Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടുകാരെ ഭയന്ന് ഗൃഹനാഥൻ പണിക്ക് പോകുന്നത് നേരം പുലരുമ്പോൾ; ഭിന്നശേഷിക്കാരൻ പുറംലോകം കണ്ടിട്ട് മാസങ്ങൾ; വിറകില്ലാത്തതിനാൽ അടുപ്പ് കത്തിക്കുന്നത് പഴയ തുണി ഉപയോഗിച്ച്; മിക്കദിവസവും പട്ടിണി; അയൽവാസികൾ വഴി അടച്ചതോടെ പൂർണമായി ഒറ്റപ്പെട്ട് ചങ്ങനാശേരി വാകത്താനം പഞ്ചായത്തിലെ നാലംഗ കുടുംബം

നാട്ടുകാരെ ഭയന്ന് ഗൃഹനാഥൻ പണിക്ക് പോകുന്നത് നേരം പുലരുമ്പോൾ; ഭിന്നശേഷിക്കാരൻ പുറംലോകം കണ്ടിട്ട് മാസങ്ങൾ; വിറകില്ലാത്തതിനാൽ അടുപ്പ് കത്തിക്കുന്നത് പഴയ തുണി ഉപയോഗിച്ച്; മിക്കദിവസവും പട്ടിണി; അയൽവാസികൾ വഴി അടച്ചതോടെ പൂർണമായി ഒറ്റപ്പെട്ട് ചങ്ങനാശേരി വാകത്താനം പഞ്ചായത്തിലെ നാലംഗ കുടുംബം

സി. ആർ. ശ്യാം

 കോട്ടയം: ഇപ്പോൾ വെളിച്ചം കാണുന്നതു പോലും ഭയമാണ് ഈ നാലംഗ കുടുംബത്തിന്. ഭിന്നശേഷിക്കാരനായ 20 കാരനും രോഗിയായ അമ്മയും വീട്ടിനുള്ളിൽ ഭയന്ന് ജീവിതം തള്ളി നീക്കുകയാണ്. പുലർച്ചെ ആശാരി പണിക്കു പോകുന്ന ഗൃഹനാഥൻ അയൽവാസികൾ ഉറങ്ങിയെന്ന് ഉറപ്പാക്കി വേണം സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചെത്താൻ. അതു വരെ കഞ്ഞിക്ക് വെള്ളം വച്ച് അമ്മ കാത്തിരിക്കും. അരിയും കറിവയ്ക്കാനുള്ളതും കൊണ്ടു വന്നിട്ടു വേണം മക്കൾക്ക് ആഹാരം പാചകം ചെയ്തു നൽകാൻ. ഇതു തയ്യാറാകുമ്പോഴേയ്ക്കും ഏതാണ്ട് പുലർച്ചെ ഒരു മണിയോളമാകും. പിന്നെ ഉറക്കമൊഴിച്ച് നേരം പുലരും വരെ കാത്തിരിക്കും. പുലർച്ചെ നാലിന് ഗൃഹനാഥൻ വീട്ടിൽ നിന്നുമിറങ്ങി ജോലിക്ക് പോയാൽ മാത്രമെ അന്നന്നത്തേയ്ക്കുള്ള വയറു നിറയ്ക്കാൻ കഴിയു. കഴിഞ്ഞ കുറെ മാസങ്ങളായി ചങ്ങനാശേരി വാകത്താനം പഞ്ചായത്തിൽ പൊങ്ങന്താനം കുന്നേൽ കൃഷ്ണൻ കുട്ടിയും ഭാര്യ മിനിയും രണ്ടു മക്കൾക്കൊപ്പം ജീവിതം തള്ളി നീക്കുന്നതിങ്ങനെയാണ്.

കുടുംബ വക വീട്ടിലാണ് ഇവർ കഴിയുന്നത്. അയൽവാസികൾ കൂടുതലും ഇവരുടെ ബന്ധുക്കളാണ്. വർഷങ്ങൾക്ക് മുൻപ് കുടുംബ വകയുണ്ടായിരുന്ന 50 സെന്റ് സ്ഥലം നാലായി ഭാഗിച്ചു നൽകി. എന്നാൽ വസ്തു പകുത്ത് ആധാരം ചെയ്തിട്ടില്ല. എന്നാൽ ഓരോരുത്തരും കരം അടച്ചിരുന്നു. ഒൻപത് വർഷം മുൻപാണ് ഇവർ ഉപയോഗിച്ചിരുന്ന വഴി സംബന്ധിച്ച് തർക്കം ഉടലെടുക്കുന്നത്. ഇവർ ഉപയോഗിച്ചിരുന്ന വഴി ബന്ധു തന്നെ കൈവശപ്പെടുത്തി. കഴിഞ്ഞ മാർച്ച് മുതൽ സമീപവാസികൾ അവരുടെ വഴി പൂർണമായും കെട്ടി അടച്ചതോടെ സമീപവാസിയുടെ പുരയിടത്തിലൂടെയാണ് ഇവർ പോകുന്നത്. ഇതു കൂടി കെട്ടിയിടച്ചാൽ പുറംലോകത്തെത്താൻ കഴിയില്ല. ഇതിനിടയിൽ ഭിന്നശേഷിക്കാരനായ മകന് യാത്ര ചെയ്യാൻ കഴിയാതെ വന്നതോടെ ഒരു വർഷത്തെ പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് മറ്റൊരു സ്‌കൂളിൽ ചേർന്ന് പ്ലസ് ടു വരെ പഠനം പൂർത്തീകരിച്ചു. കമ്പ്യൂട്ടർ പഠനത്തിന് ചേർന്നെങ്കിലും പോകാൻ കഴിയില്ല. മൂത്ത മകൻ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ പഠനം പൂർത്തിയാക്കിയതും ഏറെ ബുദ്ധിമുട്ടിയാണ്. സ്‌കൂളിലേയ്ക്ക് പോയതും പരീക്ഷ എഴുതിയതുമൊക്കെ പുലർച്ചെയാണ്. രാത്രി വരെ സമയം തള്ളി നീക്കിയ ശേഷം വീട്ടിൽ കയറി വരും.

സമീപവാസിയും ഇവരുടെ ബന്ധുവുമായ ശശിധരനും കുടുംബത്തിനും ഇതേ അവസ്ഥ തന്നെയാണ്. രാത്രിയിൽ രോഗിയായവരെ ആശുപത്രിയിൽ പോലും കൊണ്ടു പോകാൻ കഴിയില്ല. ബന്ധുക്കൾ പോലും തങ്ങളുടെ വീട്ടിലേയ്ക്ക് വരാറില്ലെന്ന് ശശിധരന്റെ ഭാര്യ പ്രസന്നകുമാരി പറയുന്നു. ഗർഭിണിയായ മകളെ രാത്രിയിൽ ആശുപത്രിയിൽ കൊണ്ടു പോകാൻ കഴിയാതെ വന്നതോടെ അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ കുട്ടിയെ നഷ്ടമായി. രാത്രിയിൽ സൂക്ഷിച്ചു നടന്നില്ലെങ്കിൽ റബർ തോട്ടത്തിലെ വലിയൊരു കുഴിയിലേയ്ക്ക് വീഴാനുള്ള സാധ്യതയുമുണ്ട്.

പലതവണ ജോലി കഴിഞ്ഞ് രാത്രി കൃഷ്ണൻകുട്ടി മടങ്ങി വരുമ്പോൾ താഴ്‌ച്ചയിലുള്ള കുഴിയിലേയ്ക്ക് വീണ് പരുക്കേറ്റിരുന്നു. മറ്റുള്ളവർ കാണാതിരിക്കാൻ വെളിച്ചം തെളിക്കാതെ കാടിനുള്ളിൽ കൂടി നടന്നു വരുന്നതോടെയാണ് അപകടത്തിൽപ്പെടുന്നത്. പ്രഷർ താഴ്ന്ന് തളർന്നു വീണതിനാൽ റബർ തോട്ടത്തിൽ തന്നെ രാത്രിയിൽ കഴിച്ചു കൂട്ടി. പിറ്റേ ദിവസം രാത്രിയിലാണ് വീട്ടിലെത്തിയത്. വിറകോ, പാചക വാതകമോ വീട്ടിലേയ്ക്ക് എത്തിക്കാൻ കഴിയുന്നില്ല. റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കൊണ്ടു വരാൻ കഴിയില്ല. മേൽക്കൂരയുടെ ഓടു നശിച്ചതോടെ മഴയിൽ ചോർന്നൊലിക്കും. സാധനങ്ങൾ കൊണ്ടു വരാൻ കഴിയാത്തതിനാൽ പുനരുദ്ധാരണം നടത്താൻ കഴിയുന്നില്ല.

മിനിക്ക് ശ്വാസനാളത്തിൽ നീര് വരുന്ന രോഗം വന്ന് കിടപ്പിലായതോടെ കുടുംബം കൂടുതൽ ദുരിതത്തിലായി. പാലിയേറ്റീവ് കെയർ പ്രവർത്തകർക്ക് പോലും വീട്ടിലേയ്ക്ക് വരാൻ കഴിയാത്ത അവസ്ഥയിലാണ്. കോവിഡ് കാലത്ത് എല്ലാവരും പനി വന്ന് മരിച്ചു പോകുമെന്ന് കരുതിയതാണ്. സർജറിയെ തുടർന്ന് ശ്വാസം നാളം കിഴിച്ച് ട്യൂബ് ഇട്ടിരിക്കുകയായിരുന്നു. ശ്വാസം കിട്ടാതെ വന്നപ്പോൾ പത്രം ചുരുട്ടിയാണ് മക്കൾ കൃത്രിമശ്വാസം നൽകിയത്. ആശുപത്രിയിൽ പോലും കൊണ്ടു പോകാൻ കഴിഞ്ഞില്ല. പിന്നീട് എങ്ങനെയോ ജീവൻ തിരിച്ചു കിട്ടിയെന്നും മിനി മറുനാടനോട് പറഞ്ഞു. രോഗം വന്നതോടെ വഴിക്കു വേണ്ടി കേസു നടത്താൻ കഴിഞ്ഞില്ല.

പട്ടിണിയും രോഗവും അലട്ടുന്നുണ്ടെങ്കിലും നല്ല നിലയിൽ അധ്വാനിച്ച് ജീവിക്കാൻ ഇവർ തയ്യാറാണ്. മക്കളെ നല്ല രീതിയിൽ പഠിപ്പിച്ച് ജോലി ലഭിക്കുന്നതോടെ തങ്ങളുടെ കുടുംബം രക്ഷപ്പെടുമെന്ന് പ്രതീക്ഷയിലാണ് ലാബ് ടെക്നീഷ്യൻ കൂടിയായിരുന്ന മിനി. ഓരോ വിഷമവും പട്ടിണിയുമൊക്കെ വരുമ്പോൾ മക്കളുടെ മനസ് പതറാതെ അച്ഛനും അമ്മയും ചേർത്തു പിടിക്കും. വിഷമങ്ങൾ എല്ലാം മാറുമെന്ന് സ്വാന്തനിപ്പിച്ച് ഉറക്കമൊഴിച്ച് മക്കളെ നോക്കിയിരിക്കും. മക്കളിലാണ് ഇവരുടെ ഏക പ്രതീക്ഷ.

ജില്ല കളക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് ജില്ല കളക്ടർ പി. കെ. ജയശ്രീയുടെ നേതൃത്വത്തിൽ അന്വേഷിക്കാനെത്തിയിരുന്നു. അന്ന് ഭിന്നശേഷിക്കാരനായ ഇളയ മകൻ ഞങ്ങൾ ഇനി ആത്മഹത്യ ചെയ്യണോയെന്ന് കളക്ടറോട് ചോദിച്ചു. കളക്ടറെ മകനെ സ്വാന്തനിപ്പിച്ചു. ഇനിയും നിങ്ങൾ ഉപയോഗിച്ചിരുന്ന വഴി ഉപയോഗിക്കാൻ കളക്ടർ നിർദ്ദേശം നൽകി മടങ്ങി. അതു പ്രകാരം വഴി ഉപയോഗിച്ച ഞങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. അതോടെ ജീവിക്കാൻ തന്നെ ഭയമായി മാറി. ഒരിക്കൽ ഭർത്താവിന് വാകത്താനം പൊലീസിന്റെ മർദനമുണ്ടായി. അതോടെ അദ്ദേഹത്തിന് പുറത്തിറങ്ങാൻ പോലും ഭയമാണ്. ഞങ്ങൾക്ക് ആരോടും വൈരാഗ്യമില്ലായെന്നും എല്ലാവരെയും പോലെ ഞങ്ങളുടെ മക്കളും ജീവിക്കണമെന്നും പുറത്തിറങ്ങി നടക്കണമെന്നുമാണ് മിനി പറയുന്നത്.

ഇവരുടെ ദുരിതം അറിഞ്ഞ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ എന്ന മനുഷ്യാവകാശ സംഘടന സഹായവുമായെത്തി. ഇവർക്ക് അവകാശപ്പെട്ട വഴിക്ക് വേണ്ടി സൗജന്യ നിയമസഹായം ചെയ്തു നൽകുന്നതിനുള്ള നീക്കത്തിലാണെന്ന് ജില്ല പ്രസിഡന്റ് പി. ജെ. ചാക്കോ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP