന്നതിനു മുൻപ് കുട്ടിയെ പ്രസവിക്കുക എന്നതാണ്. പ്രസവിച്ചു 6-9 മാസം കഴിയാതെ മനുഷ്യ ശിശുക്കൾ മസ്തിഷ്‌ക്ക വളർച്ചയിൽ മറ്റു പ്രിമേറ്റുകൾക്കൊപ്പമെത്തില്ല. മറ്റു പ്രൈമേറ്റുകളുമായി താരതമ്യം ചെയ്താൽ,ശരിക്കും മനുഷ്യരുടെ ഗർഭകാലം പതിനെട്ടു മാസം വേണ്ടതാണ് എന്നാണ് ഗവേഷകർ പറയുന്നത്. ( പ്രസവശേഷമുള്ള വളർച്ചയിലും മനുഷ്യൻ പുറകിലാണ്. ചിമ്പാൻസി പത്തു വയസ്സിലും ഗോറില്ല എഴു വയസ്സിലും പ്രായപൂർത്തിയാകുമ്പോൾ മനുഷ്യന് അത് 16-17 വയസ്സാണ്.)

ഗർഭപാത്രത്തിൽ നിന്ന് ഞെക്കി പുറത്താക്കുന്നതിന്റെ ഫലം ജനിച്ച ഉടനെയുള്ള ഒരു കുഞ്ഞിന്റെ ദേഹത്ത് കാണാം.'സുഖ പ്രസവം' എന്ന സാധാരണ പ്രസവത്തിലെ കുഞ്ഞിന്റെ തലയും മറ്റും വലിച്ചുനീട്ടിയതുപോലുണ്ടാകും. അമ്മയ്ക്കും കുഞ്ഞിനും ജീവാപായം തന്നെ സംഭവിക്കാൻ സാധ്യതയുണ്ട്.

ഒരുപക്ഷേ പരസഹായം കൂടാതെ പ്രസവിക്കാൻ സാധിക്കാത്ത ഏക ജീവി മനുഷ്യനായിരിക്കും. മറ്റു പ്രിമേറ്റുകൾ ഒറ്റക്കാണ് പ്രസവിക്കുക.(ചില ഒറ്റപെട്ട ഉദാഹരണങ്ങൾ, മറ്റു മൃഗങ്ങളിൽ കണ്ടിട്ടുണ്ട്. ഡോൾഫിൻ,തിമിംഗലങ്ങൾ ,ചില എലികൾ തുടങ്ങിയവ )

ഇനി മാതൃമരണ നിരക്ക് ഒന്നു നോക്കാം. ടോപ് രാജ്യങ്ങൾ ഇവരാണ്.ഒരു ലക്ഷം പ്രസവത്തിനു 2000 മരണം (സിയറ ലിയോൺ) 1900,(അഫ്ഗാനിസ്ഥാൻ ). ഈ കണക്കു 'നാച്ചുറൽ' അവസ്ഥയായി കണക്കാക്കാം. അമേരിക്കയിൽ ഇത് ഒരു ലക്ഷത്തിന് വെറും പതിനൊന്ന് മാത്രമാണ്. ഇനി ഘശളലശോല ൃശസെ ീള ാമലേൃിമഹ റലമവേ. ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത് പതിനാറിൽ ഒന്നു വീതമാണ്.വികസിതരാജ്യങ്ങളിൽ രണ്ടായിരത്തി എണ്ണൂറിൽ ഒന്നും. മോഡേൺ മെഡിസിന്റെ ആവിർഭാവം വരെ പ്രസവത്തിൽ പലപ്പോഴും ഒന്നുകിൽ കുട്ടി, അല്ലെങ്കിൽ അമ്മ മരിക്കും എന്നതായിരുന്നു അവസ്ഥ. ഇതാണ് ദൈവം ഡിസൈൻ ചെയ്ത് മനുഷന് നൽകിയിട്ടുള്ള സുഖപ്രസവതിന്റെ ട്രാക്ക് റെക്കോർഡ്.? ഇത്ര അപകടം പിടിച്ച പരിപാടിയെ 'സുഖപ്രസവം' എന്ന് വിളിക്കുന്നതിൽ ഒരു വൈരുധ്യമില്ലെ? യഥാർത്ഥത്തിൽ 'സുഖപ്രസവം' എന്ന വാക്ക് വന്നത് പ്രസവത്തിനു ശേഷവും അമ്മ ജീവനോടെയിരിക്കുന്നു എന്ന അർത്ഥത്തിലായിരിക്കാം.

1702 ൽ ബ്രിട്ടീഷ് രാജ്ഞിയായ ആൻ പതിനേഴു വർഷത്തിനിടയിൽ പതിനെട്ടു പ്രാവശ്യം പ്രസവിച്ചു. ജീവനോടെ കിട്ടിയത് വെറും അഞ്ചെണ്ണം. ഒന്നുപോലും പ്രായപൂർത്തി എത്തിയതുമില്ല. മുന്നൂറു വർഷം മുൻപ് ലോകത്തിലെ ഏറ്റവും ശക്തയായ സ്ത്രീയുടെ വരെ അവസ്ഥയായിരുന്നു ഇത്.രാജ്ഞി പ്രസവത്തിൽ മരിച്ചു പോകാഞ്ഞതാണ് അത്ഭുതം. ഇന്ന് ഒരു സാധാരണ സ്ത്രീക്കുപോലും ഈ ഗതികേട് ഉണ്ടാവില്ല. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ ഗുണം.''- ഡോ മനോജ് ബ്രൈറ്റ് ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP