Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താമസസ്ഥലത്ത് ഉപയോഗിച്ചത് വ്യാജ പേരും മേൽവിലാസവും; കൊലയ്ക്ക് ദിവസങ്ങൾ മുൻപേ മൊബൈൽ സ്വിച്ചോഫ് ചെയ്തു; കൊച്ചിയിൽ നേപ്പാളി യുവതിയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ; മരിച്ചയാളെയും കൊലപാതകിയേയും തിരിച്ചറിയാനാവാതെ പൊലീസ്; പ്രതി നേപ്പാളിലേക്ക് കടന്നതായി സൂചന

താമസസ്ഥലത്ത് ഉപയോഗിച്ചത് വ്യാജ പേരും മേൽവിലാസവും; കൊലയ്ക്ക് ദിവസങ്ങൾ മുൻപേ മൊബൈൽ സ്വിച്ചോഫ് ചെയ്തു; കൊച്ചിയിൽ നേപ്പാളി യുവതിയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ; മരിച്ചയാളെയും കൊലപാതകിയേയും തിരിച്ചറിയാനാവാതെ പൊലീസ്; പ്രതി നേപ്പാളിലേക്ക് കടന്നതായി സൂചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം ഇളംകുളത്ത് വാടക വീട്ടിൽ നേപ്പാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. കൊല്ലപ്പെട്ട യുവതിയുടേയോ കൊലപാതകത്തിനു ശേഷം കാണാതായ ഭർത്താവിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന റാം ബഹദൂർ നേപ്പാളിലേക്ക് കടന്നതായും സൂചന. റാം ബഹദൂർ എന്ന പേരു പോലും വ്യാജമാണെന്നാണ് പൊലീസിന്റെ നിഗമനം.

മഹാരാഷ്ട്ര സ്വദേശിയെന്ന പേരിലാണ് ദമ്പതിമാർ വീട് വാടകക്കെടുത്തത്. കൊല്ലപ്പെട്ട യുവതിയുടെ പേര് ലക്ഷ്മി എന്നതിനപ്പുറത്തേക്ക് സ്ഥിരീകരിക്കാവുന്ന ഒരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. നേപ്പാളി യുവതിയെ കൊലപ്പെടുത്തിയത് മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമെന്നാണ് സൂചന. വ്യാജ പേരും മേൽവിലാസവും ഉപയോഗിച്ചതിനു പുറമേ കൊലയ്ക്ക് ദിവസങ്ങൾ മുൻപേ മൊബൈൽ സ്വിച്ചോഫ് ചെയ്തതും പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നു.

യുവതിക്കൊപ്പം വാടകവീട്ടിൽ താമസിച്ചിരുന്ന റാം ബഹദൂർ നേപ്പാൾ സ്വദേശിയാണെന്ന് കണ്ടെത്തിയെങ്കിലും നേപ്പാളിൽ എവിടെ നിന്നാണെന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ മൂന്നു മണിയോടെ ലക്ഷ്മി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. കഴുത്തു ഞരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽനിന്ന് വ്യക്തമാകുന്നത്. അന്നു രാത്രി തന്നെ റാം ബഹദൂർ സ്ഥലംവിട്ടു. മൃതദേഹം അഴുകിയാലും ദുർഗന്ധം പുറത്തുവരുന്നത് തടയാൻ ആദ്യം പ്ലാസ്റ്റിക് കവറിലും പിന്നീട് പുതപ്പിലും കമ്പിളിയിലുമായി പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു.

കൊലപാതക വിവരം മറച്ചുവയ്ക്കുന്നതിനപ്പുറം രാജ്യം വിടാനുള്ള സമയം ഉറപ്പാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് സംശയിക്കുന്നു. മൊബൈൽ ഫോണുകൾക്ക് പുറമേ തിരിച്ചറിയൽ രേഖകളുമടക്കമാണ് ഇയാൾ കടന്നത്. ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ നാലു ദിവസങ്ങൾക്കു മുൻപേ ഉപേക്ഷിച്ച് പകരം മറ്റൊരു നമ്പറാണ് ഉപയോഗിച്ചിരുന്നത്.

പത്തു വർഷത്തിലേറെയായി ഇയാൾ കൊച്ചിയിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൊച്ചിയിലെ വിഗ് നിർമ്മിച്ച് നൽകുന്ന സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന ഇയാൾ ഏതാനും മാസങ്ങൾക്കു മുൻപ് വിഗ് നിർമ്മാണം സ്വന്തമായി ആരംഭിച്ചു. കൊലപാതകത്തിൽ കൂടുതൽ പേരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

യുവതിയുടെ ഭർത്താവിനെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടത്തുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. യുവതിയും ഭർത്താവും വീട്ടുടമയ്ക്ക് നൽകിയിരുന്ന മേൽ വിലാസം വ്യാജമാണെന്ന് ഇതിനോടകം തന്നെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലക്ഷ്മി ,റാം ബഹദൂർ എന്നീ പേരുകളിലാണ് ഇരുവരും വീട് വാടകയ്ക്ക് എടുത്തത്. രേഖകൾ വ്യാജമാണെന്ന് മനസിലായതോടെ ഇവരുടെ പേരടക്കമുള്ള മുഴുവൻ വിവരങ്ങളും കണ്ടെത്തുകയെന്ന വലിയ വെല്ലുവിളിയാണ് പൊലീസിന് മുന്നിലുള്ളത്.

ഇളംകുളം ഗിരി നഗറിലെ വാടകവീട്ടിൽ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു. ദിവസങ്ങളോളം പഴകിയ മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് കഴിഞ്ഞ ദിവസം വീട് തുറന്ന് പരിശോധന നടത്തിയത്. വീട്ടിലോ പരിസരത്തോ കുറച്ച് ദിവസങ്ങളായി ആളനക്കം ഉണ്ടായിരുന്നില്ല.

ദുർഗന്ധം വരാതിരിക്കാൻ ആദ്യം പുതപ്പുകൊണ്ട് പൊതിഞ്ഞു. പിന്നെ ബെഡ് ഷീറ്റിലും. സെല്ലോ ടേപ്പിൽ വരിഞ്ഞു മുറുക്കിയ ശേഷം മാലിന്യം സംഭരിക്കാൻ ഉപയോഗിക്കുന്ന കറുത്ത പ്ലാസ്റ്റിക്ക് കവറിലേക്കാക്കി. അഴുകി ദുർഗന്ധം പരാക്കാതിരിക്കാൻ അതിവിദഗധമായാണ് നേപ്പാൾ സ്വദേശി ലക്ഷ്മിയുടെ മൃതദേഹം റാം ബഹാദൂർ   ഒറ്റമുറി വാടവീട്ടിൽ ഒളിപ്പിച്ചിരുന്നത്. കാലുകളും മടക്കികെട്ടിയിരുന്നു.

പിന്നിൽ നിന്ന് പ്ലാസ്റ്റിക് കയറോ മറ്റോയിട്ട് മുറുക്കി കൊലപ്പെടുത്തിയതായാണ് കരുതുന്നത്. മുറിവേറ്റ് മറ്റുപാടുകളൊന്നും ദേഹത്തില്ല. രക്തത്തിന്റെ സാന്നിദ്ധ്യവും മുറിയിലെ പരിശോധനയിൽ കണ്ടെത്താനായില്ല.

കൊല്ലപ്പെട്ട ലക്ഷ്മിയും റാം ബഹാദൂർ ബിസ്തും തമ്മിൽ അടുത്തിടെ വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു. ലക്ഷ്മി മണിക്കൂറോളം പലരുമായി സംസാരിച്ചിരുന്നതായി ഫോൺ കാൾ വിശദാംശങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ലക്ഷ്മിയുടെ ഫോൺ കണ്ടെത്താനായിട്ടില്ല. റാം ബഹാദൂർ ലക്ഷ്മിയുടെ ഫോണുമായി കടന്നിട്ടുണ്ടെകാനുള്ള സാദ്ധ്യത കൂടുതലാണെന്ന് പൊലീസ് പറയുന്നു.

അതേസമയം ലക്ഷ്മിയെ മറ്റാരെങ്കിലും കൊന്ന് ബഹാദൂറിനെ തട്ടിക്കൊണ്ടുപോയി ഇല്ലാതാക്കാനുള്ളതടക്കം എല്ലാ സാദ്ധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ലോഡ്ജുകളെല്ലാം റാം ബഹാദൂറിനായി തിരച്ചിൽ നടത്തി. സമീപത്തെ വീടുകളിലൊന്നിലും സി.സി.ടിവി കാമറകളില്ല. പരിസരത്തെ മറ്റ് വീടുകളിലെ സി.സി.ടിവി കാമറ പരിശോധിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. ഹെയർ ഫിക്‌സിങ് ടെക്‌നീഷ്യനായ ഇയാൾ കേരളം വിട്ടതായാണ് പൊലീസ് കരുതുന്നത്. 21ന് ശേഷം ഫോൺ സ്വിച്ച് ഓഫാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP