Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'രാജി സമർപ്പിക്കില്ല, പിരിച്ചു വിടട്ടെ'; ബാക്കി നടപടികൾ അപ്പോൾ തീരുമാനിക്കാമെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രൻ; പ്രതികരിക്കാതെ മറ്റ് വി സിമാർ; ഗവർണറുടെ അന്ത്യശാസനം തള്ളാൻ വിസിമാരോട് ആവശ്യപ്പെടും; നിയമപരമായി നേരിടാൻ സർക്കാർ; ഗവർണറുടെ അടുത്ത നീക്കം നിർണായകം

'രാജി സമർപ്പിക്കില്ല, പിരിച്ചു വിടട്ടെ'; ബാക്കി നടപടികൾ അപ്പോൾ തീരുമാനിക്കാമെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രൻ;  പ്രതികരിക്കാതെ മറ്റ് വി സിമാർ; ഗവർണറുടെ അന്ത്യശാസനം തള്ളാൻ വിസിമാരോട് ആവശ്യപ്പെടും; നിയമപരമായി നേരിടാൻ സർക്കാർ; ഗവർണറുടെ അടുത്ത നീക്കം നിർണായകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ഒൻപത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർ തിങ്കളാഴ്ച രാവിലെ 11.30നകം രാജി വയ്ക്കണമെന്ന ഗവണറുടെ അന്ത്യശാസനത്തെ നിയമപരമായി നേരിടാൻ ഒരുങ്ങി സർക്കാർ. ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് നീക്കം.

സർക്കാരുമായുള്ള പോര് കടുപ്പിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒൻപത് സർവകലാശാലകളിലെ വിസിമാരോട് രാജി സമർപ്പിക്കാൻ നിർദ്ദേശം നൽകിയത്. യുജിസി ചട്ടം പാലിക്കാത്തതിന്റെ പേരിൽ സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് ഗവർണറുടെ അസാധാരണ നടപടി.

കേരള സർവകലാശാല, എംജി സർവകലാശാല, കൊച്ചി സർവകലാശാല, ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, സാങ്കേതിക സർവകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

ഗവർണറുടെ നടപടി കോടതിയിൽ നേരുന്നത് സംബന്ധിച്ച് ഭരണഘടനാ വിദഗ്ധരുമായി സർക്കാർ വൃത്തങ്ങൾ കൂടിയാലോചന തുടങ്ങി. രാജി വയ്‌ക്കേണ്ടെന്ന് വിസിമാർക്ക് സർക്കാർ നിർദ്ദേശം നൽകും. അതേസമയം വിസിമാർ അന്ത്യശാസനം തള്ളിയാൽ ഗവർണറുടെ അടുത്ത നടപടി നിർണായകമാണ്.

വിസിമാരെ പുറത്താക്കി, സർവകലാശാലകളിലെ സീനിയർ പ്രൊഫസർമാർക്ക് ചുമതല നൽകുക എന്ന കടുത്ത നടപടിയിലേക്ക് ഗവർണർ കടക്കുമോ എന്നതാണ് അറിയേണ്ടത്. എല്ലാ സർവകലാശാലകളിലെയും സീനിയർ പ്രൊഫസർമാരുടെ പട്ടിക ഗവർണർ അടുത്തിടെ ശേഖരിച്ചിരുന്നു.

അതേ സമയം സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല സർക്കാർ ഡിജിറ്റൽ സർവകലാശാല വിസിക്ക് കൈമാറി. സുപ്രീംകോടതി സാങ്കേതിക സർവകലാശാല വിസിയുടെ നിയമനം റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി.

എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം അറിഞ്ഞിട്ടുണ്ടെന്നും രാജി സമർപ്പിക്കില്ലെന്നും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പ്രതികരിച്ചു. സാമ്പത്തിക ക്രമക്കേട്, മോശം പെരുമാറ്റം എന്നീ രണ്ട് കാര്യങ്ങളിലാണ് വി സിയുടെ രാജി ആവ്യപ്പെടാൻ സാധിക്കുക. ഇത് രണ്ടും ഉണ്ടായിട്ടില്ല. പിരിച്ചു വിടുന്നെങ്കിൽ പിരിച്ചു വിടട്ടെ, ബാക്കിയുള്ള നടപടികൾ അപ്പോൾ തീരുമാനിക്കാം - അദ്ദേഹം പ്രതികരിച്ചു.

കണ്ണൂർ വി സി. നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഒരു കേസ് നിലനിൽക്കുന്നുണ്ട്. അങ്ങനെ ഒരു കേസ് നിലനിൽക്കെ ഇത്തരത്തിൽ വി സിയെ പുറത്താക്കാൻ സാധിക്കുമോ എന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ ഡോ. ഗോപിനാഥ് രവീന്ദ്രൻ ആരാഞ്ഞു.

'വെകുന്നേരമാണ് എഴുത്ത് കിട്ടിയത്. തിങ്കളാഴ്ച രാവിലെ രാജിവെക്കാനാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഞാൻ രാജിവെക്കുന്നില്ല. പിരിച്ചു വിടുന്നെങ്കിൽ വിടട്ടെ, ഞാനായിട്ട് രാജിവെക്കില്ല. ഒരു സംസ്ഥാനത്തിലും ഇത്തരത്തിൽ എല്ലാ വി സിമാരെയും ഇന്ത്യയിൽ ഒരു സംസ്ഥാനത്തും പിരിച്ചു വിട്ടിട്ടില്ല' കണ്ണുർ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

അതേസമയം ഗവർണർ രാജി ആവശ്യപ്പെട്ടതിൽ ഇപ്പോൾ ഒന്നും പ്രതികരിക്കാനില്ലെന്നായിരുന്നു കുസാറ്റ് വി സി. കെ.എം. മധുസുദനൻ മാധ്യമങ്ങളോട് പറഞ്ഞത്.

തിങ്കളാഴ്ച വിരമിക്കുന്ന കേരളസർവകലാശാലാ വി സി. വി.പി മഹാദേവൻപിള്ള ഉൾപ്പെടെ ഒമ്പത് വി സിമാരോടാണ് രാജിവെക്കാൻ ഗവർണർ നിർദേശിച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധി സർവകലാശാല, കുസാറ്റ് (Cochin University of Science and Technology), കണ്ണൂർ യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, എ.പി.ജെ. അബ്ദുൽ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കോഴിക്കോട് സർവകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ സർവകലാശാലകളിലെ വിസിമാരോട് രാജിവെക്കാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP