Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകം എമ്പാടുമുള്ള ഇന്ത്യക്കാരെ സാക്ഷിയാക്കി ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റു; ബക്കിങ്ങാം കൊട്ടാരത്തിലെ പരമ്പരാഗത ചടങ്ങിൽ സ്ഥാനാരോഹണം; മുൻഗാമിയുടെ തെറ്റുകൾ തിരുത്തുമെന്നും ഭാവി തലമുറ കടക്കെണിയിൽ അകപ്പെടാൻ അനുവദിക്കില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ വാഗ്ദാനം

ലോകം എമ്പാടുമുള്ള ഇന്ത്യക്കാരെ സാക്ഷിയാക്കി ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റു; ബക്കിങ്ങാം കൊട്ടാരത്തിലെ പരമ്പരാഗത ചടങ്ങിൽ സ്ഥാനാരോഹണം; മുൻഗാമിയുടെ തെറ്റുകൾ തിരുത്തുമെന്നും ഭാവി തലമുറ കടക്കെണിയിൽ അകപ്പെടാൻ അനുവദിക്കില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ വാഗ്ദാനം

സ്വന്തം ലേഖകൻ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജനായ ഋഷി സുനക് സ്ഥാനമേറ്റു. പല കാര്യങ്ങൾ കൊണ്ടും ചരിത്രപരമായ മൂഹൂർത്തമാണ് ഋഷി സുനകിന്റെ സ്ഥാനമേൽക്കൽ. ബ്രിട്ടന്റെ 57 ാമത് പ്രധാനമന്ത്രിയാണ് സുനക്. ചാൾസ് രാജാവാണ് പരമ്പരാഗത ചടങ്ങിൽ സർക്കാർ രൂപീകരിക്കാൻ ഔദ്യോഗികമായി ഋഷിയെ ക്ഷണിച്ചത്. ഭാര്യ അക്ഷതയ്ക്ക് പകരം ഒരുസഹായിയാണ് ഋഷിക്ക് അകമ്പടി സേവിച്ചത്.

ബ്രിട്ടന്റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42-കാരനായ ഋഷി. പൊതുസഭാ നേതാവും മുഖ്യ എതിരാളിയുമായിരുന്ന പെന്നി മോർഡന്റ്, കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാർത്ഥിത്വ മത്സരത്തിൽനിന്ന് പിന്മാറിയതോടെയാണ് ഋഷിക്ക് അധികാരത്തിലേക്ക് വഴിതുറന്നത്.

ബക്കിങ്ങാം കൊട്ടാരത്തിന്റെ 1844ാം മുറിയിൽ വച്ചായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റിന് മുമ്പിൽ ജനങ്ങളെ അഭിസംബോധന ചെയ്യവേ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്നും കോവിഡ് സൃഷ്ടിച്ച പ്രകമ്പനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും സുനാക് പറഞ്ഞു. മുൻഗാമിയായ ലിസ് ട്രസിന്റെ പരിഷ്‌കാരങ്ങളുടെ ഉദ്ദേശശുദ്ധിയെ പുകഴ്‌ത്തിയ സുനാക്, നിനച്ചിരിക്കാതെ തെറ്റുകൾ സംഭവിച്ചെന്നും ഇത് പരിഹരിക്കാൻ നടപടികളെടുക്കുമെന്നും പറഞ്ഞു. മുൻഗാമിയുടെ തെറ്റുകൾ തിരുത്താനാണ് കൺസർവേറ്റീവ് പാർട്ടിയുടെ നായകനും പ്രധാനമന്ത്രിയുമായി തന്നെ തെരഞ്ഞെടുത്തതെന്നും ഇതിനായുള്ള ജോലികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ചാൻസലറായിരിക്കെ ജനങ്ങളെയും വ്യവസായങ്ങളെയും സംരക്ഷിക്കാൻ ചെയ്തത് ഇനിയും തുടരും; ഭാവി തലമുറ കടക്കെണിയിൽ അകപ്പെടാൻ അനുവദിക്കില്ല. വാക്കുകൾ കൊണ്ടല്ലാതെ പ്രവർത്തി കൊണ്ട് രാജ്യത്തെ ഒന്നിപ്പിക്കുകയും ജനങ്ങൾക്കായി രാപ്പകൽ അധ്വാനിക്കുകയും ചെയ്യും. എന്റെ മന്ത്രിസഭ സത്യസന്ധതയും പ്രഫഷണലിസവും നേടിയെടുക്കും; വിശ്വാസ്യത ജനങ്ങൾ ഞങ്ങൾക്ക് സമ്മാനിക്കും. ബ്രെക്സിറ്റ് അടക്കമുള്ള കാര്യങ്ങളിലെ പാർട്ടി നയം ശക്തമായി നടപ്പിലാക്കും. ഞാൻ തളരില്ല, ഉയർന്ന പദവിയിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കും.' - സുനാക് വ്യക്തമാക്കി.

പ്രസംഗത്തിൽ ബോറിസ് ജോൺസൻ സർക്കാരിന്റെ മികച്ച നേട്ടങ്ങളെ അഭിനന്ദിച്ച സുനാക്, എൻഎച്ച്എസ് ആരോഗ്യ സംവിധാനം ശക്തമാക്കുമെന്നും അടിസ്ഥാന-വിദ്യാഭ്യാസ മേഖലയിൽ പുരോഗതി കൈവരിക്കുമെന്നും അവകാശപ്പെട്ടു. ഇക്കൊല്ലം ബ്രിട്ടന് ലഭിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഋഷി. ബോറിസ് ജോൺസൺ രാജിവെച്ചതിന് പിന്നാലെ ലിസ് ട്രസ് അധികാരം ഏറ്റിരുന്നു. എന്നാൽ 45 ദിവസത്തെ ഭരണകാലയളവിന് ശേഷം ലിസിന് രാജിവെക്കേണ്ടിവന്നു. സാമ്പത്തികനയങ്ങളുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു ലിസിന്റെ രാജി. നേരത്തെ കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ നടന്ന മത്സരത്തിൽ ഋഷിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ലിസ് പ്രധാനമന്ത്രിയായത്.

 സുനക്കിനെ കാത്തിരിക്കുന്നത് വൻ വെല്ലുവിളികൾ

പൊതു ധനത്തിലെ 40 ബില്യൺ പൗണ്ടിന്റെ കുറവാണ് ഋഷി സുനക് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. കുതിച്ചുയരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവും ഒക്കെ ദുരിതമയമാക്കുന്ന ബ്രിട്ടനിലെ സാധാരണക്കാരന്റെ ജീവിതം പഴയനിലയിലേക്ക് കൊണ്ടു വരുന്നതിന് ഋഷിക്ക് കഠിനമായി യത്നിക്കേണ്ടി വരും എന്നത് ഉറപ്പാണ്. ഈ മാസം അവസാനം പ്രഖ്യാപിക്കും എന്ന് പറഞ്ഞിരുന്ന പുതിയ ബജറ്റിന്റെ പ്രഖ്യാപനം വൈകിയേക്കും എന്നും ചില വാർത്തകൾ പുറത്തു വരുന്നുണ്ട്.

ഏതായാലും, നേരത്തേ ലിസ് ട്രസ്സ് ചെയ്തതുപോലെ സ്വന്തം അണികളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ളതാവില്ല ഋഷിയുടെ മന്ത്രി സഭ എന്നാണ് പുറത്തുവരുന്ന വാർത്തകൾ നൽകുന്ന സൂചന. പാർട്ടിയുടെ ഐക്യം ശക്തമാക്കി മുൻപോട്ട് പോകാൻ എല്ലാ വിഭാഗങ്ങളിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തും. തന്റെ മന്ത്രിസഭ, കൺസർവേറ്റീവ് പാർട്ടിയുടെ ഒരു പരിച്ഛേദമാകണം എന്ന് ഋഷി തന്നെ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.

അതുകൊണ്ടു തന്നെ ബോറിസ് ജോൺസന്റെ അനുയായികളിൽ ചിലരും, ട്രസ്സ് ക്യാമ്പിൽ നിന്നുള്ളവരിൽ ചിലരും മന്ത്രിസഭയിൽ ഉണ്ടാകാനിടയുണ്ട്. മാത്രമല്ല, മൈക്കൽ ഗോവിന് ഒരു രാഷ്ട്രീയ തിരിച്ചുവരവിനുകൂടി ഋഷി വഴിയൊരുക്കിയേക്കും. അതേസമയം, രണ്ടു മന്ത്രിസഭകളിലും പ്രതിരോധമന്ത്രാലയത്തിന്റെ ചുമതല വഹിച്ച ബെൻ വാലസ് തിരിച്ചുവരാനുള്ള സാധ്യത ഇല്ല എന്നാണ് പൊതുവെ വിലയിരുത്തുന്നത്. പൊതു ധനത്തിലെ 40 ബില്യൺ പൗണ്ടിന്റെ കമ്മി നികത്താൻ, ഋഷി ഉദ്ദേശിക്കുന്ന ചെലവ് ചുരുക്കലുകളിൽ ഒരു പ്രധാന മേഖല പ്രതിരോധമാണ് എന്നുള്ളതാണ് അതിന്റെ കാരണം.

ചാൻസലർ ആയി ജെറെമി ഹണ്ട് തന്നെ തുടരുവാനാണ് സാധ്യത. ഇന്ന് തന്നെ , നിലവിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും പ്രതിസന്ധി മറികടക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ചും ഹണ്ട് ഋഷിയുമായി സംസാരിക്കും എന്നറിയുന്നു. കഴിഞ്ഞ തവണ പ്രധാനമന്ത്രി പദത്തിലേക്ക് നടന്ന മത്സരത്തിൽ നിന്നും പുറത്തായതിനു ശേഷം ഋഷി സുനകിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച വ്യക്തികൂടി ആണ് ഹണ്ട്. ഇത്തവണയും ഋഷിക്ക് തന്നെയയിരുന്നു അദ്ദേഹത്തിന്റെ പിന്തുണ.

കഴിഞ്ഞ തവണ ചാൻസലർ ആയി ഋഷിയുടെ മനസ്സിൽ ഉണ്ടായിരുന്നത് ജനപ്രതിനിധി സഭയിലെ ട്രഷറി കമ്മിറ്റിയുടെ ചെയർമാൻ മെൽ സ്ട്രൈഡ് ആയിരുന്നു. കടുത്ത ഋഷി പക്ഷക്കാരനായ സ്ട്രൈഡ് പാർലമെന്ററി പാർട്ടിയിൽ ഏറെ ജനസമ്മതിയുള്ള വ്യക്തി കൂടിയാണ്. ഇത്തവണ നല്ലൊരു സ്ഥാനം തന്നെ അദ്ദേഹത്തിനും പ്രതീക്ഷിക്കാം. വിദേശ സെക്രട്ടറി സ്ഥാനത്തേക്ക് നോട്ടമിട്ടിരിക്കുന്ന ജെയിംസ് ക്ലവർലി, ബോറിസ് ജോൺസൺ പിന്മാറിയതോടെ ഋഷിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരുന്നു.

വിദേശകാര്യ വകുപ്പിൽ മികച്ച പ്രവർത്തനം കാഴ്‌ച്ചവെച്ചിട്ടുള്ള വ്യക്തി കൂടിയാണ് ക്ലവർലി. എന്നാൽ, ഫോറിൻ സെക്രട്ടറി സ്ഥാനം തന്റെ എതിരാളിയായിരുന്ന പെന്നി മോർഡൗണ്ടിന് നൽകാനാണ് സാധ്യത എന്നറിയുന്നു. ജനപ്രതിനിധി സഭയിലെ മുൻ ഫോറിൻ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ആയ ടോം ടുഗെൻഡറ്റും ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാം. പക്ഷെ മന്ത്രി എന്ന നിലയിലുള്ള പ്രവർത്തി പരിചയം അദ്ദേഹത്തിന് കുറവാണ് എന്നുള്ളതൊരു ന്യുനതയാണ്.

കഴിഞ്ഞയാഴ്‌ച്ചയാണ് സുവെല്ലാ ബ്രേവർമാനെ പുറത്താക്കി ഗ്രാൻ ഷാപ്സ് ഹോം സെക്രട്ടറി ആയത്. ഋഷിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഷാപ്സ്. മാതമല്ല, ഹോം ഓഫീസിനുള്ളിൽ കൂടുതൽ പ്രശ്നങ്ങൾ ഉയരാതിരിക്കാൻ ഷാപ്സിന് ഒരു അവസരം കൂടി കൊടുത്തേക്കാം. സുവെല്ല ബ്രേവർമാൻ ആ പദവിയിലേക്ക് തിരിച്ചെത്തില്ല എന്നത് ഉറപ്പാണ്. ഡൊമിനിക് റാബ് ആണ് ആസ്ഥാനത്തേക്ക് വരാൻ സാധ്യതയുള്ള മറ്റൊരു വ്യക്തി.

പ്രതിരോധ മന്ത്രി സ്ഥാനത്ത് ബെൻ വാലസ് തുടരുവാനുള്ള സാധ്യതയില്ല. എന്നൽ, വാലസ് ഇതുവരെ രാജിവെച്ചിട്ടില്ല എന്നു മാത്രമല്ല, ഋഷിയുമായി ചർച്ചകൾ തുടരുകയുമാണ്. അദ്ദേഹത്തെ പുറത്താക്കുന്നത് ഒരുപക്ഷെ പാർട്ടിയുടെ ഐക്യ സാധ്യതകളെ താളം തെറ്റിക്കും എന്ന ബോദ്ധ്യവും ഋഷിക്കുണ്ട്. അതുകൊണ്ട് തന്നെ ബെൻ കാലസിന് ഒരു മൂന്നാം ഊഴം ലഭിക്കാനും സാധ്യതയുണ്ട്. നിലവിൽ ഉപ മന്ത്രിയായ ജെയിംസ് ഹീപ്പിക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. രാഷ്ട്രീയത്തിൽ ഉദിച്ചുവരുന്ന നക്ഷത്രമായ ഹീപ്പി കടുത്ത സുനക് അനുയായി കൂടിയാണ്. നേരത്തേ ഈ പദത്തിൽ ഇരുന്ന മോർഡൗണ്ടിനേയും പരിഗണിച്ചേക്കാം.

നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ആരോഗ്യ മേഖലയിൽ, ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള ഒരു വ്യക്തിയെ തന്നെയാണ് ഋഷി തിരയുന്നത്. മൈക്ക്ൽ ഗോവിന് ഒരു സാധ്യതയുണ്ട്. ഋഷിയെ പിന്തുണക്കുന്ന ഗോവ് നിരവധി പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തികൂടിയാണ്. ട്രസ്സിന്റെ അടുത്ത അനുയായിയും സുഹൃത്തുമായ തെരെസ കോഫേയ്ക്കും ഒരു സാധ്യതയുണ്ട്.

കഴിഞ്ഞ മൂന്ന് മാസക്കാലത്തിൽ അഞ്ചു മന്ത്രിമാർ വന്ന വകുപ്പാണ് വിദ്യാഭ്യാസ വകുപ്പ്. നിലവിലുള്ള കിറ്റ് മാൽട്ട്ഹൗസ് തന്നെ തുടരാൻ സാധ്യതയുണ്ടെങ്കിലും സുനകിന്റെ അടുത്ത സുഹൃത്തായ കെമി ബാഡ്നോക്കിനും ഒരു സാധ്യതയുണ്ട്. ഏതായാലും വരും ദിനങ്ങൾ ഋഷിക്ക് മുൻപിൽ ഉയർത്തുക കടുത്ത വെല്ലുവിളികൾ ആയിരിക്കും എന്നത് ഉറപ്പാണ്. ട്രസ്സ് എടുത്തുകളഞ്ഞ പെൻഷനിലെ ട്രിപ്പിൾ ലോക്ക് തിരികെ കൊണ്ടു വരുമോ എന്നും ഇടക്കാല ബജറ്റ് എന്ന് പ്രഖ്യാപിക്കുമെന്നും ഒരു സ്ഥിരീകരണവും ഇതുവരെ ഋഷി നൽകിയിട്ടില്ല. കാർഡുകൾ കൂടുതൽ അടുത്തു പിടിച്ച് കളിക്കാനാണ് ഋഷി ഈ സാഹചര്യത്തിൽ താത്പര്യപ്പെടുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP