Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഎസിന്റെ ശിഷ്യനായിരുന്ന പിണറായി പാർട്ടി പിടിച്ചതിന് സമാനം; പ്രായം പറഞ്ഞ് ജൂനിയേഴ്സിനെ വെട്ടി; ഇളവ് കിട്ടിയത് 69കാരൻ ഷിക്ക് മാത്രം; പാർട്ടിയിൽ രണ്ടാമനുമായ ലീ കെക്വാങ്ങിനെയും വെട്ടി; 79കാരനായ ഹൂജിന്റാവോയെ ഇറക്കിവിട്ട് പ്രതികാരം; ഇവിടെ കണ്ണൂർ ലോബി, അവിടെ ഷാങ്ഹായി ഗ്യാങ്ങ്; ചൈനയിൽ സംഭവിക്കുന്നത് കേരളത്തിന്റെ തനിയാവർത്തനമോ?

വിഎസിന്റെ ശിഷ്യനായിരുന്ന പിണറായി പാർട്ടി പിടിച്ചതിന് സമാനം; പ്രായം പറഞ്ഞ് ജൂനിയേഴ്സിനെ വെട്ടി; ഇളവ് കിട്ടിയത് 69കാരൻ ഷിക്ക് മാത്രം; പാർട്ടിയിൽ രണ്ടാമനുമായ ലീ കെക്വാങ്ങിനെയും വെട്ടി; 79കാരനായ ഹൂജിന്റാവോയെ ഇറക്കിവിട്ട് പ്രതികാരം; ഇവിടെ കണ്ണൂർ ലോബി, അവിടെ ഷാങ്ഹായി ഗ്യാങ്ങ്; ചൈനയിൽ സംഭവിക്കുന്നത് കേരളത്തിന്റെ തനിയാവർത്തനമോ?

എം റിജു

പാർട്ടി, രാജ്യം, സൈന്യം, എല്ലാത്തിനും പരമാധികാരിയായി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങ് മാറുമ്പോൾ അതിന് കേരളവുമായും സമാനകൾ ഏറെയാണ്. കേരളത്തിലെ വി എസ്- പിണറായി ഗ്രൂപ്പ് പോര് ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ചൈനയിലെ അധികാര ശാക്തീകരണം. അല്ലെങ്കിൽ ലോകത്ത് എല്ലായിടത്തും കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഏറെക്കുറേ അങ്ങനെയാണ്. കഴിഞ്ഞദിവസം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20 ാം പാർട്ടി കോൺഗ്രസിൽനിന്ന് സുരക്ഷാഭടമ്മാർ നിർബന്ധിച്ച് ഇറക്കിക്കൊണ്ടുപോകുന്ന മുൻ പ്രസിഡന്റ് ഹൂജിന്റാവോയെ കാണുമ്പോൾ, 2016-ൽ പിണറായിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചശേഷം, തനിക്കും മകനും കിട്ടേണ്ട ആനുകൂല്യങ്ങൾ ഒരു തുണ്ട് കടലാസിൽ എഴുതി വിഷണ്ണനായി യെച്ചൂരിയെ കാത്തിരിക്കുന്ന വിഎസിനെയാണ് ഓർമ്മവരുന്നത്!

വിഎസിന്റെ അരുമ ശിഷ്യനായി പിണറായി വളർന്നുവന്നപോലെയാണ് ഹുജിന്റാവോയുടെ പ്രിയപ്പെട്ടവൻ ആയിട്ടാണ് ഷി അധികാരത്തിലേക്കുള്ള പടവുകൾ കയറിയത്. ഇപ്പോൾ അതേ ഗുരുവിനെ തന്നെ ശിഷ്യൻ കറിവേപ്പിലപോലെ കളഞ്ഞിരിക്കുന്നു. ആലപ്പുഴ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോന്ന വിഎസിനെ ഇവിടെയും ഓർമ്മവരുന്നുണ്ട്. 2012 ൽ ലി കെക്വാങ്ങ് എന്ന താരമമ്യേന ജനകീയനായ നേതാവിനെ വെട്ടിയാണ് ഹൂജിന്റാവോ ഷി യുടെ പേര് നിർദ്ദേശിക്കുന്നത്. 57കാരനായ പ്രിയ ശിഷ്യൻ ലീയെ അന്ന് പാർട്ടി സെക്രട്ടറിയാക്കിയിരുന്നെങ്കിൽ 2022 ൽ ഈ അപമാനം ഹു ജിന്റാവോക്ക് ഉണ്ടാകുമായിരുന്നില്ല എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ എഴുതുന്നത്. പാർട്ടിയിൽ രണ്ടാമനുമായ ലീ കെക്വാങ്ങിനെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഷി വെട്ടിനിരത്തി. ഇതോടെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ഷി ഗ്യാങ്ങിന്റെ ആധിപത്യം പൂർണമാകുകയാണ്.

പ്രായം പറഞ്ഞാണ് മറ്റ് നേതാക്കളെ ഷി ഒതുക്കിയത്. പ്രായത്തിൽ ഇളവ് കിട്ടുന്നത് 69കാരൻ ഷി ജിൻ പിങിന് മാത്രം. പിണറായിക്ക് മത്സരിക്കാൻ പോൽറ്റ്ബ്യൂറോ പ്രായപരിധിയിൽ ഇളവ് നൽകിയതാണ് ഇവിടെ ഓർമ്മവരുന്നത്. ശൈലജ ടീച്ചർ അടക്കമുള്ള രണ്ടാംനിര നേതാക്കളുടെ അനുഭവവും ഇതോടൊപ്പം ചേർത്ത് വായിക്കാം. നമ്മൾ ഇവിടെ കണ്ണൂർ ലോബി എന്ന് പറയുന്നപോലെ അവിടെ ഷിയെ അനുകൂലിച്ച് ഷാങ്ങ്ഹായി ലോബിയുമുണ്ട്.

ഹു ജിന്റാവോ എന്ന വി എസ്

2012 ൽ ബീജിങ്ങിലെ ടിയാനമെന്നിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിളിൽ പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ സർവശക്തനായിരുന്ന പ്രസിഡന്റ് ഹു ജിന്റാവോയാണ് കഴിഞ്ഞ ദിവസം അതേ ഹാളിൽ നിന്ന് അശക്തനായി പടിയിറക്കപ്പെട്ടത്. ആലപ്പുഴ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയ വിഎസിനെ ഇത് വീണ്ടും ഓർമ്മിപ്പിക്കുന്നു. ചൈനീസ് വിപ്ലവം കണ്ട നേതാവാണ് ഹു ജിന്റാവോ. അതുകൊണ്ടുതന്നെ അയാൾ ഏറെ ആദരണീയനായിരുന്നു. പക്ഷേ ഷിക്ക് മുന്നിൽ അതൊന്നും വിലപ്പോയില്ല. 1964ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴുനേതാക്കളിൽ ഒരാളാണ് വി എസ്.അച്യുതാനന്ദൻ. ഹുജിന്റാവോയെപോലെ ചരിത്രവും പാരമ്പര്യവും പറയാൻ കഴിയുന്ന ഒരാൾ.

20 ാം പാർട്ടി കോൺഗ്രസിലെ അവസാന വോട്ടിംഗിന് മുമ്പ് പ്രസിഡന്റ് ഷി യോട് എന്തോ പറയാൻ മുൻഗാമി ശ്രമിക്കുന്നതായി വ്യക്തമാണ്. മുന്നിലുള്ള പേപ്പർ എടുക്കാൻ ശ്രമിക്കുന്നു രണ്ട് പേർ വന്ന് ഹു ജിന്റാവോയെ തോളിൽ പിടിച്ച് ഉയർത്തുന്നു. ഹു തടയാൻ ശ്രമിച്ചിട്ടും കാര്യമുണ്ടായില്ല. ഹു പറഞ്ഞ എന്തോ കാര്യം മുഖം കൊടുക്കാതെ ഷി തലയാട്ടുന്നു. തൊട്ടപ്പുറത്തിരുന്ന ശിഷ്യൻ ലീ കെക്വാങ്ങിന്റെ പുറത്ത് ഒന്ന് തട്ടി ഹു പുറത്തു പോകുന്നു. മാധ്യമങ്ങൾക്ക് ക്ഷണം അനുവദിച്ച സെഷനിൽ നൂറു കണക്കിന് ക്യാമറാ കണ്ണുകൾക്ക് മുന്നിലായിരുന്നു ഈ അത്യസാധാരണ സംഭവം. ഇത് ഷി സംഘത്തിന്റെ തിരക്കഥക്ക് അനുസരിച്ചായിരുന്നു എന്ന ചർച്ചകളും ചൂടുപിടിക്കുന്നു. ഇറക്കി വിടലിന്റെ കാരണം 24 മണിക്കൂർ കഴിഞ്ഞിട്ടും ചൈന വിശദീകരിച്ചിട്ടില്ല. ഇതേ ദിവസം ഇതേ പാർട്ടി കോൺഗ്രസ് വേദിയിൽ ഹു അനുയായിയും പാർട്ടിയിൽ രണ്ടാമനുമായ ലീ കെക്വാങ്ങിനെയും കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഷി വെട്ടിനിരത്തി. ഇതോടെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ഷി ഗ്യാങ്ങിന്റെ ആധിപത്യം പൂർണമാകുകയാണ്.

എങ്ങനെയും ചൈനയെ സീറോ കോവിഡ് രാഷ്ട്രമാക്കാനുള്ള പ്രസിഡന്റിന്റെ കർക്കശ നിലപാടുകളിൽ നിർമ്മാണ - വ്യവസായ രംഗങ്ങൾ തകരുകയാണ്. സാമ്പത്തിക പ്രതിസന്ധിയും രൂക്ഷം. തുറന്ന വിപണിയുടെ വക്താവായിരുന്ന ലീ കെക്വാങ്ങിന് ഈ സമീപനങ്ങളോടുള്ള വിയോജിപ്പും ശക്തമായിരുന്നു. ഈ പാർട്ടി കോൺഗ്രസ് അവസാനിക്കുമ്പോൾ ചൈനീസ് ഭരണത്തിൽ ലിക്കണോമിക്സും ഷിക്കണോമിക്സും തമ്മിലുള്ള ആശയ സംഘർഷത്തിന് കൂടിയാണ് അവസാനമാകുന്നത്. കേരളത്തിലും ക്യാപിറ്റലിസത്തിന്റെ വക്താവായ പിണറായിയും, നോൺ ക്യാപിറ്റലിസത്തിന്റെ വക്തവായ വിഎസും തമ്മിൽ ആശയ പ്രശ്നവും ഉണ്ടായിരുന്നു.

മാവോ മുതൽ ജിയാൻ സെമിൻ വരെ

സത്യത്തിൽ മരണത്തോടെ മാത്രം കസേര വിട്ടുകൊടുക്കുക എന്നത് കമ്യൂണിസ്റ്റ് നേതാക്കളുടെ രീതിയാണ്. സോവിയറ്റ് യൂണിയനിൽ ലെനിൻ മുതൽ ബ്രഷ്നേവ് വരെയുള്ള എല്ലാ പാർട്ടി തലവന്മാരും മരിച്ചപ്പോഴാണ് അധികാരം ഒഴിഞ്ഞത്. ക്രുഷ്ചേവ് മാത്രമാണ് ആകെ ഒരു അപവാദം. അദ്ദേഹത്തെ ബ്രഷ്നേവ് പുകച്ചുചാടിച്ചക്കയായിരുന്നു. എന്നാൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ കാര്യങ്ങൾ കുറച്ച് വ്യത്യസ്തമായിരുന്നു. സ്വന്തം അധികാരവും പ്രഭാവവും പാർട്ടിയിലും ഭരണത്തിലും മങ്ങിത്തുടങ്ങിയോ എന്നുള്ള സംശയത്തിൽ മാവോ അഴിച്ചുവിട്ട സാംസ്്ക്കാരിക വിപ്ളവമെന്ന അതിക്രമത്തിന്റെ ഇരകളായിരുന്ന ഡെംഗ് സിയോവോ പിങ്ങും സഹപ്രവർത്തകരും പാർട്ടിയിൽ വ്യക്തിപൂജ തടയുന്നതിനുള്ള മുൻകരുതലുകൾ എടുത്തിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിൽ എല്ലായിടത്തും പാർട്ടി ജനറൽ സെക്രട്ടറിയാണ് കൺകണ്ട ദൈവം. നേതാവിനെ വിമർശിക്കുന്നവരെ അതിപ്പം സ്വന്തം പാർട്ടിക്കാരായാലും കാലപുരിക്കയച്ചിരിക്കും. പക്ഷെ ജനറൽ സെക്രട്ടറി അപ്രമാദരൂപിയായി വളരുന്നതിനെതിരെയുള്ള ചില സുരക്ഷാ നടപടികൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുൻപേ സ്വീകരിച്ചിരുന്നു.

മാവോ സേതുങ്ങിന് ശേഷം ചെയർമാൻ പദവി ഇല്ലാതാക്കി. ഡെംഗ് സിയാവോ പിംങ്ങ് കാലഘട്ടത്തിലെ രണ്ടു പാർട്ടി ജനറൽ സെക്രട്ടറിമാർ പാർട്ടിയോട് വിയോജിച്ച് പുറത്തുപോയി. 1989ലെ ടിയാനന്മെൻസ് സ്‌ക്വയർ കൂട്ടക്കൊലയെ അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറിയിരുന്ന ഷാവോ സിയാംഗ് എതിർത്തു. അദ്ദേഹത്തെ പാർട്ടി പുറത്താക്കി വീട്ടുതടങ്കലിലാക്കി.

പിന്നീടുവന്ന ജിയാംഗ് സെമിനും ഹു ജിന്റാവോയും പാർട്ടി ഭരണഘടന അനുസരിച്ചുള്ള രണ്ട് ടേം കഴിഞ്ഞപ്പോൾ അധികാരം ഒഴിഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറി പാർട്ടിക്ക് മുകളിൽ വളരുന്നത് തടയാനായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും മുൻകരുതലുകളും ഇപ്പോഴത്തെ നേതാവ് ഷി ജിൻപിങ് എടുത്തുകളഞ്ഞു. ഇപ്പോൾ ആജീവനാന്തം വരെ ഷീയ്ക്ക് നേതാവായി തുടരാനായി ഷി തന്നെ കൊണ്ടുവന്ന ഭേദഗതി പാർട്ടി അംഗീകരിച്ച് തുല്യം ചാർത്തി നല്കിയിരിക്കുന്നു. ഷി മാത്രമാണ് ഇനി ചൈന.

പാർട്ടിയോടുള്ള പ്രതികാരം?

അതേസമയം ഷി യുടേത് പാർട്ടിയോടുള്ള പ്രതികാരം ആണെന്ന വിചിത്രമായ ചില വിലയിരുത്തലുകളുമുണ്ട്്. കാരണം അയാളുടെ ബാല്യ കൗമാരങ്ങൾ ദുരിതത്തിലാക്കിയത് സത്യത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി തന്നെയാണ്. അവഗണനയുടെ കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും ഒരു ഭൂതകാലം അയാൾക്കുണ്ട്. ഒരു രാഷ്ട്രീയ കുടുംബം ആയിരുന്നു അദ്ദേഹത്തിന്റെത്. മുൻ ഉപപ്രധാനമന്ത്രിയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാവുമായ ഷി ഷോങ്ഷുനിന്റെ മകനായി 1953 ജൂൺ 15നാണ് ബെയ്ജിങ്ങിലാണ് ജനനം. രണ്ട് സഹോദിമാർക്ക് ഇളയനായിരുന്നു അവൻ. പിതാവ് പാർട്ടി പ്രചാരണ പദ്ധതികളുടെ നേതാവ ഒക്കെ ആയതുകൊണ്ട് രാജകുമാരനെപ്പോലെ ആയിരുന്നു ബാല്യം.

എന്നാൽ പൊടുന്നനെ അതല്ലൊം അട്ടിമറിഞ്ഞു. 1962ൽ മാവോയുടെ സാംസ്‌കാരിക വിപ്ലവം എന്ന ഭ്രാന്തൻ നയത്തിന്റെ ഭാഗമായി പിതാവ് കമ്യുണിസ്റ്റ് പാർട്ടിയിൽനിന്ന് പുറത്തായി. പിന്നാലെ അദ്ദേഹം തടവിലും ആയതോടെ ഷിയുടെ ജീവിതം ദുരിതത്തിലായി. വെറും 15ാം വയസ്സിൽ എല്ലാ സുഖസൗകര്യങ്ങളം ഇട്ടെറിഞ്ഞ് അയാൾ ഗ്രാമങ്ങളിൽ പോയി പണിയെടുക്കേണ്ടി വന്നു. നഗരത്തിലെ സമ്പന്നരെയും സുഖിയന്മാരെയുമെല്ലാം ഗ്രാമങ്ങളിലേക്ക് മാറ്റി മാടിനെപ്പോലെ പണിയെടുപ്പിക്കാനായിരുന്നു മാവോയുടെ തീരുമാനം. ലിയാങ്ങ് ജിയാങ്ങ് ഗ്രാമത്തിലെ ഏഴുവർഷം നീണ്ട തൊഴിലാളി ജീവിതത്തിൽ നിന്നാണ് ഷി പരുവപ്പെട്ടത്. ഈ ജീവിതം കമ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെ തിരിയാനുള്ള മനസ്സാണ് സ്വാഭാവികമായും ഉണ്ടാക്കുക. എന്നാൽ ഷി തിരിച്ച് ചിന്തിച്ചിരിക്കാം എന്നാണ് അദ്ദേഹത്തിന്റെ ജീവതം എഴുതിയവർ പറയുന്നത്. തന്നെ കൗമാരം ദുരിതമയമാക്കിയ ആ പാർട്ടിയുടെ നേതൃത്വത്തിൽ താൻ വരുമെന്ന് അയാൾ തീരുമാനിക്കുന്നു. അങ്ങനെ നിരന്തര പരിശ്രമത്തിന്റെ ഒടുവിൽ 1974ൽ ഷി ജിൻ പിങിനെ കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചു. മുകളിലേക്ക് എത്താൻ അയാൾ ആവതും അധ്വാനിച്ചു.

ഹെയ്ബിയിലെ ലോക്കൽ സെക്രട്ടറി ആയാണ് നേതൃപദവിയുടെ തുടക്കം. പിന്നെ ഷാങ്ങ്ഹായിലെ ജില്ലാ നേതാവായി. അതിനിടെ സിൻഹുവ സർവകാലശാലയിൽനിന്ന് കെമിക്കൽ എഞ്ചീനീയറങ്ങിൽ ബിരുദം എടുത്തു. പതുക്കെ പതുക്കെ ഷി പാർട്ടിയിൽ വളർന്നു. വാക്ചാതുര്യവും കഠിനാധ്വാനവും തികഞ്ഞ വിധേയത്വവും അയാളെ പാർട്ടി പ്രവർത്തകരുടെ കണ്ണിലുണ്ണിയാക്കി. പടി പടിയായി അയാൾ വളർന്നു. 2008 -ൽ അദ്ദേഹം ചൈനയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉന്നത അധികാര സ്ഥാനത്തേക്ക് വരുന്നത്. അധികം വൈകാതെ, 2012 നവംബർ 15 ന് ഷി ജിൻപിങ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നു. ഏഴംഗ പോളിറ്റ് ബ്യൂറോ സ്റ്റാന്റിങ് കമ്മിറ്റിയെ മുന്നിൽ നിന്ന് നയിക്കാൻ അദ്ദേഹം അന്ന് നിയുക്തനാവുന്നു. 2013 മാർച്ച് 14 ന് ഷി ജിൻ പിങിനെ ചൈനീസ് പാർലമെന്റ് ഹു ജിൻ താവോയുടെ പിൻഗാമിയായി, ചൈനയുടെ അടുത്ത പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. അതോടെ നാം ഇന്നുകാണുന്ന ഷി യുഗത്തിന് തുടക്കമായത്.

അഴിമതിവിരുദ്ധ പ്രതിഛായ പൊള്ള

നമ്മുടെ കണ്ണൂർ ലോബിയെപ്പോലെ പുറമെ ശക്തരായ അഴിമതിവിരുദ്ധ പ്രതിഛായ ഉണ്ടാക്കിയെടുത്ത വ്യക്തയാണ ഷി. പക്ഷേ ഷി യുടെ അഴിമതിവേട്ട മുഴുവൻ പാർട്ടിയിലെ വിമതരെ ഒതുക്കാൻ വേണ്ടി ആയിരുന്നെന്ന് ഇപ്പോൾ ഏതാണ്ട് പരസ്യമായ കാര്യമാണ്.

അഴിമതിക്കെതിരെ പോരാടി ജനങ്ങളെ കൈയിലെടുത്ത നേതാവാണ് ഷി. പക്ഷേ കഴിമതി ആരോപിച്ച് പാർട്ടിയിലെ തന്റെ ശത്രുക്കളെ ജയലിൽ ആക്കുക ആയിരുന്നു അക്കാലത്ത് കാര്യമായി നടന്നത്. പ്രസിഡന്റ് ആയി സ്ഥാനമേറ്റെടുത്ത പാടെ ഷി ജിൻപിങ് പ്രഖ്യാപിക്കുന്നത് ഒരു ആന്റി കറപ്ഷൻ ഡ്രൈവ് ആണ്. രാജ്യത്തെ ഭരണ വ്യവസ്ഥ അടിമുടി അഴിമതിയിൽ മുങ്ങികുളിച്ചിരിക്കുകയാണ് എന്നും താൻ അതിനെ വൃത്തിയാക്കി എടുക്കാൻ പോവുന്നു എന്നുമായിരുന്നു ഷി യുടെ പ്രഖ്യാപനം. 'ടൈഗേഴ്‌സ് ആൻഡ് ഫ്‌ളൈസ്' എന്ന പേരിൽ നടന്ന ആന്റി കറപ്ഷൻ സ്വീപ്പിൽ, ആദ്യ അഞ്ചു വർഷത്തിനുള്ളിൽ മാത്രം ഏതാണ്ട് 13 ലക്ഷത്തോളം അഴിമതിക്കാരായ ഉദ്യോഗസ്ഥരെയാണ് ഷി ജിൻപിങ് അന്ന് പിടികൂടി വിചാരണ ചെയ്തു തുറുങ്കിൽ അടച്ചത്.

അന്ന് തുറുങ്കിൽ അടക്കപ്പെട്ട ആ ഒരു ലക്ഷത്തിന്റെ കൂടെ തന്റെ പ്രധാനപ്പെട്ട രാഷ്ട്രീയ എതിരാളികളെ പലരെയും ഷി രാഷ്ട്രീയത്തിൽ നിന്ന് എക്സിറ്റ് പാസ് അടിച്ച് എന്നെന്നേക്കുമായി പറഞ്ഞു വിടുന്നു. ഭാഗ്യവാന്മാർ ഉടനടി കഴുവേറ്റപ്പെടുന്നു. ദുർഭാഗ്യവാന്മാർ തടവറകളിൽ കിടന്ന് നരകിച്ച് മറിക്കാൻ വിധിക്കപ്പെടുന്നു. ഇങ്ങനെ ഒരു സുപ്രഭാതത്തിൽ പൊതുജീവിതത്തിൽ നിന്ന് നിഷ്‌കാസിതരായവരിൽ പാർട്ടി സ്റ്റാന്റിങ് കമ്മിറ്റി അംഗവും ആഭ്യന്തര സുരക്ഷാ സമിതി മേധാവിയുമായ സൗ യോങ് കാങ് ചൈനീസ് കമ്യൂണിസ്റ്റു പാർട്ടി പോളിറ്റ് ബ്യൂറോ അംഗവും ചോങ് ക്വിങ്ങിലേ, പാർട്ടി സെക്രട്ടറിയുമായ ബോ ക്സി ലായി, , സെൻട്രൽ മിലിട്ടറി കമ്മീഷൻ വൈസ് ചെയർമാൻ ക്സു കൈഹൗ എന്നിങ്ങനെ ഷി ജിൻ പിങ് ങിന്റെ പ്രധാന ശത്രുക്കൾ മിക്കവാറും എല്ലാവരും ഉണ്ടായിരുന്നു.

ചൈനയിലെ അധികാര കൈമാറ്റങ്ങൾക്കു പിന്നാലെ എല്ലാക്കാലത്തും ഇത്തരത്തിലുള്ള പർജിങ്ങുകൾ ഉണ്ടായിട്ടുണ്ട്. ചൈനയിലെ പാർട്ടിയുടെ അച്ചടക്ക സമിതിയായ അച്ചടക്ക സമിതിയുടെ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് അടുത്തിടെ ബിബിസി റിപ്പോർട്ട് ചെയ്തത്, 1949 നും 2012 നും ഇടക്ക് മാവോ മുതൽ ഹു ജിൻ താവോ വരെയുള്ള എട്ടു പ്രെസിഡന്റുമാരുടെ കീഴിൽ ആകെ അച്ചടക്ക നടപടികൾക്ക് വിധേയരായ അത്രയും പാർട്ടി സെൻട്രൽ കമ്മിറ്റി അംഗങ്ങൾ 2012 മുതൽ ഇന്നുവരെയുള്ള ഷിജിൻപിങ്ങിന്റെ കീഴിൽ മാത്രം അച്ചടക്ക നടപടികൾക്ക് വിധേയരാക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. വിമർശകരെ നിന്ന നിൽപ്പിൽ കാണാതാവകു ചൈനയിലെ പ്രത്യേകതയാണ്. കേരളം ഒരു കമ്യൂണിസ്റ്റ് രാജ്യം ആയിരുന്നെങ്കിൽ സമാനമായ അവസ്ഥയായിരുന്നു ഇവിടെയും ഉണ്ടാവുക.

19ഓളം കാമുകിമാർ; അഴിമതിക്കാരൻ

ജനാധിപത്യ കേരളത്തിൽ ഒരു മുൻസ്പീക്കറുടെ ഓഫീസിലടക്കം നടന്ന മദ്യസൽക്കാരങ്ങളുടെയും കാമകേളികളുടെ റിപ്പോർട്ട് ഇപ്പോൾ പുറത്താണ്. ആഗോളതലത്തിൽ സെക്ഷ്വൽ ഫസ്ട്രേഷൻ അനുഭവിക്കുന്നവരാണ് കമ്യൂണിസ്റ്റ് നേതാക്കാൾ. മിക്ക ഏകാധിപതികളും തികഞ്ഞ സ്ത്രീലമ്പടന്മാരുമാണ്. ഷി ജിൻ പിങ്ങിന്, വ്ളാദിമിർ പുടിനെപ്പോലെ ലോകം എമ്പാടം കാമുകിമാർ ഉണ്ടെന്നാണ്, പല വിമത ബ്ലോഗർമാരും പറയുന്നത്. ഇവരെ പല അധികാരകേന്ദ്രങ്ങളിലും അയാൾ നിയമിച്ചിട്ടുമുണ്ട്. പക്ഷേ ചൈന ആയതുകൊണ്ട് കൃത്യമായ വിവരങ്ങൾ പുറത്തുവരില്ല. അതുപോലെ ഷീയുടെ മകൾ എവിടെ ആണെന്നുപോലും യാതൊരു വിവരവും ഇല്ല.

1980 കളുടെ തുടക്കത്തിൽ യുകെയിലെ ചൈനയുടെ അംബാസഡറായിരുന്ന കെ ഹുവയുടെ മകൾ കെ ലിങ്ലിംഗുമായി ആയിരുന്നു ഷിയുടെ ആദ്യ വിവാഹം. ഏതാനും വർഷങ്ങൾക്കുള്ളിൽ അവർ വിവാഹമോചനം നേടി. അയാളുടെ ഫാസിസ്റ്റ് സ്വഭാവവുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്നും ഏതാണ്ട് എല്ലാ ദിവസവും ഇരുവരും വഴക്കിടാറുണ്ടെന്നും വിവാഹമോചനത്തിന് ശേഷം അനുവദിച്ച ഒരു അഭിമുഖത്തിൽ ആദ്യ ഭാര്യ പറയുന്നത്. യുകെയിൽ ആയതകൊണ്ട് മാത്രം അവരെ നിന്ന നിൽപ്പിൽ കാണാതെ ആയില്ല.

1987ൽ, പ്രമുഖ ചൈനീസ് ഗായിക പെങ് ലിയുവാനെ ഷി വിവാഹം കഴിച്ചു. പക്ഷേ അവരുടെ വേറിട്ട തൊഴിൽ ജീവിതങ്ങൾ കാരണം ദമ്പതികൾ പലപ്പോഴും വേർപിരിഞ്ഞാണ് താമസിച്ചത്. തന്റെ മുൻഗാമികളെ അപേക്ഷിച്ച് ചൈനയുടെ 'പ്രഥമ വനിത' എന്ന നിലയിൽ പെങിന് വിസിബിലിറ്റി കിട്ടിയിട്ടുണ്ട്. ഉദാഹരണത്തിന്, 2014 മാർച്ചിൽ യു.എസ് പ്രഥമ വനിത മിഷേൽ ഒബാമയുടെ ചൈനാ സന്ദർശന വേളയിൽ പെങ് ആതിഥേയത്വം വഹിച്ചു. ഈ ബന്ധത്തിൽ ഷി മിങ്‌സെ എന്നൊരു മകളുണ്ട്. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ പഠിച്ച ഇവളെക്കുറിച്ച് കാര്യമായ ഒരു വിവരമില്ല. പഠിക്കുന്ന സമയത്തുപോലും അവർ വ്യാജപേരാണ് ഉപയോഗിച്ചത്.

ഷി യുടെ അഴിമതി വിരുദ്ധ പ്രതിഛായ വെറും തട്ടിപ്പാണെന്ന് പ്രമുഖ സാമ്പത്തിക വിശകലന ഗ്രൂപ്പായ ബ്ലൂംബെർഗ് പറയുന്നത്. ഭാര്യാസഹോദരൻ ഡെങ് ജിയാഗുയിയെ ബിനാമിയാക്കിയാണ് ഷി കോടികളുടെ ബിസിനസ് നടത്തുന്നത്. 2012 ജൂണിൽ ബ്ലൂംബെർഗ് ഷി യുടെ കുടുംബത്തിലെ അംഗങ്ങൾക്ക് കാര്യമായ ബിസിനസ്സ് താൽപ്പര്യങ്ങളുണ്ടെന്ന്, റിപ്പോർട്ട് ചെയ്തു. ഈ ലേഖനത്തോടുള്ള പ്രതികരണമായി ബ്ലൂംബെർഗ് വെബ്സൈറ്റ് ചൈനയിൽ തടഞ്ഞു. ഷി ഒരു അഴിമതി വിരുദ്ധ കാമ്പെയ്ൻ ആരംഭിച്ചതിനുശേഷം, അദ്ദേഹത്തിന്റെ കുടുംബത്തിലെ അംഗങ്ങൾ അവരുടെ കോർപ്പറേറ്റ്, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ 2012 മുതൽ വിൽക്കുന്നതായി ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തു. സിസിപിയുടെ പൊളിറ്റ്ബ്യൂറോയിലെ നിലവിലുള്ളതും മുൻ മുതിർന്നതുമായ ഏഴ് നേതാക്കൾ ഉൾപ്പെടെ ഉയർന്ന സ്ഥാനമുള്ള ചൈനീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളുടെ പേരുകൾ പനാമ പേപ്പറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇതിൽ ഷിയുടെ ഭാര്യാസഹോദരൻ ഡെങ് ജിയാഗുയിയും ഉൾപ്പെടുന്നു. ഷി പോളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായിരുന്ന സമയത്ത് ഡെങ്ങിന് ബ്രിട്ടീഷ് വിർജിൻ ഐലൻഡിൽ രണ്ട് ബിനാമി കമ്പനികൾ ഉണ്ടായിരുന്നു, എന്നാൽ 2012 നവംബറിൽ സി സിപിയുടെ ജനറൽ സെക്രട്ടറിയായപ്പോഴേക്കും അവ പ്രവർത്തനരഹിതമായി. പക്ഷേ ഇവ ബിനാമി പേരിൽ ലോകത്തിന്റെ പല ഭാഗത്തായി പ്രവർത്തിക്കുന്നുണ്ട്.

അതായത് ഷി യുടെ അഴിമതി വിരുദ്ധ പ്രതിഛായ ശുദ്ധ തട്ടിപ്പാണെന്ന് ചുരുക്കം. ഇപ്പോൾ താക്കോൽ സ്ഥാനങ്ങളിൽ എല്ലാം തന്റെ ഏറാന്മുളികളെ തിരുകിക്കയറ്റി ഷി പാർട്ടി പിടിച്ചിരിക്കയാണ്. നമ്മുടെ നാട്ടിലേക്ക് വരിക. സർവകലാശാലകൾ തൊട്ട് പിഎസ്‌സിയിൽവരെ ഈ തിരുകക്കയറ്റൽ നടക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു കമ്യൂണിസ്റ്റ് പാർട്ടി പരിപാടിയാണ് ഈ തിരുകിക്കയറ്റൽ! അഴിമതിയുടെ തോതിൽ വ്യത്യാസം ഉണ്ടാവും. എന്നാലും ഷാങ്ങ്ഹായ് ഗ്യാങ്ങിന് സമാനമായ ഒരു ലോബി കേരളത്തിലുമുണ്ട്. അടുത്തകാലത്ത് വന്ന ഒരോ വിവാദങ്ങളും അത് സൂചിപ്പിക്കുന്നു.

പക്ഷേ ചൈനയിൽ ജനാധിപത്യത്തിനായി വാദിക്കുന്ന ഒരു വലിയ വിഭാഗം ഉണ്ടെന്നതും പ്രതീക്ഷ നൽകുന്നുണ്ട്. അടുത്തകാലത്തായി ചൈനയിലെ റിയൽ എസ്റ്റേററ്റ് കമ്പനികൾ തകർന്നപ്പോൾ, ജനം തെരുവിൽ ഇറങ്ങിയിരുന്നു. ടിയാനമെൻ സ്‌ക്വയർ സംഭവത്തിനുശേഷം ചരിത്രത്തിൽ ആദ്യമായാണ്, ചൈനയിൽ ആൾക്കൂട്ടത്തെ ഒതുക്കാൻ ടാങ്കുകൾ ഇറക്കേണ്ടി വന്നത്. ചിന്തിക്കുന്ന, അഭിപ്രായ സ്വതന്ത്ര്യത്തിൽ വിശ്വസിക്കുന്ന ഒരു പുതിയ തലമുറ ചൈനയിൽ ഉയർന്നുവരുന്നുണ്ട്്. അവരെ ഷി ജിൻ പിങ് എന്ന കോട്ടിട്ട ക്രൂരൻ ശരിക്കും ഭയക്കുന്നുണ്ട്.

ഇനി ചൈനയുടെ ചക്രവർത്തി

ചൈനയെന്നാൽ ഷീ ജിൻപിങ്ങാണെന്ന് ഉറപ്പിക്കുകയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20 ാം പാർട്ടി കോൺഗ്രസ്. ഒരു ഭരണാധികാരിക്ക് രണ്ട് അവസരമെന്ന രണ്ട് പതിറ്റാണ്ടിന്റെ കീഴ്‌വഴക്കം അവസാനിപ്പിച്ച് മൂന്നാം തവണയും പാർട്ടി തലവനാകുന്നു. വിപ്ലവത്തിന് ശേഷം മാവോ സെതൂങ്ങിനും ജിയാങ്ങ് സെമിനും മാത്രമാണ് രണ്ടിൽ കൂടുതൽ തവണ പാർട്ടി തലപത്തെത്താൻ അവസരം ലഭിച്ചത്. ഈ അസാധാരണ അംഗീകാരമാണ് ഷീ ജിൻപിങ്ങ് പിടിച്ചെടുക്കുന്നത്.

ഏറ്റവും വലിയ അധികാര സമിതിയായ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റി ഷി ഗ്യാങ്ങാണ്. പ്രായം പറഞ്ഞ് ജൂനിയേഴ്സിനെ വരെ വെട്ടിനിരത്തിയപ്പോൾ 69 കാരൻ ഷീക്ക് മാത്രം ഇതൊന്നും ബാധകമായില്ല. സി പി എം പോളിറ്റ് ബ്യൂറോയിൽ പിണറായിക്ക് കിട്ടിയ ഇളവാണ് ലോക കമ്യൂണിസത്തിൽ തന്നെ ഒരു താരതമ്യം. ഷീയുടെ ഉറ്റ വിശ്വസ്തരാണ് ഇടവും വലവും. ഒന്ന് ചൈനീസ് പ്രസിഡന്റിന്റെ ധൈഷണിക കേന്ദ്രമായ വാൻ ഹ്യൂങ്ങിങ്ങ്. രണ്ടാമൻ ഷീയുടെ അമിത് ഷാ എന്ന് വിശേഷിപ്പിക്കാവുന്ന അച്ചടക്ക സമിതി ചെയർമാൻ ഷാവോ ലെജി. ചൈനയിലെ ഒൻപതര കോടി പാർട്ടി അംഗങ്ങളിൽ നിന്നും അരിച്ച് അരിച്ച് അരിച്ച് തെരഞ്ഞെടുത്ത 2296 പാർട്ടി കോൺഗ്രസ് പ്രതിനിധികളാണ് ഷീയെ സർവാധികാരിയാക്കുന്നത്. ഷീക്ക് വേണ്ടി കയ്യടിക്കാനുള്ള സദസായി ഇവർ ചുരുങ്ങി.

പാർട്ടി ജനറൽ സെക്രട്ടറി, ചൈനീസ് പ്രസിഡന്റ്, സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാൻ. പാർട്ടിയും, രാജ്യവും, സൈന്യവും എല്ലാം കൈപിടിയിൽ. പുതിയ ഒരു സ്ഥാനം കൂടി ഷീയെ തേടിയെത്തുമോ എന്നതും ബീജിങ്ങിലെ കൗതുകം. അത് മാവോക്ക് മാത്രം പാർട്ടി ചാർത്തിക്കൊടുത്ത ചെയർമാൻ പദവിയാണ്. ഇത് കൂടി വന്നാൽ മൂന്ന് ടേമല്ല ആഗ്രഹിക്കുന്ന നാൾ വരെയും ഷീയാകും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്ത്. ഇന്ത്യയെ സംബന്ധിച്ചും നിരാശാജനമാണ് ഈ വാർത്ത. കാരണം അപ്പുറത്ത് ഒരു സൂപ്പർ ഫാസിസ്റ്റ് നിൽക്കുന്നത് ജനാധിപത്യരാജ്യമായ ഇന്ത്യക്ക് എല്ലാ അർത്ഥത്തിലും ഭീഷണി തന്നെയാണ്. അതോടോപ്പം കേരളം അടക്കമുള്ള അവശേഷിക്കുന്ന കമ്യൂണിസ്റ്റ് തുരുത്തുകൾക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ ഷി അനുഭവം.

വാൽക്കഷ്ണം: ചൈനയിലെ പള്ളിക്കൂടങ്ങളിലും യൂണിവേഴ്സിറ്റികളിലും ഇപ്പോൾ 'ഷീ ചിന്തകൾ' പാഠ്യവിഷയമാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായതുകൊുണ്ടും, കേരളം അതിന്റെ ഭാഗമായതുകൊണ്ടും, നമ്മുടെ കുട്ടികൾക്ക് പിണറായിസം പഠിക്കേണ്ടി വരില്ല എന്ന് വെക്കാം! 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP