Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകകപ്പിലെ ആദ്യ മത്സരത്തിൽ പന്തിന് വേണ്ടി പന്ത് തപ്പിതടയുമോ എന്ന ആശങ്ക ക്യാപ്ടനും! ഒടുവിൽ പന്തിനെ കൊണ്ട് ഒന്നിനും കഴിയില്ലെന്ന് ക്യാപ്ടൻ തിരിച്ചറിഞ്ഞു; ദിനേശ് കാർത്തിക്കിനെ വിക്കറ്റ് കീപ്പറാക്കുമ്പോൾ ചർച്ചയാകുന്നത് സഞ്ജുവിനെ തഴഞ്ഞ സെലക്ടർമാരുടെ പിഴവ്; പാക്കിസ്ഥാനെതിരെ ഋഷഭിനെ പുറത്തിരുത്തിയത് ഭാവിയെ കരുതി? ഇന്ത്യൻ ക്രിക്കറ്റ് നേർവഴിക്ക് ചിന്തിച്ചപ്പോൾ

ലോകകപ്പിലെ ആദ്യ മത്സരത്തിൽ പന്തിന് വേണ്ടി പന്ത് തപ്പിതടയുമോ എന്ന ആശങ്ക ക്യാപ്ടനും! ഒടുവിൽ പന്തിനെ കൊണ്ട് ഒന്നിനും കഴിയില്ലെന്ന് ക്യാപ്ടൻ തിരിച്ചറിഞ്ഞു; ദിനേശ് കാർത്തിക്കിനെ വിക്കറ്റ് കീപ്പറാക്കുമ്പോൾ ചർച്ചയാകുന്നത് സഞ്ജുവിനെ തഴഞ്ഞ സെലക്ടർമാരുടെ പിഴവ്; പാക്കിസ്ഥാനെതിരെ ഋഷഭിനെ പുറത്തിരുത്തിയത് ഭാവിയെ കരുതി? ഇന്ത്യൻ ക്രിക്കറ്റ് നേർവഴിക്ക് ചിന്തിച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മെൽബൺ:  ഋഷഭ് പന്തിനെ കൊണ്ട് ഒന്നിനും കഴിയില്ലെന്ന് ക്യാപ്ടൻ രോഹിത് ശർമ്മ തിരിച്ചറിഞ്ഞു. 20-20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ പന്തിനെ പുറത്തിരുത്തിയതിന് പിന്നിൽ പാക്കിസ്ഥാനെതിരായ മത്സര സമ്മർദ്ദം അതിജീവിക്കാൻ ഋഷഭ് പന്തിന് കഴിയില്ലെന്ന തിരിച്ചറിവാണ്. മത്സരത്തിൽ ഇന്ത്യ തോൽക്കുകയും ഋഷഭ് പന്ത് ബാറ്റിംഗിൽ പരാജയപ്പെടുകയും ചെയ്താൽ അത് യുവതാരത്തിന്റെ ക്രിക്കറ്റ് ഭാവിയേയും ബാധിക്കും. ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമാണ് പന്തിന് റൺവേട്ട നടത്താനായിട്ടുള്ളത്. 20-20 ക്രിക്കറ്റിൽ അമ്പേ പരാജയമാണ്. ഇതെല്ലാം കണക്കിലെടുത്താണ് പാക്കിസ്ഥാനെതിരായ മത്സരത്തിൽ ദിനേശ് കാർത്തിക്കിനെ വിക്കറ്റ് കീപ്പറാക്കിയത്.

ഓസ്‌ട്രേലിയയിലേത് ബൗൺസും സ്വിങ്ങുമുള്ള പിച്ചാണ്. വിക്കറ്റിന് പിന്നിലെ പ്രകടനവും നിർണ്ണായകമാണ്. സഞ്ജു സാംസൺ 20-20 ക്രിക്കറ്റിൽ ഗ്ലൗസുകൊണ്ടും ബാറ്റുകൊണ്ടും പ്രതിഭ തെളിയിച്ച താരമാണ്. സഞ്ജുവിനെ തഴഞ്ഞ് പന്തിനെ ടീമിലെടുത്തത് ഏറെ ചർച്ചകൾക്കും വഴിവച്ചു. അതുകൊണ്ട് തന്നെ പന്തിന്റെ ഓരോ പരാജയവും ടീം സെലക്ടർമാരേയും ബാധിക്കും. ആദ്യ കളിയിൽ ഇന്ത്യയ്ക്ക് ജയം അനിവാര്യമായിരുന്നു. അവിടെ ഏറ്റവും മികച്ച ടീമിനെ ഇറക്കാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചു. അങ്ങനെ പന്ത് വെളിയിലായി. ചെയ്‌സ് ചെയ്യുമ്പോൾ അത്ഭുതം കാട്ടാൻ കഴിവുള്ള ദിനേശ് കാർത്തിക്കിനെ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായി ടീമിലെത്തി. അങ്ങനെ മുതിർന്ന താരം ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥനെതിരെ പാഡുകെട്ടി.

രോഹിത് ശർമയുടെ കീഴിൽ ആദ്യമായാണ് ഇന്ത്യ ഒരു ലോകകപ്പ് മത്സരത്തിനിറങ്ങുന്നത് എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. അതുകൊണ്ടുതന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ നായകൻ പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാൻ ഇന്ത്യയെ 10 വിക്കറ്റിന് ഞെട്ടിച്ചിരുന്നു. ലോകകപ്പുകളിൽ ഇന്ത്യക്കെതിരേയുള്ള പാക്കിസ്ഥാന്റെ ആദ്യ ജയമായിരുന്നു അത്. ഇക്കുറിയും കഥയാവർത്തിച്ചാൽ അത് ഇന്ത്യൻ ക്രിക്കറ്റിൽ അസ്വസ്ഥത സൃഷ്ടിക്കും. ഇതിനിടെ ഏഷ്യാകപ്പിൽ ഇരുടീമുകളും രണ്ടുതവണ ഏറ്റുമുട്ടി. ഓരോ വിജയം സ്വന്തമാക്കി. അതുകൊണ്ടു തന്നെ ചിര വൈരികളെ തോൽപ്പിക്കേണ്ടത് ഇന്ത്യയുടെ അനിവാര്യതയായി മാറി. അങ്ങനെ ഋഷഭ് പന്ത് പുറത്തുമായി. ദിനേശ് കാർത്തിക് എന്ന കീപ്പർ നല്ല പ്രകടനമാണ് വിക്കറ്റിന് പിന്നിൽ നടത്തിയത്.

പാക്കിസ്ഥാനെതിരായ മത്സരത്തിൽ പന്ത് പരാജയപ്പെട്ടിരുന്നുവെങ്കിൽ ക്രിക്കറ്റിലെ കുട്ടി ഫോർമാറ്റുകളിൽ നിന്ന് തന്നെ പന്ത് പുറത്താകുമായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനുള്ള കരുതൽ കൂടി വേണ്ടപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടായി. ഇതുകൊണ്ടാണ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർക്ക് സ്ഥാനം കിട്ടാത്തത്. ഫലത്തിൽ പന്തിന്റെ ഭാവിയെ കരുതിയുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നവരുണ്ട്. ഏതായാലും ആദ്യ മത്സരം ലോകകപ്പിൽ കളിക്കാത്ത ഒന്നാം നമ്പർ വിക്കറ്റ് കീപ്പറാകുകയാണ് പന്ത്.

ടി20 ലോകകപ്പിനായി ഇന്ത്യ ഒരുങ്ങവെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ പുറത്താക്കി സഞ്ജു സാംസണിനെ കളിപ്പിക്കണമെന്ന് ആരാധകർ ആവശ്യവുമായി വന്നിരുന്നു. വെസ്റ്റേൺ ഓസ്ട്രേലിയയ്ക്കെതിരായ സന്നാഹ മത്സരത്തിന് പിന്നാലെയാണ് ആരാധകർ കൂട്ടത്തോടെ പന്തിനെതിരെ രംഗത്തെത്തിയത്. കളിയിൽ 16 പന്തിൽ നിന്നും 9 റൺസെടുത്ത് വിക്ക്റ്റ് കീപ്പർ ബാറ്റർ പുറത്തായിരുന്നു. ഓസ്ട്രേലിയൻ സാഹചര്യങ്ങളുമായി ഒത്തുപോകാനാണ് ഇന്ത്യ സന്നാഹമത്സരം കളിച്ചത്. മിക്ക കളിക്കാരും കിട്ടിയ അവസരം മുതലെടുത്തപ്പോൾ ആരാധകരെ നിരാശരാക്കുന്ന ഒരു പ്രകടനമാണ് ഋഷഭ് പന്ത് പുറത്തെടുത്തത്. ഓസ്ട്രേലിയയുടെ രണ്ടാംനിര ബൗളിങ് നിരയ്ക്കെതിരെ തന്റെ സ്വതസിദ്ധമായ ഷോട്ടുകൾ കളിക്കാൻ പന്തിന് സാധിച്ചില്ല. ഓപ്പണറായി ഇറങ്ങിയ താരത്തിന് ഇതോടെ തന്നെ ലോകകപ്പ് മത്സരങ്ങളിൽ അവസരം ലഭിക്കുമോ എന്ന സംശയവും ഉയർന്നു.

ഗെയിമിന്റെ ഏറ്റവും ചെറിയ ഫോർമാറ്റിൽ തന്റെ കഴിവിനനുസരിച്ച് പ്രകടനം നടത്താത്തതിനാൽ 25 കാരനായ അദ്ദേഹം ആരാധകരുടെയും നിരൂപകരുടെയും വിമർശനത്തിന് പാത്രമാകാറുണ്ട്. പരിശീലന മത്സരത്തിൽ പോലും തിളങ്ങാനാകാത്ത താരത്തിന് എങ്ങിനെ ലോകകപ്പിൽ കളിക്കാനാകുമെന്നായിരുന്നു ആരാധകുടെ ചോദ്യം. നേരത്തെ ഇന്ത്യയിൽ നടന്ന പരമ്പരകളിലും പന്ത് പരാജയപ്പെട്ടിരുന്നു. വെസ്റ്റേൺ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 മത്സരത്തിൽ പന്തിന്റെ മെല്ലെപ്പോക്കിൽ രോഷാകുലരാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ഇഷാൻ കിഷനും സഞ്ജു സാംസണും മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ ഋഷഭ് പന്തിന് കൂടുതൽ അവസരങ്ങൾ നൽകുന്നു എന്ന വസ്തുതയിൽ നിരാശ പ്രകടിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. സഞ്ജുവിനേയും കിഷനേയും അവഗണിക്കുകയാണെന്നാണ് ആരാധകരുടെ വിമർശനം. ഇതെല്ലാം പരിഗണിച്ചാണ് ആദ്യ മത്സരത്തിൽ പന്തിനെ പുറത്തിരുത്തുന്നത്.

ട്വന്റി20 ക്രിക്കറ്റിൽ സമീപകാലത്ത് മോശം പ്രകടനം കാഴ്ചവെക്കുമ്പോഴും ഋഷഭ് പന്ത് സ്ഥിരമായി ഇന്ത്യൻ ടീമിലെത്തുകയും മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണിനെ തഴയുകയും ചെയ്യുന്നതിന്റെ ലോജിക്ക് ആർക്കും മനസ്സിലായിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സ്വജനപക്ഷപാതമാണ് ടീം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതെന്ന് കളിക്കമ്പക്കാർ ഏറെപ്പേരും ചൂണ്ടിക്കാട്ടുന്നു. ദുബൈയിൽ നടന്ന ഏഷ്യാ കപ്പിൽ ബാറ്റിങ്ങിലും കീപ്പിങ്ങിലും വൻ പരാജയമായിട്ടും ഋഷഭ് പന്ത് ലോകകപ്പിനുള്ള ടീമിലും പ്രധാന വിക്കറ്റ് കീപ്പറായി ഇടം പിടിച്ചു. ഓസ്‌ട്രേലിയയിൽ സഞ്ജുവിന്റെ ബാറ്റിങ് ശൈലിയാണ് കൂടുതൽ യോജിച്ചത് എന്നതാണ് വസ്തുത. ഇതൊന്നും ആരും പരിഗണിച്ചില്ല. അതുകൊണ്ട് തന്നെ പന്തിന്റെ പുറത്തിരിക്കൽ ചില നല്ല ചിന്തകൾ ടീം മാനേജ്‌മെന്റിനും വന്നു എന്നതിന് തെളിവാണ്.

രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്ഷർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ് എന്നിവരായിരുന്നു ആദ്യ മത്സരത്തിലെ ഇന്ത്യൻ ടീം അംഗങ്ങൾ. ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷാൻ മസൂദ്, ഹൈദർ അലി, മുഹമ്മദ് നവാസ്, ശദബ് ഖാൻ, ഇഫ്തിഖർ അഹമ്മദ്, ആസിഫ് അലി, ഷഹീൻ അഫ്രിദി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവരെ പാക്കിസ്ഥാനും കളിക്കാൻ ഇറക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP