Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രൊഫസർമാരുടെ പട്ടിക മുൻകൂട്ടി വാങ്ങിയത് എല്ലാം ആസൂത്രിതമെന്ന തോന്നലുണ്ടാക്കുന്നു; വിധി വരും മുമ്പേ എന്തിന് ആ പട്ടിക വാങ്ങി? മുഖ്യമന്ത്രിയുടെ ഈ ചോദ്യം ചെന്നു കൊള്ളുന്നത് സുപ്രീംകോടതിയുടെ വിശ്വാസ്യതയുടെ നെഞ്ചത്ത്; പ്രതിപക്ഷത്തെ കുറ്റം പറയുമ്പോഴും ലീഗിന് കൈയടി; സംഘപരിവാർ അജണ്ട ഉയർത്തുന്നതിലും രാഷ്ട്രീയം; ഗവർണ്ണറെ പരിഹസിച്ച് മുഖ്യമന്ത്രി ചർച്ചയാക്കുന്നത്

പ്രൊഫസർമാരുടെ പട്ടിക മുൻകൂട്ടി വാങ്ങിയത് എല്ലാം ആസൂത്രിതമെന്ന തോന്നലുണ്ടാക്കുന്നു; വിധി വരും മുമ്പേ എന്തിന് ആ പട്ടിക വാങ്ങി? മുഖ്യമന്ത്രിയുടെ ഈ ചോദ്യം ചെന്നു കൊള്ളുന്നത് സുപ്രീംകോടതിയുടെ വിശ്വാസ്യതയുടെ നെഞ്ചത്ത്; പ്രതിപക്ഷത്തെ കുറ്റം പറയുമ്പോഴും ലീഗിന് കൈയടി; സംഘപരിവാർ അജണ്ട ഉയർത്തുന്നതിലും രാഷ്ട്രീയം; ഗവർണ്ണറെ പരിഹസിച്ച് മുഖ്യമന്ത്രി ചർച്ചയാക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്ട്: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സംശയത്തിൽ നിർത്തുന്നത് സുപ്രീംകോടതിയേയോ? സാങ്കേതിക സർവ്വകലാശാലയിലെ വൈസ് ചാൻസലറെ പുറത്താക്കിയ വിധിയാണ് ഗവർണ്ണർ ആയുധമാക്കുന്നത്. ഇതിന് പിന്നാലെയാണ് ഒൻപത് വിസിമാരോട് രാജിവയ്ക്കാൻ ഗവർണ്ണർ നിർദ്ദേശിച്ചത്. ഇതെല്ലാം സംഘപരിവാറുകാരെ തിരുകി കയറ്റാനാണെന്ന് പിണറായി പറയാതെ പറഞ്ഞു.

ഗവർണ്ണറെ പിന്തുണയ്ക്കുന്ന പ്രതിപക്ഷം ആർ എസ് എസിന്റെ നയങ്ങൾക്ക് കൂട്ടു നിൽക്കുകയാണെന്നും ആരോപിച്ചു. എന്നാൽ മുസ്ലിം ലീഗ് ഇക്കാര്യം മനസിലാക്കിയിട്ടുണ്ടെന്നും പറഞ്ഞു. ലീഗിനെ സർക്കാരിനോട് അടുപ്പിച്ച് പ്രതിപക്ഷത്തെ ദുർബ്ബലപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ആർഎസ്എസ് അജണ്ടയാണ് ഗവർണ്ണറുടേതെന്ന് പറഞ്ഞ് കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയം അനുകൂലമാക്കാനും മുഖ്യമന്ത്രി ശ്രമിക്കുകയാണ്.

ഈ വാർത്താ സമ്മേളനത്തിനിടെയാണ് ചില സംശയങ്ങൾ മുഖ്യമന്ത്രി ഉയർത്തിയത്. കേരളാ വൈസ് ചാൻസലറുടെ നിയമനവുമായി ബന്ധപ്പെട്ട സെർച്ച് കമ്മറ്റി രൂപീകരിക്കാത്തത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ എല്ലാ സർവ്വകലാശാലകളുടേയും മുതിർന്ന പ്രൊഫസർമാരുടെ പട്ടിക ഗവർണ്ണർ സർക്കാരിൽ നിന്ന് വാങ്ങിയിരുന്നു. ഇതിലാണ് ചില സംശയങ്ങൾ മുഖ്യമന്ത്രി ഉന്നയിക്കുന്നത്. എന്തിന് ആ ലിസ്റ്റ് ഗവർണ്ണർ വാങ്ങിയെന്നാണ് മുഖ്യമന്ത്രി ഉയർത്തുന്ന ചോദ്യം. അന്ന് വിധി വന്നിട്ടില്ല. പിന്നെ എന്തിന് ലിസ്റ്റ് വാങ്ങി. മുന്നൊരുക്കങ്ങൾ നടന്നു. പെട്ടെന്നൊരു നീക്കമായി കാണാനായില്ല. നേരത്തെ ആലോചനകൾ നടന്നു. ആസൂത്രിതമാണ് എല്ലാം-മുഖ്യമന്ത്രി പറയുന്നു. ഈ വാക്കുകളാണ് വ്യാഖ്യാനങ്ങൾക്ക് വഴിവയ്ക്കുന്നത്.

സുപ്രീംകോടതി വിധിയുടെ കാര്യം ഗവർണ്ണർ മുൻകൂട്ടി അറിഞ്ഞെന്നോ വിധിയിൽ അട്ടിമറികളുണ്ടായോ എന്നോ മുഖ്യമന്ത്രി പറയുന്നില്ല. എന്നാൽ വാർത്താ സമ്മേളനത്തിലെ വാക്കുകളിൽ സുപ്രീംകോടതി വിധിയെ പ്രതിക്കൂട്ടിലാക്കുന്ന പലതുമുണ്ട് എന്നതാണ് വസ്തുത. എന്നാൽ തന്ത്രപരമായി സുപ്രീംകോടതിയെ പരസ്യമായി വിവാദത്തിലേക്ക് വലിച്ചെഴച്ചതുമില്ല മുഖ്യമന്ത്രി.

മറ്റൊരു വെളിപ്പെടുത്തലും പിണറായി നടത്തി. സർവ്വകലാശാലകളിലെ തന്റെ ഇടപെടലുകൾ ക്രമസമാധാന പ്രശ്‌നമാകുമെന്നും അതുകൊണ്ട് സർവ്വകലാശാലകൾക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന് ഡിജിപിയോട് ഗവർണ്ണർ കത്തെഴുതിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. ഇങ്ങനെ ഡിജിപിക്ക് കത്തെഴുതാനുള്ള അധികാരമോ അവകാശമോ ഗവർണ്ണർക്കില്ല. സംസ്ഥാന സർക്കാരിന്റെ അധികാരങ്ങളിലേക്ക് ഗവർണ്ണർ കൈകടത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ രണ്ട് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കാൻ നോട്ടീസ് നൽകിയേക്കും. ഡിജിറ്റൽ സർവകലാശാല, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി വിസിമാർക്ക് കൂടിയാണ് നോട്ടീസ് നൽകുക. അതേസമയം രാജിവെക്കില്ലെന്ന നിലപാട് എടുത്ത് എംജി സർവകലാശാല വിസി രംഗത്ത് വന്നിട്ടുണ്ട്. ഗവർണർക്കെതിരെ നിയമപരമായി നീങ്ങാനാണ് നോട്ടീസ് ലഭിച്ച ഒൻപത് വിസിമാരുടേയും തീരുമാനം. സംസ്ഥാന സർക്കാർ കക്ഷിയല്ലാത്തതിനാൽ സ്വന്തം നിലയ്ക്കാവും വിസിമാർ കോടതിയെ സമീപിക്കുക. നിയമ വിദഗ്ധരുമായി ഇവർ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഇതിനിടെയാണ് രൂക്ഷ വിമർശനം ഗവർണ്ണർക്കെതിരെ ഉന്നയിച്ച് മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയത്. സംസ്ഥാനത്തെ സർവകലാശാലകളെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. അദ്ദേഹത്തിന്റെ ലോജിക് അനുസരിച്ച്, നിയമം ലംഘിച്ചാണ് വിസിമാരെ നിയമിച്ചതെങ്കിൽ നിയമനം നടത്തിയ ഗവർണറാണ് രാജിവെക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദീപാവലി ആശംസകൾ നേർന്നാണ് മുഖ്യമന്ത്രി പത്ര സമ്മേളനം ആരംഭിച്ചത്. ഒരു പ്രത്യേക സാഹചര്യത്തിലാണ് ഇത്തരമൊരു പത്രസമ്മേളനം നടത്തേണ്ടി വന്നതെന്നും മുഖ്യമന്ത്രി ആമുഖമായി പറഞ്ഞു. പത്തരയ്ക്ക് തുടങ്ങിയ പത്രസമ്മേളനം പതിനൊന്ന് പതിനാറ് വരെ പ്രസ്താവന വായിക്കലിൽ തുടർന്നു. അതിന് ശേഷം ചോദ്യങ്ങൾക്കും മറുപടി പറഞ്ഞു. നിയമവ്യവസ്ഥയ്ക്ക് വിധേയമല്ല കാര്യങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറു മിനിറ്റ് മാത്രമാണ് ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്.

'കേരളത്തിൽ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുകയാണ്. അതിലൂടെ നിയമവും നീതിയും നിഷ്‌കർഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങൾ ചാൻസലർ കൂടിയായ ഗവർണർ മറക്കുകയാണ്. അതിന്റെ ഭാഗമായാണ് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്. ഇതിനർത്ഥം ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ചാൻസർ പദവി ദുരുപയോഗം ചെയ്തിരിക്കുന്നുവെന്നാണ്.

അത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്നതുമാണ്. ജനാധിപത്യപരമായി തിരഞ്ഞെടുത്ത സർക്കാരിന്റെയും അക്കാദമികപരമായി സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കേണ്ട സർവകലാശാലകളുടേയും അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. ജനാധിപത്യത്തെ മാനിക്കുന്ന ആർക്കും ഇത്തരത്തിലുള്ള അമിതാധികാര പ്രവണത അംഗീകരിച്ചുകൊടുക്കാനാകില്ല. ഗവർണർ പദവി സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലുമാക്കാനല്ല. ആ പദവി സർക്കാരിനെതിരായ നീക്കം നടത്താനുമുള്ളതല്ല.

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ മറപിടിച്ചാണ് ഒമ്പത് വിസിമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവർണർ സംഘപരിവാറിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. അക്കാദമിക് മികവിന്റെ ഉയരങ്ങളിലേക്ക് നമ്മുടെ സർവകലാശാലകൾ ഉയരുകയാണ്. അതിനെതിരെ നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ് ഗവർണർ നടത്തുന്നത്.

രാഷ്ട്രീയ ലക്ഷ്യമല്ലാതെ മറ്റെന്താണ് ഇതിന് പിന്നിലുള്ളത്? യുജിസി ചട്ടങ്ങൾ പാലിക്കാതെയാണ് വിസി നിയമനം നടന്നത് എന്നാണ് ഗവർണർ പറയുന്നത്. ഒമ്പത് സർവകലാശാലകളിലും ഗവർണറാണ് നിയമന അധികാരി. വി സി നിയമനങ്ങൾ ചട്ടിവിരുദ്ധമായാണ് നടന്നതെങ്കിൽ, അതിന്റെ പ്രാഥമിക ഉത്തരവാദിത്വം ഗവർണർക്ക് തന്നെയല്ലേ? അപ്പോൾ അദ്ദേഹത്തിന്റെ തന്നെ ലോജിക് പ്രകാരം, പദവിയിൽ നിന്നൊഴിയേണ്ടത് വിസിമാരാണോ എന്നത് ആലോചിക്കേണ്ടത് നല്ലതാണ്', മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർക്ക് അക്കാദമിക് പദവിയില്ല എന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. നടപടിക്രമങ്ങൾ സംബന്ധിച്ച പ്രശ്നമാണ് ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതിയിലെ തർക്കവിഷയമല്ല സുപ്രീംകോടതി പരിഗണിച്ചത്. ആ വിധിയിൽ പുനഃപരിശോധന ഹർജി നൽകാൻ ഇനിയും അവസരമുണ്ട്. എന്നാൽ ഇതിനെ സംസ്ഥാനത്തെ സർവകലാശാലകളുടെ ഭരണത്തെ മുഴുവൻ അലോസരപ്പെടുത്താൻ ചാൻസർ ഉപയോഗിക്കുകയാണ്. ഈ ഇടപെടലിൽ സ്വാഭാവികനീതിയുടെ ലംഘനം കാണുന്നു. വിസിമാരുടെ വാദം പോലും കേൾക്കാതെയാണ് ചാൻസലറുടെ ഭാഗത്തുനിന്ന് ഏകപക്ഷീയ നീക്കമുണ്ടാകുന്നത്.

സെർച്ച് കമ്മിറ്റുകളിലെ അംഗങ്ങളുടെ എണ്ണം, അവർനൽകുന്ന പാനലുകളുടെ എണ്ണം എന്നിവയൊക്കെ അതാത് സർവകലാശാകളുടെ സ്റ്റാറ്റിയൂട്ടിൽ പറയുന്നതനുസരിച്ചാണ്. ഇത് ഇവിടെ മാത്രമല്ല, രാജ്യത്തെല്ലായിടത്തും ഇങ്ങനെയാണ് നടക്കുന്നത്. പല സംസ്ഥാനങ്ങളിലും സർക്കാർ പ്രതിനിധികൾ നിമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലോ സെലക്ട് കമ്മിറ്റിയിലോ ഉണ്ടാകാറുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP