Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സാങ്കേതിക സർവ്വകലാശാലയിലെ സുപ്രീംകോടതി വിധി അറിഞ്ഞില്ലേ എന്ന് ചോദിച്ചത് പിണറായി സർക്കാർ; രാജശ്രീയെ മാറ്റണമെന്ന ശുപാർശ നൽകിയത് ശനിയാഴ്ച; പുനപരിശോധനാ ഹർജി നൽകാതെ ഉത്തരവിറക്കി വിധി അംഗീകരിച്ചത് മണ്ടൻ തീരുമാനം; വിസിമാരോട് രാജി ചോദിക്കാൻ കാരണം പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഈ നിർദ്ദേശം; ഇഷിതാ റോയിയുടെ ആ കത്ത് മറുനാടൻ പുറത്തു വിടുന്നു

സാങ്കേതിക സർവ്വകലാശാലയിലെ സുപ്രീംകോടതി വിധി അറിഞ്ഞില്ലേ എന്ന് ചോദിച്ചത് പിണറായി സർക്കാർ; രാജശ്രീയെ മാറ്റണമെന്ന ശുപാർശ നൽകിയത് ശനിയാഴ്ച; പുനപരിശോധനാ ഹർജി നൽകാതെ ഉത്തരവിറക്കി വിധി അംഗീകരിച്ചത് മണ്ടൻ തീരുമാനം; വിസിമാരോട് രാജി ചോദിക്കാൻ കാരണം പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഈ നിർദ്ദേശം; ഇഷിതാ റോയിയുടെ ആ കത്ത് മറുനാടൻ പുറത്തു വിടുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ വൈസ് ചാൻസലർമാർക്ക് വിനയായത് പിണറായി സർക്കാരിന്റെ മണ്ടൻ തീരുമാനം. യുജിസി ചട്ടപ്രകാരം മൂന്നു മുതൽ അഞ്ചുവരെ പേരുകളുള്ള പാനലിൽ നിന്നല്ല നിയമനം നടത്തിയതെന്ന് കണ്ടെത്തി സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ ഡോ.എം.എസ് രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതോടെ, കേരളത്തിലെ വൈസ്ചാൻസലർ നിയമനങ്ങളിലെ അപാകതകൾ തിരുത്താനുള്ള അവസരം ഗവർണർക്ക് ലഭിക്കുകയാണ്. ഇതിന് വഴിവച്ചത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാണ്. ഗവർണ്ണറുടെ സെക്രട്ടറിക്ക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എഴുതിയ കത്ത്. സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറെ പുറത്താക്കുന്ന സുപ്രീംകോടതി ഉത്തരവ് അംഗീകരിച്ചുവെന്നായിരുന്നു രാജ്ഭവനെ സർക്കാർ അറിയിച്ചത്. ഇതോടെയാണ് മറ്റ് എട്ട് വിസിമാർക്കെതിരേയും ഗവർണ്ണർ നടപടി എടുത്തത്.

21നുള്ള സുപ്രീംകോടതി വിധി പ്രകാരം രാജശ്രീയെ പുറത്താക്കിയ കാര്യവും പകരം ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വിസിയായ സജി ഗോപിനാഥിന് ഈ പദവി നൽകണമെന്ന ശുപാർശയാണ് ഗവർണ്ണറുടെ സെക്രട്ടറിക്ക് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മതിയായ വിജ്ഞാപനം ഇറക്കാനും നിർദ്ദേശിച്ചു. സാങ്കേതിക സർവ്വകലാശാലയിലെ വിധിയ്‌ക്കെതിരെ സുപ്രീംകോടതിയിൽ പുനപരിശോധനാ ഹർജി നൽകുമെന്ന സൂചനകൾ സംസ്ഥാന സർക്കാർ നൽകിയിരുന്നു. അതാണ് വേണ്ടിയിരുന്നത്. എന്നാൽ പുനപരിശോധനാ ഹർജി നൽകാതെ വിധിയെ അംഗീകരിക്കുന്നുവെന്ന് ഗവർണ്ണറെ അറിയിച്ചതോടെ സർക്കാർ വിധിക്കൊപ്പമാണെന്ന വിലയിരുത്തൽ വന്നു. ഇതോടെ ഗവർണ്ണർക്ക് വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള ആയുധവും കിട്ടി. സുപ്രീംകോടതി വിധിയുടെ ലംഘനമായിരുന്നു കേരളത്തിലെ 9 സർവ്വകലാശാലകളിലേയും വിസി മാരുടെ നിയമനം എന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാണ്.

ഭരണഘടനയുടെ 141ാം വകുപ്പുപ്രകാരം, സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമം രാജ്യത്തെ എല്ലാ കോടതികൾക്കും സർക്കാരുകൾക്കും ബാധകമാണ്. ഇന്ത്യയിലെ എല്ലാ സിവിൽ, ജുഡീഷ്യൽ അധികാരികൾക്കും സുപ്രീം കോടതിയെ സഹായിക്കാൻ ബാധ്യതയുണ്ട്. കേരളവും ഇന്ത്യയുടെ ഭാഗമായതിനാൽ ഇപ്പോഴത്തെ സുപ്രീംകോടതി ഉത്തരവ് എല്ലാ സർവകലാശാലകളിലും നടപ്പാക്കിയേ പറ്റൂ. ഇതിനെ മറികടക്കാൻ പുനപരിശോധനാ ഹർജി നൽകണമായിരുന്നു. അതിൽ തീരുമാനം വരും വരെ സ്‌റ്റേയും ചോദിക്കാമായിരുന്നു. പക്ഷേ ഇതിനൊന്നും ശ്രമിക്കാതെ സാങ്കേതിക സർവ്വകലാശാലയിലെ വിധി അംഗീകരിച്ചുവെന്ന് ഗവർണ്ണറെ അറിയിക്കുകയാണ് സർക്കാർ ചെയ്തത്. ഇതാണ് ഗവർണ്ണർക്ക് നടപടികളിലേക്ക് കടക്കാനുള്ള ആയുധം നൽകിയത്. സുപ്രീംകോടതി വിധി സർക്കാർ അംഗീകരിച്ചുവെന്ന വാദം ചൂണ്ടിക്കാട്ടിയാണ് മറ്റ് വിസിമാരോടും രാജിവയ്ക്കാൻ ഗവർണ്ണർ നിർദ്ദേശിച്ചത്.

വിവിധ വി സിമാരുടെ നിയമനം സംബന്ധിച്ച് കോടതികളിലുള്ള കേസുകളിൽ ഗവർണർ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയുള്ള നിലപാട് സ്വീകരിച്ചാലും എല്ലാവർക്കും അയോഗ്യതയാവും. അതിന് മുതിരാതെ സർക്കാർ കത്ത് കിട്ടിയ അടിസ്ഥാനത്തിൽ നടപടികളിലേക്ക് നേരിട്ട് കടക്കുകയായിരുന്നു രാജ്ഭവൻ. യുജിസി ചട്ടമനുസരിച്ച് വിസി നിയമനത്തിനായി മൂന്നിൽ കുറയാതെ പേരുകളുള്ള പാനലാണ് സെർച്ച് കമ്മി?റ്റി ചാൻസലർക്കു നൽകേണ്ടത്. സാങ്കേതിക സർവകലാശാലയിലെ വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരണം പോലും യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായിരുന്നു. അക്കാഡമിക് വിദഗ്ദ്ധനല്ലാത്ത ചീഫ്‌സെക്രട്ടറിയെ ഒഴിവാക്കുകയും നിർബന്ധമായും ഉണ്ടാവേണ്ട യുജിസി പ്രതിനിധിയെ ഒഴിവാക്കുകയും ചെയ്തുവെന്ന് സുപ്രീംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യം മനസ്സിലാക്കിയാണ് ഗവർണ്ണർ ഇടപെടൽ നടത്തിയത്.

2010 ലെ യുജിസി ചട്ടം കേരളം അനുവർത്തിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് 2013 ൽ വന്ന ചട്ടഭേദഗതി പ്രത്യേകമായി അനുവർത്തിച്ചിട്ടില്ലെന്നതിനാൽ അതു ബാധകമല്ലെന്ന സംസ്ഥാനത്തിന്റെ വാദം അംഗീകരിക്കാനാവില്ല. സംസ്ഥാന നിയമവും കേന്ദ്ര നിയമവും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ കേന്ദ്ര നിയമമാകും ബാധകമെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് യുജിസി ചട്ടമാണ് ബാധകം. യുജിസി. ചട്ടങ്ങൾക്ക് വിരുദ്ധമായി രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയുടെ ഏതു നിയമനത്തിനും സാധുതയില്ല. യുജിസി. ചട്ടങ്ങൾക്ക് വിരുദ്ധമായ സംസ്ഥാന നിയമത്തിന് നിലനിൽപ്പില്ല-ഇതാണ് സുപ്രീംകോടതി വിധിയുടെ കാതൽ. ഇതനുസരിച്ച് തന്നെയാണ് ഗവർണ്ണറുടെ നടപടികൾ. ഇതിന് കരുത്ത് പകരുന്നതാണ് സംസ്ഥാന സർക്കാർ രാജ്ഭവന് കൈമാറിയ ഉത്തരവും.

യുജിസി ചട്ടപ്രകാരം മൂന്നു മുതൽ അഞ്ചുവരെ പേരുകളുള്ള പാനലിൽ നിന്നല്ല നിയമനം നടത്തിയതെന്ന് കണ്ടെത്തി സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ ഡോ.എം.എസ് രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതോടെ, കേരളത്തിലെ വൈസ്ചാൻസലർ നിയമനങ്ങളിലെ അപാകതകൾ പുതിയ തലത്തിൽ ചർച്ചയാവുകയാണ്. യുജിസി മാനദണ്ഡപ്രകാരമല്ലാത്ത എല്ലാ വിസി നിയമനങ്ങളും റദ്ദാകുമെന്ന സുപ്രീം കോടതി വിധിയിലെ പ്രസ്താവന സർക്കാരിനെ കുഴയ്ക്കുന്നുണ്ട്.

എം.എസ്.രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ചായിരുന്നു ഗവർണറുടെ ഉത്തരവ്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം സർവകലാശാലകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്), എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല എന്നിവയിലെ വിസിമാർക്കാണ് രാജ്ഭവൻ അടിയന്തര നിർദ്ദേശം നൽകിയത്. സാങ്കേതിക സർവകലാശാലയ്ക്കു പുറമേ 5 സർവകലാശാലകളിലെ വിസിമാരെയും നിയമിച്ചത് പാനൽ ഇല്ലാതെയാണ്.

മറ്റുള്ളവരുടെ നിയമനത്തിന് പാനൽ ഉണ്ടായിരുന്നെങ്കിലും സേർച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ദ്ധർ മാത്രമേ പാടുള്ളൂ എന്ന നിബന്ധന ലംഘിക്കപ്പെട്ടതായി ഗവർണറുടെ ഉത്തരവിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP