Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിതാവിന്റെ മരണദിവസവും മകൻ ക്രീസിൽ; അണ്ടർ 19 ലോകകപ്പിൽ താരമായതോടെ ഇന്ത്യൻ ടീമിൽ; ഓസീസ് താരങ്ങളെപ്പോലും മര്യാദ പഠിപ്പിച്ച തന്റേടി; ബാറ്റേന്തിയ ട്രംപ് എന്നും വിശേഷണം; വിയർപ്പിനുപോലും ലക്ഷങ്ങൾ വിലയുള്ള താരം; താൻ സെഞ്ച്വറി അടിച്ചാൽ കോലി സമുദായക്കാരെ കെട്ടിയിട്ട് തല്ലുന്ന 'പാക്കികളോട്' മധുര പ്രതികാരം; കിങ് കോലിയുടെ ജീവിത കഥ

പിതാവിന്റെ മരണദിവസവും മകൻ ക്രീസിൽ; അണ്ടർ 19 ലോകകപ്പിൽ താരമായതോടെ ഇന്ത്യൻ ടീമിൽ; ഓസീസ് താരങ്ങളെപ്പോലും മര്യാദ പഠിപ്പിച്ച തന്റേടി; ബാറ്റേന്തിയ ട്രംപ് എന്നും വിശേഷണം; വിയർപ്പിനുപോലും ലക്ഷങ്ങൾ വിലയുള്ള താരം; താൻ സെഞ്ച്വറി അടിച്ചാൽ കോലി സമുദായക്കാരെ കെട്ടിയിട്ട് തല്ലുന്ന 'പാക്കികളോട്' മധുര പ്രതികാരം; കിങ് കോലിയുടെ ജീവിത കഥ

എം റിജു

രു ക്രിക്കറ്റ് താരം കാരണം ഒരു സമുദായം പലായനം ചെയ്യപ്പെട്ടതിന്റെ കഥ ലോകത്ത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ! പക്ഷേ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയുടെ പേരിൽ അങ്ങനെ ഒരു അതിക്രമം ഉണ്ടായിട്ടുണ്ട്. ഗുജറാത്തി വേരുകളുള്ള ഉത്തരേന്ത്യൻ ഹിന്ദു വംശീയ വിഭാഗമാണ് കോലി സമുദായം. അവരിൽ കുറേപ്പർ പാക്കിസ്ഥാനിലെ സിന്ധിൽ ഉണ്ട്. അവിടുത്തെ പീഡനം സഹിക്കവയ്യാതെ ഇന്ത്യയിലേക്ക് പലായനം ചെയ്ത ഈ കോലി സമുദായക്കാർക്ക് പറയാനുണ്ടായിരുന്നത് ഞെട്ടിക്കുന്ന ഒരു കഥയാണ്. വിരാട് കോലി ഇന്ത്യയെ അടിച്ച് ജയിപ്പിച്ചാൽ, പാക്കിസ്ഥാനിലെ മത മൗലികവാദികൾക്ക് ഒരു വിചിത്രമായ പക തീർക്കൽ ഉണ്ടായിരുന്നുവത്രേ. അവർ കോലി സമുദായത്തിലെ അംഗങ്ങളെ പിടിച്ചുകൊണ്ടുപോയി കെട്ടിയിട്ട് പൊതിരെ തല്ലുമത്രേ!

ഇത് വെറും കെട്ടുകഥയായി കണക്കാക്കാൻ കഴിയില്ല. ബിബിസി പാക്കിസഥാനിലെ അവശിഷ്ട ന്യുനപക്ഷങ്ങളെക്കുറിച്ച് എടുത്ത ഡോക്യുമെന്റിയിലും ഇക്കാര്യം പറയുന്നുണ്ട്. ഇന്തോ- പാക്ക് ക്രിക്കറ്റ് മത്സരം എന്നത് പാക്കിസ്ഥാനിൽ കഴിയുന്ന ഈ പാവങ്ങൾക്ക് വലിയ പേടിയാണെന്ന്. തോൽവിയുടെ പേരിൽ കലാപംവരെ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനോടല്ല, ഇന്ത്യയോടാണ് കൂറ് എന്ന് കാരണം പറഞ്ഞ്, ഇവർ പലതവണ ആക്രമിക്കപ്പെട്ടു.

ഇപ്പോൾ കോലി സമുദായത്തിലെ നല്ലൊരു പങ്കും എങ്ങനെയൊക്കെയോ ഇന്ത്യയിൽ എത്തിയത് ഒരു കണക്കിന് നന്നായി. ഇല്ലായിരുന്നെങ്കിൽ ടി20 ക്രിക്കറ്റിൽ വിരാട് കോലി ഒറ്റക്ക് പൊരുതി പാക്കിസ്ഥാനെ അടിച്ചിട്ടതിന്റെ കണക്കുകൾ മുഴുവൻ തീവ്രവാദികൾ തീർക്കുക ആ പാവങ്ങളുടെ നെഞ്ചത്താവുമായിരുന്നു! പാക്കിസ്ഥാന്റെ ഹൃദയം തകർന്നുപോകുന്ന പ്രകടനമാണ് കിങ്ങ് കോലി എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയൂടെ റൺ മെഷീൻ നടത്തിയത്. മൂന്നുവർഷമായി മികച്ച ഫോമിലേക്ക് ഉയരാൻ കഴിയാതിരുന്നു, വിരാടിന്റെ ശക്തമായ തിരിച്ചുവരവിന്റെ ആഘോഷം കൂടിയായി ആ മത്സരം. ശരിക്കും ഇന്ത്യ ത്രസിച്ച നിമിഷം.

പാക്കികളുടെ നെഞ്ചകം തകർത്ത വിജയം

ഇന്ത്യാ-പാക്ക് ക്രിക്കറ്റ് എന്നത് വെറുമൊരു കളി മാത്രമല്ല, ദേശീയതകളുടെ ഏറ്റുമുട്ടൽ കൂടിയാവാറുണ്ട്. പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് അവസാന ഓവറിലേക്ക് എത്തുമ്പോഴൊക്കെ ഓർമ്മ വരിക ഒരു പഴയ ദുരന്തമാണ്. പണ്ട് ജാവേദ് മിയാൻദാദ് ഷാർജയിൽ വെച്ച് ചേതൻ ശർമയുടെ അവസാന പന്ത് സിക്‌സർ അടിച്ച് ജയിപ്പിച്ച ശേഷം ഓടുന്ന ഓട്ടം ഇന്ത്യൻ കാണികളുടെ ഓർമ്മകളിൽ പേടിസ്വപ്നമായി കിടക്കുന്നുണ്ട്. പക്ഷേ ഇത്തവണ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ 90,293 കാണികൾ സാക്ഷിയാക്കി വിരാട് കോലി ആ ഓർമ്മകളെ നുള്ളിക്കളഞ്ഞു.

8 പന്തിൽ 28 റൺസ് എന്ന ഏറെക്കുറെ അസംഭവ്യമായ ലക്ഷ്യം കണ്ട് നിറഞ്ഞൊഴുകിയ ഇന്ത്യൻ ആരാധകരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ പുഞ്ചിരി വിരിയിക്കാൻ കോലിക്കു വേണ്ടിവന്നത് രണ്ടേ രണ്ടു പന്തുകൾ മാത്രം. പാക്ക് താരം ഹാരിസ് റൗഫ് എറിഞ്ഞ 19ാം ഓവറിലെ അഞ്ചാം പന്ത് ലോങ് ഓണിനു മുകളിലൂടെയും, അവസാന പന്ത് ഫൈൻ ലെഗിനു മുകളിലൂടെയും കോലി സിക്സർ പറത്തിയപ്പോൾ കളിമാറി.

ഇന്ത്യൻ സ്‌കോർ 4 വിക്കറ്റ് നഷ്ടത്തിൽ 35 റൺസിൽ നിൽക്കുമ്പോൾ വിൻ പ്രഡിക്റ്ററിൽ 15 ശതമാനമായിരുന്നു ഇന്ത്യയുടെ വിജയ സാധ്യത. കോലിയുടെ സ്‌കോർ ആകട്ടെ 20 പന്തിൽ 11 റൺസും. ഒന്നു പൊരുതിനോക്കാൻ പോലും കെൽപില്ലാതെ ടീം ഇന്ത്യ പരാജയത്തിന്റെ പടുകുഴിയിലേക്ക് വീഴുമോ എന്നു ഭയന്ന ഇന്ത്യൻ ആരാധകരുടെ ഹൃദയത്തിലേക്കാണ് ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് കോലി നടന്നു കയറിയത്. ആദ്യ 20 പന്തിൽ 11 റൺസാണ് നേടിയതെങ്കിൽ അടുത്ത 33 പന്തുകളിൽ കോലിയുടെ ബാറ്റിൽ നിന്നു പിറന്നത് 71 റൺസ്! ആദ്യ ഓവറുകളിൽ 120 ആയിരുന്നു കോലിയുടെ സ്ട്രൈക്ക് റേറ്റ് എങ്കിൽ അവസാന ഓവറുകളിൽ അത് 190ലേക്ക് കുതിച്ചുയർന്ന കാഴ്ച. പ്രതാപ കാലത്തെ കിങ് കോലിയെ ഓർമിപ്പിക്കുന്ന ഇന്നിങ്സ്.

2016 ട്വന്റി20 ലോകകപ്പിൽ മൊഹാലിയിൽ ഓസ്ട്രേലിയയ്ക്കെതിരെ കോലി നടത്തിയ 'വണ്ടർ ചേസി'നു ശേഷം ആ പട്ടികയിലേക്ക് ചേർത്തുവയ്ക്കാവുന്ന മറ്റൊരു മാസ്മരിക പ്രകടനം. കഴിഞ്ഞ മൂന്നവർഷമായി നിറംമങ്ങിപ്പോയ കോലിക്കെതിരെ വിമർശനം ശക്തമായിരുന്നു. ലോകോത്തര സ്പിന്നറായ ആർ.അശ്വിനെ നിങ്ങൾക്ക് ടീമിനു പുറത്തിരുത്താമെങ്കിൽ, ലോകോത്തര ബാറ്ററായ വിരാട് കോലിയെ എന്തുകൊണ്ടു ടീമിൽ നിന്നു മാറ്റിനിർത്തിക്കൂടാ എന്നു ചോദിച്ചത് സാക്ഷാൽ കപിൽ ദേവായിരുന്നു. അതിനുള്ള മറുപടികൂടിയായിരുന്നു വിജയ റൺ നേടിയ ശേഷം കോലിയുടെ കണ്ണിൽ നിന്ന് ഉതിർന്നുവീണ കണ്ണീർ.

ഇതോടെ രാജ്യാന്തര ക്രിക്കറ്റിലെ റൺവേട്ടയിൽ ഒന്നാമനായി വിരാട് കോലി. 102 ഇന്നിങ്സുകളിൽ 3794 റൺസ്. 143 ഇന്നിങ്സുകളിൽ 3741 റൺസ് നേടിയ രോഹിത് ശർമയെയാണ് കോലി പിന്നിലാക്കിയത്. പാക്കിസ്ഥാനെതിരെ ട്വന്റി20 ലോകകപ്പ് മത്സരങ്ങളിൽ വിരാട് കോലിയുടെ ബാറ്റിങ് ശരാശരി 308. 5 ആണ്. ഇന്നിങ്സുകളിൽ കോലി ഔട്ടായത് നാലു തവണ മാത്രം. 4 അർധ സെഞ്ചറികൾ. അടിച്ചത് 30 ഫോറും 9 സിക്സും! പിന്നെ കോലികളെ പിടിച്ചിട്ട് പാക്കികൾ തല്ലുന്നതിൽ അദ്ഭുദം ഉണ്ടോ.

പിതാവ് മരിക്കുമ്പോൾ രഞ്ജി ട്രോഫിയിൽ

ഡൽഹിയിലെ ഒരു മിഡിൽക്ലാസ് ഫാമിലിയിൽ ആയിരുന്നു വിരാട് കോലിയുടെ ജനനം. പ്രേമിന്റെയും, സരോജ് കോലിയുടേയും പുത്രനായി 1988 നവംബർ 5 ന് ഡൽഹിയിലാണ് വിരാട് ജനിച്ചത് ചെറുപ്പം മുതലേ പഠനത്തേക്കാൾ താൽപ്പര്യം ക്രിക്കറ്റിൽ ആയിരുന്നു്. വികാസ് കോലി, ഭാവന കോലി എന്നീ രണ്ടു സഹോദരങ്ങളുടെ ഇളയനായിരുന്നു വിരാട്. വിശാൽ ഭാരതി സ്‌കൂളിലും സേവ്യർ കോൺവെന്റ് സ്‌കൂളിലുമായിരുന്നു പഠനം. പിതാവ് പ്രേം ഒരു വക്കീലായിരുന്നു . അദ്ദേഹത്തിന് മകനെ തന്നെപ്പോലെ അഭിഭാഷകൻ ആക്കാനായിരുന്നു
താൽപ്പര്യം. പക്ഷേ അവൻ തെരഞ്ഞെടുത്തത് ക്രിക്കറ്റാണ്.

1998-ൽ ഡൽഹി ക്രിക്കറ്റ് അക്കാദമി ആരംഭിച്ചപ്പോൾ കോലിയും അതിലൊരംഗമായി. കോലയിലെ ബാറ്റ്മാസ്മാനെ വളർത്തിയത് ഈ അക്കാദമിയാണ്. വൈകാതെ അയാൾ രഞ്ജി ട്രോഫിയിലെത്തി. തന്റെ പിതാവിന്റെ മരണദിവസം രഞ്ജി ട്രോഫി ടൂർണമെന്റിൽ ഡൽഹിക്കുവേണ്ടി കർണാടകയ്ക്കെതിരെ അദ്ദേഹം ബാറ്റേന്തി. പത്രങ്ങൾ ആ വാർത്ത വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. അതോടെ കോലി ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളിൽ ഇടം നേടി.

മലേഷ്യയിൽ നടന്ന അണ്ടർ-19 ലോകകപ്പിലെ ഇന്ത്യയുടെ തിളക്കമാർന്ന വിജയത്തിനു പിന്നിൽ ടീം ക്യാപ്റ്റനായിരുന്ന കോലിയുടെ പങ്ക് വലുതായിരുന്നു. അതോടെ തന്നെ കോലി ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സംഭവമാവുമെന്ന് പ്രവചനങ്ങൾ വന്ന് തുടങ്ങി. തുടർന്ന് വെസ്റ്റിൻഡീസിനെതിരായ അണ്ടർ-19 മത്സരങ്ങളിൽ 6 മാച്ചുകളിൽ നിന്നായി ഒരു സെഞ്ചുറിയടക്കം 235 റൺസ്, നാലാമനായിറങ്ങിയ കോലി അടിച്ചെടുത്തു. ടൂർണ്ണമെന്റിൽ എതിർടീമുകൾ അടിപതറുന്ന ചൂടൻതന്ത്രങ്ങൾ ബോളിങ്ങിലും കോലി കൊണ്ടുവന്നു. ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ തന്റെ മകൻ കൂടുതൽ വിവേകശാലിയായി മാറിയെന്നാണ് അമ്മ ഇതേക്കുറിച്ച് പ്രതികരിച്ചത്. ഈ മികച്ച പ്രകടനം കോലിയെ ഇന്ത്യൻ ടീമിൽ എത്തിച്ചു.

ദാമ്പുള്ളയിൽ ശ്രീലങ്കക്കെതിരെയായിരുന്നു കോലി ഏകദിനത്തിൽ അരങ്ങേറിയത്. ആദ്യ മത്സരം വൻ പരാജയമായി. 22 പന്ത് നേരിട്ട കോലി നേടിയത് 12 റൺസ് മാത്രമായിരുന്നു. നുവാൻ കുലശേഖരയായിരുന്നു കോലിയെ പുറത്താക്കിയത്. മത്സരത്തിൽ ഇന്ത്യ തോറ്റു. 2009ലാണ് കോലി ക്രിക്കറ്റ് കരിയറിൽ തന്റെ ആദ്യ സെഞ്ച്വറി നേടുന്നത്. കൊൽക്കത്ത ഈഡൻ ഗാർഡനിൽ ശ്രീലങ്കക്കെതിരെ 111 പന്തിൽ നിന്ന് 107 റൺസെടുത്തു. 2010ൽ രണ്ട് സെഞ്ച്വറികൾ കൂടി നേടിയ കോലി 22 വയസ്സിന് മുമ്പ് മൂന്ന് സെഞ്വറികൾ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്ററായും മാറി. സച്ചിൻ ടെണ്ടുൽക്കർ, സുരേഷ് റെയ്ന എന്നിവരാണ് ആദ്യം ഈ നേട്ടം സ്വന്തമാക്കിയവർ.

റെക്കോഡ് തകർക്കാനായി ജനിച്ചവൻ

പിന്നീടങ്ങോട്ട് ഈ ചെറുപ്പക്കാരന്റെ സുവർണ്ണകാലം ആയിരുന്നു. അക്രമണോത്സുകമായ ബാറ്റിങ്ങ് മൂലം ഇന്ത്യയുടെ റൺ മെഷീൻ എന്ന് പേരുവന്നു. സച്ചിൽ ടെണ്ടുൽക്കറുടെ റെക്കോർഡ് ഏതെങ്കിലും ഒരു ഇന്ത്യക്കാരൻ തകർക്കുകയാണെങ്കിൽ അത് കോലിയാവുമെന്ന് പ്രവചനം വന്നു. 2014ലെ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടി ടോപ് സ്‌കോററായത് കോലിയാണ്. 106.33 ശരാശരിയിൽ 319 റൺസാണ് അദ്ദേഹം നേടിയത്. ഒരു സിംഗിൾ ടി20 ടൂർണമെന്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും കൂടി റൺസായിരുന്നു ഇത്. തൊട്ടടുത്ത വർഷം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ടി20യിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായും കോലി മാറി.

ടെസ്റ്റ് ക്രിക്കറ്റിൽ കരിയറിന്റെ തുടക്കത്തിൽ വിരാട് കോലി അത്ര മികച്ച പ്രകടനമായിരുന്നില്ല പുറത്തെടുത്തത്. എന്നാൽ ആദ്യ മൂന്ന് വർഷത്തിനിടയിൽ ആറ് ഡബിൾ സെഞ്ച്വറികൾ കോലി നേടിയിരുന്നു. ഇന്ത്യ ടെസ്റ്റിൽ ലോകറാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത് ധോണി ക്യാപ്റ്റനായിരുന്ന സമയത്താണ്. എന്നാൽ കോലിയായിരുന്നു അക്കാലത്ത് ഇന്ത്യൻ ടീമിൽ ഏറ്റവും ഫോമിലുള്ള ബാറ്റ്സ്മാൻ.

ഏകദിനത്തിൽ കോലി എക്കാലത്തും ബോളർമാരുടെ മുകളിൽ ആധിപത്യം സ്ഥാപിക്കാറുള്ള ബാറ്റ്സ്മാനാണ്. 2818 റൺസാണ് 2017 കലണ്ടർ വർഷം കോലി നേടിയത്. ഒരു വർഷം ഏറ്റവും കൂടുതൽ റൺസ് നേടുന്നവരിൽ മൂന്നാമനെന്ന റെക്കോർഡും കോലി സ്വന്തമാക്കി. അതേ വർഷം 175ാം ഇന്നിങ്സിൽ കോലി ഏകദിനത്തിൽ 8000 റൺസും തികച്ചു. ലോകത്തിൽ ഏറ്റവും വേഗതയിൽ 8000 തികച്ച ബാറ്റ്സ്മാനാണ് കോലി. സച്ചിന്റെ നൂറ് സെഞ്ച്വറിക്ക് ഒപ്പമെത്തുമെന്ന് കരുതിയിരുന്നയകൾ ഇപ്പോൾ 71 സെഞ്ച്വറികൾ നേടിക്കഴിഞ്ഞു. ഇതിനിടെ ഇന്ത്യൻ നായകനായി. നടി അനുഷക്കയുമായി പ്രണയത്തിലായി. സച്ചിനെക്കാൾ വലിയ ഷോ മാനായി, ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ഐക്കൺ ആയി.

ബാറ്റേന്തിയ ട്രംപ്

പൊതുവെ സച്ചിൻ അടക്കമുള്ള ഇന്ത്യൻ താരങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തനാണ് കോലി. അയാൾ കോപിയാണ്, അതുപോലെ ക്ഷിപ്ര പ്രസാദിയും. തനിക്ക് ഇഷ്ടമില്ലാത്ത എന്ത് കണ്ടാലും ഒരുളക്ക് ഉപ്പേരിപോലെ പ്രതികരിക്കും. അതുതന്നെയാണ് അദ്ദേഹത്തിന് കോടിക്കണക്കിന് ആരാധകരെ സൃഷ്ടിക്കാനുള്ള ഒരു കാരണവും. പൊതുവെ സായിപ്പിനെ കണ്ടാൽ കാവാത്ത് മറക്കുന്ന ഇന്ത്യൻ താരങ്ങളുടെ ഇൻഹിബിഷൻ ഒരു പരിധിവരെ മറികടന്നത് സൗരവ് ഗാംഗുലി ക്യാപ്റ്റൻ ആയപ്പോൾ ആണ്.

2002ൽ നാറ്റ്‌വെസ്റ്റ് ട്രോഫി വിജയത്തിൽ, ക്രിക്കറ്റിന്റെ മക്കയായ ലോർഡ്‌സിന്റെ ബാൽക്കെണിയിൽ ജേഴ്‌സി ഊരി കറക്കി ഇന്ത്യൻ ക്രിക്കറ്റിലെ ആക്രമണോത്സുകതയ്ക്ക് പുതിയ വഴിതെളിച്ച സൗരവ് ഗാംഗുലിയുടെ മറ്റൊരു പതിപ്പാണ് കോലി. ഒന്നിനെയും കൂസാത്ത പ്രകൃതവും വാക്ചാതുര്യവും ചടുലമായ ശരീരഭാഷയും കൊണ്ട് ടീം ഇന്ത്യയുടെ ഊർജസ്രോതസായി അദ്ദേഹം പലപ്പോഴും. ചേസിങ്ങ് ഇന്നിങ്ങ്സുകളിൽ കോലിയുടെ മനസാന്നിധ്യം സമ്മതിക്കേണ്ടതാണ്. കളത്തിലെ മോശം പെരുമാറ്റത്തിനും കുപ്രസിദ്ധിയാർജിച്ച ഓസ്‌ട്രേലിയയെപ്പോലും മര്യാദ പഠിപ്പിച്ച ക്യാപ്റ്റനാണ് കോലി.

2017നെ പരമ്പരക്കിടെ ഓസീസ് മാധ്യമമായ 'ദ ഡെയ്‌ലി ടെലഗ്രാഫ്' യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടാണ് കോലിയെ ഉപമിച്ചത്. ഇന്ത്യൻ നായകനെ 'പ്രസിഡന്റ് കോലി'യെന്നും 'ബാറ്റേന്തിയ ട്രംപെ'ന്നുമൊക്കെയാണ് ടെലഗ്രാഫ് ലേഖനത്തിൽ വിശേഷിപ്പിച്ചത്. ബോഡിലൈൻ പരമ്പരയിലെ (193233) ഇംഗ്ലീഷ് ക്യാപ്റ്റൻ ഡഗ്ലസ് ജാർഡൈന് എതിരായ മനോഭാവത്തിന് സമാനമായ രീതിയിലാണ് ഓസീസ് ഫാൻസ് കോലിയെ കാണുന്നതെന്ന് മുൻ ഓസീസ് താരവും കമന്റേറ്ററുമായ ഡീൻ ജോൺസ് സിഡ്‌നി മോണിങ് ഹെറാൾഡിലെ തന്റെ കോളത്തിൽ നിരീക്ഷിക്കുന്നു. കോലിയുടെ അക്രമണോത്സുകത തന്നെയാണ് ഇതിനുകാരണമെന്നും ഡീൻ പറയുന്നു. പരമ്പരയിൽ കോലിയുടെ പ്രകടനം മോശമായിരുന്നെങ്കിലും ഒരു ക്യാപ്റ്റൻ എന്ന നിലയിൽ അയാൾ അണുവിട വിട്ടുകൊടുത്തില്ല. അവർ ഒന്ന് പരിഹസിച്ചാൽ കോലി രണ്ട് പരിഹസിക്കും. അങ്ങനെ അവസാനം ഓസീസ് പോലും മര്യാദക്കാരായിപ്പോയി.

പക്ഷേ ഈ വെട്ടൊന്ന് മുറി രണ്ട് ശൈലി പലപ്പോഴും കോലിക്ക് പ്രശ്നവും ആയിട്ടുണ്ട്. ഇന്ത്യൻ ബാറ്റ്‌സമാന്മാരെക്കാൾ മറ്റ് ബാറ്റ്‌സ്മാന്മാരെ ഇഷ്ടമുള്ളവർ ഇന്ത്യയിൽ ജീവിക്കരുതെന്ന് നേരത്തെ കോലി പറഞ്ഞത് വൻ വിവാദമായി. സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ തിരയുന്ന കോലി ഒരു ആരാധകന്റെ കമന്റ് വായിക്കുന്നു. കോലിയുടെ ബാറ്റിങ്ങിന് ആവശ്യമില്ലാതെ അമിത പ്രാധാന്യം കൊടുക്കുകയാണ്, ഇന്ത്യൻ താരങ്ങളുടേതിനേക്കാൾ ഇംഗ്ലീഷ് ഓസീസ് താരങ്ങളുടെ ബാറ്റിങ്ങാണ് താൻ ആസ്വദിക്കുന്നതെന്നുമാണ് ആരാധകന്റെ കമന്റ്. ഇതിനുള്ള കോഹ്ലിയുടെ മറുപടിയാണ് വിവാദമായത്. പക്ഷേ എന്തൊക്കെ വിമർശനം വന്നിട്ടും കോലി ശൈലി മാറ്റിയിട്ടില്ല.

അനുഷ്‌ക്കയുമായി പ്രണയം

സച്ചിൻ ടെണ്ടുൽക്കർ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും ആരാധകർ ഉള്ള ക്രിക്കറ്റ് താരവും കോലിയാണ്. അതുകൊണ്ടുതന്നെ പല പ്രണയങ്ങളിലും ബ്രേക്കപ്പുകളിലും അയാൾ പെട്ടിട്ടുമുണ്ട്. പക്ഷേ അതിനിടെ നടി അനുഷ്‌ക്ക ശർമ്മയും കോലിയും പ്രണയത്തിനായി. പാപ്പരാസികൾ അവർ എവിടെപ്പായാലും പിന്നാലെ പോയി ഫോട്ടോ എടുത്ത് വാർത്തകൾ ഉണ്ടാക്കി. ഇതിന്റെ പേരിലും കോലി പലതവണ പൊട്ടിത്തെറിച്ചു. നീണ്ട ഇണക്കത്തിനും പിണത്തിനും പൊട്ടിത്തെറികൾക്കുശേഷം അവർ 2017 ഡിസംബറിൽ ഇറ്റലിയിൽ വെച്ച് വിവാഹിതാരയപ്പോൾ, കോലിയുടെ ലേഡീസ് ഫാൻസിന്റെ ഒരു വശം തളർന്നുവെന്നാണ് ട്രോളുകൾ വന്നത്. ഇപ്പോൾ ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്. തന്റെ കരിയറിൽ അനുഷ്‌ക്കയുടെ സഹായം ഏറെയുണ്ടെന്നാണ് കോലി ഈയിടെ പറഞ്ഞത്.

2018ൽ ഇംഗ്ലണ്ടിനെതിരെ സ്വെഞ്ചറി, പ്രണയത്തിനൊടുവിൽ ജീവിതസഖിയാക്കിയ ബോളിവുഡ് താരം അനുഷ്‌ക ശർമ്മയ്ക്കായിരുന്നു കോലി സമർപ്പിച്ചത്. ഇംഗ്ലീഷ് മണ്ണിൽ ഒരു മികച്ച ഇന്നിങ്‌സ് പോലുമില്ലെന്ന നാണക്കേട് കോലി തിരുത്തുകയായിരുന്നു. ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം കോലി ആ നാണക്കേട് മായ്ച്ചുകളഞ്ഞു. അതും മറ്റ് ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെല്ലാം കളി മറന്നിടത്ത് ഒന്നാന്തരമൊരു സെഞ്ചുറിയിലൂടെ.

ഇങ്ങിനെയൊരു അഭിമാന നിമിഷത്തിൽ പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്ന ജീവിത സഖിക്കാണ് കോലി ഈ നേട്ടം സമർപ്പിച്ചത്. മാലയിൽ കൊരുത്തിട്ടിരുന്ന വിവാഹ മോതിരത്തിൽ ചുംബിച്ചാണ് കോലി അനുഷ്‌കയ്ക്ക് സെഞ്ചുറി സമർപ്പിച്ചത്. ഇതുകണ്ട് വിഐപി ബോക്‌സിലിരുന്ന് പുഞ്ചിരിയോടെ അനുഷ്‌ക കൈയടിച്ചു. ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ 150 റൺസ് പൂർത്തിയാക്കിയപ്പോഴും കോലി ഇതുപോലെ വിവാഹ മോതിരത്തിൽ ചുംബിച്ചിരുന്നു.ഇന്ന് കോലി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി അനുഷ്‌ക്കയുണ്ട്. കോവിഡ് സഹായമായി രണ്ട് കോടി രൂപയാണ് ഇവർ സർക്കാറിന് സംഭാവന ചെയ്ത്. ഏഴു കോടി രൂപയുടെ ക്രൗഡ് ഫണ്ടിങ്ങിലൂടെ ഇവർ നൽകുകയും ചെയ്തു.

കോടികളുടെ സ്വത്തുക്കൾ

സച്ചിനേക്കാൾ വലിയ വിപണിയുടെ താരമാണ് കോലി. പ്രതിവർഷം മൂവായിരം കോടിയുടെ ബിസിനസാണ് അദ്ദേഹത്തെ ചുറ്റിപ്പറ്റി വിവിധ ബ്രാൻഡുകളുടേതായി നിലനിൽക്കുന്നത് എന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോട്ട് ചെയ്യുന്നു. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് പോലും കോലി ലക്ഷങ്ങൾ വാങ്ങുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായിട്ട് മോശം പ്രകടനം ആയിട്ടും ബിസിസിഐ കോലിയെ ടീമിൽ നിലനിർത്തുന്നത് ഈ ബിസിനസ് താൽപ്പര്യം മുന്നിൽ കണ്ടുതന്നെയാണ്. 'വിയർപ്പിനുപോലും ലക്ഷങ്ങൾ വിലയുള്ള താരം' എന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഒരിക്കൽ കോലിയെക്കുറിച്ച് എഴുതിയത്.

50 കോടിയോളം മതിപ്പുവിലയുള്ള രണ്ടുവീടുകളും അദ്ദേഹത്തിനുണ്ട്. ഒന്ന് ഗുഡ്ഗാവിലും മറ്റൊന്ന് മുംബൈയിലും. മുംബൈയിലെ വീട്ടിലാണ് വിരാട് കൂടുതൽ സമയം ചെലവിടുന്നത്. 7000 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഇതിന് നാല് കിടപ്പുമുറികൾ, ടെറസ് ഗാർഡൻ, ഒരു സ്വകാര്യ ജിം തുടങ്ങി നിരവധി അത്യാധുനിക സൗകര്യങ്ങളുണ്ട്. ഇവിടെയാണ് കോലിയും അനുഷ്‌ക്കയും ലോക്ഡൗൺ കാലം ചെലവിട്ടത്.

വിരാട്- അനുഷ്‌ക്ക ദമ്പതികളുടെ സെക്യൂരിറ്റി ഓഫീസർക്കുപോലമുണ്ട്, ഒരു കമ്പനിയുടെ സിഇഒവിനേക്കാൾ ശമ്പളം. ഇവരുടെ മകൾ വാമികയ്ക്ക് നേരെ പോലും ഫോട്ടോ എടുക്കാനുമറ്റുമായി അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ വിശ്വസ്തനായ അംഗരക്ഷകൻ താരങ്ങളുടെ ജീവിതത്തിൽ അനിവാര്യമാണ്. അവരുടെ വരുമാനത്തിന്റെ ഒരു ഭാഗംതന്നെ അതിനായി മാറ്റി വയ്‌ക്കേണ്ടി വരുന്നു.അത്തരത്തിൽ നടി അനുഷ്‌ക ശർമ്മയുടെ അംഗരക്ഷകനാണ് പ്രകാശ് സിങ് എന്ന സോനു സോനുവിന് 1.2 കോടി രൂപ വാർഷിക ശമ്പളമുണ്ട് എന്ന റിപ്പോൾട്ട് മാധ്യമങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു. ഇന്ത്യയിലെ പല കമ്പനികളുടെയും സിഇഒമാരുടെ വാർഷിക വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ സോനു വളരെ മുകളിലാണ്.

അതുപോലെ പണം എണ്ണി വാങ്ങുക മാത്രമല്ല, ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങളിലും കോലി ഇടപെടുന്നു. പാക്കിസ്ഥാനിൽനിന്ന് വന്ന കോലി സമുദായത്തിന്റെ പുനരധിവാസത്തിനും കൊടുത്തു കോടികൾ. അതുപോലെ കോവിഡ് പ്രതിരോധം തൊട്ടുള്ള എല്ലാകാര്യങ്ങളിലും കോലി രാജ്യത്തിന് ഒപ്പമാണ്. ക്രിക്കറ്റ് ഗ്രൗണ്ടിൽ സിംഹമാണെങ്കിലും വ്യക്തി ജീവിതത്തിൽ കോലി ശാന്തനാണെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഡ്രസ്സിങ്ങ് റൂമിൽ സഹപ്രവർത്തകർക്കും പറയാനുള്ളത്, ആഘോഷപ്രിയനായ ഒരു സുഹൃത്തിനെയാണ്. ഒരു തരി ഭക്ഷണം പോലു പാഴാക്കരുത്, കുടിവെള്ളം കളയരുത് എന്നിവയൊക്കെ വിരാടിന്റെ ജീവിതത്തിലെ പോളിസികൾ ആണെന്ന് സുഹൃത്തുക്കൾ പറയുന്നു.

പുലി എപ്പോഴും പുലി തന്നെയാണ്

പക്ഷേ 2019 തൊട്ട് കോലിക്ക് തീരെ മോശം സമയമാണ്. പല പരമ്പരകളിലും രണ്ടക്കം കടക്കാൻ പോലും ആയില്ല. സൗരാവ് ഗാംഗുലി ബിസിസിഐയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ കോലിയുമായുള്ള ബന്ധം വഷളായി. അങ്ങനെ അദ്ദേഹത്തിന് ക്യാപ്റ്റൻസ ്ഥാനം തെറിച്ചു. അതിനെതിരെ പരസ്യമായി പ്രതികരിച്ചതും വിവാദമായി. നിലവിലെ ഇന്ത്യൻ ക്യാപ്റ്റർ രോഹിത്് ശർമ്മയുമായി കോലിക്ക് പ്രശ്നമുമെണ്ടന്നും വാർത്തകൾ പുറത്തുവന്നു. മാത്രമല്ല, ഒരു കാലത്ത് സച്ചിന്റെ റെക്കോർഡ് തിരുത്തപ്പെടുമെന്ന് കരുതിയിരുന്നു ചെറുപ്പക്കാരൻ ടീമിൽനിന്ന് പറുത്താവും എന്നുവരെ റിപ്പോർട്ടുകൾ വന്നു. പക്ഷേ പുലി എപ്പോഴും പുലി തന്നെയാണ്. ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ നേടിയ ആ ഒറ്റജയം കൊണ്ട് കോലി വീണ്ടും സൂപ്പർ താരമായി. സച്ചിൻ അടക്കമുള്ള താരങ്ങൾ ഇപ്പോൾ കോലിയെ വാഴ്‌ത്തുകയാണ്.

ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നംഗ്സാണിതെന്ന് നിസംശയം പറയാമെന്നായിരുന്നു വിജയത്തിനുശേഷം കോലിയെക്കുറിച്ച് സച്ചിൻ ടെൻഡുൽക്കർ ട്വിറ്ററിൽ കുറിച്ചത്. നിങ്ങളുടെ കളി കാണാൻ തന്നെ എന്തൊരഴകായിരുന്നു. പ്രത്യേകിച്ച് പത്തൊമ്പതാം ഓവറിൽ ബാക് ഫൂട്ടിൽ നിന്ന് ഹാരിസ് റൗഫിനെതിരെ ലോംഗ് ഓണിന് മുകളിലൂടെ പറത്തിയ ആ സിക്സർ, അസാമാന്യമായിരുന്നു അത്. മികച്ച പ്രകടനം തുടരൂ എന്ന് സച്ചിൻ ട്വീറ്റ് ചെയ്തു.

താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിപരമായ ടി20 ഇന്നിങ്സ് എന്നായിരുന്നു വീരേന്ദർ സെവാഗ് ട്വീറ്റ് ചെയ്തത്. തലമുറകൾക്ക് ഓർത്തിരിക്കാവുന്ന ഇന്നിങ്സ് എന്നായിരുന്നു മുൻ ഇന്ത്യൻ ഓപ്പണറായ വസീം ജാഫർ കോലിയുടെ പ്രകടനത്തെ വിശേഷിപ്പിച്ചത്.എവിടെയാണോ വലിയ വെല്ലുവിളിയുണ്ടാകുന്നത് അവിടെ വിരാട് കോലി തല ഉയർത്തി നിൽക്കുമെന്നായിരുന്നു ഹർഭജൻ സിംഗിന്റെ പ്രതികരണം. കിങ് കോലി തിരിച്ചെത്തിയിരിക്കുന്നു എന്നായിരുന്നു യുവരാജ് സിംഗിന്റെ ട്വീറ്റ്. അങ്ങനെ പുറത്താകലിന്റെ വക്കിൽ നിന്ന് അയാൾ വീണ്ടും താരമാവുകയാണ്.

വാൽക്കഷ്ണം: അതേ കിങ്ങ് കോലി ഈസ് ബാക്ക് എന്നാണ് തലക്കെട്ടുകൾ. ഇപ്പോൾ വിരാടിന് 33 വയസ്സായിട്ടേയുള്ളൂ. ഫോം നിലനിൽക്കയാണെങ്കിൽ അഞ്ചുവർഷം കൂടി അദ്ദേഹത്തിന് സുഖമായി കളിക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അപ്പോഴേക്കും എതെല്ലാം റെക്കാഡുകൾ കടപുഴകും. കാത്തിരുന്ന് കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP