Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമവായ നീക്കവുമായി ഖർഗെ; തെരഞ്ഞെടുപ്പ് നടക്കട്ടേയെന്ന് രാഹുൽ; പ്രവർത്തക സമിതി തെരഞ്ഞെടുപ്പിനെ അനുകൂലിച്ച് തരൂർ ക്യാമ്പും; സമവായത്തിലൂടെ ബർത്ത് ഉറപ്പിക്കാൻ നേതാക്കൾ; തരൂരും ചെന്നിത്തലയും ഇടംപിടിക്കുമോ?; പോരാട്ടം കടുത്തേക്കും

സമവായ നീക്കവുമായി ഖർഗെ; തെരഞ്ഞെടുപ്പ് നടക്കട്ടേയെന്ന് രാഹുൽ;  പ്രവർത്തക സമിതി തെരഞ്ഞെടുപ്പിനെ അനുകൂലിച്ച് തരൂർ ക്യാമ്പും;  സമവായത്തിലൂടെ ബർത്ത് ഉറപ്പിക്കാൻ നേതാക്കൾ; തരൂരും ചെന്നിത്തലയും ഇടംപിടിക്കുമോ?; പോരാട്ടം കടുത്തേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ പ്രവർത്തക സമിതി തിരഞ്ഞെടുപ്പിന്റെ ചർച്ചകൾ ചൂട് പിടിക്കുന്നു. 25 വർഷം മുൻപാണ് കോൺഗ്രസിൽ ഏറ്റവും അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. പുതിയ അധ്യക്ഷൻ തിരഞ്ഞെടുക്കപ്പെട്ടതോടെ മൂന്ന് മാസത്തിനകം എ ഐ സി സിയുടെ പ്ലീനറി സമ്മേളനം ചേർന്ന് പ്രവർത്തക സമിതി അംഗങ്ങളെ നിശ്ചയിക്കണമെന്നതാണ് പാർട്ടിയുടെ ചട്ടം.

1997 ലാണ് ഏറ്റവും ഒടുവിലായി കോൺഗ്രസിൽ പ്രവർത്തക സമിതി തിരഞ്ഞെടുപ്പ് നടന്നത്. അന്ന് മുതൽ ഇങ്ങോട്ട് പ്രവർത്തക സമിതിയിലെ അംഗങ്ങളെ എല്ലാവരേയും അധ്യക്ഷൻ നാമനിർദ്ദേശം ചെയ്യുന്നതായിരുന്നു കോൺഗ്രസിലെ രീതി. എന്നാൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനായതോടെയാണ് ഇപ്പോൾ പ്രവർത്തക സമിതിയിലും തിരഞ്ഞെടുപ്പ് നടത്താനുള്ള ചർച്ചകൾ ഉയർന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടത്തണമെന്ന് ശശി തരൂർ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

ഇരുപത്തിയഞ്ചംഗ പ്രവർത്തക സമിതിയിലേക്ക് സമവായ നീക്കത്തിലൂടെ ബർത്ത് ഉറപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ ശ്രമം തുടരുമ്പോൾ തെരഞ്ഞെടുപ്പ് നടക്കട്ടേയെന്ന് നിലപാട് അറിയിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. സമവായ നീക്കത്തിന് മല്ലികാർജ്ജുനഖർഗെ ശ്രമം നടത്തുന്നതിനിടെയാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്. അതിനിടെ പുതിയ അധ്യക്ഷനായി ഖർഗെ നാളെ ചുമതലയേൽക്കും.

പാർട്ടി അധ്യക്ഷൻ ഖർഗെയും, പാർലമെന്ററി പാർട്ടി നേതാവായി സോണിയ ഗാന്ധിയും സമിതിയിൽ ഇടംപിടിക്കും. 11 പേരെ പുതിയ അധ്യക്ഷൻ നാമനിർദ്ദേശം ചെയ്യും. ശേഷിക്കുന്ന പന്ത്രണ്ട് സ്ഥാനങ്ങളിലേക്ക് നേതാക്കൾക്ക് മത്സരിക്കാം. അധ്യക്ഷ തെരഞ്ഞെടുപ്പ് ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ തെളിവെന്ന് അവകാശപ്പെടുമ്പോൾ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനാണ് ഖർഗെ മുൻകൈയെടുക്കുന്നത്. പ്രവർത്തകസമിതിയിലേക്കുള്ള മത്സരം പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാക്കാനുള്ള സാധ്യതയാണ് നേതൃത്വം വിലയിരുത്തുന്നത്.

വിഷയത്തിൽ നേതാക്കളുടെ അഭിപ്രായം ഖർഗെ തേടുന്നതിനിടെയാണ് രാഹുൽ ഗാന്ധി നിലപാടറിയച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പ് പോലെ പ്രവർത്തക സമിതിയിലേക്കും തെരഞ്ഞെടുപ്പ് നടന്നാൽ എതിർക്കില്ലെന്നാണ് രാഹുൽ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിനെ തരൂര് ക്യാമ്പും അനുകൂലിക്കുന്നുണ്ട്.

1072 വോട്ടുകൾ നേടിയ താൻ നാമനിർദ്ദേശം ചെയ്യപ്പെടാൻ യോഗ്യനാണെന്ന് വിലയിരുത്തുമ്പോൾ തന്നെ പിന്തുണച്ചവരിൽ ചിലരെ പ്രവർത്തക സമിതിയിലേക്ക് കൊണ്ടുവരാനും തരൂരിന് താൽപര്യമുണ്ട്. എന്നാൽ കേരളത്തിൽ നിന്നടക്കം ഭൂരിപക്ഷം നേതാക്കളും സമവായത്തിലൂടെ ബർത്ത് ഉറപ്പിക്കാനാണ് ശ്രമം. സാഹചര്യം പോലെ തീരുമാനമെടുക്കുമെന്നാണ് ഖർഗെ ക്യാമ്പിന്റെ പ്രതികരണം.

പാർട്ടിയിൽ ഇതുവരെ സമവായത്തിലൂടെയാണ് അംഗങ്ങളെ കണ്ടെത്തിയിരുന്നതെന്ന് കൊണ്ട് തന്നെ ഇക്കുറിയും ഇതേ നില തുടരാം എന്ന സൂചനയാണ് പുതിയ അധ്യക്ഷനായ ഖാർഗെ നൽകുന്നത്.

മത്സരം നടന്നാൽ പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്നാണ് നേതൃത്വത്തിന്റേയും നിലപാട്. എന്നാൽ ഹൈക്കമാന്റിന് അടുപ്പമുള്ളവരെ നിയമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന അടക്കം പറച്ചിലും ഇതിനെതിരെ ഉയരുന്നുണ്ട്.അതേസമയം പാർട്ടിയിലെ ഉന്നതാധികാര സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നാൽ പല അപ്രതീക്ഷ സ്ഥാനാർത്ഥികളും എത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്.

കേരള നേതാക്കളായശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരാണ് സമിതി അംഗത്വത്തിനായി മുൻ നിരയിൽ ഉള്ള ചിലർ.പരാജയപ്പെട്ടാലും കൈവിടില്ലെന്നും പ്രവർത്തക സമിതിയിലേക്ക് പരിഗണിക്കുമെന്നും സോണിയ ഗാന്ധി ശശി തരൂരിന് ഉറപ്പ് നൽകിയതായി നേരത്തേ പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു.

കോൺഗ്രസിലെ തിരഞ്ഞെടുപ്പ് പോരാട്ടം കടുപ്പിച്ച് പാർട്ടിയുടെ അന്തസ് ഉയർത്തിയ തന്നെ പ്രവർത്തക സമിതിയിലേക്ക് നേതൃത്വം നാമനിർദ്ദേശം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ശശി തരൂർ. ഇക്കാര്യത്തിനായി അദ്ദേഹം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സൂചനയുണ്ട്. തരൂർ പക്ഷത്തെ നേതാക്കളും ഈ ആവശ്യം ഉന്നയിച്ച് നേതൃത്വത്തിന് കത്ത് നൽകും.

അതേസമയം ദേശീയ നേതൃത്വവുമായുള്ള ബന്ധം തനിക്ക് അനുകൂലമാകുമെന്നാണ് ചെന്നിത്തലയുടെ പ്രതീക്ഷ. കൊടുക്കുന്നിലും ഇതേ ആഗ്രഹത്തിലാണ്. നിലവിൽ കേരളത്തിൽ നിന്നും എകെ ആന്റണി, ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ എന്നിവരാണ് സമിതിയിൽ ഉള്ള മലയാളികൾ.ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും ഒഴിഞ്ഞേക്കും. അങ്ങനെയെങ്കിൽ ഇവരെ സ്ഥിരം ക്ഷണിതാക്കളായേക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പിൽ നേതാക്കൾ തുനിഞ്ഞ് ഇറങ്ങിയാൽ അത് വാശിയേറിയ മത്സരത്തിന് തന്നെയാകും വഴിവെക്കുകയെന്നാണ് വിലയിരുത്തലുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP