Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

യുകെയിലെ ഇന്ത്യക്കാർക്ക് ദീപാവലി സമ്മാനമായി ഋഷിയുടെ പ്രധാനമന്ത്രിപദം; ഇന്ത്യൻ വംശജൻ ആണെന്ന ഒറ്റക്കാരണത്താൽ ആഹ്ലാദവും ആകാംക്ഷയും ഒന്നിക്കുന്ന നിമിഷം; ചെറിയൊരു പിഴവ് പോലും ഋഷിയെ നനഞ്ഞ പടക്കമാക്കും; പക്ഷെ ഋഷി പൂത്തിരിയായി വാനോളം ഉയരുമെന്ന് ആരാധകരും; ഇത് കണ്ടറിയേണ്ട നാളുകൾ

യുകെയിലെ ഇന്ത്യക്കാർക്ക് ദീപാവലി സമ്മാനമായി ഋഷിയുടെ പ്രധാനമന്ത്രിപദം; ഇന്ത്യൻ വംശജൻ ആണെന്ന ഒറ്റക്കാരണത്താൽ ആഹ്ലാദവും ആകാംക്ഷയും ഒന്നിക്കുന്ന നിമിഷം; ചെറിയൊരു പിഴവ് പോലും ഋഷിയെ നനഞ്ഞ പടക്കമാക്കും; പക്ഷെ ഋഷി പൂത്തിരിയായി വാനോളം ഉയരുമെന്ന് ആരാധകരും; ഇത് കണ്ടറിയേണ്ട നാളുകൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

 കവൻട്രി: അപ്രതീക്ഷിതം ആയിരുന്നില്ലെങ്കിലും ആകസ്മികമായിരുന്നു ഋഷിയുടെ പ്രധാനമന്ത്രിപദം എന്ന് വിശേഷിപ്പിക്കേണ്ടി വരും. കാരണം കയ്യെത്തും ദൂരത്തെത്തിയ അവസരം വെള്ളക്കാരിയായ ലിസ് നിസാരമായി തട്ടിയെടുത്തപ്പോൾ എന്നന്നേക്കുമായി ആ മോഹം ഋഷിയിൽ നിന്നും ഇല്ലാതായി എന്ന് കരുതിയവരായിരുന്നു ഏറെയും. എന്നാൽ അർഹതയില്ലാത്ത അവസരം ആർക്കു ലഭിച്ചാലും അത് നിലനിൽക്കില്ലെന്നു തെളിയിച്ചു സ്വയം കൃതാനർത്ഥം എന്ന് പറയും വിധം കൃത്യം ഒന്നര മാസത്തെ ഹണിമൂൺ പിരീഡ് പോലും ആസ്വദിക്കാൻ കഴിയാതെ ലിസ് ട്രസിന് ജോലി അവസാനിപ്പിക്കേണ്ടി വന്നു.

അതോടെ പകരം ആരെന്ന ചോദ്യത്തിന് അപ്രതീക്ഷിതം അല്ലാത്ത പേരായി ഉയർന്നു വന്നത് ഋഷിയല്ലാതെ മറ്റാരുമായിരുന്നില്ല. തികച്ചും ആകസ്മികമായി കയ്യിലെത്തിയ മറ്റൊരു അവസരം. സ്വപ്നത്തിൽ പോലും ഋഷി ഇത്ര വേഗം ഈ അവസരം തന്നെ തേടി എത്തുമെന്ന് കരുതിയിരുന്നിരിക്കില്ല. ഒരു പക്ഷെ ലോക ചരിത്രത്തിൽ തന്നെ ഒരു ഭരണാധികാരിയെ കൈവിട്ട അവസരം വീണ്ടും ഇത്ര വേഗത്തിൽ തേടി എത്തുന്നതും ആദ്യമായിരിക്കാം.

ഇടയ്ക്കൊരു അവസരം തേടി ബോറിസ് വീണ്ടും രംഗപ്രവേശം ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിന് ഋഷിയുടെ മുന്നേറ്റത്തെ ഒരു വിധത്തിലും തടയാനായില്ലെന്നതും ശ്രദ്ധേയമാണ്. അഭൂതപൂർവമായ വിധത്തിൽ ഋഷിക്ക് കൺസർവേറ്റീവ് എംപിമാർക്കിടയിൽ സ്വാധീനത വർധിക്കുന്നു എന്ന് കണ്ടതോടെ എതിരാളികളായി മത്സരം ഉയർത്താൻ കടന്നുവരുമെന്നു കരുതിയവരോക്കെ ഒന്നൊന്നായി പിന്നോക്കം പോയതോടെ ഈ അവസരം തനിക്കുള്ളതാണെന്നു ഋഷി തെളിയിക്കുക ആയിരുന്നു. അവധിക്കാലം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി കസേരയിൽ കണ്ണ് വച്ച് എത്തിയ ബോറിസ് ജോൺസൺ ആകട്ടെ തനിക്കാവശ്യമായ എംപിമാരെ നിസാരമായി കൂടെ കിട്ടില്ലെന്ന് വ്യക്തമായപ്പോളാണ് മത്സര രംഗത്ത് നിന്നും പിൻവാങ്ങിയത്.

ഋഷിയും ക്യാമ്പും നടത്തിയത് ചടുല നീക്കങ്ങൾ, രഹസ്യാത്മകത കൈവിട്ടില്ല

അതിനു മുൻപ് ഋഷിയുമായി ഒരു ഒത്തുതീർപ്പിനു ശ്രമം നടത്തിയെങ്കിലും ഈ അവസരം കൈവിട്ടു കളയാൻ ഉള്ളതല്ലെന്നു ഋഷി സുനാക് ഇതിനകം തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. തന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്രയ്ക്കിടയിൽ ഒരിക്കലും മാധ്യമങ്ങളോടോ പാർട്ടിയിലെ വിശ്വസ്തർ അല്ലാത്തവരോടോ പോലും മനസ് തുറക്കാൻ ഋഷി തയ്യാറായിരുന്നില്ല എന്നതും പ്രത്യേകതയായി. തുടക്കം മുതൽ ഋഷി ക്യാമ്പ് കാര്യങ്ങൾ രഹസ്യ സ്വഭാവത്തോടെ തന്നെയാണ് കൈകാര്യം ചെയ്തത്. എതിർ ക്യാംപിനു നീക്കങ്ങൾ ചോരാതിരിക്കാനും ഇത് കാരണമായി. ഇതോടെ പിന്തുണക്കാരെ എതിർ ക്യാമ്പ് വല വീശി പിടിക്കുന്ന സാഹചര്യവും ഒഴിവാക്കിയെടുക്കാൻ ഋഷിക്കും ടീമിനും സാധിച്ചു.

എന്നാൽ പരസ്യമായി തുറന്ന നീക്കങ്ങൾ നടത്തിയ ബോറിസിന് അമിത ആത്മവിശ്വാസമാണ് തിരിച്ചടി ആയത്. ബോറിസിന്റെ മനസ്സറിഞ്ഞ മാധ്യമങ്ങൾ നൽകിയ തുറന്ന പിന്തുണയും വിനയായി മാറുക ആയിരുന്നു. മറ്റൊരു അവസരം കൂടി തനിക്കാവശ്യമുണ്ട് എന്ന് പറഞ്ഞു രംഗത്ത് വന്ന ബോറിസിൽ അധികാര പ്രേമിയെയാണ് മിക്ക കൺസർവേറ്റിവ് എംപിമാരും കണ്ടെത്തിയത്.

മാത്രമല്ല പാർലമെന്റിൽ പോലും നുണ പറയാൻ ധൈര്യം കാട്ടി എന്ന ആരോപണവും ചരിത്രത്തിലാദ്യമായി പൊലീസ് കേസ് നേരിടേണ്ടി വന്ന പ്രധാനമന്ത്രി എന്ന വിശേഷണവും ഒക്കെ ബോറിസിനെ തിരിഞ്ഞു കൊത്താൻ ഫണം വിടർത്തി നിൽക്കുകയും ആയിരുന്നു. എന്നാൽ ഋഷിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ലിസുമായുള്ള മത്സര ഘട്ടത്തിൽ ആവർത്തിച്ച് പറഞ്ഞ സാമ്പത്തിക അരക്ഷിതാവസ്ഥകൾ അതേവിധം രാജ്യത്തു പ്രതിഫലിച്ചപ്പോൾ അദ്ദേഹത്തിലൂടെയേ രാജ്യത്തിന് ഒരു ഉയിർത്തഴുന്നേൽപ്പ് സാധ്യമാകൂ എന്ന് എംപിമാരും മാധ്യമങ്ങളും ജനങ്ങളും വിശ്വസിച്ചു തുടങ്ങിയ സമയത്താണ് ലിസിനു കസേര ഒഴിയേണ്ടി വന്നത്.

അടിയൊഴുക്ക് എത്തിയത് ബോറിസറിഞ്ഞില്ല

മാത്രമല്ല ജയിച്ചു കയറേണ്ട ആൾ ഋഷി തന്നെ ആയിരുന്നു എന്ന വിശ്വാസവും ഇതിനിടയിൽ അടിയൊഴുക്കായി പടർന്നു കഴിഞ്ഞിരുന്നു. ഇതോടെ തന്റെ സ്ഥാനാർത്ഥിത്വം ഒരിക്കൽ കൂടി പൊതുജന മധ്യത്തിൽ പറഞ്ഞുറപ്പിക്കേണ്ട സാഹചര്യം പോലും ഋഷിക്ക് വേണ്ടാതായി. ഒരിക്കൽ കൂടി കാര്യങ്ങളെ കുറിച്ച് പൂർണ ബോധ്യം ഇല്ലാത്ത ആൾ അധികാര കസേരയിൽ എത്തരുത് എന്ന കാര്യത്തിൽ എംപിമാരുടെ സംഘങ്ങൾക്കും നിർബന്ധമായിരുന്നു.

ബോറിസ് പ്രധാനമന്ത്രി ആയാൽ ആരായിരിക്കും ചാൻസലർ എന്ന കാര്യത്തിൽ എംപിമാർക്കിടയിൽ ഉയർന്ന ചോദ്യത്തിനും ഉത്തരം ഇല്ലായിരുന്നു. ബോറിസ് വീണ്ടും പ്രധാനമന്ത്രി ആയാൽ ഒരു കാരണവശാലും ഋഷി ചാൻസലർ പദവിയിൽ മടങ്ങി എത്തില്ല എന്നും പകൽ പോലെ വ്യക്തമായിരുന്ന വസ്തുത ആയതോടെ മറ്റൊരു പരീക്ഷണം വേണ്ടെന്ന ഉത്തമ വിശ്വാസമാണ് എംപിമാരെ കൂട്ടത്തോടെ ഋഷിയിലേക്ക് അടുപ്പിച്ചത്.

അതേസമയം ഋഷി പ്രധാനമന്ത്രി ആയാൽ സാമ്പത്തിക നയങ്ങൾ അദ്ദേഹം തന്നെ രൂപപ്പെടുത്തും എന്ന വിശ്വാസവും ജനങ്ങൾക്കും മാധ്യമങ്ങൾക്കും എംപിമാർക്കും തോന്നിത്തുടങ്ങിയതും വേഗത്തിലാണ്. ഇതിനു കാരണവും ഉണ്ടായിരുന്നു. ബോറിസ് അധികാരത്തിൽ ഇരുന്നപ്പോൾ രൂപപ്പെടുത്തിയ ബ്രക്്സിറ്റിലും പിന്നീട കോവിഡിലും അതിന് ശേഷം ഉക്രൈൻ യുദ്ധത്തിലും സമ്പദ് രംഗം തകരാതെ പിടിച്ചു നിന്നതു ഋഷിയുടെ മാന്ത്രികതയിലാണ്.

പലപ്പോഴും തെറ്റായ വഴിയിൽ നീങ്ങാൻ ബോറിസ് തയ്യാറായപ്പോഴും പിടിവാശിയോടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചതു ഋഷി തന്നെയാണ്. ബോറിസിനോട് ഉടക്കി രാജി വച്ചപ്പോൾ ഋഷി തന്നെ ഇക്കാര്യങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്തപ്പോഴാണ് ബോറിസ് വെറുമൊരു പ്രധാനമന്ത്രി മാത്രമായിരുന്നു എന്ന് ബ്രിട്ടൻ തിരിച്ചറിഞ്ഞത്. ലോകത്തെ മറ്റൊരു രാജ്യത്തിനും സാധിക്കാത്ത വിധം പ്രാഗൽഭ്യത്തോടെ ഋഷി കൈകാര്യം ചെയ്ത കോവിഡ് പാക്കേജ് മാത്രം മതിയാകും അദ്ദേഹത്തിന്റെ നിപുണത വിലയിരുത്താൻ.

നേട്ടങ്ങൾ സ്വന്തം പേരിലാക്കിയത് ബോറിസെന്ന കുശാഗ്രബുദ്ധി

ജനങ്ങൾക്ക് ഫർലോ എന്ന പേരിൽ ആവശ്യത്തിലേറെ സഹായം എത്തിച്ചിട്ടും അതിന്റെ രൂക്ഷത സാമ്പത്തിക രംഗത്തെ നേരിട്ട് ബാധിക്കാതെ നോക്കാൻ ഋഷിക്ക് സാധിച്ചിരുന്നു. എന്നാൽ കാര്യമായ പ്രതിസന്ധികൾ മുന്നിൽ നിൽക്കാത്തപ്പോൾ മണ്ടത്തരം കെട്ടി എഴുന്നെള്ളിച്ച ഒരു മിനി ബജറ്റുമായി എത്തി പൗണ്ടിനെ ചരിത്രത്തിലെ വലിയ വില തകർച്ചയിലേക്കും നിക്ഷേപകരെ കൂട്ടമായി രാജ്യം വിടാൻ പ്രേരിപ്പിക്കുന്ന വിധത്തിലേക്കും എത്തിച്ച മുൻ ചാൻസ്ലർ ക്വസി ക്വർട്ടങ്ങിനെ കണ്ടപ്പോഴാണ് രാജ്യത്തിന് യഥാർത്ഥത്തിൽ ഋഷിയുടെ മികവും പ്രഗൽഭ്യവും ബോധ്യമായത്.

ബോറിസ് മന്ത്രിസഭയിൽ ഋഷിയും പ്രീതി പട്ടേലും സാജിദ് ജാവേദും ഒക്കെയടങ്ങുന്ന പ്രഗത്ഭമതികൾ മുന്നിൽ നിന്നും നയിച്ചപ്പോൾ ബ്രക്സിറ്റും കോവിഡും ഒക്കെ നിസാരമായി തരണം ചെയ്യുന്ന ബ്രിട്ടനെയാണ് ലോകം കണ്ടത്. ആ മന്ത്രിസഭയിലെ ഓരോ മന്ത്രിയും പ്രാഗൽഭ്യത്തിൽ മുന്നിൽ നിന്നപ്പോൾ അതിന്റെ എല്ലാം നേട്ടം ഒറ്റയ്ക്ക് സ്വന്തമാക്കി സ്വയം ബ്രാൻഡ് ആയി വളരുക ആയിരുന്നു ബോറിസ്.

എന്നാൽ അതെല്ലാം ഒറ്റയടിക്ക് കളഞ്ഞു കുളിപ്പിക്കുന്ന ആരോപണങ്ങളാണ് പിന്നീട് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ഒടുവിലത് രാജിയിലേക്ക് എത്തിച്ചപ്പോഴും പാർലിമെന്റിൽ മൃഗീയ ഭൂരിപക്ഷമുള്ള കക്ഷിക്ക് നിസാരമായി അടുത്ത മന്ത്രിസഭാ രൂപീകരിക്കാനാകും എന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. എന്നാൽ നേതൃത്വ സ്ഥാനം തേടി ഋഷിയും ലിസും അടക്കം അനേകം പേർ രംഗത്ത് വന്നതോടെ പാർട്ടിയിൽ ഓരോ നേതാവും ഓരോ തുരുത്തുകളായി മാറുക ആയിരുന്നു. ഇപ്പോഴും ആ തുരുത്തുകൾ ടോറി കക്ഷിയിൽ സജീവവുമാണ്. അതുകൊണ്ടാണ് ഋഷി ഭരണ രംഗത്ത് സാമർഥ്യം കാട്ടി പ്രതിസന്ധിയിൽ നിന്നും രാജ്യത്തെ രക്ഷിക്കുമെന്ന് ഏവരും കരുതുമ്പോഴും പാർട്ടിയിൽ നിന്നും അദ്ദേഹത്തിന് എത്രമാത്രം പിന്തുണ ലഭിക്കും എന്ന കാര്യത്തിൽ ആശങ്ക വളരുന്നത്.

സർക്കാരിനെ നയിക്കാൻ പ്രയാസമുണ്ടാകില്ല, പക്ഷെ പാർട്ടിയിൽ കാര്യങ്ങൾ വഷളാകും

കാരണം ബ്രക്സിറ്റ് തെറ്റായിരുന്നു എന്ന് കരുതുന്ന അനേകായിരങ്ങൾ പ്രക്ഷോഭ രീതികളിലേക്ക് കടക്കാൻ ഒരുങ്ങുമ്പോൾ ടോറികൾക്കിടയിലും അതിനോട് സമരസപ്പെടുന്ന സമീപനം സ്വീകരിക്കുന്ന നേതാക്കളുടെ എണ്ണം വളരുകയാണ്. പ്രായോഗിക രാഷ്ട്രീയക്കാരൻ അല്ലാത്ത ഋഷി പാർലമെന്ററി ലീഡർ എന്ന നിലയിൽ ഇവരെയൊക്കെ എങ്ങനെ കൈകാര്യം ചെയ്യും എന്ന കാര്യത്തിലും ആശങ്കയുള്ളവർ കുറവല്ല.

സജീവ രാഷ്ട്രീയത്തിൽ വെറും ഏഴു വർഷത്തെ പാരമ്പര്യം മാത്രമുള്ള ഋഷിക്ക് പാർട്ടിയിലും ഒരു ബേബി മുഖച്ഛായ തന്നെയാണ്. അതിനാൽ ഋഷി നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി ഭരണ രംഗത്തായിരിക്കില്ല മറിച്ചു സ്വന്തം പാർട്ടിയിലെ കൂറുമുന്നണികളിൽ നിന്നായിരിക്കുമെന്നു പ്രമുഖ കോളമിസ്റ്റായ കാമില ടോമിനെയെ പോലുള്ളവർ ചൂണ്ടികാട്ടിക്കഴിഞ്ഞു. ഇതേ അഭിപ്രായം ദേശീയ മാധ്യമങ്ങളും പങ്കിടുന്നുണ്ട്.

ബ്രക്സിറ്റ് മാത്രമല്ല അധികാരത്തോട് അടുത്തു വന്ന ശേഷം അത് കൈ വിട്ടു പോയതിൽ കുണ്ഠിതപ്പെടുന്ന ബോറിസ് അനുയായികളും എതിരാളികളും ചേർന്നുള്ള പോരും ഋഷിക്ക് കാണേണ്ടി വരും, കൈകാര്യം ചെയ്യേണ്ടി വരും. വൃണിത മനസുമായി പാർട്ടിയിൽ മറ്റൊരു പങ്കു നേതാക്കളും ഋഷിക്ക് മുന്നിൽ വൈതരണികളാകാൻ സാധ്യത ഏറെയാണ. ലിസ് മന്ത്രിസഭയിൽ പ്രമാണിത്തം കാണിക്കാനാകാതെ പുറത്തു പോകേണ്ടി വന്ന ബ്രെമർമാനെയും ക്വർട്ടിങ്ങിനും പോലെയുള്ള സ്വയം പ്രഖ്യാപിത നേതാക്കളും ഇരുതല വാളുകളായി പാർട്ടിയിൽ അലോസരം സൃഷ്ടിക്കാൻ കെൽപ്പുള്ളവരായി ഋഷിക്ക് മുന്നിലെത്തുമെന്നുറപ്പാണ്. ഇതിനെയെല്ലാം മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യാൻ ഋഷിക്ക് സാധിക്കുമോ എന്ന ആശങ്കയാണ് അദ്ദേഹത്തിന്റെ വിജയ മുഹൂർത്തത്തിലും കൂടുതലായി ചർച്ച ചെയ്യപ്പെടുന്നത്.

മുറിപ്പെടുത്താൻ ആളനേകം, പക്ഷെ ഋഷി സ്വയം ചരിത്ര നിർമ്മിതിയാകുമ്പോൾ

ഇന്നലെ രാവേറെ പതിവില്ലാത്ത തരത്തിൽ ദീപാവലി ആഘോഷവുമായി പടക്കങ്ങൾ മുഴങ്ങുക ആയിരുന്നു. തീർച്ചയായും ദീപാവലി നാളിൽ ഒരു ഇന്ത്യൻ വംശജനായ ഹിന്ദു വിശ്വാസിയെ രാജ്യത്തിന്റെ നായകനായി ലഭിച്ച സന്തോഷം പങ്കിടാൻ യുകെയിലെ ഇന്ത്യൻ വംശജർക്ക് ലഭിച്ച അപൂർവ മുഹൂർത്തം കൂടിയായി മാറി ഇന്നലെ രാവ്. കാലം കാത്തു വച്ച കാവ്യ നീതി എന്നൊക്കെ ഇന്ത്യൻ വംശജർ സോഷ്യൽ മീഡിയയിൽ എഴുതി പിടിപ്പിച്ചും രണ്ടു നൂറ്റാണ്ടിലെ അടിമത്തം സൃഷ്ടിച്ച നൊമ്പരപ്പാടിൽ പുരട്ടാനുള്ള ആശ്വാസ തൈലമായും ഒക്കെയാണ് ഋഷിയെന്ന ദിത്വം ഇപ്പോൾ അനേകായിരങ്ങൾ മനസ്സിൽ കോറിയിട്ടിരിക്കുന്നത്.

ചെറിയൊരു പിഴവ് പോലും വലിയ ആഴമുള്ള മുറിവ് സൃഷ്ടിച്ചു തന്നെ വേദനിപ്പിക്കാൻ കാരണമാകും എന്ന തിരിച്ചറിവോട് തന്നെയാകും അദ്ദേഹം ഇന്ന് പകൽ ചാൾസ് രാജാവിനെ കാണുന്നതും അധികാരം ഏറ്റെടുക്കുന്നതും. പുറം ലോകം കാണും പോലെ അത്ര മധുരതരം ആയിരിക്കില്ല ഋഷിയെ സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കസേര എങ്കിലും അദ്ദേഹം ഒരു ചരിത്ര നിര്മിതിയായി സ്വയം മാറുകയാണ് ആ കസേരയിൽ. അത് തന്നെയാണ് ഏറ്റവും ഉജ്ജ്വലം ആയി ഇനിയുള്ള കാലം വിലയിരുത്തപ്പെടുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP